Tuesday, May 10, 2011

മുഖ്യമന്ത്രിയുടെ ബന്ധുവിന് ഭൂമി പതിച്ച് നല്കിയത് റദ്ദാക്കണം

മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ബന്ധുവിന് കാസര്‍ക്കോട് ജില്ലയില്‍ അനധികൃതമായി ഭൂമി പതിച്ച് നല്‍കിയ നടപടി ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് താന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

സംഭവത്തെക്കുറിച്ചും മറ്റ് നിരവധി സംഘടനകള്‍ക്ക് അനധികൃതമായി ഭൂമി പതിച്ചുനല്‍കിയതിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. രണ്ട് തവണ മന്ത്രിസഭായോഗം ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ ബന്ധുവിന് ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് സംശയമുണ്ട്-ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് പ്രകടമായ അഴിമതിയും സ്വജനപക്ഷപാതവുമാണ്. ഇതില്‍ നിന്ന് അത്ര പെട്ടെന്നൊന്നും തലയൂരാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 

സര്‍ക്കാരിന് തെറ്റ് തിരുത്താന്‍ ഇപ്പോഴും സമയമുണ്ട്. എന്നാല്‍ തെറ്റ് ചെയ്‌തെന്ന് സമ്മതിച്ച് മാത്രമെ അത് തിരുത്താന്‍ കഴിയുകയുള്ളൂ. ഇത്തരത്തില്‍ അനധികൃതമായി ഭൂമി പതിച്ചുനല്‍കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങള്‍ അക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നു-ഉമ്മന്‍ചാണ്ടി പറഞ്ഞു. 

തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നല്ല നിലയില്‍ ജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു

No comments:

Post a Comment

Note: Only a member of this blog may post a comment.