Monday, May 23, 2011

വെള്ളച്ചേല ചുറ്റിയ വിപ്ലവം

പശ്‌ചിമ ബംഗാളിലെ ഒരു സരസ്വതി പൂജക്കാലത്തു സ്‌കൂള്‍ വിട്ടു വൈകുന്നേരം വീട്ടിലേക്കു മടങ്ങുന്നതിനിടെ വഴിയോരത്തെ കാഴ്‌ചകണ്ട്‌ വിദ്യാര്‍ഥികളെല്ലാം നിന്നു. സ്‌റ്റേജില്‍ നില്‍ക്കുന്ന വ്യക്‌തി സദസില്‍നിന്ന്‌ ഓരോരുത്തരേയും സംസാരിക്കാനായി ക്ഷണിക്കുന്നു. എല്ലാവരും അറച്ചുനിന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ചുറുചുറുക്കോടെ ഒരു പെണ്‍കുട്ടി സ്‌റ്റേജിലേക്കു നടന്നുകയറി. ആരേയും അമ്പരിപ്പിക്കുന്ന രീതിയില്‍ സംസാരിച്ച്‌ തുടങ്ങി. ആ ചുണക്കുട്ടിയുടെ പേരായിരുന്നു-മമതാ ബാനര്‍ജി. മൂന്നര ദശാബ്‌ദത്തോളം നീണ്ട ഇടതുപക്ഷ ഭരണത്തെ കടപുഴക്കി എറിഞ്ഞതില്‍ എത്തിനില്‍ക്കുന്നു ആ പ്രസംഗത്തിന്റെ ശക്‌തി.

പത്തു വയസ്‌ പൂര്‍ത്തിയാകും മുമ്പേ കൊച്ചു മമത രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കോണ്‍ഗ്രസുകാരനായ പിതാവ്‌ പ്രോമിലേശ്വര്‍ ബാനര്‍ജിക്കു പോസ്‌റ്റര്‍ ഒട്ടിക്കാനുളള പശ കൂട്ടി നല്‍കുകയായിരുന്നു ആദ്യ പ്രവര്‍ത്തനം. പശയോടൊപ്പം മമത കുറുക്കിയെടുത്തതു കോണ്‍ഗ്രസ്‌ രാഷ്‌ട്രീയം കൂടിയായിയായിരുന്നു. ഫൂലിയ ഗ്രാമത്തിലെ തൊഴിലാളികള്‍ കൈകൊണ്ടു നിര്‍മിച്ച വെള്ളസാരിയാണു ബംഗാളുകാരുടെ ഈ ദീദിയുടെ വേഷം. സാരിയുടെ പിന്നിലും ഒരു കഥയുണ്ട്‌.

മമതയ്‌ക്ക് 15 വയസുള്ളപ്പോഴാണ്‌ പിതാവ്‌ മരിക്കുന്നത്‌.ആറു സഹോദരന്മാരും രണ്ടു സഹോദരിമാരുമടങ്ങുന്ന കുടുംബഭാരം മൂത്തപെണ്‍കുട്ടിയായ മമതയുടെ ചുമലിലായി. ജോഗമായ കോളജില്‍ പഠിക്കുമ്പോള്‍തന്നെ ഹരിംഗട്ട മില്‍ക്കിന്റെ വിതരണവും ഏറ്റെടുത്തു. പാല്‍ക്കച്ചവടം നടത്തി ലഭിക്കുന്ന തുകയായിരുന്നു കുടുംബത്തിന്റെ മുഖ്യവരുമാനം. മാതാവ്‌ ഗായത്രി ബാനര്‍ജി കഴിഞ്ഞാല്‍ കൂടപിറപ്പുകളുടെ രണ്ടാമത്തെ അമ്മ മമതയായിരുന്നു. ഹരീഷ്‌ചാറ്റര്‍ജി സ്‌ട്രീറ്റിലെ ഒറ്റമുറി വീട്ടില്‍ വലിയ കുടുംബം തിങ്ങിഞെരിഞ്ഞാണു കഴിഞ്ഞിരുന്നത്‌. കട്ടിലില്‍ രണ്ടു പേര്‍ കിടക്കുമ്പോള്‍ രണ്ടു സഹോദരങ്ങള്‍ കട്ടിലിനു താഴെ സ്‌ഥലം കണ്ടെത്തി. പിതാവിന്റെ മരണത്തോടെ മാതാവ്‌ വെളുത്ത കോട്ടന്‍ സാരിമാത്രം ധരിക്കുക പതിവായി. കൂടുതല്‍ സാരി വാങ്ങാന്‍ സാധിക്കാത്തതിനാല്‍ അമ്മയുടെ സാരികള്‍ പങ്കിട്ട്‌ മമതയും വെള്ള സാരി ധരിച്ചു തുടങ്ങി. പരിമിതികള്‍ മറയ്‌ക്കാന്‍ നിറമുള്ള ഷര്‍ട്ടുകള്‍ ഉപേക്ഷിച്ച്‌ വെള്ളവസ്‌ത്രത്തിലേക്കു മാറിയ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസിന്റെ അതേ അവസ്‌ഥ.

