Thursday, May 26, 2011

മൂന്നാര്‍: അക്രമമില്ലാതെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും


വിവാദമായ മൂന്നാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ശക്തമായ നടപടികളുമായി യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട്.
ഇതേക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടത്താന്‍ ഇന്നലെ ജില്ലാ കളക്ടര്‍മാരുടെ യോഗം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ചുചേര്‍ത്തു. റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വകുപ്പ് മേധാവികളും പങ്കെടുത്ത യോഗത്തില്‍ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനു നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനമെടുത്തു.  സ്വകാര്യവ്യക്തി നടത്തിയതാണെങ്കിലും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആണെങ്കിലും അതിനെ കയ്യേറ്റമായി കാണുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, അക്രമസ്വഭാവത്തോടെയുള്ള സമീപനം ഈ സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിവിധ ജില്ലകളിലെ കൈയേറ്റം സംബന്ധിച്ചു കളക്ടര്‍മാര്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. വിശദമായ ചര്‍ച്ചയ്ക്കുശേഷം കൈയേറ്റം സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭയില്‍ അവതരിപ്പിച്ച് തുടര്‍നടപടി സ്വീകരിക്കും. അട്ടപ്പാടിയില്‍ കാറ്റാടി കമ്പനി നടത്തിയ കൈയേറ്റം സംബന്ധിച്ചു പരിശോധിക്കാന്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന കാര്യങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ സ്വന്തം നിലയില്‍ ഇടപെടലുകള്‍ നടത്തണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ അറിയിച്ചു. ഇതിനു നടപടി ക്രമങ്ങളും ചട്ടങ്ങളും തടസമാവരുത്. ഇക്കാര്യത്തില്‍ കളക്ടര്‍മാര്‍ക്കു സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ വ്യക്തിപരമായ കഴിവും താല്‍പര്യവും കളക്ടര്‍മാര്‍ പ്രകടിപ്പിക്കണം. അപകടങ്ങളുണ്ടാവുമ്പോള്‍ നേരിട്ട് ഇടപെട്ടു കാര്യങ്ങള്‍ ചെയ്യണം.
 
ഗുരുതരമായ സ്ഥിതിവിശേഷങ്ങളുണ്ടാവുമ്പോള്‍ സ്വയം തീരുമാനങ്ങളെടുക്കുന്നതിനു കളക്ടര്‍മാര്‍ക്കു പൂര്‍ണസ്വാതന്ത്ര്യമുണ്ടായിരിക്കും. ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും പേരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കാലതാമസം വരുത്തരുത്. റവന്യൂ ഓഫിസുകളില്‍നിന്നും ജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചുനല്‍കണം. ഇതിനു കളക്ടര്‍മാരുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ പ്രവര്‍ത്തനമുണ്ടാവണം. ഇതിലൂടെ അഴിമതിയടക്കമുള്ള ആക്ഷേപങ്ങള്‍ക്കു പരിഹാരം കാണാനാവുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കളക്ടര്‍മാര്‍ ജില്ലയിലെ വിവിധവകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതില്‍ ജാഗ്രത കാണിക്കണം. പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനു സംസ്ഥാനത്ത് പദ്ധതിനിര്‍വഹണ, മേല്‍നോട്ട സെല്‍ രൂപീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലും സെല്ലിനു രൂപം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും അന്യായമായ കയ്യേറ്റങ്ങള്‍ തടയുന്നതിനും കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണം. പട്ടയവിതരണം കാര്യക്ഷമമാക്കണം. സംഘര്‍ഷമില്ലാതെ ജനങ്ങളുടെ സമ്മതത്തോടെയാവണം വികസനത്തിനായി ഭൂമി ഏറ്റെടുക്കേണ്ടത്. സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജുകള്‍ സമയബന്ധിതമായി നടപ്പാക്കുന്നതുസംബന്ധിച്ച ചുമതല കളക്ടര്‍മാര്‍ക്കായിരിക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടി ജൂണ്‍ ഒന്നിനു പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ ഇതിനു മേല്‍നോട്ടം വഹിക്കണം. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി ലഭിക്കാത്തതില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ അസംതൃപ്തി വളരുന്ന സ്ഥിതി മാറണം. പരിസ്ഥിതിയ്ക്കു കോട്ടം തട്ടാതെ നിയന്ത്രണങ്ങള്‍ക്കു വിധേയമായി മണല്‍ക്ഷാമം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനു പോലിസ്, വാഹനം, റോഡ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം നടത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ നിര്‍ദേശിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.