Friday, May 6, 2011

എൻഡൊസൾഫാൻ നിരൊധനത്തേ കുറിച് സർക്കാർ മിണ്ടുന്നില്ല

വീര്യം കൂടിയ കീടനാശിനികള്‍ നിരോധിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെക്കുറിച്ച് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഒന്നും മിണ്ടാത്തതെന്തുകൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ചോദിച്ചു. 2006 ഒക്ടോബര്‍ 31 മുതല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും കേരളത്തിലത് നടപ്പിലാക്കാന്‍ തയ്യാറായിട്ടില്ല. എസ്റ്റേറ്റുകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചിട്ടും റെയ്ഡ് നടത്തി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സര്‍വീസില്‍നിന്ന് വിരമിച്ച സംസ്ഥാനനേതാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് കേരള എന്‍.ജി.ഒ. അസോസിയേഷന്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2008 ലെ കണക്കുപ്രകാരം എന്‍ഡോസള്‍ഫാന് ഇരയായി മരിച്ചവരുടെ എണ്ണം 496 ആണ്. ഇതില്‍ 179 പേരുടെ കുടുംബത്തിന് മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കിയിട്ടുള്ളത്. കാസര്‍കോട്ടുനിന്ന് മരിച്ചവരുടെ പട്ടിക വരട്ടെയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ 59 മാസം ഈ ദുരിതങ്ങളൊക്കെ കണ്ടില്ലെന്നുനടിച്ച സര്‍ക്കാര്‍ കഴിഞ്ഞ ഒരുമാസം കൊണ്ടാണ് പ്രവര്‍ത്തനക്ഷമമായതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് സര്‍ക്കാര്‍. ഈ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവുമധികം ബുദ്ധിമുട്ട് സഹിച്ചത് ജീവനക്കാരാണ്. ശമ്പളപരിഷ്‌കരണം നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഇടക്കാലാശ്വാസം നല്‍കാന്‍ പോലും തയ്യാറായില്ല. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശമ്പളപരിഷ്‌കരണവും ആനുകൂല്യങ്ങളുമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഭരണകക്ഷിയോടൊപ്പം നടക്കുന്ന എന്‍.ജി.ഒ. യൂണിയന്‍ ഭരണാധികാരികളെപ്പോലെയാണ് ജീവനക്കാരോട് പെരുമാറുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യു.ഡി.എഫ്. അധികാരത്തിലേറിയാല്‍ രാഷ്ട്രീയത്തിനതീതമായി ഭരണപരിഷ്‌കാര നടപടികള്‍ കൊണ്ടുവരുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്നില്ലെന്നും സാധാരണക്കാരുടെ ജീവിതം ഫയലുകളില്‍ കുരുക്കിയിടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് കോട്ടാത്തല മോഹനന്‍ അധ്യക്ഷനായിരുന്നു. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ശിവകുമാര്‍, കമ്പറനാരായണന്‍, ആര്‍. രാജന്‍കുരുക്കള്‍, ജി. രാജന്‍, സംസ്ഥാനവൈസ് പ്രസിഡന്റ് ആനാട് ഷഹീദ്, ജനറല്‍സെക്രട്ടറി കെ.വി. മുരളി തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വീസില്‍ നിന്ന് വിരമിച്ചവരും ഗസറ്റഡ് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം ലഭിച്ചവരുമായ 31 പേര്‍ക്കാണ് യാത്ര യയപ്പ് നല്‍കിയത്. അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ എല്‍സ സി. കുര്യനെ സമ്മേളനത്തില്‍ ആദരിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.