Sunday, May 22, 2011

സ്വപ്നപദ്ധതികള്‍ക്ക് പുത്തനുണര്‍വ്

കൊച്ചി മെട്രൊ റെയ്ല്‍, വിഴിഞ്ഞം തുറമുഖ പദ്ധതി, ഇടുക്കി പാക്കെജ് തുടങ്ങി കേന്ദ്രസര്‍ക്കാരിന്‍റെ സഹായത്തോടെ നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് പുത്തനുണര്‍വ്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകം ഈ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. കേന്ദ്രപദ്ധതികളും കേന്ദ്രഫണ്ടും കൃത്യസമയത്ത് ചെലവഴിക്കാതെ പാഴാക്കിക്കളയുന്നുവെന്ന് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തവണ അത്തരം വിമര്‍ശനങ്ങള്‍ ഒഴിവാക്കിക്കൊണ്ടു പദ്ധതികള്‍ നടപ്പാക്കാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം.

ഇതിനായി ഒരു പ്രത്യേകസംവിധാനം തന്നെ രൂപീകരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്‍റെ പ്രഖ്യാപനം ആദ്യ മന്ത്രിസഭായോഗത്തില്‍ ഉണ്ടായി. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് കൃത്യമായി വിലയിരുത്താന്‍ പ്രത്യേക സംവിധാനം ഒരുക്കും. മുഖ്യമന്ത്രിക്കുകീഴില്‍ ഒരു സെല്‍ ആയോ വകുപ്പായോ പ്രത്യേകവിഭാഗം രൂപീകരിക്കാനാണു തീരുമാനം. കേന്ദ്രസര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന സാമ്പത്തികസഹായങ്ങള്‍ ചെലവഴിക്കുന്നതു നിരീക്ഷിക്കാനുള്ള ചുമതലയും ഈ വകുപ്പിനായിരിക്കും. യുഡിഎഫിന്‍റെ പ്രകടനപത്രികയിലും ഇത്തരമൊരു സംവിധാനം രൂപീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

കേന്ദ്രപദ്ധതികളുടെകാര്യത്തില്‍ മുന്തിയ പരിഗണന നല്‍കാനാണു സംസ്ഥാനത്തിന്‍റെ തീരുമാനം. കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി ഫണ്ടുകള്‍ അനുവദിപ്പിക്കാനും നീക്കമുണ്ട്. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഇടുക്കി പാക്കെജ് ഇതിന്‍റെ ആദ്യപടി. ഇടുക്കി പാക്കെജിന്‍റെ ഭാഗമായി സംസ്ഥാനത്തിനു കേന്ദ്രം 80 കോടി അനുവദിച്ചു. ഇടുക്കി കാര്‍ഷിക പാക്കേജിന്‍റെ ഭാഗമായ 80 കോടി രൂപയുടെ മൃഗസംരക്ഷണപദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയത്. ആകെ 90.5 കോടിയുടെ പാക്കെജില്‍ നേരത്തെ 10.5 കോടി അനുവദിച്ചിരുന്നു. വിദര്‍ഭ മോഡല്‍ കാര്‍ഷികപാക്കെജുകളുടെ മേല്‍നോട്ടച്ചുമതലയുള്ള ഉന്നതാധികാരസമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. വ്യാഴാഴ്ച കൃഷിവകുപ്പ് സെക്രട്ടറി രുദ്രഗംഗാധരന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണുതീരുമാനം. കേരളത്തില്‍ നിന്നു മൃഗസംരക്ഷണവകുപ്പ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, കെഎല്‍ഡി ബോര്‍ഡ് ഡയറക്റ്റര്‍ ഡോ.അനി എം.ദാസ് എന്നിവര്‍ പങ്കെടുത്തു.