കോട്ടന്‍സാരിയും വള്ളിച്ചെരിപ്പുമിട്ടു ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയ മമതയെ അവര്‍ തങ്ങളില്‍ ഒരാളായി കണ്ടു. വിദ്യാര്‍ഥി നേതാവായും യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകയായും പ്രവര്‍ത്തിച്ചു തുടങ്ങിയ മമതയ്‌ക്കു ദേഷ്യം വരുന്നതും പ്രതികരിക്കുന്ന രീതിയും പ്രവചനാതീതമാണ്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകയായിരുന്നപ്പോള്‍ ജയപ്രകാശ്‌ നാരായണന്റെ കാറിന്റെ ബോണറ്റിലേക്കു ചാടിക്കയറിയതു മുതല്‍ സംസാരിക്കാന്‍ അവസരം നിഷേധിച്ചതിന്റെ പേരില്‍ ലോക്‌സഭയില്‍ സ്‌പീക്കറായിരുന്ന സോമനാഥ്‌ ചാറ്റര്‍ജിക്കു നേരേ കടലാസുകള്‍ വലിച്ചെറിയുന്നതു വരെയെത്തി രോഷപ്രകടനം.

തനിക്കു ശരിയെന്നു തോന്നിയതെല്ലാം ആരുടേയും മുഖംനോക്കാതെ വെട്ടിത്തുറന്നു പറയുകയും ഇടതുപക്ഷത്തോടു നിരന്തരം കലഹിക്കുകയും ചെയ്യുന്ന ഈ ചെറുപ്പക്കാരി സി.പി.എമ്മിന്റെ വേരറുക്കുമെന്ന്‌ എഴുപതുകളില്‍തന്നെ പലര്‍ക്കും തോന്നിയിരുന്നു. 1970 ല്‍ മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും 78 ല്‍ തെക്കന്‍ കൊല്‍ക്കത്തയുടെ കോണ്‍ഗ്രസ്‌ ജില്ലാ കമ്മറ്റി സെക്രട്ടറിയുമായി മാറിയപ്പോഴും സി.പി.എമ്മിനോടുളള ദേഷ്യം വര്‍ധിച്ചു കൊണ്ടേയിരുന്നു.

ബംഗാളിലെ പാര്‍ട്ടിക്കാരെ കള്ള കമ്യൂണിസ്‌റ്റുകളെന്നാണ്‌ അവര്‍ വിളിച്ചത്‌. മാര്‍ക്‌സിന്റെ മൂലധനവും ലെനിനിന്റെ പാര്‍ട്ടി ചട്ടക്കൂടും പരന്ന വായനയിലൂടെ മനസിലാക്കിയതുകൊണ്ടാണു തനിക്കു ബംഗാളിലെ സി.പി.എമ്മുകാരെ അംഗീകരിക്കാന്‍ കഴിയാത്തതെന്നു മമത പലപ്പോഴും ആവര്‍ത്തിച്ചിട്ടുണ്ട്‌. എം.എ, ബി.എഡ്‌, എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയശേഷം സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനല്ല ബംഗാള്‍ രാഷ്‌ട്രീയത്തെ കിളച്ചുമറിക്കാനാണ്‌ അവര്‍ തീരുമാനിച്ചത്‌.

നാളികേരം ഉപയോഗിച്ച്‌ മാതാവ്‌ ഗായത്രി ബാനര്‍ജി ഉണ്ടാക്കുന്ന 'നാഡു' എന്ന ലഡു സഞ്ചിയിലാക്കി കൊണ്ടുപോകുന്നതായിരുന്നു മമതയുടെ പ്രധാനഭക്ഷണം. സഹപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതു നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. എല്ലാദിവസവും പുറത്തേക്കിറങ്ങുമ്പോള്‍ അമ്മയുടെ കൈയില്‍നിന്ന്‌ 10 രൂപ വാങ്ങുന്ന പതിവ്‌ ഇന്നും തുടരുന്നു. പ്രമേഹം പിടിപെട്ടതോടെ നാഡുവില്‍നിന്നു മമത ഇപ്പോള്‍ ചെറിയ അകലത്തിലാണ്‌.

