Monday, May 23, 2011

യു.ഡി.എഫ് സര്‍ക്കാരും ജനങ്ങളുടെ പ്രതീക്ഷയും


സാമൂഹിക ജീവിത മണ്ഡലങ്ങളില്‍ ലോകത്തിന് മാതൃകകള്‍ അര്‍പ്പിച്ചിട്ടുള്ള കേരളത്തില്‍ പുതിയ ഒരു ജനകീയ ഭരണകൂടം അധികാരമേറ്റിരിക്കുകയാണ്. സംസ്ഥാനത്തെ ജനാധിപത്യ ചേരികളില്‍പ്പെട്ട കക്ഷികളുടെ ഒരു ഐക്യമുന്നണി മന്ത്രിസഭയാണ് രൂപംകൊണ്ടിട്ടുള്ളത്.
ജനങ്ങള്‍ രണ്ട് രാഷ്ട്രീയ ചേരികളിലായി നിന്ന് മത്സരിച്ച്, നേരിയ വ്യത്യാസത്തില്‍ ഭൂരിപക്ഷം നേടി യു.ഡി.എഫ് അധികാരത്തില്‍ വന്നിരിക്കുന്നു. അതീവ ശ്രദ്ധയും കരുതലും പുലര്‍ത്തി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിക്കൊണ്ട് വ്യത്യസ്തമായ ഒരു ഭരണശൈലി അവതരിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി നയിക്കുന്ന പുതിയ സര്‍ക്കാരിന് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള അംഗവ്യത്യാസം നേരിയതാണ്. അതിനാല്‍ ക്രിയാത്മകമായ പ്രതിപക്ഷവും കര്‍മോന്മുഖമായ ഭരണപക്ഷവും ജനങ്ങളുടെ ഇച്ഛയ്‌ക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ചാലേ കേരളത്തിന്റെ പ്രതീക്ഷകള്‍ അര്‍ത്ഥവത്താവുകയുള്ളൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ തുടക്കത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഇരുപതംഗ മന്ത്രിസഭ അധികാരത്തില്‍ വന്നിട്ടുള്ളത്. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു ക്രിയാകാലത്തിന്റെ തുടക്കമാണിത്. ഭൂമുഖത്തുനിന്ന് രാഷ്ട്രീയ തത്വശാസ്ത്രങ്ങള്‍ മാഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്. ഇസങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ജനങ്ങള്‍ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചുവന്ന തത്വശാസ്ത്രത്തിന്റെ പ്രണേതാക്കള്‍ ഭരണമെന്ന പേരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ ഉണ്ടാക്കിയ വിരസതയും അസംതൃപ്തിയും ചെറുതല്ല. സാമാന്യജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ വിപുലപ്പെടുത്താന്‍ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിയാതെപോയ അച്യുതാനന്ദന്‍ സര്‍ക്കാരിനെ ജനങ്ങള്‍ വോട്ടുചെയ്ത് തോല്‍പിച്ചു. ഇടതുമുന്നണിയെ പ്രതിപക്ഷത്തിരുത്തിക്കൊണ്ട് ഭരണം എങ്ങനെ വേണമെന്ന് കാട്ടിക്കൊടുക്കാന്‍ ജനങ്ങള്‍ ആഗ്രഹിച്ചു.
 
നാല് അംഗങ്ങളെ കൂടുതലായി യു.ഡി.എഫിന് നല്‍കിയതിന്റെ ഫലമാണ് പുതിയ സര്‍ക്കാര്‍. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവരുടെ ഒരു ഭരണകൂടത്തിന് ജനങ്ങളുടെ തീരുമാനത്തോട് വിനയാന്വിതരാവാന്‍ തീര്‍ച്ചയായും കഴിയും. കേരളത്തിലെ ജനങ്ങള്‍ക്ക് മാറിയ കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള നല്ലൊരു ഭരണം അവതരിപ്പിക്കാന്‍ ഇടതുസര്‍ക്കാരിന് കഴിഞ്ഞില്ല. യു.ഡി.എഫ് സര്‍ക്കാര്‍ ആ കുറവ് നികത്തും എന്നാണ് ജനങ്ങളുടെ പ്രതീക്ഷ. സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യം ചേര്‍ന്ന മന്ത്രിസഭാ യോഗം എടുത്ത തീരുമാനങ്ങള്‍ സാധാരണ ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളെ ബാധിക്കുന്ന കാര്യങ്ങളിലാണ്. ഒരു രൂപാ നിരക്കിലുള്ള അരിയുടെ വിതരണത്തെക്കുറിച്ചും പബ്ലിക് സര്‍വീസ് കമ്മീഷന്റെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനെക്കുറിച്ചും ഉള്ളതാണ് ആദ്യത്തെ തീരുമാനങ്ങള്‍. എന്‍ഡോസള്‍ഫാന്‍, ലോട്ടറി, മൂലമ്പള്ളി പ്രശ്‌നം, ശബരിമല വികസനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ആധുനിക കേരളത്തിന്റെ വികസനത്തിനായി അവതരിപ്പിച്ച കര്‍മ്മ പദ്ധതികള്‍ ആകാശ കുസുമങ്ങളായി നിലനില്‍ക്കുകയാണ്. ഇടതുസര്‍ക്കാര്‍ അവയിലൊന്നുപോലും പരിശോധിക്കാന്‍ താല്‍പര്യം കാട്ടിയില്ല. കേരളത്തില്‍ ദശകങ്ങള്‍ ജീവിക്കുകയും ഈ നാടിന്റെ അന്തര്‍ഗതങ്ങള്‍ അടുത്തറിയുകയും ചെയ്തിട്ടുള്ള മഹാനുഭാവനാണ് ഡോ. കലാം. ലോകത്തിന് വികസന മാതൃക അവതരിപ്പിച്ചിട്ടുള്ള കേരളത്തിന്റെ ഭാവി എങ്ങനെയായിരിക്കണമെന്ന് വിഭാവന ചെയ്യാന്‍ കെല്‍പ്പുള്ള സെന്‍സിബിലിറ്റി പ്രമുഖ ശാസ്ത്രജ്ഞനായ അദ്ദേഹത്തിനുണ്ട്. വിദ്യാഭ്യാസരംഗത്തും ആരോഗ്യപരിപാലന രംഗത്തും ലോകോത്തര നേട്ടങ്ങള്‍ കൈവരിച്ച നാടാണ് കേരളം. ശിശുമരണനിരക്കിലും ആയുര്‍ദൈര്‍ഘ്യത്തിലും ലോകത്തെ ഏറ്റവും വികസിത രാജ്യത്തോട് കിടപിടിക്കുന്ന പ്രകൃതിസുന്ദരമായ നമ്മുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിനോദസഞ്ചാരികള്‍ വെറുതെ വിളിക്കുന്നതല്ല. ഭൂമുഖത്തെ ഏറ്റവും പുരോഗമനേച്ചുക്കളും പരീക്ഷണ കുതുകികളും സാഹസികരും വസിക്കുന്ന കേരളത്തിന്റെ ചരിത്രത്തില്‍ അവിസ്മരണീയമായ ഒരു അധ്യായം എഴുതിച്ചേര്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി നയിക്കുന്ന യു.ഡി.എഫ് ഭരണകൂടത്തിന് കഴിയും, കഴിയണം. 

No comments:

Post a Comment

Note: Only a member of this blog may post a comment.