Tuesday, May 17, 2011

ലോകായുക്തയ്ക്ക് അധികാരമില്ല; വി.എസ് നടത്തിയത് കൊടുംവഞ്ചന


മകനെതിരായ അഴിമതിയാരോപണങ്ങള്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ലോകായുക്തയെ അന്വേഷിക്കാന്‍ ഏല്‍പിച്ചത് ലോകായുക്തയ്ക്ക് ഇതിന് അധികാരമില്ലെന്നറിഞ്ഞു കൊണ്ടുതന്നെയെന്ന് വ്യക്തമായി. ഉമ്മന്‍ ചാണ്ടി നല്‍കിയ പരാതികള്‍ മാര്‍ച്ച് 10-നാണ് വിഎസ് ലോകായുക്തയ്ക്ക് നല്‍കിയത്. എന്നാല്‍ വിഎസ് അരുണ്‍കുമാര്‍ ഡയറക്ടറായ ഐഎച്ച്ആര്‍ഡിയെ ലോകായുക്തയ്ക്ക് കീഴിലാക്കി സ്ഥാനമൊഴിയുന്ന സര്‍ക്കാര്‍ ഉത്തരവിട്ടത് കഴിഞ്ഞ നാലാം തീയതിയും. ഇതിനു മുമ്പുള്ള അരുണ്‍ കുമാറിന്റെ സാമ്പത്തികമായുള്ളതും അനധികൃതമായതുമായ മറ്റ് ഇടപാടുകള്‍ അന്വേഷിക്കാന്‍ ഇനിയും ലോകായുക്തക്ക് കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. കാവല്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സ്വന്തം മകന് വേണ്ടി കേരള ജനതയെ വഞ്ചിക്കുകയായിരുന്നു.ചതിയുടെയും കുതികാല്‍ വെട്ടിന്റെയും അഞ്ചു വര്‍ഷത്തെ ഭരണത്തിനൊടുവില്‍ കേരള ജനതയെ അപ്പാടെ വഞ്ചിച്ചുകൊണ്ടാണ് വി.എസ് അച്യുതാനന്ദന്‍ പടിയിറങ്ങിയിരിക്കുന്നത്.അരുണ്‍കുമാറിനെതിരേ നിയുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹം പറയുന്ന പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാമെന്നായിരുന്നു വി.എസ് അച്യുതാനന്ദന്റെ വാചകമടി.എന്നാല്‍ ഉമ്മന്‍ചാണ്ടി വാക്കു പാലിച്ചപ്പോള്‍ വി.എസ് അത് ലോകായുക്തയിലേക്ക് ശിപാര്‍ശ ചെയ്യുകയായിരുന്നു.
 
