Friday, May 20, 2011

പിണറായി യുഗം അവസാനിക്കുമ്പോള്‍ ?

പുതിയ നിയമസഭയില്‍ വി.എസ്സ്. പ്രതിപക്ഷനേതാവ് ആവുകയാണെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ പിണറായിയുഗം അവസാനിക്കും. സമീപകാലത്ത് ടിവിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പിണറായിയുടെ ശരീരഭാഷ കണ്ടാലറിയാം, അദ്ദേഹം പരിക്ഷീണിതനാണ്. പഴയ ആക്രമണോത്സുകത ലവലേശം കാണാനില്ല. വി.എസ്സിന് കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായി എന്നത് അദ്ദേഹത്തിന്റെ ഭാവഹാവാദികളില്‍ വ്യക്തമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വി.എസ്സിന്റെ സാന്നിധ്യമാണ് പിണറായിയുടെ വലംകൈയായിരുന്ന സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ പോലും ആഗ്രഹിച്ചത് എന്നത് വസ്തുതയാണ്. ഇത്തവണത്തെ പ്രചാ‍രണത്തില്‍ വി.എസ്സ്. മാത്രമായിരുന്നു ഇടത്പക്ഷത്തെ നിറസാന്നിധ്യം. പിണറായി തീര്‍ത്തും സൈഡില്‍ ഒതുക്കപ്പെടുകയും വി.എസ്സ്. പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുകയും ചെയ്തു. അതിന് ഫലവും കിട്ടി. തെക്കന്‍ കേരളത്തില്‍ വി.എസ്സ്. ഫാക്റ്റര്‍ ശരിക്കും ഫലം കണ്ടപ്പോള്‍ പിണറായിയുടെ തട്ടകമായ കണ്ണൂരില്‍ സി.പി.എം. അടിപതറി. കണ്ണൂരില്‍ സി.പി.എമ്മിന് നഷ്ടപ്പെട്ട മൂന്ന് സീറ്റുകളാണ് ഇക്കുറി യു.ഡി.എഫിനെ അധികാരത്തില്‍ ഏറ്റിയത്. കോണ്‍ഗ്രസ്സിന് സീറ്റ് നഷ്ടപ്പെടാനിടയായത് അവരുടെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലെ അപാകതകള്‍ കൊണ്ടാണെന്നത് വേറെ വിഷയം.  കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞ പോലെ വി.എസ്സിന് വോട്ടര്‍മാരെ താല്‍ക്കാലികമായി തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞു എന്നേയുള്ളൂ.  ഇത്തരം ചില കളികള്‍ ജനാധിപത്യത്തില്‍ സ്വാഭാവികമാണ്.  ആ തെറ്റിദ്ധരിപ്പിക്കല്‍ പൂര്‍ണ്ണ ഫലപ്രാപ്തിയില്‍ എത്തുന്നതില്‍ കണ്ണൂരിലെ സീറ്റ് നഷ്ടം തടസ്സമായി എന്നു മാത്രം.

