Tuesday, May 24, 2011

ഭരണം പോയതോടെ പാര്‍ട്ടി ഗ്രാമങ്ങളില്‍ 'ബോംബ് കൃഷി' സജീവം

രണ്ടാഴ്ചയ്ക്കിടെ ബോംബ്‌നിര്‍മ്മാണത്തിനിടെയുള്ള സ്‌ഫോടനത്തില്‍ വികലാംഗരായത് മൂന്നു യുവാക്കള്



കണ്ണൂര്‍: ഭരണം പോയതോടെ സി പി എം ഗ്രാമങ്ങളില്‍ ബോംബ് നിര്‍മ്മാണം സജീവമായി. സി പി എമ്മും ബി ജെ പിയും മല്‍സരിച്ച് ബോംബ് ശേഖരമൊരുക്കുന്നു.
കതിരൂര്‍ എരുവട്ടിയില്‍ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകവും തലശേരി, പാനൂര്‍ മേഖലയില്‍ തുടര്‍ച്ചയായ ബോംബ് സ്‌ഫോടനങ്ങളില്‍ മൂന്നു യുവാക്കള്‍ക്കു ഗുരുതരമായി പരിക്കേറ്റ സംഭവങ്ങളും ജനങ്ങളെ ആശങ്കാകുലരാക്കുകയാണ്. വീണ്ടും സംഘര്‍ഷത്തിന്റെ പഴയ നാളുകളിലേക്ക് കോടിയേരി ബാലകൃഷ്ണന്റെ മണ്ഡലം തിരിച്ചുപോകുകയാണോയെന്ന ഭയപ്പാടിലാണ് ജനങ്ങളുള്ളത്. ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ  സ്‌ഫോടനങ്ങളില്‍ രണ്ടു യുവാക്കള്‍ക്കു കൈകള്‍ നഷ്ടപ്പെട്ടപ്പോള്‍ മറ്റൊരു യുവാവിന്റെ കഴുത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. മൂന്നുപേരുടേയും കേള്‍വി ശക്തിക്കും സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ യുവാക്കളെല്ലാം ഇരുപത്തിയാറു വയസിനു താഴെയുള്ളവരാണ്. കുടുംബങ്ങള്‍ക്കു അത്താണിയാകേണ്ടവരെയാണ് സി പി എമ്മും ബി ജെ പിയും തീരാദുരിതത്തിലേക്ക് തള്ളിവിടുന്നത്. ബോംബ് സ്‌ഫോടനത്തില്‍ നിരവധി യുവാക്കള്‍ തലശേരി, പാനൂര്‍ മേഖലകളില്‍ മുന്‍കാലങ്ങളില്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ചു നാളായി വലിയ തോതിലുള്ള അക്രമസംഭവങ്ങളൊന്നും നടന്നിരുന്നില്ല. സമാധാനം കൈവന്നുവെന്ന പ്രതീക്ഷയില്‍ ജനം ആശ്വാസം കൊളളുമ്പോഴാണ് കൊലപാതകവും ബോംബ് സ്‌ഫോടനങ്ങളും സമാധാനകാംക്ഷികളുടെ ഉറക്കം കെടുത്തുന്നത്്്്. സി പി എമ്മിന് ഭരണം നഷ്ടപ്പെടുമ്പോഴെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരെ സജീവമായി നിര്‍ത്താന്‍ അക്രമത്തിന്റെ പാത ഇവര്‍ കണ്ണൂരില്‍ തെരഞ്ഞെടുക്കാറുണ്ട്.
 