വിദര്‍ഭ മോഡല്‍ കാര്‍ഷിക പാക്കെജുകളുടെ നിര്‍വഹണത്തില്‍ കേരളം മികച്ച മാതൃകയാണെന്ന് കേന്ദ്രം വിലയിരുത്തി. രണ്ടു വര്‍ഷം മുന്‍പാണു സംസ്ഥാന സര്‍ക്കാര്‍ മൃഗസംരക്ഷണപദ്ധതിക്കായി വിശദമായ രൂപരേഖ നല്‍കിയത്. അന്ന് എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്‍റെ ശുപാര്‍ശയും കേന്ദ്രത്തിനു സംസ്ഥാനം സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസമാണ് തീരുമാനമുണ്ടായത്. കേന്ദ്രത്തില്‍നിന്നു ലഭിച്ച ഫണ്ട് ഉപയോഗിച്ച് 5,000 പശുക്കള്‍, 1,64,000 ആടുകള്‍, 16,000 പന്നികള്‍ എന്നിവ വാങ്ങി കര്‍ഷകര്‍ക്കു നല്‍കും. കൂടാതെ മൃഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകള്‍ വാങ്ങി നല്‍കാനും ഫണ്ട് ചെലവഴിക്കും. പശുക്കള്‍ക്കുണ്ടാകുന്ന അകിടു വീക്കം ഫലപ്രദമായി തടയാന്‍ ഈ ഫണ്ടില്‍ നിന്നു പ്രതിരോധ സംവിധാനമൊരുക്കും. പുല്‍കൃഷി വ്യാപകമാക്കാനും മൃഗങ്ങളെ ഇന്‍ഷ്വര്‍ ചെയ്യാനും സൗജന്യ കൃത്രിമ ബീജാദാനത്തിനും ഫണ്ട് നല്‍കും. 2500 പശുക്കുട്ടികളെ ഈ ഫണ്ടുപയോഗിച്ചു വാങ്ങി കര്‍ഷകര്‍ക്കു നല്‍കും. പശുക്കള്‍ക്കു തീറ്റ വാങ്ങി നല്‍കാന്‍ ഫണ്ടുപയോഗിക്കുമെന്നു ലൈവ് സ്റ്റോക്ക് ഡെവലപ്മെന്‍റ് ബോര്‍ഡ് ഡയറക്ടര്‍ അനി എസ്. ദാസ് വ്യക്തമാക്കി. ഇടുക്കി കാര്‍ഷിക പാക്കെജില്‍ നിന്നും ധനസഹായം ലഭിക്കുന്നു എന്നത് ശുഭവാര്‍ത്ത. വിഴിഞ്ഞം പദ്ധതി നടപ്പാക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും കേന്ദ്രത്തിന്‍റെ പച്ചക്കൊടി. പരിസ്ഥിതി അനുമതി നല്‍കുന്നതിനു അടിയന്തര നടപടികള്‍ സ്വീകിരിക്കാനാണു കേന്ദ്രത്തിന്‍റെ തീരുമാനം. ഔദ്യോഗിക അനുമതി നല്‍കുന്നതിനു മുന്നോടിയായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് അടുത്ത മാസം മൂന്നിനു വിഴിഞ്ഞം തുറമുഖ പ്രദേശം സന്ദര്‍ശിക്കും. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ സന്ദര്‍ശിക്കാന്‍ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രമഫലമായാണു പരിസ്ഥിതി മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചത്. 

ഈ മാസം 31നകം അനുമതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ജയറാം രമേശിന്‍റെ വിഴിഞ്ഞം സന്ദര്‍ശനത്തിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി അനുമതി നല്‍കിയാല്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും അപേക്ഷ നല്‍കും. എസ്ബിടിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവുമായി മുന്നോട്ടു പോകണമോ എന്നതും പുതിയ സര്‍ക്കാര്‍ പരിശോധിക്കും. 12.5% പലിശയ്ക്കാണ് കണ്‍സോര്‍ഷ്യം പണം കടം നല്‍കുന്നത്. ലോകബാങ്ക് അടക്കമുള്ള ധനസഹായ സ്രോതസുകളില്‍ നിന്ന് അഞ്ചു ശതമാനം പലിശയ്ക്കു പണം കടം ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങളും പുതിയ സര്‍ക്കാര്‍ തേടും. വിഴിഞ്ഞം പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമായി പഠിച്ചശേഷം അടിയന്തര പ്രാധാന്യത്തോടെ പദ്ധതിയുമായി മുന്നോട്ടുപോകാനാണു തീരുമാനിച്ചിട്ടുള്ളത്. 

