Sunday, May 8, 2011

ലോട്ടറി: സി.ബി.ഐ അന്വേഷണത്തിന് വിശദാംശം വേണമെന്ന് കേന്ദ്രം; മറുപടി നല്‍കാതെ കേരളം





തിരുവനന്തപുരം: ലോട്ടറി വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് സംസ്ഥാനംആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ തേടിക്കൊണ്ട് കേന്ദ്രംഅയച്ച കത്തിന് സംസ്ഥാനസര്‍ക്കാരില്‍നിന്ന് മറുപടിയില്ല. സംസ്ഥാനം മറുപടി നല്‍കിയാലേ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ കഴിയുകയുള്ളൂവെന്ന് കത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനം ആവശ്യപ്പെട്ടതുപോലെ, ലോട്ടറിവിഷയത്തില്‍ സി.ബി.ഐ. അന്വേഷണം നടത്തണമെങ്കില്‍ ഓരോ കേസുകളുടെ വിശദാംശങ്ങളും എഫ്.ഐ.ആറും നല്‍കണമെന്നാണ് കേന്ദ്ര പേഴ്‌സണല്‍ വകുപ്പ് ഡയറക്ടര്‍ അശോക് കെ.കെ.മീണ അയച്ച കത്തിലുള്ളത്. 2011 ഏപ്രില്‍ അഞ്ചുമുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കേസുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന കാര്യം സംസ്ഥാനത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്ന് കത്ത് വ്യക്തമാക്കുന്നു. കേസിന്റെ വിശദാംശങ്ങള്‍ രണ്ടാഴ്ചയ്ക്കകം കേന്ദ്രത്തിന് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ച കാര്യവും ചീഫ് സെക്രട്ടറിയ്ക്ക് പകര്‍പ്പ് വച്ചെഴുതിയ കത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സി.ബി.ഐ അന്വേഷണം നടത്താനാവില്ല. 1946-ലെ ഡല്‍ഹി സ്‌പെഷല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ചുള്ള വിശദാംശങ്ങളും ഒരോ കേസിന്റെയും എഫ്.ഐ.ആറും നിര്‍ദിഷ്ട മാതൃകയില്‍ തയ്യാറാക്കിവേണം സി.ബി.ഐ. അന്വേഷണത്തിനുള്ള അപേക്ഷ നല്‍കാന്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇത്രയും നാള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് മറുപടിയില്ല - കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ വിശദാംശങ്ങള്‍ നല്‍കാത്തപക്ഷം തങ്ങള്‍ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ലോട്ടറി മാഫിയക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിരവധി തവണ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.

എന്നാല്‍ വിശാലമായൊരു വിഷയത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം പ്രായോഗികമല്ലെന്നും പ്രത്യേക കേസുകള്‍ മാത്രമേ തങ്ങള്‍ക്ക് അന്വേഷിക്കാന്‍ കഴിയുകയുള്ളൂവെന്നും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാനത്തിന് മറുപടി നല്‍കിയിരുന്നു. ഇതിനിടെ വി.ഡി.സതീശന്‍ എം.എല്‍.എ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസിന്റെ വിശദാംശങ്ങളും എഫ്.ഐ.ആറും രണ്ടാഴ്ചയ്ക്കകം കേന്ദ്രത്തിന് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കേന്ദ്രത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ തുടര്‍ നടപടികളുണ്ടായിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ പരാതി.

No comments:

Post a Comment

Note: Only a member of this blog may post a comment.