Wednesday, May 18, 2011

വി എസ് ഫാക്ടര്‍ വിവരക്കേടെന്ന് എം.എം മണി


 വി.എസ് അച്യുതാനന്ദനെതിരേ വീണ്ടും രൂക്ഷവിമര്‍ശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി രംഗത്ത്. സംസ്ഥാനത്ത് വിഎസ് ഫാക്ടര്‍ ഉണ്ടായി എന്നു പറയുന്നത് ബുദ്ധിശൂന്യതയും വിവരക്കേടുമാണെന്നാണ് മണി പറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന് ചൊവ്വാഴ്ച വൈകുന്നേരം നല്‍കിയ അഭിമുഖത്തിലാണ് മണി വിഎസിനെതിരേ തുറന്നടിച്ചത്.
മൂന്നാര്‍ ദൗത്യം പരാജയപ്പെടുത്തി എന്നും മണി തുറന്നു പറയുന്നു. മൂന്നാര്‍ ദൗത്യം പരാജയപ്പെടുത്തിയത് ജനങ്ങള്‍ അംഗീകരിച്ചതാണ് ഇടുക്കി ജില്ലയില്‍ മൂന്നു സീറ്റുകള്‍ എല്‍ഡിഎഫിന് നേടുവാന്‍ കഴിഞ്ഞതെന്നും സിപിഎം ജില്ലാ സെക്രട്ടറി അവകാശപ്പെട്ടു.വിഎസ് അച്യുതാനന്ദനെ തെരഞ്ഞെടുപ്പു പ്രചരണത്തിന് ജില്ലയില്‍ പ്രവേശിപ്പിക്കാതിരിക്കുകയായിരുന്നുവെന്ന് മണി പരോക്ഷമായി സമ്മതിക്കുന്നുണ്ട്. വി.എസ് ജില്ലയില്‍ വരാതിരുന്നതു കൊണ്ട് എല്‍ഡിഎഫിന് ദോഷമൊന്നും സംഭവിച്ചില്ല. വി.എസിന്റെ പുറകേ നടന്ന് സമയം കളയേണ്ട ആവശ്യമില്ല. സിപിഎം നേതാവെന്ന നിലയിലും ഇടതുപക്ഷമുഖ്യമന്ത്രി എന്ന നിലയിലും വി.എസിന് ഒരു ഇമേജ് ഉണ്ട്. അത് പിണറായി വിജയനും എം.എം മണിക്കുമുള്ള അതേ ഇമേജ് തന്നെയാണെന്ന് മണി പരിഹസിച്ചു. ഇത് ഫാക്ടറായി കണക്കാക്കുന്നത് വിവരക്കേടാണ്. ഇതിനോട് ഒരിക്കലും യോജിക്കാന്‍ പറ്റില്ല. മാട്ടുപ്പെട്ടി - മൂന്നാര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ലഭിച്ച ഭൂരിപക്ഷം ഇതിന് തെളിവാണെന്നും മണി ചൂണ്ടിക്കാട്ടുന്നു. വിഎസ് അച്യുതാനന്ദന്‍ മൂന്നു പൂച്ചകളുമായി മൂന്നാറിലെത്തിയതിനെതുടര്‍ന്നാണ് കടുത്ത വി.എസ് പക്ഷക്കാരനായിരുന്ന മണിയും കൂട്ടരും മറുകണ്ടം ചാടി പിണറായി പക്ഷത്ത് ഉറച്ചത്. മൂന്നാറിലേക്ക് വീണ്ടും പൂച്ചകളെ വിട്ടാല്‍ നന്നായി കൈകാര്യം ചെയ്യുമെന്ന ഭീഷണിയും അന്ന് മണി മുഴക്കിയിരുന്നു. എന്തായാലും പിന്നീട് പൂച്ചകളെ അയയ്ക്കുവാന്‍ അച്യുതാനന്ദന്‍ ധൈര്യപ്പെട്ടില്ല. മൂന്നാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ കമ്മറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും പിണറായി പക്ഷത്തേക്ക് കൂട് മാറുകയായിരുന്നു. അച്യുതാനന്ദന്റെ പക്ഷത്ത് നിന്നവരെയെല്ലാം ഇവര്‍ ഒതുക്കുകയും ചെയ്തു. 

No comments:

Post a Comment

Note: Only a member of this blog may post a comment.