Monday, May 16, 2011

പകരം വയ്ക്കാന്‍ നേതാവില്ലാതെ സിപിഎം പ്രതിസന്ധിയില്‍


 പകരം വയ്ക്കാന്‍ പുതിയൊരു നേതൃത്വമില്ലാതെ സിപിഎം പ്രതിസന്ധിയില്‍.കേന്ദ്രത്തിലും കേരളത്തിലും ഒരു പോലെ ഇതേ പ്രതിസന്ധിയിലകപ്പെട്ട് നട്ടം തിരിയുകയാണ് സിപിഎം.ബംഗാളില്‍ ഇല്ലാതായതിന്റെയും കേരളത്തില്‍ പരാജയപ്പെട്ടതിന്റെയും ഉത്തരവാദിത്തമേറ്റെടുത്ത്
കേന്ദ്ര സെക്രട്ടറി പദം ഒഴിയാന്‍ കാരാട്ട് തീരുമാനിച്ചപ്പോള്‍ അത് പ്രസ്ഥാനത്തെ ദേശീയതലത്തില്‍ ഇല്ലാതാക്കും എന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍.സിപിഎമ്മിന്റെ കേന്ദ്ര ഘടകത്തിലെ വി.എസ് അച്യുതാനന്ദനായ സീതാറാം യെച്ചൂരി പാര്‍ട്ടി ദേശീയ സെക്രട്ടറി ആകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പ്രകാശ് കാരാട്ടിനും കേരളത്തിലെ മുതിര്‍ന്നുവെന്നു പറയപ്പെടുന്ന നേതാക്കള്‍ക്കും കഴിയില്ല.ഈ സാഹചര്യത്തിലാണ് കാരാട്ട് ഒരു മൂന്നാം ടേം കൂടി തുടരണമെന്ന ആവശ്യം ഉയര്‍ന്നു വന്നിട്ടുള്ളത്.
ബൃന്ദാ കാരാട്ട്, എസ്.രാമചന്ദ്രന്‍പിള്ള എന്നിവര്‍ പാര്‍ട്ടി കേന്ദ്ര സെക്രട്ടറി പദത്തിലേക്ക് കടന്നു വരാനുള്ള സമയമായിട്ടില്ല എന്ന വിലയിരുത്തലും നടന്നിട്ടുണ്ട്.ഇതിനിടെ സംസ്ഥാനത്ത് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പോളിറ്റ് ബ്യൂറോ വി.എസ് അച്യുതാനന്ദനെ തന്നെ നിയോഗിച്ചതില്‍ കേരളത്തിലെ ഔദ്യോഗിക വിഭാഗത്തിന് കാര്യമായ എതിര്‍പ്പുണ്ടെങ്കിലും പകരം വയ്ക്കാന്‍ പറ്റിയ തരത്തിലുള്ള ഒരു നേതാവിനെ കണ്ടെത്താന്‍ കഴിയാത്തത് സിപിഎം സംസ്ഥാന കമ്മിറ്റിക്കും തിരിച്ചടിയായിരിക്കുകയാണ്. ഭരണത്തിലേറുന്നതിനു മുമ്പും മുഖ്യമന്ത്രിയായ ശേഷവും പാര്‍ട്ടിയെ ധിക്കരിച്ചുതന്നെ മുന്നോട്ട് നീങ്ങുന്ന വി.എസ് അച്യുതാനന്ദന്‍ സംസ്ഥാനത്ത് പ്രതിപക്ഷ നേതാവായാല്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന പല നടപടികളും നേരിടേണ്ടി വരുമെന്നാണ് സിപിഎമ്മിന്റെ ഭയം.
 