ബംഗാളില്‍ മമത ഒറ്റയാള്‍ പട്ടാളമായി സീറ്റുകള്‍ തൂത്തുവാരിയ പോലെ കേരളത്തില്‍ വി.എസ്സ്.  സംഘടനയെ തൂത്തുവാരുകയായിരുന്നു എന്ന് വേണമെങ്കില്‍ ആലങ്കാരികമായി പറയാം.  പുറത്ത് നിന്നുള്ള നിരീക്ഷണങ്ങള്‍  സി.പി.എം.കാര്‍ പതിവായി നിഷേധിക്കാറുണ്ടെങ്കിലും പിന്നീട് എല്ലാ കാര്യങ്ങളിലും യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ വൈകി സമ്മതിക്കലാണ് പതിവ്. വി.എസ്സിന്റെ വ്യക്തിപ്രഭാവമാണ് ഒരു വന്‍ തകര്‍ച്ചയില്‍ നിന്ന് ഇക്കുറി സി.പി.എമ്മിനെ കേരളത്തില്‍ രക്ഷിച്ചത് എന്ന് എല്ലാ സി.പി.എം.കാരും മനസ്സ് കൊണ്ട് അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്.  എന്നാലും വ്യക്തിയല്ല സംഘടനയാണ് വലുത് എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ ചില യാന്ത്രികതകള്‍ കമ്മ്യൂണിസത്തിന്റെ പ്രത്യേകതകളാണ്.  എന്നാല്‍ വി.എസ്സ്. സംഘടന പിടിച്ചടക്കിയാലും അദ്ദേഹത്തിന്റെ കൃത്രിമമായ ശൈലിയും സ്വയം കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളും പാര്‍ട്ടിയെ രക്ഷിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.  തന്നെ ഒരു ബിംബമായി പൊതുസമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ അദ്ദേഹത്തിലെ ചാണക്യന്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ വെറും ചാ‍ണക്യതന്ത്രങ്ങള്‍ കൊണ്ട് മാത്രം ഒരു സംഘടനയെ നയിക്കാന്‍ കഴിയില്ല. പ്രതിപക്ഷനേതാവിന്റെ റോളില്‍ പഴയ വെട്ടിനിരത്തല്‍ മോഡല്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍  തുനിയാമെന്നതിന്റെ സൂചനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. പെണ്‍‌വാണിഭക്കാരെന്ന് ആരോപിക്കപ്പെടുന്നവരെയും  ക്രിമിനല്‍ കേസില്‍ പെടുന്നവരെയും മന്ത്രിമാരായി അടിച്ചേല്‍പ്പിക്കരുത് എന്ന് അല്പം അധികാരത്തിന്റെ ഭാഷയില്‍ അദ്ദേഹം മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. പ്രത്യേകമായി ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ഭാവിയില്‍ ഏത് മന്ത്രിക്കെതിരെയും സ്ത്രീവിഷയവും അഴിമതിയും ആരോപിച്ച് വഴിയില്‍ തടയാമെന്ന ഒരു സാ‍ധ്യത ആ മുന്നറിയിപ്പില്‍ ഉണ്ട്. പെണ്‍‌വാണിഭവും അഴിമതിയുമാണ് ഇനി രാഷ്ട്രീയച്ചന്തയില്‍ എളുപ്പം വിറ്റുപോകാവുന്ന ചരക്ക് എന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്.

