Wednesday, May 25, 2011

കരുണാകരന്റെ ഇച്ഛാശക്തിയുടെ വിജയം


നെടുമ്പാശ്ശേരി: കൊച്ചിയുടെ വികസനത്തിന് പുത്തന്‍ ഉണര്‍വ്  നല്‍കിയ അന്തരാഷ്ട്ര വിമാനത്താവളം സിയാലിന് ഇന്ന് 12 വയസ്. 1999 മെയ് 25ന് സിയാല്‍ നിലവില്‍ വന്നത് പല എതിര്‍പ്പുകളും അവഗണനകളും നേരിട്ടായിരുന്നു.
കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനാണ് സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ സിയാല്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രിയെന്ന നിലയില്‍ കരുണാകരന്റെ ഇച്ഛാശക്തിയുടെ വിജയം കൂടിയാണ് സിയാല്‍.കുറഞ്ഞ ചെലവില്‍ ലാഭത്തിന്റെ വഴി വെട്ടിതുറന്നായിരുന്നു സിയാലിന്റെ ജൈത്രയാത്ര. നെടുമ്പാശ്ശേരി എന്ന കൊച്ചുഗ്രാമത്തില്‍ ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ വിവിധ  ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.രാജ്യത്തെ ആദ്യ പൊതു - സ്വകാര്യ  സംരംഭമായ സിയാല്‍ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ടുള്ള വളര്‍ച്ചയ്ക്കാണ് കഴിഞ്ഞ കാലഘട്ടങ്ങളില്‍ സാക്ഷ്യം വഹിച്ചത്. വിമാന അറ്റകുറ്റപ്പണി കേന്ദ്രം, ഗോള്‍ഫ് കോഴ്‌സ്, ട്രേഡ് സെന്റര്‍, എയര്‍പോര്‍ട്ട് മ്യൂസിയം എന്നിവയുടെ പണികള്‍ അവസാനഘട്ടത്തിലാണ്. പുതിയ ആഭ്യന്തര ടെര്‍മിനല്‍, വ്യവസായ പാര്‍ക്ക്, ഹെലിപ്പാഡ്, ബിസിനസ്സ് ജെറ്റുകള്‍ക്കുള്ള പ്രത്യേക  ടെര്‍മിനല്‍ എന്നിവ ആരംഭിക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഗോള്‍ഫ് കോഴ്‌സ് കമ്മീഷന്‍ ചെയ്തു. വിവിധ പദ്ധതികള്‍ ഈ വര്‍ഷം ഉദ്ഘാടനം ചെയ്യാന്‍ സജ്ജമാക്കിയിട്ടുണ്ട്. എയര്‍പോര്‍ട്ട് നഗരപദ്ധതികളുമായി മുന്നോട്ടുള്ള പ്രയാണത്തിലാണ് സിയാല്‍.
 
ഓരോ വികസന പദ്ധതിയും സാക്ഷാത്കരിച്ചപ്പോള്‍ സിയാല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. വളരെ ചുരുങ്ങിയ ചെലവിലുള്ള പദ്ധതി എന്ന നിലയില്‍ സിയാല്‍ ഇന്ത്യയ്ക്ക് തന്നെ മാതൃകയായി. സിയാലിലെ കമ്പനികള്‍ വന്‍ ലാഭത്തിലായി. പുതിയ കുതിച്ചുചാട്ടങ്ങളുമായി സിയാല്‍ എല്ലാവരുടെയും ശ്രദ്ധ കേന്ദ്രമായി മാറി. സിയാലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, വളര്‍ച്ചയും പഠിക്കുന്നതിനായി വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ വരെ കേരളത്തിലെത്തിയത് അഭിമാന നേട്ടമായി.വിമാനത്താവളത്തിന് മുന്നിലെ നാല് ഏക്കര്‍ സ്ഥലത്തൊരു മനോഹരമായ ഉദ്യാനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. പ്രത്യേക സാമ്പത്തിക പദവി ലഭിച്ച മേഖലയില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതോടെ തൊഴിലവസരങ്ങള്‍ക്കും അതുവഴി പുതിയൊരു വികസന കുതിച്ചു ചാട്ടത്തിനുമാണ് സിയാല്‍ ഒരുങ്ങുന്നത്.2010-2011 സാമ്പത്തിക വര്‍ഷത്തില്‍ സിയാലിന്റെ വരുമാനം 235 കോടിയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം വരുമാനം 300 കോടിക്കരികില്‍ എത്തുമെന്നാണ് പ്രതീക്ഷ. യാത്രക്കാരുടെ എണ്ണത്തിലും സര്‍വീസിലും കഴിഞ്ഞ വര്‍ഷം വര്‍ദ്ധനവുണ്ടായി. നിലവില്‍ 179 രാജ്യാന്തര സര്‍വ്വീസുകളും 226 ആഭ്യന്തര സര്‍വീസുകളും ഉള്‍പ്പെടെ 405 സര്‍വ്വീസുകളാണ് കൊച്ചിയില്‍ നിന്നുള്ളത്.
 
രണ്ടുവര്‍ഷത്തിനിടെ നാസ് എയര്‍, എയര്‍ ഏഷ്യ എന്നീ രണ്ടു വിമാനകമ്പനികള്‍ മാത്രമാണ് പുതുതായി സര്‍വ്വീസ് നടത്തിയത്. സാമ്പത്തിക നഷ്ടംമൂലം നാസ് എയര്‍ സര്‍വീസ് അവസാനിപ്പിച്ചു. വിമാനത്താവളത്തിന്റെ വരുമാനത്തില്‍ വലിയൊരു പങ്ക് ഡ്യൂട്ടി ഫ്രീഷോപ്പില്‍ നിന്നുമായതിനാല്‍ ഇല്ക്‌ട്രോണിക്‌സ് സാധനങ്ങള്‍ക്കു മാത്രമായൊരു വിഭാഗം കൂടി തുറക്കാന്‍ തയ്യാറെടുക്കുകയാണ് സിയാല്‍.നേവിയുടെ വിമാനത്താളവമായിരുന്നു ആദ്യം കൊച്ചി വിമാനത്താവളം . അന്താരാഷ്ട്ര വിമാനത്താവളം സിയാല്‍ കെ.ആര്‍.നാരായണനാണ് ഉദ്ഘാടനം ചെയ്ത് രാജ്യത്തെ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് വിമാന സര്‍വ്വീസ് നടത്തുന്നുണ്ട്.മന്ത്രി എസ്. ശര്‍മ്മയുള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കളും ഡിവൈഎഫ്‌ഐക്കാരും നിരന്തര സമരമാണ് സിയാലിനെതിരെ നടത്തിയത്. തന്റെ നെഞ്ചത്തുകൂടിയേ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങൂ എന്ന് പ്രഖ്യാപിച്ച മന്ത്രി ശര്‍മ്മ വിമാനത്താവളത്തിന്റെ ഡയറക്ടറായതും മന്ത്രിയായിരുന്നപ്പോള്‍ പലവട്ടം നെടുമ്പാശ്ശേരിയുടെ നെഞ്ചത്ത് വിമാനമിറങ്ങിയതും ചരിത്രം.

No comments:

Post a Comment

Note: Only a member of this blog may post a comment.