നേതാക്കള്‍ക്ക് യാതൊരു കേടും തട്ടാതെ പാവപ്പെട്ട പാര്‍ട്ടി കുടുംബങ്ങളെ ചാവേറുകളാക്കി സി പി എം നടത്തുന്ന തീക്കളിക്ക് അതേ നാണയത്തില്‍ ബി ജെ പി , ആര്‍ എസ് എസ് സംഘങ്ങളും തിരിച്ചടിക്കുമ്പോള്‍ നിരപരാധികളുടെ ജീവിതങ്ങളാണ് എരിഞ്ഞുതീരുന്നത്.കഴിഞ്ഞ ദിവസം എലാങ്കോട് കണ്ണംവള്ളിയില്‍ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ സി പി എം പ്രവര്‍ത്തകന്‍ വിജേഷിന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. ബസ് ഷെല്‍ട്ടറിന്റെ പേരിലുണ്ടായ തര്‍ക്കവും തുടര്‍ന്നുള്ള സംഘര്‍ഷവുമാണ് ബോംബ് സ്‌ഫോടനത്തില്‍ കലാശിച്ചത്. ബി ജെ പിക്കാരെ അക്രമിക്കാന്‍ ബോംബുമായി ഓടുന്നചതിനിടെ വീണപ്പോഴാണ് കൈയിലിരുന്ന ബോംബ് പൊട്ടി വിജേഷിന് പരുക്കേറ്റത്. പരിക്കുകളുടെ സ്വഭാവം വച്ച് ദിവസങ്ങളോളം വിജേഷിനു ചികിത്സയും തുടരേണ്ടിവരും. എത്ര ചികിത്സിച്ചാലും ബോംബ് സ്‌ഫോടനങ്ങളിലെ പരിക്കുകള്‍ ജീവിതകാലം മുഴുവന്‍ ദുരിതമായി പിന്തുടരുകയും ചെയ്യും. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ധര്‍മ്മടം ചിറക്കുനി ടൗണില്‍ വച്ച് ബോംബ് നിര്‍മാണത്തിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ  സിപിഎം പ്രവര്‍ത്തകന്‍ ചിറക്കുനി പുതിയപറമ്പത്ത് വീട്ടില്‍ ഷിബിന്റെ ഇടതു കൈപ്പത്തി മുറിച്ചുനീക്കിയിരുന്നു. ചിറക്കുനി വനിതാ സഹകരണസംഘത്തിന്റെ മുകള്‍ നിലയിലേക്കുള്ള ചിവിട്ടുപടിയിലിരുന്ന് ബോംബ് നിര്‍മിക്കുമ്പോഴുണ്ടായ സ്‌ഫോടനത്തിലാണ് ഷിബിനിനു ഗുരുതരമായി പരിക്കേറ്റത്.
 
പട്ടാളത്തിലേക്ക് സെലക്ഷന്‍ കിട്ടിയ യുവാവാണ്്് കഴിഞ്ഞ 11 നുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ പെരുന്താറ്റില്‍ കുറ്റിക്കാട്ടില്‍ വീട്ടില്‍ മോഹനന്റെ മകന്‍ മനീഷ്്് (20). കുടുംബത്തിലെ ഏകമകനായ മനീഷിന്റെ ഇരുകൈകളും മുട്ടിനു കീഴെ മുറിച്ചുനീക്കിയിരിക്കുകയാണ്. കൂലിപ്പണിയെടുത്താണ് മനീഷിനെ പിതാവ് പഠിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നരകയാതന അനുഭവിക്കുന്ന മനീഷിന്റെ ഇരുചെവികളുടേയും കേള്‍വി ശക്തി നഷ്ടപ്പെടുകയും ഇടതുകണ്ണിനു ഗുരുതരമായ പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ കലാപം പടര്‍ത്തി തെരഞ്ഞെടുപ്പു പരാജയത്തില്‍ നിന്ന ശ്രദ്ധ തിരിച്ചുവിടാനാണ് സി പി എം ശ്രമിക്കുന്നത്. ഒരാഴ്ച മുമ്പ് ചാലാട്ട് ഷജീര്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബൈക്ക് അപകടത്തില്‍ പെടുത്തി സി പി എം ക്രിമിനലുകള്‍ കൊലപ്പെടുത്തിയിരുന്നു. കൂടെയുണ്ടായിരുന്ന നിതിന്‍ രധീപിന് ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി.ശക്തമായ പോലീസ് നടപടികളിലൂടെ കണ്ണൂരില്‍ സി പി എമ്മിന്റെ കലാപനീക്കത്തിന് തടയിടാനുള്ള ശ്രമമാണ് സമാധാനകാംക്ഷികള്‍ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.