Sunday, May 22, 2011

കൈത്താങ്ങ് പ്രതീക്ഷിച്ച്...

ഇടതു ഭരണത്തിന്‍റെ അവസാന വര്‍ഷം കൊട്ടിഘോഷിച്ചു തറക്കല്ലിട്ട വ്യവസായ പദ്ധതികള്‍ പലതും എവിടെയുമെത്തിയില്ല. വ്യവസായരംഗത്ത് സംസ്ഥാനം കുതിച്ചുചാട്ടമുണ്ടാക്കിയെന്ന് വ്യവസായമന്ത്രി എളമരം കരീം പ്രഖ്യാപിക്കുകയും നേട്ടമായി എടുത്തുകാട്ടുകയും ചെയ്ത പദ്ധതികള്‍ പലതും ഇപ്പോഴും തറക്കല്ലില്‍ കിടക്കുകയാണ്. പദ്ധതിക്കു സ്ഥലം പോലും ലഭിക്കുന്നതിനു മുമ്പേ തറക്കല്ലിടല്‍ മാമാങ്കം നടന്ന പദ്ധതികള്‍ പലത്. അവയിലൊന്നാണു ഗ്രാമീണ സ്ത്രീകള്‍ക്കു തൊഴിലും അതുവഴി സാമൂഹിക സമത്വവും ഉറക്കാപ്പാക്കാനായി കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കാനുദ്ദേശിച്ച ഗ്രാമീണ പാര്‍ക്ക് നിര്‍മാണ പദ്ധതി.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കടുത്ത കാരശേരി, മലപ്പുറം ജില്ലയിലെ പൊന്നാനി, തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ഇടുക്കി ജില്ലയിലെ രാജകുമാരി എന്നിവിടങ്ങളിലാണ് കിന്‍ഫ്ര ഗ്രാമീണ വസ്ത്രപാര്‍ക്ക് തുടങ്ങാന്‍ തീരുമാനിച്ചത് . ഇതില്‍ ഇടുക്കി ജില്ലയിലെ രാജകുമാരിയില്‍ മാത്രമാണ് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായി കെട്ടിട നിര്‍മാണം തുടങ്ങിയത്. മറ്റെല്ലായിടത്തും പദ്ധതി തറക്കല്ലില്‍ ഒതുങ്ങിക്കിടക്കുകയാണ്. 25 കോടി രൂപ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത മാര്‍ച്ചിനകം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയില്ലെങ്കില്‍ ഫണ്ട് ലാപ്സാകും.

കോഴിക്കോടു ജില്ലയില്‍ തിരുവമ്പാടിക്കടുത്ത കാരശേരി പഞ്ചായത്തിലെ നോര്‍ത്ത് കാരശേരിയിലാണ് ഉദ്ദിഷ്ട വസ്ത്രപാര്‍ക്ക്. 2010 ഓഗസ്റ്റ് മൂന്നിനു വ്യവസായ മന്ത്രി എളമരം കരീം ്അതിനു തറക്കല്ലിട്ടു. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പാര്‍ക്കിനു മൂന്ന് ഏക്കര്‍ സ്ഥലമാണു വേണ്ടത്. ഈ സ്ഥലം കാരശേരി പഞ്ചായത്ത് കണ്ടെത്തി ഏറ്റെടുത്ത് കിന്‍ഫ്രയ്ക്കു കൈമാറണമെന്നാണു വ്യവസ്ഥ. എന്നാല്‍ സ്ഥലം കണ്ടെത്താനോ ഏറ്റെടുക്കാനോ ഉള്ള നടപടികളായിട്ടില്ല. സാധാരണ സ്ഥലമേറ്റെടുപ്പും മറ്റു നടപടി ക്രമങ്ങളും പൂര്‍ത്തിയായ ശേഷമാണ് പദ്ധതി പ്രഖ്യാപനവും തറക്കല്ലിടല്‍ ചടങ്ങുമൊക്കെ നടക്കുക. എന്നാല്‍ ഇവിടെ അങ്ങനെയായിരുന്നില്ല.

