Thursday, May 19, 2011

വേട്ടമൃഗവും വേട്ടക്കാരനും


രണ്ടു സംഗതികളിലാണ്, സി.പി.എം 'പൊട്ടന്‍' കളിച്ചത്. 1. അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം. 2. പി. ശശിയുടെ സസ്‌പെന്‍ഷന്‍. അച്യുതാനന്ദന്റെ കഥ 'വേട്ടമൃഗവും വേട്ടക്കാരനും' എന്ന കഥയില്‍ പറഞ്ഞതുപോലെയാണ്. അച്യുതാനന്ദനെ സി.പി.എമ്മിലെ 'ഔദ്യോഗികവിഭാഗം' വേട്ടയാടാന്‍ തുടങ്ങിയത് 2006നും വളരെ മുമ്പു മുതല്‍ക്കാണ്.
2006ലെ തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദനെ സ്ഥാനാര്‍ത്ഥിയാക്കില്ല എന്നായിരുന്നു, ഔദ്യോഗിക ഗ്രൂപ്പിന്റെ നിലപാട്. പിണറായിയുടെ നേതൃത്വത്തില്‍, 2006ലെ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ജാഥ അച്യുതാനന്ദനെ 'തുറന്നു കാട്ടാ'നും ഒറ്റപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ആ പദ്ധതി മുകള്‍കൂടുമെന്നാണ് കരുതപ്പെട്ടത്-എന്നാല്‍, ജനക്കൂട്ടം ഇടപെട്ട് പാര്‍ട്ടിയുടെ കുതന്ത്രത്തെ അട്ടിമറിച്ചു. മനസ്സില്ലാമനസ്സോടെ അച്യുതാനന്ദന് സ്ഥാനാര്‍ത്ഥിത്വം നല്കി. അച്യുതാനന്ദന്‍ ജയിച്ചു. ജയിച്ചുവന്ന മുന്‍ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിസ്ഥാനം നല്കാതെ വയ്യെന്നുവന്നു, അതേ, മുഖ്യമന്ത്രിയായി, വി.എസ് ? നോക്കുകുത്തി മുഖ്യമന്ത്രി!
 
അമ്പില്ലാത്ത വില്ലാളി
മുഖ്യമന്ത്രിക്ക് പ്രധാനപ്പെട്ട വകുപ്പുകള്‍ നല്കിയില്ല. ക്യാബിനറ്റിലെ പ്രധാനപ്പെട്ട ഒരു വകുപ്പ് 'ഹോം' (ആഭ്യന്തരം) ആണ്. ഹോം ഇല്ലാത്ത മുഖ്യമന്ത്രി, അമ്പില്ലാത്ത ആവനാഴിയുമായി നില്‍ക്കുന്ന വില്ലാളിയാണ്. പാര്‍ട്ടി സെക്രട്ടറിയേറ്റിലെ അംഗങ്ങള്‍ക്കൊക്കെ മന്ത്രിസ്ഥാനം നല്കി. ക്യാബിനറ്റിന് മുകളിലെ ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നായി സ്ഥിതി. വി.എസ് അനുകൂലികള്‍ക്ക് മന്ത്രിസ്ഥാനം നല്കാതിരിക്കാന്‍ പാര്‍ട്ടി ശ്രദ്ധവെച്ചു. അച്യുതാനന്ദനോട് മമത ഉണ്ടെന്ന പേരിലാണ് മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കാതിരുന്നത്. വി.എസ് അനുകൂലികളായി അറിയപ്പെട്ട രണ്ടുമൂന്നുപേര്‍ ക്യാബിനറ്റില്‍ ഉണ്ടായിരുന്നു. അവര്‍ ഉണ്ടായത്, അവരില്ലാത്തപോലെതന്നെ ആയിരുന്നു. ഭൂരിപക്ഷ-ഔദ്യോഗികവിഭാഗത്തെ പേടിച്ചാണ് അവര്‍ കഴിഞ്ഞിരുന്നത്. വി.എസിന് പിന്തുണ നല്‌കേണ്ടിടത്തൊക്കെ അവരുടെ കഴല്‍ വിറച്ചു.
 