കൊമ്പനെ തളച്ചപ്പോള്‍...

1984 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജാദവ്‌പൂര്‍ മണ്ഡലത്തില്‍ സി.പി.എമ്മിന്റെ സ്‌ഥാനാര്‍ഥിയായിരുന്ന സോമനാഥ്‌ ചാറ്റര്‍ജിയെ 29 കാരിയായ മമത മലര്‍ത്തിയടിച്ചതോടെയാണു രാജീവ്‌ഗാന്ധി ശ്രദ്ധിച്ചു തുടങ്ങുന്നത്‌. പിന്നീടു നടന്ന തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച കോണ്‍ഗ്രസ്‌ വിരുദ്ധതരംഗത്തില്‍ സി.പി.എമ്മിലെ മാലിനി ഭട്ടാചാര്യയോടു ജാതവ്‌പൂറില്‍ അടിതെറ്റിയെങ്കിലും യൂത്ത്‌ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍സെക്രട്ടറി സ്‌ഥാനമാണു രാജീവ്‌ മമതയ്‌ക്കു സമ്മാനിച്ചത്‌. കുഞ്ഞനുജത്തിയോടെന്ന സ്‌നേഹമാണ്‌ അദ്ദേഹത്തിനു മമതയോട്‌ ഉണ്ടായിരുന്നത്‌. നെഹ്‌റു കുടുംബത്തോടുളള സ്‌നേഹം എതിര്‍ചേരിയിലായപ്പോഴും മമത കാത്തുസൂക്ഷിച്ചു. വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തശേഷം ബി.ജെ.പി. നേതാക്കളെ മറികടന്നു സോണിയാഗാന്ധിയെ അഭിവാദ്യം ചെയ്‌തത്‌ അന്നു വാര്‍ത്തയായിരുന്നു.

നെഹ്‌റു കുടുംബത്തോട്‌ അല്‍പം മമത കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ്‌ കൂടാരം വിട്ടശേഷം സ്വന്തം തട്ടകത്തില്‍ കഴിവു തെളിയിക്കാന്‍ ഒരു ഖദര്‍ധാരിയേയും അവര്‍ അനുവദിച്ചിട്ടില്ല.

മമത പാര്‍ട്ടിയില്‍നിന്നു പുറത്തു പോയ ഉടന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതിയോഗം കൊല്‍ക്കത്തയിലാണു തീരുമാനിച്ചത്‌. അപകടം മണത്തറിഞ്ഞ മമതയാവട്ടെ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ബംഗാളില്‍ എത്തുന്ന ദിനംതന്നെ പടുകൂറ്റന്‍ റാലി സംഘടിപ്പിച്ചു.

യൂത്ത്‌ കോണ്‍ഗ്രസിനെ പുനരുജ്‌ജീവിപ്പിക്കാനായി എത്തിയ രാഹുല്‍ഗാന്ധിയെ ദേശാടനപ്പക്ഷിയെന്നു വിളിച്ചാണു കളിയാക്കി വിട്ടത്‌. വി.എസ്‌. അച്യുതാനന്ദന്റെ അമുല്‍ബേബി പ്രയോഗത്തിന്റെ അടുത്തു വരില്ലെങ്കിലും കളിയാക്കുമ്പോള്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്രമന്ത്രി സഭയിലെ അംഗമാണു മമതയെന്ന്‌ ഓര്‍ക്കണം.

1991 ല്‍ വീണ്ടും ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സി.പി.എമ്മിന്റെ 'ബി' ടീമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുമായി യോജിച്ചു മുന്നോട്ടു പോകാന്‍ അവര്‍ക്കു കഴിഞ്ഞില്ല. 1997 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ മമത നയം വ്യക്‌തമാക്കിയിരുന്നു-'ബംഗാളിലെ സി.പി.എം. ഭരണത്തിന്‌ അറുതി

വരുത്തുക'. ഈ ഒറ്റ അജന്‍ഡയുമായാണു പതിറ്റാണ്ടുകള്‍ നീണ്ട രാഷ്‌ട്രീയപ്രവര്‍ത്തനം നടത്തിയത്‌. ബംഗാള്‍ പി.സി.സി. പ്രസിഡന്റ്‌ സോമേന്ദ്രനാഥ്‌ മിത്രയുമായി കലഹിച്ചാണു മമത കോണ്‍ഗ്രസില്‍നിന്നു പുറത്തുവന്നത്‌.ഇതേ സോമേന്ദ്രനാഥ്‌ മിത്ര ഇപ്പോള്‍ തൃണമൂല്‍ എം.പിയാണെന്നതു മറ്റൊരു ബംഗാള്‍ ഫലിതം. എതിര്‍ത്തവരെയൊക്കെ അനുയായികളാക്കിയ മമതാ മാജിക്‌ കണ്ട്‌ ബംഗാള്‍ പുരികമുയര്‍ത്തി.

നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ഇവര്‍ പിന്നീട്‌ ബി.ജെ.പി.യുടെ മേച്ചില്‍പുറം തേടിപ്പോയതു ബംഗാളികളില്‍ അല്‍പം നീരസമുണ്ടാക്കി. ഇന്ധനവില വര്‍ധനയുടെ പേരില്‍ ബി.ജെ.പിയുമായുളള ബന്ധം ഉപേക്ഷിച്ച്‌ കോണ്‍ഗ്രസുമായി കൈകോര്‍ത്തെങ്കിലും ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ല. ഭരണം പിടിച്ചെടുക്കുമെന്നു വീമ്പിളക്കിയ മമതയും കൂട്ടരും നിയമസഭയിലേക്കുള്ള മത്സരത്തില്‍ 68 സീറ്റില്‍ ഒതുങ്ങി. 2004 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ തൃണമൂലിന്റെ പ്രതിനിധിയായി മമത മാത്രമാണു ഡല്‍ഹിയിലേക്കു വണ്ടി കയറിയത്‌.

സി.പി.എമ്മിന്റെ ബംഗാള്‍ ഉള്‍ക്കിടലം...

ചായക്കോപ്പയിലെ കൊടുങ്കാറ്റായി മമത ബംഗാള്‍ രാഷ്‌ട്രീയത്തില്‍ വീശിത്തീരുമെന്നു കരുതി പുത്തന്‍ വ്യവസായ നയങ്ങളുമായി മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ മുന്നോട്ടു പോകുമ്പോഴാണ്‌ സിംഗൂര്‍-നന്ദിഗ്രാം സംഭവങ്ങളുണ്ടാകുന്നത്‌.

കിലോമീറ്ററുകള്‍ നീളുന്ന പാടങ്ങള്‍ ടാറ്റയ്‌ക്കും സലിംഗ്രൂപ്പിനും കൈമാറാനുളള സര്‍ക്കാര്‍ ശ്രമം വെടിവയ്‌പിനും കര്‍ഷക മരണത്തിനും കാരണമായി. സര്‍ക്കാരിന്റെ നയംമാറ്റത്തിനായി 26 ദിവസം ഉപവാസം കിടന്നതോടെ രണ്ടാം മമതയുഗം ബംഗാളില്‍ ആരംഭിച്ചു. ജനങ്ങള്‍ക്കു നേരേ ലാത്തി പോലും ഉപയോഗിക്കേണ്ടെന്നു തീരുമാനിച്ച സര്‍ക്കാര്‍ തോക്കെടുത്തതോടെ മമതയില്‍ അവരുടെ സംരക്ഷകയെ കണ്ടെത്തുകയായിരുന്നു.

ബംഗാളികളുടെ സങ്കടങ്ങള്‍ അഴിച്ചുവയ്‌ക്കാനുളള ദീദിയായി മമത മാറി. സി.പി.എം. കേഡര്‍മാരുടെ ആക്രമണങ്ങള്‍ മാത്രമല്ല പട്ടിണിയും രോഗവും ദുരിതവും മമതയുമായി അവര്‍ ഗ്രാമീണരുമായി പങ്കിട്ടു. വിദൂര ഗ്രാമങ്ങളില്‍നിന്നു പോലും വരുന്ന ഫോണ്‍കോളുകള്‍ക്കായി ഉറക്കമിളച്ചു കാത്തിരുന്നു. കവിതയെഴുത്തും ചിത്രരചനയുമായി പുലര്‍ച്ചെ മൂന്നു മണിവരെ ഒറ്റപ്പെട്ട ഫോണ്‍വിളികള്‍ക്കായി ചെവിയോര്‍ത്തിരുന്നു. ഇവരുടെ ചിത്രങ്ങള്‍ ലക്ഷക്കണക്കിനു രൂപയ്‌ക്കാണു വിറ്റുപോയത്‌.