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഐഎഫ്സിയുമായി ഒപ്പിട്ട ഫിനാന്‍ഷ്യല്‍ അഡ്വൈസറി സര്‍വീസ് എഗ്രിമെന്‍റും പുനഃപരിശോധിക്കും. കരാറുകാരെ കണ്ടെത്തുന്നതിനു മാത്രം ഏഴു കോടി രൂപ കമ്മിഷന്‍ നല്‍കുന്ന വ്യവസ്ഥകള്‍ അടങ്ങിയ കരാറാണ് ഐഎഫ്സിയുമായി 2009 നവംബര്‍ 13ന് ഒപ്പിട്ടത്. രാജ്യത്തെ മറ്റു തുറമുഖങ്ങളില്‍ ഐഎഫ്സി ഓപ്പറേറ്ററെ കണ്ടെത്തുന്നതിനു പുറമെ നിക്ഷേപകരെ കണ്ടെത്തുന്നതിനും സഹായം നല്‍കിയിരുന്നു. ഇതിനുപുറമെ കുറഞ്ഞ ചെലവില്‍ നിര്‍മാണം നടത്തുന്നതിനുള്ള കരാറുകാരെ കണ്ടെത്തുന്നതിനും ബ്ലൂപ്രിന്‍റ് തയാറാക്കുന്നതിനും അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്‍റ് കമ്പനികളെ ക്ഷണിച്ചതും ഇവരായിരുന്നു. സംസ്ഥാന സര്‍ക്കാരിനു ബാധ്യത വരുത്തുന്ന കരാറായതു കൊണ്ടാണ് ഇതു പുനഃപരിശോധിക്കുന്നത്. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ടു മുന്‍കൈ എടുക്കുന്നു.

വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഉടനെ പുതിയ മുഖ്യമന്ത്രിക്കു കൈമാറുമെന്നു തുറമുഖ സെക്രട്ടറി മനോജ് ജോഷി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം ടെന്‍ഡര്‍, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍, സ്ഥലമേറ്റെടുപ്പ്, പോര്‍ട്ട് റെയ്ല്‍ കണക്റ്റിവിറ്റി, ഇന്‍റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍റെ സാധ്യത പഠന റിപ്പോര്‍ട്ട്, എസ്ബിടി കണ്‍സോര്‍ഷ്യം തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് പുതിയ മുഖ്യമന്ത്രിക്കു കൈമാറുന്നത്. ഭരണ മാറ്റത്തോടെ വിഴിഞ്ഞം ഇന്‍റര്‍നാഷനല്‍ ലിമിറ്റഡിന്‍റെ സാരഥ്യത്തിലും അഴിച്ചു പണിയായി. മന്ത്രിസഭ പൂര്‍ണ രൂപത്തിലായതിനു ശേഷമാണ് ഡയറക്റ്റര്‍ ബോര്‍ഡിലെ പുതിയ അംഗങ്ങളുടെ നിയമനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുറമുഖ കമ്പനിയുടെ ചെയര്‍മാനായും പുതിയ തുറമുഖ മന്ത്രി വൈസ് ചെയര്‍മാനായും സ്ഥാനമേല്‍ക്കും. ഇതിനു പുറമെ ആറു മന്ത്രിമാരെക്കൂടി തുറമുഖ കമ്പനി ഉള്‍പ്പെടുത്തും. ചീഫ് സെക്രട്ടറി,ഫിനാന്‍സ് സെക്രട്ടറി, തുറമുഖ സെക്രട്ടറി എന്നിവരും ഡയറക്റ്റര്‍ ബോര്‍ഡിലുണ്ട്. 

ഈ മാസം അവസാനത്തോടെ പുതിയ ഡയറക്റ്റര്‍ ബോര്‍ഡിന്‍റെ ആദ്യ യോഗം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തുറമുഖ കമ്പനി അധികൃതര്‍.

കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന കാലത്ത് തുടങ്ങിയ വിഴിഞ്ഞം ഓപ്പറേറ്റര്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ട ചുമതലയും പുതിയ ഡയറക്റ്റര്‍ ബോര്‍ഡിനാണ്. 14 വന്‍കിട കമ്പനികള്‍ വിഴിഞ്ഞം ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനു യോഗ്യത നേടിയിട്ടുണ്ട്. ഓപ്പറേറ്റര്‍ ടെന്‍ഡര്‍ അവാര്‍ഡ് ചെയ്യുന്നതിനും കേന്ദ്രസര്‍ക്കാരിന്‍റെ സെക്യൂരിറ്റി ക്ലിയറന്‍സ് നേടുന്നതിനുമുള്ള ഫയലുകള്‍ പുതിയ ഡയറക്റ്റര്‍ ബോര്‍ഡിനെയും മന്ത്രി സഭയെയും കാത്തിരിക്കുകയാണ്. ഇതെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കി പദ്ധതി എത്രയും വേഗം യാഥാര്‍ഥ്യമാക്കാനാണ് സംസ്ഥാനസര്‍ക്കാരിന്‍റെ ശ്രമം. 

No comments:

Post a Comment

Note: Only a member of this blog may post a comment.