ഒന്നും സംഭവിക്കാത്തപോലെ
മന്ത്രിസഭ, 2006 മുതല്‍ 2010 വരെയുള്ള കാലത്ത്, രണ്ടുഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ വേദിയായിരുന്നു. അച്യുതാനന്ദനെ 'ഇരുത്തുക'യായിരുന്നു, പാര്‍ട്ടിയുടെ പരിപാടി. 2010 വരെ പൂര്‍ണ്ണമായ വേട്ടമൃഗവും വേട്ടക്കാരനും കളി പാര്‍ട്ടിയില്‍ നടന്നു. 2011 ഒരു ഭീഷണവര്‍ഷമായിരുന്നു. പഴയ കളി ആവര്‍ത്തിക്കാന്‍ ഔദ്യോഗിക വിഭാഗം കച്ചകെട്ടി. അച്യുതാനന്ദന് സീറ്റ് നല്കരുതെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രമേയത്തില്‍ പറഞ്ഞു. അച്യുതാനന്ദന് സ്ഥാനാര്‍ത്ഥിത്വം നല്കാന്‍ പി.ബി. നിര്‍ദ്ദേശവുമായി തിരുവനന്തപുരത്തെത്തിയ പിബി അംഗങ്ങള്‍ (കാരാട്ടും രാമചന്ദ്രന്‍പിള്ളയും) അഭിപ്രായം സ്റ്റേറ്റ് പി.ബി.യില്‍ പറഞ്ഞു. അവിടെ ഉണ്ടായ കഠിനമായ എതിര്‍പ്പില്‍ വശംകെട്ട പി.ബിക്കാര്‍, ഡല്‍ഹി നിര്‍ദ്ദേശം സ്റ്റേറ്റ് കമ്മിറ്റിയില്‍ പറയാന്‍ മടിച്ചു. അച്യുതാനന്ദന് ആരോഗ്യക്കുറവുണ്ട്; അച്യുതാനന്ദന് മത്സരിക്കാന്‍ താല്പര്യമില്ല; അച്യുതാനന്ദന് 88 വയസ്സായി- തന്നെ ഒഴിവാക്കണം എന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു-ഇത്യാദി റിപ്പോര്‍ട്ടുകളാണ് പത്രങ്ങളില്‍ വന്നത്. പിന്നീട്, ഒന്നും സംഭവിക്കാത്തപോലെ, സെക്രട്ടറി പിണറായി വിജയന്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പത്രസമ്മേളനത്തില്‍ വായിച്ചു. പട്ടികയില്‍ അച്യുതാനന്ദന്റെ പേരുണ്ടായിരുന്നു.
 
പത്രങ്ങളൊക്കെ എതിര്!
ആരോ മന്ത്രവടി ചുഴറ്റിയപ്പോള്‍ ഉണ്ടായ അത്ഭുതമാണോ, അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം! സംബന്ധിച്ച് ഉണ്ടായത്? പാര്‍ട്ടിക്ക് ഒരു തീരുമാനമേഉണ്ടായിരുന്നുള്ളൂ. അതില്‍ അച്യുതാനന്ദന്‍ ഉണ്ട്. മറ്റ് റിപ്പോര്‍ട്ടുകളൊക്കെ തല്പരകക്ഷികളുടെ കെട്ടുകഥകളാണ്. ഇതാണ് സംഭവത്തെപ്പറ്റിയുള്ള സി.പി.എം ഭാഷ്യം. എന്നാല്‍, ഈ ഭാഷ്യം സംഭവത്തെപ്പറ്റി പിന്നീടുണ്ടാക്കിയതാണെന്ന് ആര്‍ക്കാണറിയാത്തത്? നമ്മുടെ ഈ ജനാധിപത്യ സ്വാതന്ത്ര്യപ്പെരുമഴയുള്ള രാജ്യത്ത് യാതൊരു കാര്യവും ആര്‍ക്കും ഗൂഢമായി സൂക്ഷിക്കാനാവില്ല. സി.പി.എമ്മുകാര്‍ പത്രപ്രവര്‍ത്തകരെ ശകാരിക്കുന്നു. പത്രങ്ങള്‍ സി.പി.എമ്മിന് എതിരാണെന്ന്, കോടിയേരി ബാലകൃഷ്ണന്‍. എങ്ങനെയാണ് പത്രങ്ങളായ പത്രങ്ങളൊക്കെ സി.പി.എമ്മിന് എതിരായത്? അഥവാ, പത്രങ്ങളെ ശകാരിക്കുന്ന സി.പി.എം, എട്ടൊമ്പത് ജില്ലാപതിപ്പുള്ള ഒരു പത്രം നടത്തുന്നുണ്ടല്ലോ. സി.പി.എമ്മിന്റെ തകര്‍ന്നുവീഴാന്‍ പോകുന്ന എടുപ്പിന് താങ്ങുതൂണായി ചെന്നൈയിലെ ഹിന്ദുപത്രമുണ്ടല്ലോ. അവയിലുള്ളവര്‍ പത്രപ്രവര്‍ത്തകരല്ലയോ? അവ പത്രങ്ങളല്ലയോ?
 