പുസ്‌തകങ്ങള്‍ ബംഗാളില്‍ ഏറ്റവും വില്‍പനയുള്ളവയാണ്‌. ലഭിച്ച തുകയുടെ വലിയൊരുഭാഗം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു ഫണ്ടിലേക്കു സംഭാവനയായി നല്‍കി. പ്രചാരണത്തിനായി അവരെഴുതിയ ഗാനങ്ങളാണ്‌ ഉപയോഗിച്ചത്‌. മമത പദയാത്ര നടത്തിയപ്പോള്‍ റോഡുകള്‍ ജനങ്ങള്‍ ഒഴുകുന്ന നദികളായി മാറി.

സി.പി.എം. കേഡര്‍ ബലാത്സംഗം ചെയ്‌ത പെണ്‍കുട്ടിക്കു നീതിലഭിക്കണമെന്നാവശ്യപ്പെട്ട്‌ വര്‍ഷങ്ങള്‍ക്കു മുമ്പു ബംഗാളിന്റെ ഭരണസിരാകേന്ദ്രമായ റൈറ്റേഴ്‌സ് ബില്‍ഡിംഗിലേക്കു നടത്തിയ മാര്‍ച്ചില്‍ മമത പോലീസിന്റെ ഭീകരമര്‍ദനത്തിന്‌ ഇരയായി.

ഇടതുപക്ഷത്തെ താഴെയിറക്കാതെ റൈറ്റേഴ്‌സ് ബില്‍ഡിംഗില്‍ കാലുകുത്തില്ലെന്ന അവരുടെ പ്രതിജ്‌ഞയും ഇപ്പോള്‍ നിറവേറി. എം.പിയായിരിക്കെ ലാത്തിച്ചാര്‍ജില്‍ തലപിളര്‍ന്ന്‌ 'മരിച്ച' വിവരമറിഞ്ഞു ലോക്‌സഭയില്‍ ദു:ഖാചരണം നടത്തിയപ്പോള്‍ മമത ജീവിതത്തിലേക്കു മടങ്ങിവരുകയായിരുന്നു. ചുവപ്പു കോട്ട തകര്‍ക്കാതെ മരണംപോലുമില്ലെന്നു മമതയുടെ ജാതകത്തില്‍ എവിടെയെങ്കിലും കോറിയിട്ടിരിക്കാം.

തണല്‍മരം...

വിരമിച്ചതിനു ശേഷവും ലോക്‌സഭാ സെക്രട്ടറിയായ മലയാളി പി.ഡി.ടി. ആചാരിയുടെ കാലാവധി സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു. കാലാവധി തീരുന്നതിന്റെ ഒരാഴ്‌ച മുമ്പു വരെ ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാര്‍ ആചാരിക്കു വീണ്ടും കാലാവധി നീട്ടിനല്‍കുമെന്നു പ്രതീക്ഷ നല്‍കിയിരുന്നു. സേവനം മികച്ചതാണെന്നും എന്നാല്‍ ഇനി വേണ്ടെന്നും സ്‌പീക്കര്‍ പിന്നീട്‌ പറഞ്ഞപ്പോള്‍ ആചാരി കുഴങ്ങി. ഇക്കാര്യം മമതയോടു പറഞ്ഞപ്പോള്‍ റെയില്‍വേയില്‍ അഡ്വൈസറായി നിയമിക്കുകയാണു ചെയ്‌തത്‌. മമത മനസില്‍ നന്മയുളള നേതാവാണെന്ന്‌ ആചാരി പറയുന്നു.

കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ സ്വന്തം സംസ്‌ഥാനത്തിനു പദ്ധതികളും ട്രെയിനുകളും വാരിക്കോരി നല്‍കിയെന്നു മറ്റു സംസ്‌ഥാനങ്ങള്‍ കുറ്റപ്പെടുത്തിയപ്പോള്‍ ബംഗാളിന്റെ സ്വകാര്യ അഹങ്കാരമായി മമതാ ബാനര്‍ജി മാറുകയായിരുന്നു.

തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വേദനയാണ്‌ ഈ പക്ഷപാതിത്വത്തിന്‌ ഇടയാക്കിയത്‌. പുതിയ ബംഗാളിനു പരിവര്‍ത്തനം മതിയായേ തീരൂവെന്നാണു തൃണമൂല്‍ വാദിച്ചത്‌.

അവര്‍ ആവശ്യപ്പെട്ട പരിവര്‍ത്തനം ബംഗാളികള്‍ മമതയ്‌ക്കു നല്‍കി. തിരിച്ച്‌ അവര്‍ക്കു മമത പുതിയ ബംഗാള്‍ നല്‍കുമോ എന്നു കാത്തിരുന്നു കാണാം.

No comments:

Post a Comment

Note: Only a member of this blog may post a comment.