ആരാണ് പിണറായി ?  എന്ത് തന്നെ പറഞ്ഞാലും വ്യക്തിപരമായി അദ്ദേഹം കറപ്റ്റഡ്  ആണെന്ന് ഞാന്‍ പറയില്ല. അദ്ദേഹം എന്ത് ചെയ്താലും , പറഞ്ഞാലും അത് പാര്‍ട്ടിക്ക് വേണ്ടി മാത്രമായിരുന്നു. കുടുംബത്തില്‍ രാഷ്ട്രീയം കൊണ്ടുവരാത്ത അപൂര്‍വ്വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് പിണറായി വിജയന്‍. ആകെക്കൂടി കേട്ടത് മകനെ ബര്‍മ്മിങ്ങ്ഹാമില്‍ അയച്ചു പഠിപ്പിച്ചു എന്നാ‍ണ്. ഇക്കാലത്ത് അതൊരു അധികപ്പറ്റാണെന്ന് ആരും പറയില്ല. കുടുംബാംഗങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയസ്വാധീനം ദുരുപയോഗം ചെയ്തു എന്ന് അദ്ദേഹത്തെ പറ്റി ആരും ഇത് വരെ പറഞ്ഞിട്ടില്ല. അതിലും ആകെക്കൂടി പറഞ്ഞിട്ടുള്ളത് തലശ്ശേരിയില്‍ അദ്ധ്യാപികയായിരുന്ന ഭാര്യയ്ക്ക് തിരുവനന്തപുരത്ത് ഒരു ചെറിയ ജോലി തരപ്പെടുത്തി എന്നാണ്. അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച ജോലി മാത്രമാണ് തിരുവനന്തപുരത്ത് സമ്പാദിച്ചത്. പിണറായിയുടെ മക്കളെയോ ബന്ധുക്കളെയോ അധികാരത്തിന്റെ കൊത്തളങ്ങളില്‍ ആരും കണ്ടിരിക്കാന്‍ ഇടയില്ല.  ഒരു വലിയ നേതാവിന്റെ മക്കളാണ് തങ്ങളെന്ന ജാഡ പിണറായിയുടെ മക്കളുടെ മുഖത്ത് കാണാന്‍ കഴിയുമായിരുന്നില്ല.  ലാവലിന്‍ കേസ് ഒഴിച്ചു നിര്‍ത്തിയാല്‍ പിണറായിയുടെ കൈകള്‍ അഴിമതിയുടെ കറ പുരളാത്തതാണെന്ന് ഞാന്‍ ഉറപ്പിച്ചു പറയും. ലാവലിന്‍ ഇടപാടില്‍ എന്തെങ്കിലും നടന്നെങ്കില്‍ അത് വ്യക്തിപരമായ നേട്ടത്തിനല്ല, പാര്‍ട്ടിക്ക് വേണ്ടിയായിരിക്കും എന്നേ എനിക്ക് പറയാന്‍ പറ്റൂ. പൊതുരംഗത്ത് പിണറായി ഒരിക്കലും തന്നെ ഹൈലൈറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല.  വ്യക്തിജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് രീതികളോട് അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി ഏത് ചടങ്ങില്‍ പങ്കെടുത്താലും മതപരമായ ആചാരങ്ങളില്‍ നിന്നും ചടങ്ങുകളില്‍ നിന്നും മാറി നില്‍ക്കും. അദ്ദേഹത്തിന്റെ ധിക്കാരങ്ങള്‍ക്കും അമര്‍ഷങ്ങള്‍ക്കും ഒരു പ്രോലിറ്റേറിയന്‍ സൌന്ദര്യമുണ്ടായിരുന്നു.

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുകയാണെങ്കില്‍ പിണറായിയുടെ രാഷ്ട്രീയനിലപാടുകള്‍ ശരിയായിരുന്നു എന്ന് കാണാം. അപ്പോഴൊക്കെ വില്ലന്റെ റോളില്‍ ആയിരുന്നു വി.എസ്സ്. ഒരു കപട ആദര്‍ശത്തിന്റെ കൃത്രിമ വേഷം ധരിച്ച്  പിണറായിയുടെ പാര്‍ട്ടി ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എന്നും വി.എസ്സിന് കഴിഞ്ഞു.  ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ അടിത്തറ വിപുലമാക്കുക എന്നതായിരുന്നു പിണറായിയുടെ രാഷ്ട്രീയ ലക്ഷ്യം. അതിനാണ് മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചത്. വര്‍ഗ്ഗീയപാര്‍ട്ടികളുമായി കൂട്ടുകെട്ടില്ല എന്ന് പറഞ്ഞാണ് വി.എസ്സ്. ഈ നീക്കത്തെ അട്ടിമറിച്ചത്.  കേരളത്തില്‍ മുസ്ലീം വര്‍ഗ്ഗീയത വേര് പിടിക്കാ‍തെ തടഞ്ഞ് നിര്‍ത്തിയ മിതവാദ പാര്‍ട്ടിയാണ് ലീഗ് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. കേരളത്തിലെ മതസൌഹാര്‍ദ്ധത്തിന് ലീഗിന്റെ സംഭാവന മഹത്തായതാണെന്നും ഇന്ന് എല്ലാവരും സമ്മതിക്കും.  അന്തരിച്ച ശ്രീ.കെ. കരുണാകരന്റെ ഡി.ഐ.സി. യെ മുന്നണിയില്‍ ചേര്‍ക്കാനും പിണറായി താല്പര്യപ്പെട്ടു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഡി.ഐ.സി.യെ എല്‍ ഡി എഫില്‍  എടുത്തിരുന്നുവെങ്കില്‍ എത്രയോ കോണ്‍ഗ്രസ്സുകാര്‍ കരുണാകരന്റെ കൂടെ ചേരുകയും കേരളത്തിന്റെ രാഷ്ട്രീയ ചിത്രം വ്യത്യസ്തമാവുകയും ചെയ്യുമായിരുന്നു. അടിയന്തിരാവസ്ഥയിലെ രാജന്‍ സംഭവം ഉന്നയിച്ചാണ് വി.എസ്സ്. ഈ നീക്കത്തിന് തടയിട്ടത്. അങ്ങനെയൊരു സ്ഥിരം ശത്രുത പ്രായോഗികരാഷ്ട്രീയത്തില്‍ പമ്പരവിഢിത്തമാണെന്ന് വി.എസ്സിന്റെ മുഖത്ത് നോക്കി പറയാന്‍ ആ‍ര്‍ക്കും ധൈര്യമുണ്ടായില്ല.

