Saturday, May 14, 2011

ഇടതു ദുര്‍ഭരണം അവസാനിച്ചു


കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ രാഷ്ട്രീയ മാമൂലുകളെയും കീഴ്‌വഴക്കങ്ങളെയും തൂത്തെറിഞ്ഞിരിക്കുന്നു. പടിഞ്ഞാറേ ബംഗാളിലും കേരളത്തിലും ഇടതുമുന്നണിയെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തി. തമിഴ്‌നാട്ടില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിച്ചു.
 അസാം മൂന്നാംതവണയും കോണ്‍ഗ്രസിന് അനുകൂലമായി വിധിയെഴുതി. പോണ്ടിച്ചേരിയില്‍ ഡി.എം.കെ.-കോണ്‍ഗ്രസ് സഖ്യം അധികാരം നിലനിര്‍ത്തി. കേരളം ഇതുവരെ കാണാത്ത ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ യു.ഡി.എഫ് 72 സീറ്റോടെ കേവലഭൂരിപക്ഷം നേടി. കോണ്‍ഗ്രസ് 38 സീറ്റിലും മുസ്ലീം ലീഗ് 20 സീറ്റിലും ജയിച്ചു. കേരളാ കോണ്‍ഗ്രസ് (എം) ഒമ്പത് സീറ്റ് നേടി. സോഷ്യലിസ്റ്റ് ജനതാദളിന് രണ്ട് സീറ്റ് ലഭിച്ചു. കേരളാ കോണ്‍ഗ്രസ് (ബി), ജേക്കബ് ഗ്രൂപ്പ് കേരളാ കോണ്‍ഗ്രസ്, ആര്‍.എസ്.പി. (ഷിബു ബേബിജോണ്‍ ഗ്രൂപ്പ്) എന്നീ കക്ഷികള്‍ ഓരോ സീറ്റിലും വിജയിച്ചു. ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എം 46 സീറ്റ് നേടി പതിമൂന്നാം നിയമസഭയിലെ വലിയ ഒറ്റക്കക്ഷിയാകുന്നു. ബി.ജെ.പിയെ ഇത്തവണയും സംസ്ഥാന നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ ജനങ്ങള്‍ അനുവദിച്ചില്ല. മധ്യകേരളത്തിലെ ഏറ്റുമാനൂര്‍, പിറവം, മണലൂര്‍, തൃത്താല എന്നീ മണ്ഡലങ്ങളിലെ അവസാന നിമിഷത്തെ ചാഞ്ചാട്ടം തെരഞ്ഞെടുപ്പ് ഫലം സാകൂതം ശ്രദ്ധിച്ചുപോന്ന ജനങ്ങളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. ഒടുവില്‍ പാലക്കാട്ടെ തൃത്താല മണ്ഡലത്തിലെ വിധി പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം പൂര്‍ത്തിയായി.  കോണ്‍ഗ്രസിലെ വി.ടി. ബെല്‍റാം തൃത്താലയില്‍ ജയിച്ചു. മൂന്ന് വോട്ടിംഗ് യന്ത്രം കേടായതാണ് അവിടുത്തെ ഫലം അവസാനത്തേതാക്കിയത്. യു.ഡി.എഫ് ഘടകകക്ഷികളായ ജെ.എസ്.എസ്, സി.എം.പി എന്നിവയ്ക്ക് ഒരു സീറ്റും ലഭിച്ചില്ല. ഇടതുമുന്നണിയിലെ മൂന്ന് മന്ത്രിമാരുടെ ദയനീയ പരാജയം ഈ തെരഞ്ഞെടുപ്പില്‍ കണ്ടു. കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ബി. സുരേന്ദ്രന്‍ പിള്ള എന്നിവരാണവര്‍.
 
കേരളത്തില്‍ യു.ഡി.എഫ് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ അഞ്ചുവര്‍ഷത്തെ ഇടതുദുര്‍ഭരണത്തിന് ജനങ്ങള്‍ അന്ത്യം കുറിച്ചു എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. പരാജയം അംഗീകരിച്ച് പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചതായി വി.എസ് അച്യുതാനന്ദനും പിണറായി വിജയനും പ്രസ്താവിച്ചുകഴിഞ്ഞു. 
ബംഗാളിലെയും കേരളത്തിലെയും ജനവിധി സി.പി.എം നയിക്കുന്ന ഇടതുമുന്നണിക്ക് ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രഹരമാണ് ഏല്‍പിച്ചിരിക്കുന്നത്. 34 വര്‍ഷം നീണ്ട ഇടത് തുടര്‍ഭരണത്തിന് മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യം അന്ത്യം കുറിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ മത്സരിച്ച യാദവ്പൂര്‍ മണ്ഡലത്തില്‍ അദ്ദേഹം പരാജയപ്പെട്ടു. 
ബംഗാളിലെയും കേരളത്തിലെയും തോല്‍വി ദേശീയതലത്തില്‍ ഇടത് പ്രസ്ഥാനത്തിന് അപരിഹാര്യമായ തിരിച്ചടി ഉണ്ടാക്കിയിരിക്കുകയാണ്. സി.പി.എം ഭരണം തൃപുര എന്ന ചെറുസംസ്ഥാനത്ത് ഒതുങ്ങി. ദേശീയതലത്തില്‍ മൂന്നാം ബദല്‍ എന്ന അപ്രായോഗിക രാഷ്ട്രീയ ലക്ഷ്യവുമായി ജീവിക്കുന്ന പ്രകാശ് കാരാട്ടിനെപ്പോലുള്ള സി.പി.എം നേതാക്കള്‍ക്ക് ജനങ്ങള്‍ നല്‍കിയ ഈ മറുപടി ആ പാര്‍ട്ടിയുടെ ഭാവി രാഷ്ട്രീയത്തെ കാര്യമായി സ്വാധീനിക്കും. പ്രത്യേകിച്ച് പാര്‍ട്ടീകോണ്‍ഗ്രസിന് മുന്നോടിയായുള്ള പ്രാദേശിക സമ്മേളനങ്ങള്‍ ഉടന്‍ തുടങ്ങാനിരിക്കെ. തമിഴ്‌നാട്ടില്‍ ഭരണമുന്നണിയായ ഡി.എം.കെയ്‌ക്കെതിരെ ജയലളിത നയിക്കുന്ന അണ്ണാ ഡി.എം.കെ അപ്രതീക്ഷിതമായ മുന്നേറ്റമാണ് കൈവരിച്ചത്. കരുണാനിധിയുടെ ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ അനന്തരഗാമികളുടെ രാഷ്ട്രീയമായ പക്വതയില്ലായ്മയും ടു ജി സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് ഉയര്‍ന്ന പ്രചരണങ്ങളും ഡി.എം.കെയ്ക്ക് തമിഴ്‌നാട്ടില്‍ തിരിച്ചടിയായപ്പോള്‍ തൊട്ടടുത്ത പുതുശ്ശേരിയില്‍ ഈ പ്രശ്‌നങ്ങളൊന്നും കാര്യമായി ബാധിച്ചില്ല. 

No comments:

Post a Comment

Note: Only a member of this blog may post a comment.