  • സി.പി.എം ലൈന്‍
സി.പി.എം ഭിന്നിച്ചകാലത്ത് (1964) ഡല്‍ഹിയില്‍ അരുണാ ആസഫലിയുടെ അധ്യക്ഷതയില്‍ ഒരു ദിനപത്രവും (പേട്രിയട്ട്) ഒരു വാരികയും (ദി ലിങ്ക്) ഉണ്ടായിരുന്നു. അവ രണ്ടും മോസ്‌കോലൈന്‍ ഉയര്‍ത്തിപ്പിടിച്ച് സി.പി.ഐയെ താങ്ങിനിന്നു. എന്നിട്ടെന്തുണ്ടായി? സി.പി.ഐ തകര്‍ന്നടിഞ്ഞു; കൂടെ, ലിങ്ക്- പാട്രിയറ്റുകളും. ഇപ്പോഴത്തെ ഹിന്ദു- ഫ്രന്റ്‌ലൈന്‍ (വാരിക)കളുടെ സി.പി.എം ലൈന്‍ പോക്ക് കാണുമ്പോള്‍ ഞാന്‍ ഓര്‍ത്തുപോകുന്നത് ലിങ്ക്-പാട്രിയട്ട് ജേര്‍ണ്ണലിസത്തെയാണ്.
 
മേനോന്റെ പ്രസ്താവനകള്‍
സി.പി.എം കമ്മിറ്റികളില്‍ നടക്കുന്നതെന്താണെന്ന് പുറത്തുള്ളവര്‍ക്കറിയില്ല. പാര്‍ട്ടിയിലെ അച്ചടക്കം കടുകട്ടിയായിരുന്നു. ശത്രുവിന്റെ കോട്ടപിടിക്കാന്‍ പോകുന്ന പട്ടാളത്തിനെപ്പോലെയാണ് പാര്‍ട്ടിക്കാര്‍ പെരുമാറുക. അവര്‍ പറഞ്ഞിട്ടു വസ്തുതകള്‍ പുറത്തറിയില്ല. എന്നാല്‍ പാര്‍ട്ടിയിലെ അച്യുതാനന്ദന്‍-പിണറായി പിളര്‍പ്പിന് വീതികൂടിയപ്പോള്‍, വാര്‍ത്തകള്‍തേടി നടന്ന പത്രലേഖകന്മാര്‍ക്ക് കാര്യങ്ങള്‍ പിടികിട്ടാന്‍ തുടങ്ങി. അവര്‍ പത്രങ്ങളിലേക്കും ടിവി ചാനലിലേക്കും റിപ്പോര്‍ട്ട് ചെയ്തതെല്ലാം 'ഇന്നും നാളെ'യുമായി സത്യമെന്ന് വന്നുകൂടി. അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം വന്നു കൂടിയ വഴി ഏതെന്ന് സി.പി.എം സെക്രട്ടറിയേറ്റംഗമായ ടി. ശിവദാസമേനോന്റെ വാക്കുകളില്‍ നിന്നു കണ്ടുപിടിക്കാന്‍ കഴിയും. അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനു തൊട്ടടുത്ത ദിവസങ്ങളില്‍ ശിവദാസമേനോന്‍ പൊതുയോഗങ്ങളില്‍ ചെയ്ത പ്രസംഗങ്ങളിലെ പ്രസ്താവനകള്‍ ശ്രദ്ധിക്കുക.
1. ആര്‍ക്കുംവേണ്ടി സേവ പറയാന്‍ എന്നെ കിട്ടില്ല. 2. ചില സത്യങ്ങള്‍ പറയുമ്പോള്‍ വി.എസിന് എതിരാണെന്നു വ്യാഖ്യാനിക്കപ്പെടുന്നു. 3. അസത്യം പറയുന്നവര്‍ ആദര്‍ശവാന്മാരായി വാഴ്ത്തപ്പെടുന്നു. 4. സമരനായകന്‍-അനിഷേധ്യ നേതാവ്. ഒടുവിലത്തെ പ്രസ്താവന മലമ്പുഴയില്‍ വി.എസിന്റെ തിരഞ്ഞെടുപ്പ് സമ്മേളനത്തിലെ പ്രസംഗത്തിലാണ്. ഈ പ്രസ്താവനകള്‍, ഒറ്റപ്പാലത്തും ഷൊര്‍ണ്ണൂരും പട്ടാമ്പിയിലും ചെയ്ത പ്രസംഗങ്ങളില്‍.
 