തുടര്‍ന്ന് ഐ എച്ച് ആര്‍ ഡി ജീവനക്കാരനായ അരുണ്‍ കുമാറിനെതിരെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി നല്‍കിയ പരാതിയില്‍ ലോകായുക്ത അന്വേഷണം ആരംഭിച്ചു. ലോകായുക്തയുടെ പ്രത്യേക വിഭാഗമാണ് അന്വേഷണം തുടങ്ങിയത്. ഉമ്മന്‍ചാണ്ടിയെ പരാതിക്കാരനും അരുണ്‍ കുമാറിനെ എതിര്‍ കക്ഷിയാക്കിയുമാണ് ലോകായുക്ത അന്വേഷണം നടത്താന്‍ തുടങ്ങിയത്. ജൂണ്‍ രണ്ടിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും ലോകായുക്ത നോട്ടീസയച്ചിട്ടുണ്ട്. അരുണ്‍കുമാറിനെതിരെ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വി.എസ് അച്യുതാനന്ദന്‍ മറുപടി പറയാതിരുന്നതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി വീണ്ടും പരാതി എഴുതി നല്‍കുകയായിരുന്നു. ചന്ദനമാഫിയയില്‍ നിന്ന് ഏഴുലക്ഷം രൂപ അരുണ്‍കുമാര്‍ വാങ്ങിയെന്ന ഖാദര്‍ പാലോത്തിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഉമ്മന്‍ചാണ്ടി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഐ എച്ച് ആര്‍ ഡിയില്‍ ജോലി ചെയ്യുമ്പോള്‍ അരുണ്‍കുമാര്‍ വ്യാജരേഖ ചമച്ചെന്നാണ് മറ്റൊരു പരാതി. മറയൂര്‍ ചന്ദനക്കേസിലെ ഇടപെടലും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2004-ല്‍ പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ചന്ദന ഫാക്ടറി അടച്ചുപൂട്ടാന്‍ എല്‍ ഡി എഫിന് നേതൃത്വമുള്ള പഞ്ചായത്ത് കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ചന്ദന ഫാക്ടറികള്‍ക്കും ചന്ദന കടത്തിനുമെതിരെ ശക്തമായി പ്രചാരണം നടത്തിവന്നിരുന്ന പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദന്റെ ഓഫീസ് ഇടപെട്ട് അരുണ്‍കുമാറിന്റെ സ്വാധീനത്തിന് വഴങ്ങി ഈ ചന്ദന ഫാക്ടറിക്ക് ലൈസന്‍സ് പുതുക്കി നല്‍കുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 
 ഇക്കാര്യത്തെക്കുറിച്ച് പാര്‍ട്ടിക്കുള്ളിലും നിയമസഭയിലും ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിയമസഭയില്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്  അവ്യക്തമായ ഭാഷയില്‍ മറുപടിയാണ് നല്‍കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. കണ്ണൂര്‍ പവര്‍ പ്രോജക്ട് ആരംഭിക്കുന്നതിന് അരുണ്‍കുമാര്‍ 75 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പ്രശസ്ത ടെക്‌നോക്രാറ്റും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ കെ പി പി നമ്പ്യാര്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയ കാര്യമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം. കയര്‍ഫെഡ് എം ഡിയായിരിക്കെ അരുണ്‍കുമാര്‍ നടത്തിയ കോടികളുടെ തട്ടിപ്പും അരുണ്‍കുമാറിന്റെ ഭാര്യ ഡയറക്ടറായ ചെറി എന്റര്‍പ്രൈസസ് എന്ന സ്ഥാപനം ഓണ്‍ലൈന്‍ ലോട്ടറി ബിസിനസ് നടത്തിയിയത് സംബന്ധിച്ച വിവരങ്ങളും പരാതിയിലുണ്ട്. തിരുവനന്തപുരം ഗോള്‍ഫ് ക്ലബിലെ അംഗത്വത്തെക്കുറിച്ചും കോഴിക്കോട് കോസ്‌മോ പൊളിറ്റന്‍ ക്ലബിലും അരുണ്‍കുമാര്‍ നേടിയ അംഗത്വത്തെക്കുറിച്ചും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. രണ്ട് പഞ്ചനക്ഷത്ര ക്ലബുകളില്‍ അംഗമാകുവാന്‍ അരുണ്‍കുമാറിനുള്ള സാമ്പത്തിക സ്രോതസ് എന്തെന്ന് അന്വേഷിക്കണമെന്നാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നത്.
 
 കോടതികളില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന നന്ദകുമാര്‍ എന്നയാളുമായി അരുണ്‍കുമാറിനുള്ള ബന്ധം അഡ്വ. രാംകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കണം. അരുണ്‍കുമാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടത്തിയ വിദേശയാത്രകളുടെ വിവരം പുറത്തുവിടാന്‍ തയ്യാറാകണം.  ഏതെല്ലാം രാജ്യങ്ങളില്‍ എത്ര പ്രാവശ്യം വീതമാണ് അദ്ദേഹം യാത്ര നടത്തിയിട്ടുള്ളത്, ഇത് ഔദ്യോഗിക യാത്രകളാണെങ്കില്‍ വേണ്ട അനുമതികള്‍ ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണം. സ്വകാര്യ യാത്രകളാണെങ്കില്‍ ഇതിനുള്ള പണം ഈ സര്‍ക്കാരുദ്യോഗസ്ഥന് എവിടെ നിന്നുണ്ടായി എന്നും   ഈ യാത്രകളില്‍ അരുണ്‍കുമാറിന്റെ സഹയാത്രികര്‍ ആരൊക്കെയെന്നിവയും ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നു. അരുണ്‍കുമാറിന്റെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ഗുരുതരമായ ആരോപങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നതിനാല്‍ സ്വത്ത് വിവരത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അവതാളത്തിലാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ഡ നടന്നതെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

No comments:

Post a Comment

Note: Only a member of this blog may post a comment.