Sunday, May 8, 2011

മുഖ്യമന്ത്രിയുടെ അധിക്ഷേപം ഫാരിസ് അവഗണിക്കും; പക്ഷേ, ക്ഷമിക്കില്ല


മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആവര്‍ത്തിച്ചുള്ള ആക്രമണത്തിനു പുല്ലുവില കല്‍പിച്ചാല്‍ മതിയെന്ന് ഫാരിസ് അബൂബര്‍. മൂന്നാം തവണയും ഫാരിസിനെ പരസ്യമായി വെറുക്കപ്പെട്ടവന്‍ എന്ന് ആക്ഷേപിച്ചിട്ടും അദ്ദേഹമോ ഫാരിസ് ചെയര്‍മാനായ  മെട്രോ വാര്‍ത്ത ദിനപത്രമോ കാര്യമായി പ്രതികരിക്കാതിരുന്നത് ഈ നിലപാടിന്റെ ഭാഗമാണത്രേ. കേരളത്തിലോ സിംഗപ്പൂരിലോ  ഒരു കേസ് പോലും ഇല്ലാതിരുന്നിട്ടും അങ്ങനെയുണ്ടെന്നു വരുത്താന്‍ മുഖ്യമന്ത്രി നടത്തുന്ന  ശ്രമത്തെ നിയമപരമായി നേരിടാനും ഫാരിസ് ഉദ്ദേശിക്കുന്നില്ല. എന്നാല്‍ വി.എസിനെ രാഷ്ട്രീയവും ഭരണപരവും സംഘടനാപരവുമായി തുറന്നുകാട്ടാന്‍ ആരംഭിച്ച മെട്രോ വാര്‍ത്ത ആ ദൗത്യം തുടരും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വി.എസിന്റെ മകന്‍ വി.എ.അരുണ്‍കുമാറുമായി ബന്ധപ്പെട്ട വിവിധ അഴിമതി ഇടപാടുകള്‍ പുറത്തുകൊണ്ടുവന്നത് ഫാരിസിന്റെ പത്രമായിരുന്നു. വി.എസിന്റെ മകള്‍ ഡോ.ആശയ്ക്ക് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ ക്രമവിരുദ്ധമായി ഗവേഷണത്തിന് പ്രവേശനം നല്‍കിയതും പുറത്തുകൊണ്ടുവന്നു. ഇതിനെതിരേ ഡാ.ആശ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും അതുമായി മുന്നോട്ടുപോയില്ല.
പാര്‍ട്ടിയില്‍ വി.എസ് കൂടുതല്‍ കൂടുതല്‍ ദുര്‍ബലനാകുന്നത് ആഹ്ലാദത്തോടെയാണ് മെട്രോ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ദീപിക ദിനപത്രം ഫാരിസിന്റെ ഉടമസ്ഥതയില്‍ ആയിരുന്നപ്പോഴും മെട്രോ വാര്‍ത്തയുടെ തുടക്കത്തിലും തനിക്കുവേണ്ടി മറുപടി നല്‍കാന്‍ പത്രത്തെ ഉപയോഗിച്ച രീതി ഇനി വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം.
കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള പതിവു വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഫാരിസിനെതിരേ മൂന്നാമതും തിരിഞ്ഞത്. കൈരളി ടിവി എംഡിയും എഡിറ്ററുമായിരുന്ന ജോണ്‍ ബ്രിട്ടാസ് ഏഷ്യാനെറ്റിലേയ്ക്ക് പോയതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായിരുന്നു ഇത്.
