Wednesday, May 4, 2011

വിട വാങ്ങും മുമ്പ് വി.എസ് മറുപടി പറയുമോ?




 1. അധികാരത്തിലെത്തിയാലുടന്‍ പെണ്‍വാണിഭക്കാരെ കയ്യാമം വച്ച് തുറുങ്കിലടയ്ക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച താങ്കള്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുളളില്‍ കിളിരൂര്‍, കവിയൂര്‍ കേസുകള്‍ ഉള്‍പ്പെടെ ഏതെങ്കിലും പെണ്‍വാണിഭക്കേസില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചോ?
2. പെണ്‍വാണിഭത്തിനു പിടിയിലായ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ പേരില്‍ കേസെടുക്കാന്‍ എന്തുകൊണ്ട് തന്റേടം കാണിച്ചില്ല?
3. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച താങ്കള്‍ സ്വന്തം മകന്‍ അനര്‍ഹമായി ഉദേ്യാഗം നേടുകയും അനവധി അഴിമതി ആരോപണങ്ങള്‍ നേരിടുകയും ചെയ്തിട്ടും എന്തുകൊണ്ട് സ്റ്റാറ്റ്യൂട്ടറി അധികാരമുളള സമിതിയെക്കൊണ്ട് അനേ്വഷണം നടത്തിയില്ല?
4. കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമനത്തില്‍ താങ്കളുടെ പാര്‍ട്ടിക്കാര്‍ അഴിമതി കാണിച്ചെന്ന് ലോകായുക്ത വിധിച്ചിട്ടും എന്തുകൊണ്ട് മൗനം പാലിക്കുന്നു?
5. രൂപതകളെ 'രൂപ താ' എന്നു പറഞ്ഞധിക്ഷേപിച്ചതല്ലാതെ സ്വാശ്രയകോളേജുകള്‍ക്ക് മൂക്കുകയറിടാന്‍ താങ്കളുടെ സര്‍ക്കാരിന് കഴിഞ്ഞോ?
6. ലോട്ടറി വിഷയത്തില്‍ അഴിമതിക്കാരനായ സാന്റിയാഗോ മാര്‍ട്ടിനെതിരെ കേസെടുക്കുന്നതുള്‍പ്പെടെ സംസ്ഥാനഗവണ്‍മെന്റ് സ്വീകരിക്കേണ്ട ഒരു നടപടിയും കൈക്കൊളളാതെ കേസ് സിബിഐ അനേ്വഷിക്കണമെന്ന് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന 'ഇരട്ടമുഖം' ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതാണോ?
7. ഒരുത്തി, കെളവി, തളളച്ചി എന്നീ പദപ്രയോഗങ്ങളിലൂടെയും ലതികാ സുഭാഷിനെതിരായ ദ്വയാര്‍ഥ പ്രയോഗത്തിലൂടെയും എന്ത് സന്ദേശമാണ് താങ്കള്‍ കേരളീയര്‍ക്ക് നല്‍കിയത്? ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണോ താങ്കളുടെ പാര്‍ട്ടിക്കാര്‍ 'മൂത്രാഭിഷേക'ത്തിലൂടെ ഒരു സ്ത്രീയെ ആദരിച്ചത്?
8. 'ഇവിടെ സംസാരിക്കാന്‍ പോലും എനിക്ക് ഭയമാണ്' എന്ന് പറഞ്ഞത് താങ്കള്‍ അവരോധിച്ച സാഹിത്യ അക്കാദമി പ്രസിഡന്റാണ്. ഈ ഭീതിജനകമായ അന്തരീക്ഷവും സാംസ്‌കാരിക ജീര്‍ണതയും താങ്കളുടെ സൃഷ്ടിയല്ലേ?
9. പൊതു വിതരണ ശൃംഖല പരാജയപ്പെട്ടതുകൊണ്ടല്ലേ രൂക്ഷമായ വിലക്കയറ്റം ഉണ്ടായത്? രണ്ടു രൂപ അരി നല്കാന്‍ തെരഞ്ഞെടുപ്പ് സമയം വരെ കാത്തിരിക്കേണ്ടിയിരുന്നോ?
10. കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുമായിരുന്ന കുട്ടനാട്, ഇടുക്കി പ്രൊജക്ടുകള്‍ എന്തുകൊണ്ട് നടപ്പിലാക്കിയില്ല?
11. ഒഴിഞ്ഞു പോയി എന്നു കരുതിയിരുന്ന മാരക രോഗങ്ങള്‍ വീണ്ടും വരികയും പുതിയ രോഗങ്ങള്‍ ഉണ്ടാവുകയും ചെയ്തതിലൂടെ ആരോഗ്യരംഗത്ത് നമുക്കുണ്ടായിരുന്ന മികവ് നഷ്ടപ്പെട്ടില്ലേ?
12. ബോംബ് നിര്‍മിക്കുകയും പോലീസുകാരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തതുള്‍പ്പെടെ മന്ത്രിപുത്രന്മാര്‍ പ്രതികളായുളള കേസുകള്‍ പിന്‍വലിച്ചത് മുഖ്യമന്ത്രിയുടെ നീതിബോധത്തിന് യോജിച്ചതാണോ?
13. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാം (താങ്കളുടെ ഭാഷയില്‍ 'വാണം വിട്ടയാള്‍') കേരളത്തിന് സമര്‍പ്പിച്ച 'വിഷന്‍ 2010' താങ്കള്‍ ചവറ്റുകൊട്ടയില്‍ എറിയുകയല്ലേ ഉണ്ടായത്?
