Tuesday, May 31, 2011

വിദ്യാഭ്യാസം:ഇടതുസര്‍ക്കാരിന്റെ രാഷ്ട്രീയ ചൂഷണങ്ങള്‍



പുതിയൊരു വിദ്യാലയവര്‍ഷം പിറക്കുകയാണ്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ രാഷ്ട്രീയ ചൂഷണങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച രംഗം. സാധാരണക്കാരെ അകറ്റിയോടിക്കുന്ന വാണിജ്യവല്‍ക്കരണം, നിലവാരത്തകര്‍ച്ച, വിദ്യാര്‍ത്ഥി പ്രവേശനത്തിലെ അവ്യവസ്ഥ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ വിദ്യാഭ്യാസരംഗം നേരിടുന്നുണ്ട്. വ്യവഹാരമുക്തവും ഗുണകരവും യുക്തിഭദ്രവും നീതിപൂര്‍വകവുമായി വിദ്യാഭ്യാസത്തെ മാറ്റിയെടുക്കേണ്ടിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം നേരിടുന്ന പരാധീനതകള്‍ പരിഹരിക്കുകയും വേണം



കേരളത്തിന് ദേശീയതലത്തിലോ ദേശാന്തരതലത്തിലോ എന്തെങ്കിലും മേന്മ അവകാശപ്പെടാനുണ്ടെങ്കില്‍ അത് രണ്ടുകാര്യങ്ങളിലാണ്. ഒന്ന് മനോഹരമായ ഭൂപ്രകൃതി. രണ്ട് വിദ്യാഭ്യാസമുള്ള ഒരു ജനസമൂഹം. മിതശീതോഷ്ണാവസ്ഥയും പ്രകൃതി മനോഹാരിതയും കേരളത്തിന് സ്വാഭാവികമായി ലഭിച്ചതാണ്. ദൈവത്തിന്റെ ദാനമെന്നു വിശ്വാസികള്‍ക്കു പറയാം. വിദ്യാഭ്യാസ മേന്മ നമ്മുടെ പൂര്‍വ്വികരുടെ പുണ്യപ്രവര്‍ത്തികൊണ്ടു ലഭിച്ചതാണ്. അതിനായി പോരാടിയ മഹാനുഭാവന്മാര്‍ പലരുണ്ട്. 
പി.കെ.അബ്ദുള്‍ റബ്ബ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിസ്ഥാനം ഏറ്റെടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ''സര്‍ക്കാരിന് വിദ്യാഭ്യാസത്തില്‍ മുതലിറക്കാന്‍ പരിമിതികളുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സംരംഭകരെ പ്രോത്സാഹിപ്പിച്ച് വിദ്യാഭ്യാസ മേഖലയെ പുഷ്ടിപ്പെടുത്തുന്ന നയം തുടരുന്നതാണ''. വിദ്യാഭ്യാസമന്ത്രി അബ്ദുള്‍ റബ്ബിന്റെ നയവിശദീകരണത്തില്‍ പുതുതായി യാതൊന്നുമില്ല. കുറച്ചുകാലമായി വിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന രീതി മാറ്റമില്ലാതെ തുടരുമെന്ന് മാത്രമാണ് അദ്ദേഹം പറയുന്നത്. അതേസമയം ഈ നയത്തില്‍ ഭീകരമായ ഒരു അപകടം പതിയിരിക്കുന്നുണ്ടെന്ന കാര്യം കാണാതെ പോകരുത്. 
വിദ്യാഭ്യാസ രംഗത്തെ അനിയന്ത്രിതമായ വാണിജ്യവല്‍ക്കരണം തടയാന്‍ സര്‍ക്കാരിന് മാത്രമേ കഴിയൂ. ഭക്തിപോലും വ്യവസായമായി മാറിയ സമൂഹത്തില്‍ വിദ്യാഭ്യാസരംഗം ശുദ്ധസേവനമായി തീരണമെന്ന വാശി വിലപ്പോയില്ലെന്നു വരാം. എന്നാല്‍ സാര്‍വ്വത്രിക വിദ്യാഭ്യാസമെന്ന പദ്ധതിയിലൂടെ വര്‍ഷങ്ങള്‍ക്കുമുമ്പ് പൊതു വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ച പരിപാടികളാണ് കേരളത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയതെന്ന സത്യം മറന്നുപോകരുത്. എല്ലാവര്‍ക്കും പഠനസൗകര്യം, 14 വയസ്സുവരെ സൗജന്യ വിദ്യാഭ്യാസം.
അരനൂറ്റാണ്ടോളമായി കേരളം തുടര്‍ന്നുവരുന്ന ഈ രീതി ദേശീയതലത്തില്‍ ''വിദ്യാഭ്യാസ അവകാശ'' നിയമമായി അംഗീകരിക്കപ്പെട്ടത് ഈയിടെയാണ്. എന്നുപറഞ്ഞാല്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്നത് ഒരു ജന്മാവകാശമായി അന്‍പതു കൊല്ലം മുന്‍പേ കേരളം നടപ്പാക്കിയപ്പോള്‍ ഇന്ത്യയൊട്ടുക്ക് അത് നിലവില്‍ വന്നത് കഴിഞ്ഞവര്‍ഷം മാത്രമാണെന്നര്‍ത്ഥം.
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് അരനൂറ്റാണ്ടെങ്കിലും മുന്നിലാണ് കേരളം. ഒരു സര്‍ക്കാര്‍ പള്ളിക്കൂടമെങ്കിലും ഇല്ലാത്തഗ്രാമം കേരളത്തില്‍ ഇല്ല. ഒരു പഞ്ചായത്തില്‍ ഒരു ഹൈസ്‌കൂള്‍ എന്നത് കാല്‍നൂറ്റാണ്ടുമുന്‍പ് നമ്മുടെ സര്‍ക്കാരിന്റെ മുദ്രാവാക്യമായിരുന്നു. വിദ്യാഭ്യാസം മഹത്തായ സേവനവും പുണ്യപ്രവൃത്തിയുമായി ഏറ്റെടുത്ത നിരവധി സംഘടനകളും വ്യക്തികളും പ്രസ്ഥാനങ്ങളും ദശാബ്ദങ്ങളായി നിശബ്ദ പ്രവര്‍ത്തനം നടത്തുന്നു. സര്‍ക്കാര്‍ നിയന്ത്രിത വ്യവസ്ഥകളോടെയാണ് അവര്‍ക്കെല്ലാം അനുമതി ലഭിച്ചത്. ഇന്ത്യയില്‍ വേറൊരു സംസ്ഥാനത്തുമില്ലാത്ത ഒരു സാമൂഹിക വിപ്ലവം അങ്ങനെ കേരളത്തില്‍ സംഭവിച്ചു. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേരളത്തിന്റെ മാതൃകാ വികസനത്തിന് അടിസ്ഥാനം ഇവിടെ നടന്ന വിദ്യാഭ്യാസ വിപ്ലവമാണ്. അഭിമാനകരമായ ഈ അവസ്ഥ കേരളത്തിന് നിലനിര്‍ത്താനും വളര്‍ത്തി മുന്നോട്ടു കൊണ്ടുപോകുവാനും കഴിഞ്ഞില്ല.