ശശി പ്രശ്‌നം
അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വ വിഷയങ്ങളില്‍, സി.പി.എം നേരെചൊവ്വെ അല്ല തീരുമാനം എടുത്തത്. സി.പി.എമ്മിനെ ചുറ്റിച്ചത് പാര്‍ട്ടിയിലെ ഭിന്നിപ്പാണ്. രാഷ്ട്രീയത്തിലെ ഋജുമാര്‍ഗ്ഗം, സി.പി.എമ്മിന് അന്യമായിരിക്കുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. ചികിത്സയ്ക്കായി ശശി കോയമ്പത്തൂരിലേക്ക് പോകുന്നു; പാര്‍ട്ടി ലീവ് നല്കി എന്നൊക്കെയാണ് ആദ്യം പറയപ്പെട്ടിരുന്നത്. അച്യുതാനന്ദനു അപ്പറഞ്ഞതൊന്നും ബോധിച്ചില്ല. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഹാസ്യം ഉണ്ടായിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന ശശിയെ ലോക്കല്‍ കമ്മിറ്റിയിലേക്ക് ഇറക്കിക്കെട്ടി. എന്തുകൊണ്ടാണ്, ശശിയെ സംബന്ധിച്ച് അത്രയധികം ആശയക്കുഴപ്പമുണ്ടായത്? എന്നാല്‍, ആശയകുഴപ്പം സി.പി.എം സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഒരു പ്രസ്താവന കൊണ്ട് അവസാനിച്ചു. പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ചെയ്തത് വലിയ ചതിയായിപ്പോയി. ലൈംഗിക കുറ്റമാണ് ശശി ചെയ്തതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ലൈംഗിക കുറ്റത്തിന്റെ പേരില്‍ വന്‍ അവകാശവാദങ്ങള്‍ നടത്തുന്ന അച്യുതാനന്ദന്‍ ശശിയെപ്പറ്റി പിന്നീടൊന്നും പറഞ്ഞില്ല. സി.പി.എമ്മിനെ കൂടയിലാക്കി നടക്കുന്ന കണ്ണൂര്‍ജില്ലാ കമ്മിറ്റിയെ കൂടുതല്‍ അലോസരപ്പെടുത്തേണ്ട എന്ന് അച്യുതാനന്ദന്‍ കരുതിയിരിക്കാം. 'മൗനം വി.എസ്സിന് ഭൂഷണം'. പിണറായിക്കു രുചിക്കാത്തതൊന്നും പറയില്ല എന്ന ആത്മശിക്ഷണമാണ് അച്യുതാനന്ദന്‍ അഭ്യസിച്ചുകൊണ്ടിരിക്കുന്നത്. അച്യുതാനന്ദനും ശശിയും പാര്‍ട്ടിയെ കിണറ്റിലിറക്കി ഏണിയെടുത്തു. പാര്‍ട്ടി എങ്ങനെ സ്വയം രക്ഷിക്കും? 

No comments:

Post a Comment

Note: Only a member of this blog may post a comment.