Sunday, May 1, 2011

വോട്ടെടുപ്പിനുശേഷം സര്‍ക്കാര്‍ എടുത്ത എല്ലാ തീരുമാനങ്ങളും പുന:പരിശോധിക്കും: യുഡിഎഫ്


വോട്ടെടുപ്പ് തീയതിക്കുശേഷം ഇടതുസര്‍ക്കാരെടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പുന:പരിശോധിക്കുമെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. 
തെറ്റായ തീരുമാനങ്ങളുണ്ടെങ്കില്‍ അത് റദ്ദാക്കുമെന്നും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടിവരുമെന്നും തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തങ്കച്ചന്‍.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെയുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കും. തെരഞ്ഞെടുപ്പില്‍ നൂറിനടുത്ത്  സീറ്റുകള്‍ നേടുമെന്നും യുഡിഎഫ് യോഗം വിലയിരുത്തി. തോല്‍വി മുന്‍കൂട്ടി കണ്ട ഇടതുമുന്നണി ബി.ജെ.പി., എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ വര്‍ഗകക്ഷികളെ കൂട്ടുപിടിച്ചാണ് തെരെഞ്ഞെടുപ്പിനെ നേരിട്ടത്.വ്യക്തിപരമായ പകപോക്കാന്‍ മുഖ്യമന്ത്രി സ്ഥാനം ദുരുപയോഗപ്പെടുത്തുകയാണെന്ന് തങ്കച്ചന്‍ ആരോപിച്ചു. പക പോക്കല്‍ മുഖ്യമന്ത്രിക്ക് ഭൂഷണമല്ല, ഇത് മര്യാദകേടാണ്. സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനം വ്യാപകമായി നടക്കുകയാണെന്നും ഇത് ഉടന്‍ അവസാനിപ്പിക്കണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു. നിയമാനുസൃതല്ലാത്ത നിയമനങ്ങളെല്ലാം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ റദ്ദാക്കും. സാങ്കേതികമായി മാത്രം അധികാരത്തില്‍ തുടരുന്ന സര്‍ക്കാരിന് ഫയലുകള്‍ വിളിച്ചുവരുത്താനോ നയപരമായ തീരുമാനങ്ങള്‍ എടുക്കാനോ സ്ഥലംമാറ്റത്തിനോ സര്‍ക്കാരിന് അവകാശമോ അധികാരമോ ഇല്ല. സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്കെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും തങ്കച്ചന്‍ അറിയിച്ചു.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പാക്കേജ് സമയബന്ധിതമായി നടപ്പാക്കും. കാസര്‍ഗോഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കും. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നും സൗജന്യറേഷന്‍ അനുവദിക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസം നടപ്പാക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് അപഹാസ്യമാണ്. മുഖ്യമന്ത്രിയുടെ ഉപവാസം സ്വയം ചാമ്പ്യാനാകാനുള്ള തന്ത്രമാണ്. എ.കെ. ആന്റണി സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും പലയിടത്തും ഇന്നും അത് വില്‍ക്കുന്നുണ്ട്. ഇതിനെതിരെ ഒരു കേസെങ്കിലും എടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞോ എന്നും തങ്കച്ചന്‍ ചോദിച്ചു.
നായനാര്‍ മന്ത്രിസഭയുടെ കാലത്ത് കൃഷ്ണന്‍ കണിയാംപറമ്പില്‍ കൃഷിമന്ത്രിയായിരിക്കേ മനദണ്ഡങ്ങള്‍ പാലിക്കാതെ ചുരുങ്ങിയ സമയംകൊണ്ട് ഹെലികോപ്റ്ററില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് കാസര്‍ഗോട്ടെ ദുരിതത്തിന് പ്രധാന കാരണമെന്നും യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. എം.വി.രാഘവനും കെ.പി.ഗണേഷ്‌കുമാറും ഒഴികെയുള്ള എല്ലാ കക്ഷി നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.