തൊഴില്‍ രഹിതര്‍ക്കു പരിശീലനം നല്‍കുക, ഇതുവഴി അവര്‍ക്ക് തൊഴിലില്‍ ഏര്‍പ്പെടാന്‍ സൗകര്യമുണ്ടാക്കുക, ഇതിന്‍റെ ഭാഗമായി സാമൂഹികമായ മാറ്റം പഞ്ചായത്തില്‍ ഉണ്ടാക്കുക തുടങ്ങിയവയായിരുന്നു ഉദ്ഘാടന വേളയില്‍ പദ്ധതിയുടെ പ്രയോജനങ്ങളായി വിശേഷിപ്പിക്കപ്പെട്ടത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ 300 പേര്‍ക്ക് പ്രത്യക്ഷമായും 700 പേര്‍ക്കു പരോക്ഷമായും തൊഴില്‍ ലഭിക്കും. 1200 പേര്‍ക്ക് ഒരു ഗ്രാമത്തില്‍ ഒരൊറ്റ വ്യവസായപദ്ധതിക്കു കീഴില്‍ തൊഴില്‍ ലഭിക്കുകയെന്നതു വന്‍കാര്യമാണ്. അതുകൊണ്ടു തന്നെ വസ്ത്രപാര്‍ക്കുകളെ ഏറെ പ്രതീക്ഷയോടെയാണു ഗ്രാമീണ ജനത കണ്ടത്. എന്നാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്ന കാര്യത്തില്‍ വ്യവ്യസായ വകുപ്പും സര്‍ക്കാരും കിന്‍ഫ്ര്രയും വേണ്ടത്ര ശുഷ്കാന്തി കാണിച്ചില്ല. പദ്ധതികളുടെ എണ്ണം പെരുപ്പിച്ചു കാട്ടാനുള്ള തറക്കില്ലിടല്‍ മാത്രം നടന്നു.

ഗ്രാമീണജനതയുടെ വന്‍പ്രതീക്ഷ യാഥാര്‍ഥ്യമാക്കാനുള്ള ഉത്തരവാദിത്വം ഇനി കേരളത്തില്‍ പുതുതായി അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിനാണ്. ഒരിടത്ത് 1200 പേര്‍ക്ക് തൊഴിലവസരമെന്ന രീതിയില്‍ നാല് വസ്ത്രപാര്‍ക്കുകള്‍ ഒരുങ്ങുമ്പോള്‍ 4800 ഗ്രാമീണ സ്ത്രീകള്‍ക്കാണു ജീവിതത്തെയാകെ സ്വാധീനിക്കുന്ന വിധത്തില്‍ തൊഴിലവസരം കൈവരുക. തുടക്കമിട്ടത് ഇടതു സര്‍ക്കാരാണെന്ന വിവേചനം പുതിയ സര്‍ക്കാരിനെ തീണ്ടരുതെന്നു മാത്രം. കഴിഞ്ഞ സര്‍ക്കാരിന്‍റെ ഉദാസീനതയ്ക്കുള്ള മറുപടി ആയിരക്കണക്കിനു ഗ്രാമീണകുടുംബങ്ങള്‍ക്കുള്ള സഹായമായിരിക്കും.

പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തു നല്‍കുന്നതിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ക്രിയാത്മകമായ ചര്‍ച്ച വേണം. വികസനത്തിന്‍റെ കാര്യത്തില്‍ രാഷ്ട്രീയം വലിച്ചിഴയ്ക്കരുതെന്ന കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്‍റണിയുടെ നിലപാട് യാഥാര്‍ഥ്യമാകുമെന്നു പ്രതീക്ഷിക്കുക. ലോകത്തിലെ ഏറ്റവും വലിയ ടെക്സ്റ്റൈല്‍ വ്യവസായം ഇന്ത്യയിലേതാണ്. 

രാജ്യത്തിന്‍റെ കയറ്റുമതിയില്‍ 27ശതമാനത്തോളം ടെക്സറ്റൈല്‍ ഉത്പന്നങ്ങളാണ്. മൂന്നരക്കോടി തൊഴില്‍ അവസരങ്ങളാണ് ടെക്സ്റ്റൈല്‍ മേഖല പ്രദാനം ചെയ്യുന്നത്. വസ്ത്രങ്ങള്‍ക്ക് പേരുകേട്ട നാടാണ് കേരളം. കൈത്തറിമേഖലയില്‍ മികവുറ്റ പാരമ്പര്യം നമുക്കുണ്ട്. കണ്ണൂര്‍ മേഖലയിലെ ഏതാനും സഹകരണ സംഘങ്ങള്‍ സജീവമാണെന്നതൊഴിച്ചാല്‍ വേണ്ടത്ര പ്രോത്സാഹനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പരമ്പരാഗത നെയ്ത്തുതൊഴിലാളികള്‍ മറ്റു മേഖലകള്‍ തേടുന്ന സ്ഥിതിയാണ് ഇന്നു സംസ്ഥാനത്തുള്ളത്. കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന വസ്ത്രപാര്‍ക്കുകള്‍ യാഥാര്‍ഥ്യമായാല്‍ ഇവിടെ ഉത്പാദിപ്പിക്കുന്ന കൈത്തറി തുണിത്തരങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുകയും ആശ്വാസകരമായ വില ലഭിക്കുകയും ചെയ്യും. ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് കൂട്ടമായി തൊഴില്‍ ലഭ്യമാക്കുക എന്നതിനോടൊപ്പം തന്നെ കേരളത്തില്‍ കൈത്തറി മേഖലയ്ക്കു ഒരു കൈത്താങ്ങുകൂടിയാവും കിന്‍ഫ്ര ഗ്രാമീണ വസ്ത്ര പാര്‍ക്കുകള്‍.

No comments:

Post a Comment

Note: Only a member of this blog may post a comment.