Thursday, May 26, 2011

എന്‍ഡോസള്‍ഫാന്‍; വരുന്നു കേന്ദ്രനടപടി


നാളുകളായി ദുരിതങ്ങളുടെ വറചട്ടിയില്‍ വെന്തുരുകുകയായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രത്യാശയുടെ കുളിര്‍തെന്നലായി കേന്ദ്രനടപടിയെത്തുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിച്ചവര്‍ക്കുളള പരിഹാര നടപടികള്‍ രണ്ട് മാസത്തിനകം എടുക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) ഡയറക്ടര്‍ ജനറലും, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയുമായ ഡോ. വിശ്വമോഹന്‍ കട്ടോച്ച് പറഞ്ഞു.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്‌നങ്ങള്‍ വിലയിരുത്താനും, പരിഹാരം കണ്ടെത്താനും ദില്ലിയില്‍ നിന്നും വന്ന ഐസിഎംആര്‍ സംഘം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദേ്യാഗസ്ഥരുമായി ചര്‍ച്ച നടത്തി. എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തിയിട്ടുളള കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദഗ്ധരുമായി ഇന്നലെ ചര്‍ച്ച നടത്തിയ പത്തംഗ സംഘം കാസര്‍കോട്ടെത്തുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുളള ഇടക്കാല റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്ന് കട്ടോച്ച് പറഞ്ഞു. രണ്ട് മാസം കഴിഞ്ഞ ഉടനെ ജൂലൈ അവസാനം വീണ്ടും കാസര്‍കോട് സന്ദര്‍ശിച്ചു അനന്തര നടപടികള്‍  സ്വീകരിക്കുന്നതാണ്. എന്‍ഡോസള്‍ഫാന്‍ ബാധിച്ച ജില്ലയിലെ ജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റും. എന്‍ഡോസള്‍ഫാന്‍ ബാധിച്ച പ്രദേശമെന്ന കളങ്കം ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള നടപടി സ്വീകരിക്കും.
 
എന്‍ഡോസള്‍ഫാന്‍ തളിക്കല്‍ നിര്‍ത്തിയതിന് ശേഷം ഈ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതായി കട്ടോച്ച് പറഞ്ഞു. അംഗവൈകല്യം, ബുദ്ധിമാന്ദ്യം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ ജനനം കുറഞ്ഞുവരുന്നു. രോഗം ബാധിച്ച വ്യത്യസ്ത പ്രായക്കാരുടെ വിവരങ്ങള്‍ പ്രതേ്യകമായി എടുത്തു ആഴത്തില്‍ പഠന വിധേയമാക്കേണ്ടതുണ്ട്. എന്‍ഡോസള്‍ഫാന്‍ മൂലമല്ലെന്ന് കണക്കാക്കുന്ന മറ്റു രോഗങ്ങളുടെ കാരണങ്ങളെ കുറിച്ചും പഠനം ആവശ്യമാണ്. എന്നാല്‍ രോഗം ബാധിച്ചവരുടെ കുടുംബത്തിലെ സ്വകാര്യത നഷ്ടപ്പെടാതെ തന്നെ അവരുടെ രോഗകാരണങ്ങള്‍ കണ്ടെത്തും. ജനങ്ങളെ പേടിപ്പെടുത്തുന്ന പഠനങ്ങളല്ല ഇനി വേണ്ടത്. അവര്‍ക്ക് ധൈര്യമാണ് നല്‍കേണ്ടത്. ജില്ലയിലെ ജനങ്ങളിലുളള ജനിതക പ്രശ്‌നങ്ങളെ കുറിച്ചു പഠനം നടത്തി മോണിറ്ററിംഗ് നടത്തും. കൃഷി സംരക്ഷണത്തിന് മാരക കീടനാശിനിക്ക് പകരം പ്രകൃതി സ്‌നേഹിയായ പോംവഴികള്‍ കണ്ടെത്തണം. എന്‍ഡോസള്‍ഫാന്‍ ഇന്ത്യയിലെ മറ്റു അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി നിരോധിച്ചത് സംബന്ധിച്ച സമഗ്ര പഠനം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും. ഈ സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കൂടാതെ മറ്റു മാരക കീടനാശിനികള്‍ ഉപയോഗിക്കുന്നതും പഠന വിധേയമാക്കും.  
 
കമ്മിറ്റിയില്‍ ലക്‌നൗവിലെ ബയോടെക് പാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. പി കെ സേത്, മുംബൈയിലെ ഡോ. പി എസ് ചൗഹാന്‍, ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫാര്‍മക്കോളജി തലവന്‍ ഡോ. വൈ കെ ഗുപ്ത, അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓക്യുപേഷണല്‍ ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. പി കെ നാഗ്, കേന്ദ്രകൃഷിമന്ത്രാലയം കമ്മീഷണര്‍ ഡോ. ഗുരുണചന്‍ സിംഗ്, അഹമ്മദാബാദിലെ ഡോ. എച്ച് എന്‍ സയ്യദ്, ബാംഗ്ലൂര്‍ രാമയ്യ സ്മാരക ആശുപത്രി കുട്ടികളുടെ വിഭാഗം തലവന്‍ ഡോ. ലെഫ്റ്റനന്റ് കേണല്‍ എ ടി കെ റാവ്, ഐ സി എം ആര്‍ പ്രതിനിധികളായ ഡോ. ബേലാഷാ, ഡോ. ആര്‍ എസ് ധാലിവാല്‍, തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ്, ഡെപ്യൂട്ടി കളക്ടര്‍ എന്‍ ടി മാത്യു എന്നിവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോസ് ജി ഡിക്രൂസ്, ഡോ. മുഹമ്മദ് അഷീല്‍, ഡോ. മോഹന്‍കുമാര്‍, പ്രൊഫ. എം എ റഹ്മാന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. വെങ്കടഗിരി, ജില്ലയിലെ വിവിധ മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ എന്‍ഡോസള്‍ഫാന്‍ രോഗം സംബന്ധിച്ച പഠനങ്ങള്‍ അവതരിപ്പിച്ചു.                 

No comments:

Post a Comment

Note: Only a member of this blog may post a comment.