ഇപ്പോള്‍ വി.എസ്സ്. എന്നാല്‍ എന്തോ ആണെന്ന ഒരു മിത്ത് പൊതുസമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. യാഥാര്‍ത്ഥ്യബോധത്തോടുകൂടിയ പൊതുപ്രവര്‍ത്തനത്തിന് ഈ മിത്ത് ഒട്ടും ഗുണപ്രദമല്ല.  ഒരു നീര്‍ക്കുമിള പോലെ ഏത് നിമിഷവും ഈ മിത്ത് പൊട്ടിത്തെറിക്കാവുന്നതേയുള്ളൂ. യു.ഡി.എഫിന് കേവല ഭൂരിപക്ഷം മാത്രം കിട്ടിയത് വളരെ നന്നായി. കെട്ടുറപ്പോടെയും ഐക്യത്തോടെയും പ്രവര്‍ത്തന മികവോടെയും മുന്നണിയും ഭരണവും മുന്നോട്ട് പോകാന്‍ ഈ 72 എന്ന സംഖ്യ സഹായിക്കും.  പ്രതിപക്ഷ നേതാവ് വി.എസ്സ്. തന്നെ ആകട്ടെ. പക്ഷെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നയിക്കാന്‍ പിണറായി തന്നെ വേണം. സി.പി.എമ്മിലെ കണ്ണൂര്‍ ലോബി എന്നാല്‍ പിണറായിയ്ക്ക് ചുറ്റുമുള്ള ഒരു കോക്കസ്സാണ്. ആ കോക്കസ്സാണ് സി.പി.എം. എന്ന പാര്‍ട്ടിയെ ബിസിനസ്സ് സംരഭമായി മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. രാഷ്ട്രീയത്തിലെ ഉപജാപകവൃന്ദം എപ്പോഴും സേഫായ ഒരു പൊസിഷനില്‍ ആയിരിക്കും. അവര്‍ക്ക് ഒരു നേതാവല്ലെങ്കില്‍ മറ്റൊരു നേതാവ്. സി.പി.എമ്മില്‍  സംഘടനാനേതൃത്വം വികേന്ദ്രീകരിക്കപ്പെടുകയാണ് വേണ്ടത്.  അടുത്തടുത്ത പഞ്ചായത്തുകളായ കോടിയേരിയിലും പിണറായിയിലും എന്തിനാണ് ഒരു അഖിലേന്ത്യ പാര്‍ട്ടിക്ക് പി.ബി.അംഗങ്ങള്‍? മറ്റ് ജില്ലകളിലും നേതാക്കള്‍ ഇല്ലേ? ഇല്ലെങ്കില്‍ കണ്ടെത്തണം. അല്ല പിന്നെ ....

എന്തായാലും ഭരണമാ‍റ്റവും കേവല ഭൂരിപക്ഷവും അങ്ങനെയെല്ലാം തന്നെ സംഭവിച്ചത് നല്ലതിന്,  സംഭവിക്കുന്നതും സംഭവിക്കാന്‍ പോകുന്നതും നല്ലതിന് തന്നെ. നല്ലതല്ലാതൊന്നും സംഭവിക്കുന്നില്ല എന്ന് ഗുണപാഠം!

Read more: http://kpsukumaran.blogspot.com/#ixzz1MsLnbFds

No comments:

Post a Comment

Note: Only a member of this blog may post a comment.