ലാവ്‌ലിന്‍ കേസും വിഐപിയും ലോട്ടറിയുമൊക്കെ വീണ്ടും ചര്‍ച്ചാ വിഷയമാകുമെന്നും കാലാവധി പൂര്‍ത്തിയാക്കി സെക്രട്ടറി പദത്തില്‍ നിന്നും പടിയിറങ്ങുന്ന പിണറായി വിജയന്റെ പോക്ക് നേരേ ജയിലിലേക്കായിരിക്കുമെന്നുമുള്ള ഭയം സിപിഎമ്മിനെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുകയാണ്.ഇതോടൊപ്പം പിണറായിയുഗം സിപിഎമ്മില്‍ അവസാനിക്കുന്നതോടെ വി.എസിന്റെ സ്വേച്ഛാധിപത്യമാവും സംസ്ഥാനത്തെ സിപിഎമ്മില്‍ നടക്കുകയെന്നും സോവിയറ്റ് യൂണിയനില്‍ പാര്‍ട്ടിയെ തകര്‍ത്ത ഗോര്‍ബ്ബച്ചേബിന്റെ പ്രേതമായി വി.എസ് മാറുമെന്നും ആശങ്കപ്പെടുന്നവരാണ് ഇന്ന് പാര്‍ട്ടിയിലെ ഭൂരിപക്ഷവും.
കോടിയേരി ബാലകൃഷ്ണനെ സംസ്ഥാനത്ത് പ്രതിപക്ഷ നേതാവായി അവരോധിക്കണമെന്നാണ് പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിന്റെ ആഗ്രഹം.ഇടക്കാലത്ത് പിണറായിയുടെ നിഴലില്‍ നിന്നും മാറി സഞ്ചരിച്ച് നേതൃപദവിയിലേക്ക് കടന്നു വന്ന കോടിയേരി ബാലകൃഷ്ണന്‍ എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ പിണറായിക്ക് പിന്നില്‍ അണിനിരക്കുകയായിരുന്നു.
ഇലക്ഷന്‍ തന്ത്രമെന്ന നിലയിലാണ് വി.എസിനെ തന്റെ മണ്ഡലത്തിലുള്‍പ്പെടെ പ്രചരണത്തിന് നേതൃത്വം നല്‍കാന്‍ ക്ഷണിച്ചതും വിനീത വിധേയനായതുമെന്ന് പ്രവര്‍ത്തിയിലൂടെ വ്യക്തമാക്കിയിരിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലക്ഷ്യമിട്ടിരുന്നത് മുഖ്യമന്ത്രി കുപ്പായവും തോറ്റാല്‍ പ്രതിപക്ഷ നേതൃസ്ഥാനവുമെന്ന് അര്‍ഥശങ്കയില്ലാതെ തെളിയിച്ചിരുന്നതാണ്. 
ആട്ടിന്‍തോലണിഞ്ഞ പുണ്യാളന്‍ ഇമേജ് തങ്ങള്‍ക്ക് ഇത്രത്തോളം പൊല്ലാപ്പുണ്ടാക്കുമെന്ന് പിണറായിയും കോടിയേരിയും കൂട്ടരും ചിന്തിച്ചതുമില്ല.തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനം വി.എസ് അച്യുതാനന്ദനെ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു.ഇത് വി.എസ് ഫാക്ടര്‍ എന്ന പേരില്‍ അച്യുതാനന്ദന്‍ ഗ്രൂപ്പുകാരും അദ്ദേഹത്തിന്റെ കാല്‍ക്കീഴില്‍ തപസുചെയ്യുന്ന ചാനല്‍പ്പയ്യന്‍മാരും പൊക്കിക്കാട്ടുമ്പോള്‍ അത്തരമൊരു ഫാക്ടറില്ലെന്നാണ് പിണറായിയുള്‍പ്പെടെയുള്ള നേതാക്കള്‍ ആണയിടുന്നത്.
 
കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കെ ഇത്രയും നാള്‍ പിണറായിയുടെ പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുകയും വി.എസിനെ തള്ളുകയും ചെയ്തിരുന്ന പ്രകാശ് കാരാട്ടും കളം മാറ്റി ചവിട്ടിയിരിക്കുകയാണ്.പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുന്ന പിണറായി വിജയനെ ഇനി നമ്പേണ്ടതില്ലെന്നതാണ് കാരാട്ടിന്റെ തീരുമാനം.ഇതിനാല്‍ ഇത്ര നാളും താനും ചേര്‍ന്ന് കരിവാരിത്തേച്ചിരുന്ന വി.എസ് അച്യുതാനന്ദനെ വാഴ്ത്തപ്പെട്ടവനും വിശുദ്ധനുമൊക്കെയായി പ്രഖ്യാപിക്കാനാണ് കാരാട്ടിന്റെ നീക്കം. തോല്‍വികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന  പോളിറ്റ് ബ്യൂറോയ്ക്ക് ശേഷം പത്രക്കാരെ കണ്ട കാരാട്ട് വി.എസ് അച്യുതാനന്ദനെ മഹാനായ നേതാവെന്നാണ് വിശേഷിപ്പിച്ചത്.സംസ്ഥാനത്ത് പാര്‍ട്ടി അദ്ദേഹത്തിന്റെ കീഴില്‍ വന്‍ വിജയം നേടി.നേരിയ സീറ്റുകള്‍ക്കാണ് ഭരണം നഷ്ടമായത്.എല്‍ഡിഎഫിനു പിന്നില്‍ ജനങ്ങളെ അണിനിരത്തുന്നതില്‍ വി.എസ് അച്യുതാനന്ദന്‍ വളരെ വലിയ പങ്കാണു വഹിച്ചത്. മുഖ്യമന്ത്രിയുടെ ചിത്രം പോസ്റ്ററുകളില്‍ പതിച്ചതില്‍ തെറ്റില്ലെന്നും കാരാട്ട് പറഞ്ഞു. കൂടാതെ കേരളത്തിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കു തൃപ്തിയുണ്ടെന്നാണു തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നതെന്നും കാരാട്ട് പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ഇത്രനാളും നടത്തിയ പ്രസ്ഥാവനകളെ അപ്പാടെ തള്ളുന്നതായിരുന്നു കേന്ദ്ര സെക്രട്ടറി പ്രകാശ്് കാരാട്ടിന്റെ ഈ വിശദീകരണം.പാര്‍ട്ടിയില്‍ ധ്രൂവീകരണം ആരംഭിച്ചുവെന്നും സിപിഎം നിലയില്ലാക്കയങ്ങളിലേക്ക് നീങ്ങിത്തുടങ്ങിയെന്നുമാണ് സൂചനകള്‍.

No comments:

Post a Comment

Note: Only a member of this blog may post a comment.