സിംഗപ്പൂരില്‍ പണം വെട്ടിപ്പു നടത്തി മദ്രാസിലും കേരളത്തിലുമായി ഒളിച്ചോടി കഴിയുന്ന ആളാണ് ഫാരിസെന്നും കേസുകള്‍ക്ക് വിധേയനായിം എന്ന നിലയില്‍ അവിടത്തെ ജനങ്ങളാല്‍ വെറുക്കപ്പെട്ടവനാണെന്നു ഞാന്‍ മനസിലാക്കിയിട്ടുണ്ട് എന്നുമായിരുന്നു അച്യുതാനന്ദന്റെ വാക്കുകള്‍. മാത്രമല്ല, ബ്രിട്ടാസിനെ വിമര്‍ശിക്കാന്‍ ഫാരിസിനെ ചാരുകയും ചെയ്തു. പണമുണ്ടാക്കാന്‍ എന്തു ഹൃനകൃത്യവും ചെയ്യുന്ന ഒരുത്തനെ ഉയര്‍ത്തിക്കാട്ടുകയാണ് ഇപ്പോള്‍ മര്‍ഡോക്കിനൊപ്പം പോയ മാന്യന്‍ ചെയ്തതെന്നായിരുന്നു പരാമര്‍ശം. ഫാരിസുമായി ബ്രിട്ടാസ് കൈരളിയില്‍ നടത്തിയ അഭിമുഖത്തോടുള്ള രോഷവും ബ്രിട്ടാസ് ഇപ്പോള്‍ ഏഷ്യാനെറ്റിലേയ്ക്കു പോയതിലെ പരിഹാസവും ഒരുപോലെ പ്രകടിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ അതിന് ഉപയോഗിച്ച വാക്കുകള്‍ പ്രകോപനപനമായിരുന്നു. എന്നിട്ടും അവഗണിക്കാനായിരുന്നേ്രത ഫാരിസിന്റെ നിര്‍ദേശം. മുമ്പു രണ്ടു തവണയും ക്യാബിനറ്റ് ബ്രീഫിങില്‍ വി.എസ് നടത്തിയ പരാമര്‍ശത്തെ ചോദ്യം ചെയ്യാതിരുന്നതിനു താക്കീത് ചെയ്തതില്‍ നിന്നു വ്യത്യസ്ഥമായി, ഇത്തവണ നിശബ്ദനായിരിക്കാനായിരുന്നു മെട്രോ വാര്‍ത്ത ലേഖകര്‍ക്കുള്ള നിര്‍ദേശം. അടിസ്ഥാനമില്ലാത്ത ആക്ഷേപത്തെക്കുറിച്ച് കൂടുതല്‍ ചോദിച്ച് കൂടുതല്‍ പറയിക്കേണ്ട എന്ന നയം. മാത്രമല്ല, ഫാരിസുമായി ശത്രുതയിലുള്ള ലീഗ് നേതാവ് ചെയര്‍മാനായ സ്വകാര്യ ചാനലിന്റെ ലേഖകനുമായി ചേര്‍ന്ന് ആസൂത്രണം ചെയ്ത നീക്കമായിരുന്നു വി.എസിന്റെ പരാമര്‍ശങ്ങള്‍ എന്നും വ്യക്തമായിരുന്നു. മുമ്പും ഇതേ ലേഖകനെക്കൊണ്ട് ചോദിപ്പിച്ചാണ് ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
ആദ്യ തവണ വെറുക്കപ്പെട്ടവന്‍ എന്നു വി.എസ് വിളിക്കുമ്പോള്‍ ഫാരിസ് ദീപിക വൈസ് ചെയര്‍മാനായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ദീപിക ലേഖകന്‍ മറുചോദ്യം ചോദിച്ചിരുന്നില്ല. ചാനലുകളില്‍ ബ്രേക്കിംഗ് ന്യൂസ് ആയി വി.എസിന്റെ പരാമര്‍ശം വന്നതോടെ ദിപികയില്‍ ഇത് വന്‍ വിവാദമായി മാറി. ലേഖകനു താക്കീതും ലഭിച്ചു. ദീപിക അന്ന് തുടര്‍ച്ചയായി വി.എസിന്റെ പരാമര്‍ശത്തിനെതിരായ പ്രതികരണങ്ങള്‍ പ്രസിദ്ധീകരിച്ചു. ഞങ്ങളുടെ ചെയര്‍മാന്‍ വെറുക്കപ്പെട്ടവനല്ല എന്ന തലക്കെട്ടില്‍ ദീപിക ജേര്‍ണലിസ്റ്റ് യൂണിയന്റേതായി വന്ന പ്രസ്താവനയും ഇതില്‍പെടും. ആരോപണങ്ങള്‍ തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിട്ട് ദീപിക അതിനു കൗണ്ട്ഡൗണ്‍ നടത്തിയതു ശ്രദ്ധിക്കപ്പെട്ടിരുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.