സ്ഥാപിത താല്‍പര്യങ്ങളുടെ തേരോട്ടമാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഇപ്പോള്‍ നടമാടുന്നത്. സ്വകാര്യ വിദ്യാലയങ്ങളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കാന്‍ തുടങ്ങിയതോടെ ഉയര്‍ന്നുവന്ന അനഭിലഷണീയ പ്രവണതകള്‍ കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ തകിടംമറിച്ചു കളഞ്ഞു. സ്ഥിരവരുമാനക്കാരായ അധ്യാപകരെയും ജീവനക്കാരെയും രാഷ്ട്രീയാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച് വിദ്യാലയങ്ങളെ കക്ഷിമത്സരക്കളരിയാക്കിമാറ്റിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ ഒന്നാം പ്രതി. അധ്യാപകരെയും വിദ്യാര്‍ഥികളെയും രാഷ്ട്രീയാധികാരമത്സരത്തില്‍ കരുവാക്കാമെന്ന് സി.പി.എം തെളിയിച്ചു. ഭരണകൂടത്തെ വീഴ്ത്താനും വാഴ്ത്താനും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സംഘടനകളെ ഉപയോഗപ്പെടുത്തി. വന്‍ വ്യവസായങ്ങള്‍ ഒന്നും കാര്യമായില്ലാത്ത കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയവളക്കൂറുള്ള മണ്ണ് കലാലയങ്ങളായി മാറി. വിദ്യാഭ്യാസരംഗത്തെ അടിസ്ഥാനപ്രശ്‌നങ്ങളുടെ പേരിലായിരുന്നില്ല കഴിഞ്ഞകാലങ്ങളില്‍ കാമ്പസില്‍ നടന്ന കലാപങ്ങള്‍ പലതും. സംഘടനകളെ നയിക്കുന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ സ്ഥാപിതാവശ്യങ്ങളായിരുന്നു സമരങ്ങളുടെ സൂക്ഷ്മഹേതു. നിരന്തര സമരങ്ങള്‍ നമ്മുടെ വിദ്യാലയങ്ങളുടെ പഠനസംവിധാനങ്ങള്‍ തകര്‍ത്തു.  