14. താങ്കളുടെ പാര്‍ട്ടിക്കാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതികളെ മോചിപ്പിക്കുകയും കോടതി ജയിലിലടച്ച കുറ്റവാളികളുടെ ശിക്ഷ ഇളവു ചെയ്യുകയും പോലീസിനെ രാഷ്ട്രീയവല്‍കരിക്കുകയും ചെയ്തതു കൊണ്ടല്ലേ കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നത്?
15. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ട്രെയിന്‍, ദേശീയ ജലപാത തുടങ്ങിയ വികസന പദ്ധതികള്‍ നടപ്പിലാക്കുകയോ വിദേശമൂലധനം ആകര്‍ഷിക്കുകയോ ചെയ്യാതെ കേരളത്തില്‍ വികസനമുരടിപ്പ് സൃഷ്ടിച്ചതിന് താങ്കളല്ലാതെ മറ്റാരാണ് ഉത്തരവാദി?
16. കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുളള വ്യവസായങ്ങള്‍ അല്ലാതെ താങ്കളുടെ ഭരണകാലത്ത് പുതിയ എന്തെങ്കിലും വ്യവസായ സംരംഭങ്ങള്‍ കേരളത്തിലുണ്ടായോ?
17. കേന്ദ്രം അനുവദിച്ച പദ്ധതികളും സാമ്പത്തിക സഹായവും വിനിയോഗിക്കാതെ പാഴാക്കിക്കളഞ്ഞതിന്റെ കാരണം എന്താണ്?
18. ചട്ടങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് എല്ലാ വകുപ്പുകളിലും പാര്‍ട്ടിക്കാരെ തിരുകിക്കയറ്റിയതിന് എന്ത് ന്യായീകരണമാണ് താങ്കള്‍ക്കുള്ളത്?
19. നിര്‍ണായക ഘട്ടങ്ങളില്‍ താങ്കളെ സംരക്ഷിച്ച മാധ്യമ പ്രവര്‍ത്തകരെ താങ്കളുടെ പാര്‍ട്ടിക്കാര്‍ കേരളമെമ്പാടും കടന്നാക്രമിച്ചപ്പോള്‍ താങ്കള്‍ ഒരു ചെറുവിരള്‍ പോലും അനക്കിയില്ലല്ലോ? സമീപകാലത്ത് മാതൃഭൂമിയുടെ റിപ്പോര്‍ട്ടര്‍ വി.ബി ഉണ്ണിത്താന്‍ ദാരുണമായി ആക്രമിക്കപ്പെട്ടിട്ടും ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ താങ്കള്‍ക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല?
20. സാഹിത്യകാരന്മാരായ സക്കറിയ, വയലാര്‍ ശരത്ചന്ദ്രവര്‍മ, അനില്‍ പനച്ചൂരാന്‍, ബാബു കുഴിമറ്റം, പരിസ്ഥിതി പ്രവര്‍ത്തകനായ നീലകണ്ഠന്‍ തുടങ്ങി നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരെ താങ്കളുടെ പാര്‍ട്ടിക്കാര്‍ ആക്രമിച്ചിട്ട് പ്രതികരിക്കാതിരുന്നത് എന്തുകൊണ്ട്?
21. നിത്യവും അപകടമരണങ്ങള്‍ക്കിടയാക്കുന്ന കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ നന്നാക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല?
22. മൂന്നാറില്‍ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി പൊതുനഷ്ടം വരുത്തിയതല്ലാതെ സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞോ? അവിടെ പാര്‍ട്ടി ഓഫീസുകള്‍ ഇപ്പോഴും സര്‍ക്കാര്‍ ഭൂമിയിലല്ലേ പ്രവര്‍ത്തിക്കുന്നത്?
23. അട്ടപ്പാടിയുള്‍പ്പെടെ ആദിവാസികളുടെ ഭൂമി ഭൂമാഫിയകള്‍ക്ക് മറിച്ചു വിറ്റ് അഴിമതി നടത്തിയതിനെതിരെ ദളിത് പ്രേമിയായ താങ്കള്‍ എന്തു ചെയ്തു?
24. എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ കേന്ദ്രം നിരോധിച്ചെങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷം നിര്‍ബാധം അത് ഉപയോഗിക്കാന്‍ താങ്കളുടെ ഭരണകൂടം അനുവദിച്ചത് എന്തിനാണ്?
25. എന്‍ഡോസള്‍ഫാന്റെ തിക്തഫലമനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്കുകയോ അവരെ പുനരധിവസിപ്പിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ട്?
ഇനിയും ഏറെ ചോദ്യങ്ങള്‍ ബാക്കി. വിട പറയാന്‍ തയ്യാറെടുത്തു നില്ക്കുന്ന താങ്കളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നില്ല.

No comments:

Post a Comment

Note: Only a member of this blog may post a comment.