Friday, May 27, 2011

വൈദ്യപഠനവും സ്വകാര്യ പ്രാക്ടീസും


ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരായ അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിബന്ധനകളോടെ പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് കഴിഞ്ഞദിവസം പ്രസ്താവിച്ചതായി കണ്ടു.
ഇടതുസര്‍ക്കാര്‍ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ നീണ്ടകാല സമരം നടത്തിയതും സമൂഹത്തില്‍ ഒച്ചപ്പാട് ഉണ്ടാക്കിയതുമായ ഒരു സങ്കീര്‍ണവിഷയമാണിത്. ആരോഗ്യ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച പരിഹരിക്കാനെന്ന പേരിലാണ് ഇടതുഭരണകാലത്ത് മെഡിക്കല്‍ കോളജ് അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും സ്വകാര്യ ചികിത്സാ ജോലി നിരോധിച്ചത്. ഗവേഷണത്തിനും അധ്യാപനത്തിനും കൂടുതല്‍ സമയം വിനിയോഗിച്ച് വൈദ്യശാസ്ത്ര പഠന സംവിധാനം മെച്ചപ്പെടുത്താന്‍ ഇത് സഹായകമാകുമെന്ന് അന്നത്തെ സര്‍ക്കാരിനെ ആരോ ഉപദേശിച്ചിരുന്നു. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പഠനനിലവാരം താഴാനും രോഗപ്രതിരോധ ഗവേഷണ നടപടികള്‍ മുടങ്ങാനും ഇടയായത് അധ്യാപകരായ ഡോക്ടര്‍മാര്‍ അമിതമായി പണമുണ്ടാക്കാന്‍ വീടുകളില്‍ രോഗികളെ ചികിത്സിക്കുന്നതുകൊണ്ടാണെന്ന് എങ്ങനെയോ ഗവണ്‍മെന്റ് ധരിക്കാനിടയായി. സ്വകാര്യ പ്രാക്ടീസ് നിരോധിച്ചപ്പോള്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ സമരം തുടങ്ങി. വേതനം വര്‍ധിപ്പിക്കണം എന്നതായിരുന്നു മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടിതമായ ആവശ്യം. പല കൂടിയാലോചനകള്‍ക്കൊടുവില്‍ പ്രൊഫസര്‍മാരുടെയും റീഡര്‍മാരുടെയും ലക്ചറര്‍മാരുടെയും പ്രതിമാസ വരുമാനം സര്‍ക്കാര്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ആ തീരുമാനം നടപ്പാക്കാന്‍ അന്നത്തെ ധനമന്ത്രിയുടെ കനിവിന് കാത്തിരുന്ന ഡോക്ടര്‍മാര്‍ മുഷിഞ്ഞു വീണ്ടും സമരം ചെയ്യേണ്ടിവന്നു; ആ തീരുമാനം നടപ്പാക്കാന്‍. അങ്ങനെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് അധ്യാപകരായ ഡോക്ടര്‍മാരുടെ വീടുകളില്‍ രോഗികളെ പരിശോധിക്കുന്ന രീതി നിര്‍ത്തലായി. ഇതിനുശേഷം മെഡിക്കല്‍ കോളജുകളിലെ അധ്യാപന നിലവാരവും ഗവേഷണ പരിപാടികളും എത്രമാത്രം മെച്ചപ്പെട്ടുവെന്ന് യാതൊരു അറിവുമില്ല.
 
കാര്യമായ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ലെന്നതാണ് സത്യം. കാരണം പഠനനിലവാരം ഉയരാത്തതിന് തടസ്സം മെഡിക്കല്‍ കോളജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് ആയിരുന്നില്ല. മറിച്ച് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്തതാണ് കാരണം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പൊടുന്നനെ അവസാനിപ്പിച്ചതുകൊണ്ടുമാത്രം ലക്ഷ്യം നേടാന്‍ കഴിയുമായിരുന്നില്ല. മെഡിക്കല്‍ കോളജ് ആശുപത്രികളെ റഫറല്‍ ആശുപത്രികളാക്കി ഉയര്‍ത്തണമായിരുന്നു. അവിടെ ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തണമായിരുന്നു. ആശുപത്രികളില്‍ ചികിത്സാ സഹായ ഉപകരണങ്ങളും രോഗനിര്‍ണയ ഉപകരണങ്ങളും ഉണ്ടാകണമായിരുന്നു. അവയൊക്കെ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ സാങ്കേതിക ജീവനക്കാരെ നിയോഗിക്കണമായിരുന്നു. ലോകവ്യാപകമായി ആധുനിക ചികിത്സാരംഗത്ത് പ്രചരിച്ചുകൊണ്ടിരിക്കുന്ന ടെലി മെഡിസിന്‍ അടക്കമുള്ള സാങ്കേതിക സൗകര്യം പോലും സജ്ജീകരിച്ചിട്ടില്ലാത്തവയാണ് നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍. പഠനനിലവാരത്തിന്റെ പേരില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ആര്‍ജിച്ച അറിവും കഴിവും ആവശ്യമുള്ളവര്‍ക്ക് പ്രയോജനപ്പെടാതിരിക്കാന്‍ മാത്രമേ സര്‍ക്കാരിന്റെ നിരോധന നിയമം ഉപകരിച്ചുള്ളൂ. വര്‍ധിപ്പിച്ച വേതനം സമരോത്സുകരായ ഡോക്ടര്‍മാരെ തൃപ്തരാക്കിയെന്നുവരാം. പക്ഷേ ഗവണ്‍മെന്റിന്റെ ലക്ഷ്യം നടന്നില്ലെന്നു മാത്രമല്ല ജനങ്ങള്‍ക്ക് നഷ്ടമുണ്ടാവുകയും ചെയ്തു.
 
വിദഗ്ധ ഡോക്ടര്‍മാര്‍ രോഗചികിത്സാരംഗത്ത് ആര്‍ജിച്ച വൈദഗ്ധ്യം സമൂഹം നാനാതരത്തില്‍ പ്രയോജനപ്പെടുത്തണം. തങ്ങളെ സമീപിക്കുന്ന രോഗികളെ പരിശോധിക്കില്ലെന്ന് ശഠിക്കാന്‍ അറിവുള്ള ഒരു നല്ല ഡോക്ടര്‍ക്ക് കഴിയില്ല. അധികസേവനത്തിന് അദ്ദേഹം അമിതമായ പ്രതിഫലം കൈപ്പറ്റുന്നുണ്ടോ എന്നുമാത്രമേ നോക്കേണ്ടതുള്ളൂ. രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം യാന്ത്രികമല്ല. സ്‌നേഹസാന്ത്വനം കലര്‍ന്ന മാനുഷികബന്ധമാണത്. ഡോക്ടര്‍മാരെ ധനസമ്പാദകരായി മാത്രം കണ്ട് സ്വകാര്യ പ്രാക്ടീസിന് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ നഷ്ടമുണ്ടായത് സമൂഹത്തിനാണ്. അത് പുനഃസ്ഥാപിക്കുമെന്ന ആരോഗ്യമന്ത്രിയുടെ അഭിപ്രായം സ്വാഗതാര്‍ഹമാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.