Monday, May 9, 2011

ബ്രിട്ടാസിന്‍റെ രാജിക്കു പിന്നില്‍ വി എസ്?

കൈരളി ചാനല്‍ എം ഡി ജോണ്‍ ബ്രിട്ടാസ് രാജിവച്ചതിനു പിന്നില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണെന്ന് സൂചന. ബ്രിട്ടാസിനെ തെറിപ്പിക്കാന്‍ വി എസ് നടത്തിയ കളികള്‍ ഫലം കാണുകയായിരുന്നുവത്രെ. തെരഞ്ഞെടുപ്പിന് മുമ്പ് കൈരളി ചാനല്‍ തനിക്കെതിരെ നടത്തിയ ഒളിയുദ്ധങ്ങളില്‍ പ്രകോപിതനായി വി എസ് നീക്കങ്ങളാരംഭിക്കുകയായിരുന്നു.

ജോണ്‍ ബ്രിട്ടാസ് പിണറായി പക്ഷക്കാരനാണെന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടാസിന്‍റെ രാജി അംഗീകരിച്ചിരിക്കുന്നത് പിണറായിക്ക് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ട്ടി സെക്രട്ടേറിയറ്റ് ആണെന്നതാണ് കൌതുകം. പിണറായിക്കുപോലും സംരക്ഷിച്ചു നിര്‍ത്താനാകാത്ത വിധത്തില്‍ കൃത്യമായ കളികളാണ് വി എസ് നടത്തിയതെന്നാണ് സൂചന.

സി പി എമ്മിന്‍റെ കേന്ദ്ര നേതൃത്വത്തിലെ ഒരു പ്രമുഖനാണ് ഇക്കാര്യത്തില്‍ വി എസിനെ സഹായിച്ചതെന്നറിയുന്നു. ഇദ്ദേഹത്തിന്‍റെ സമ്മര്‍ദ്ദമാണ് ബ്രിട്ടാസിനെ കൈവിടാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫാരിസ് അബൂബക്കറിന്‍റെ വിവാദ അഭിമുഖം വന്നത് മുതല്‍ ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായിരുന്നു. എന്നാല്‍ കൈരളിയെ വന്‍ ലാഭത്തിലേക്ക് നയിച്ച എം ഡിയെ മാറ്റുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഇപ്പോള്‍ തക്കം കിട്ടിയപ്പോള്‍ വി എസ് ചരടുവലിക്കുകയായിരുന്നു. ബ്രിട്ടാസിന് പകരക്കാരനെ കണ്ടെത്താനുള്ള ചുമതല പിണറായി വിജയനെ ഏല്‍പ്പിച്ചിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം. ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടിയുമായി ആലോചിച്ച് പിണറായി ഉടന്‍ തന്നെ പുതിയ എം ഡിയെ തീരുമാനിക്കുമെന്നാണ് സൂചന.

No comments:

Post a Comment

Note: Only a member of this blog may post a comment.