സാധ്യായദിനങ്ങള്‍ കുറഞ്ഞു. പരീക്ഷാനടത്തിപ്പ് അവതാളത്തിലായി. പൊതുവില്‍ വലിയ നിലവാരത്തകര്‍ച്ചയുണ്ടായി. രക്ഷാകര്‍ത്താക്കള്‍ സമരരഹിതവും സ്വച്ഛവും നിലവാരമേന്മയുമുള്ള വിദ്യാലയങ്ങള്‍ തേടിപ്പോയി. പണം മുടക്കി പഠിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം ഒരുക്കി സ്വകാര്യ സംരംഭകര്‍ ധാരാളമായി രംഗത്തുവന്നു. കമ്യൂണിസ്റ്റ് സംജ്ഞാവലി കടമെടുത്തുപറഞ്ഞാല്‍ വരേണ്യവര്‍ഗ്ഗത്തിന്റെ ഒരു സമാന്തര വിദ്യാഭ്യാസ സംവിധാനം കേരളത്തില്‍ വളര്‍ന്നുവന്നു.
പണമുള്ളവരുടെ മക്കള്‍ പഠിച്ച് മിടുക്കരായി ഉന്നത സ്ഥാനങ്ങളിലെത്താന്‍ തുടങ്ങി. പണമില്ലാത്തവരുടെ മിടുക്കരായ മക്കള്‍ പോലും സര്‍ക്കാര്‍ നിയന്ത്രിത സമര വിദ്യാലയങ്ങളില്‍ പഠിച്ച് ഭാവി കളഞ്ഞു. വിദ്യാഭ്യാസത്തിന്റെ നന്മകള്‍ ധനാഢ്യന്മാര്‍ക്ക് നിഷ്പ്രയാസം ലഭിച്ചു. പാവപ്പെട്ടവര്‍ കൂട്ടത്തോടെ പിന്തള്ളപ്പെട്ടു. നാള്‍ക്കുനാള്‍ പെരുകിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മത്സരവേദിയില്‍ പിടിച്ചുനില്‍ക്കാന്‍ ഇടത്തരക്കാര്‍ നെട്ടോട്ടം ഓടുന്നു. തൊഴിലും വിദ്യാഭ്യാസവും തമ്മില്‍ പൊരുത്തപ്പെടുത്തിക്കൊണ്ടുപോകാന്‍ പണം പ്രധാനപ്പെട്ട ഉപാധിയായി. വിദ്യാര്‍ത്ഥിയുടെ മിടുക്കിന് രണ്ടാം സ്ഥാനമായി. ഗവണ്‍മെന്റ് നിസ്സഹായമായിത്തീര്‍ന്നാല്‍ വിദ്യാഭ്യാസ രംഗത്തെ വാണിജ്യചൂഷണം വര്‍ദ്ധിക്കുകയേ ഉള്ളൂ.
സ്‌കൂള്‍ പഠനവും ഉപരിപഠനവും ഇന്ന് ചെലവേറിയ പരിപാടികളാണ്. ഭീകരമായ മത്സരവും കച്ചവടവും കൊണ്ട് കൊഴുത്ത വിദ്യാഭ്യാസ മാര്‍ക്കറ്റ് സാമൂഹിക നീതിയോടെ നിയന്ത്രിച്ചു നിറുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇല്ലെങ്കില്‍ പണം ചെലവഴിച്ചാലും നല്ല വിദ്യാഭ്യാസം കിട്ടാത്ത നാടായി കേരളം അധഃപതിക്കും. കേരളത്തില്‍ ഒരിക്കല്‍ പ്രാഥമിക വിദ്യാഭ്യാസരംഗം മെച്ചപ്പെട്ടെങ്കില്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ആ ഉന്നമനം ഉണ്ടായിട്ടില്ല. ഉപരി പഠന സാധ്യതകള്‍ അന്യ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും വര്‍ദ്ധിച്ചപ്പോള്‍ കേരളം ശരാശരിയിലും താഴെ ഇഴയുകയായിരുന്നു. ശാസ്ത്ര സാങ്കേതിക പഠനരംഗത്ത് കാലാനുസൃത മാറ്റം ഇനിയും കേരളത്തില്‍ വന്നിട്ടില്ല. ഐ.ഐ.ടി ഇല്ലാത്ത ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തിലെ ഏക ഐ.ഐ.എം കോഴിക്കോട്ടുള്ളതാണ്. കേന്ദ്ര സര്‍വ്വകലാശാലകളുടെ ഓഫ് ക്യാമ്പസുകള്‍ പലതും വരാനിരിക്കുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് ആന്റണി സര്‍ക്കാര്‍ അനുമതി നല്‍കിയ സ്വാശ്രയ വിദ്യാലയങ്ങള്‍ കേരളത്തിലെ പതിനയ്യായിരം വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ഉണ്ടാക്കി. ഇനിയും വ്യവഹാരക്കുരുക്കില്‍ നിന്ന് ആ മേഖലയിലെ വിദ്യാര്‍ത്ഥി പ്രവേശന വ്യവസ്ഥ മുക്തമായിട്ടില്ല. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ചേരാന്‍ വര്‍ഷം പതിനായിരം മലയാളി വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് ഒഴുകുന്നു. നാലായിരം കോടി രൂപ ഈയിനത്തില്‍ പ്രതിവര്‍ഷം സംസ്ഥാനത്തുനിന്ന് ചോരുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വവും അവ്യവസ്ഥയും മുതലെടുക്കുന്നത് കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സ്വാശ്രയ വിദ്യാലയങ്ങളുടെ മുതലാളിമാരാണ്. ഇതില്‍ ഫലപ്രദമായി എങ്ങനെ ഇടപെടാമെന്ന് പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ ആലോചിക്കേണ്ട സമയമാണിത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ഓരോ വാക്കും കേരളത്തിന് അകത്തും പുറത്തുമുള്ളവര്‍ സാകൂതം ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം മറന്നുപോകരുത്. സ്വാശ്രയ പ്രൊഫഷണല്‍ കോഴ്‌സുകളുടെ ഫീസ് നിര്‍ണ്ണയിച്ച പി.എ മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനം ഹൈക്കോടതി ഈയിടെ റദ്ദാക്കി. ശക്തമായ നിയമനിര്‍മ്മാണത്തിലൂടെ പൊതു താല്‍പര്യം ദീര്‍ഘവീക്ഷണപരമായി സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. വിദ്യാഭ്യാസ നയരൂപീകരണത്തില്‍ തോറ്റുപോയാല്‍ സമൂഹം നേരിടേണ്ടിവരുന്ന തിരിച്ചടി ഭയങ്കരമായിരിക്കും. പലതലമുറകളെ അതിന്റെ കെടുതികള്‍ ബാധിക്കും. പുതിയ വിഭജനങ്ങളും വിപത്തുകളും ഉണ്ടാകും. പശ്ചിമ ബംഗാളിലെ ഇടതു തുടര്‍ഭരണത്തിന്റെ ദോഷങ്ങള്‍ എണ്ണിയെണ്ണി പറയുന്നതുപോലെ കേരളം ഇങ്ങനെ ഭരിച്ചു മുടിച്ചത് ആരാണെന്ന് ഭാവികാലം പരിതപിക്കാന്‍ ഇടവരരുത്.

No comments:

Post a Comment

Note: Only a member of this blog may post a comment.