Sunday, May 22, 2011

മെട്രൊ റെയ്ല്‍: അടഞ്ഞ വഴിയില്‍ പച്ചവെളിച്ചം

കൊച്ചി മെട്രൊ റെയ്ലിന്‍റെ ഭാവിയെന്ത് ? തീര്‍ത്തും ശോഭനമെന്നു പുതിയ സര്‍ക്കാറിന്‍റെ തലവന്‍ ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരിക്കുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടി, കേരളത്തിന്‍റെ ഈ സ്വപ്ന പദ്ധതിയെക്കുറിച്ചു പ്രധാനമന്ത്രിയുമായി സംസാരിച്ചു. പൊതുമേഖലയില്‍ത്തന്നെ പദ്ധതി നടപ്പാക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ വാശി പിടിക്കില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം.

സ്വകാര്യ മേഖലയെക്കൂടി പങ്കാളികളാക്കി ഇതു യാഥാര്‍ഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നും രാജ്യതലസ്ഥാനത്തുവച്ച് മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ഏഴു വര്‍ഷമായി മുടങ്ങിക്കിടന്ന മെട്രൊ പദ്ധതിക്കു ലഭിച്ച പുതുജീവനാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന കേന്ദ്ര നിലപാടിനോടു യോജിക്കുകയും ചെയ്യും പുതിയ സര്‍ക്കാരിന്‍റെ ഈ നിലപാട്.

കേരളം ഇന്നേവരെ തയാറാക്കിയിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ ഗതാഗത പദ്ധതിയാണു കൊച്ചിയിലെ നിര്‍ദിഷ്ട മെട്രൊ റെയ്ല്‍. ആലുവയില്‍നിന്നു കൊച്ചി നഗരമധ്യത്തിലൂടെ തൃപ്പൂണിത്തുറയ്ക്കടുത്തു പേട്ടവരെ ചെന്നെത്തുന്ന 26 കിലോമീറ്റര്‍ അത്യാധുനിക റെയ്ല്‍പ്പാതയ്ക്കു ചെലവ് 5,000 കോടി. 2004ല്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇതിന്‍റെ പ്രാരംഭ പദ്ധതി രേഖ തയാറാക്കുമ്പോള്‍ 2,000 കോടി രൂപയാണു ചെലവു പ്രതീക്ഷിച്ചിരുന്നത്. ഏഴു വര്‍ഷത്തിനിപ്പുറം പ്രതീക്ഷിത ചെലവ് ഇരട്ടിയിലുമേറെയായ ഇത് ഇനി നീട്ടിക്കൊണ്ടുപോയാല്‍ ഒരുപക്ഷേ സംസ്ഥാനത്തിനു താങ്ങാവുന്നതിലുമേറെയാകുമെന്നും വിലയിരുത്തപ്പെടുന്നു. 

സ്വകാര്യ മേഖലയെക്കൂടി പങ്കാളിയാക്കി മെട്രൊ റെയ്ല്‍ യാഥാര്‍ഥ്യമാക്കുയെന്നതായിരുന്നു ആദ്യ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍റെ നയം. എന്നാല്‍, പിന്നീടുവന്ന ഇടതു സര്‍ക്കാര്‍ സ്വകാര്യ മേഖലയെന്ന ആശയം തിരുത്തി. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ, പൂര്‍ണമായി പൊതുമേഖലയില്‍ നിര്‍ത്തിയേ പദ്ധതി നടപ്പാക്കാവൂ എന്നു കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിന് കേന്ദ്ര നഗരാസൂത്രണ വകുപ്പും പ്ലാനിങ് കമ്മിഷനും ആദ്യം അംഗീകാരം നല്‍കിയതു വന്‍ നേട്ടമായാണു വി.എസ്. സര്‍ക്കാര്‍ കണ്ടത്. ധനമന്ത്രാലയത്തിന്‍റെ അംഗീകാരമെന്ന കടമ്പകൂടി കടന്നാല്‍, നിര്‍മാണച്ചെലവില്‍ സാധാരണക്കാരനു യാതൊരു ബാധ്യതയുമില്ലാതെ പദ്ധതി നടപ്പാക്കാം. എന്നാല്‍, ധനകാര്യ മന്ത്രാലയം ഈ ആശയത്തെ പൂര്‍ണമായി തള്ളി.

കൊച്ചി പോലെ ഒരു ചെറിയ നഗരത്തില്‍ മെട്രൊ റെയ്ല്‍ വേണ്ടെന്നായിരുന്നു ആദ്യ നിലപാട്. പത്തു ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമേ മെട്രൊയായി കണക്കാക്കാനാവൂ. കൊച്ചിയില്‍ അത്രയും പേരില്ല. മെട്രൊ റെയ്ല്‍ അത്യാവശ്യമായ സാഹചര്യവും ഇവിടെയില്ലെന്നു ധനമന്ത്രാലയം വിധിച്ചു. മെട്രൊ വേണമെങ്കില്‍ത്തന്നെ അതു സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തത്തിലേ നടപ്പാക്കാനാവൂ എന്നും അറിയിച്ചു. കൊച്ചി കോര്‍പ്പറേഷനെയും അതിന്‍റെ സമീപ മുനിസിപ്പാലിറ്റികളെയും ചേര്‍ത്തു തയാറാക്കിയ വിശദമായ നഗരാസൂത്രണ പദ്ധതിയുടെകൂടി പിന്‍ബലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. എന്നാല്‍, ധനമന്ത്രാലയം നിലപാടില്‍നിന്നു പിന്നാക്കം പോയില്ല. ഏറ്റവുമൊടുവില്‍ ഈ വര്‍ഷം വീണ്ടും കേന്ദ്ര പ്ലാനിങ് കമ്മിഷന്‍ കൊച്ചി മെട്രൊയുടെ പുതുക്കിയ എസ്റ്റിമേറ്റ് പരിശോധിച്ച്, പൊതുമേഖലയില്‍ മാത്രമെന്ന നിലപാട് ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കി. ഇതോടെ കൊച്ചിക്കു മെട്രൊയ്ക്കു മുന്നിലുണ്ടായിരുന്ന എല്ലാ വഴികളും അടഞ്ഞു. 

അതിനിടെ, മെട്രൊ പദ്ധതി വരുന്നതിനുമുന്നോടിയായി ഒരുക്കേണ്ട അടിസ്ഥാന സൗകര്യ വികസനത്തിനു രണ്ടു ബജറ്റുകളിലായി കേരളം അനുവദിച്ച 158 കോടിയോളം രൂപ ഉപയോഗിച്ചുള്ള നിര്‍മാണ ജോലികള്‍ ഇവിടെ തുടങ്ങിക്കഴിഞ്ഞു. അനുമതിയില്ലാതെ, എന്തിന് മെട്രൊയുടെ പേരില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നുവെന്ന ചോദ്യം ഉയരുന്നതിനിടെയാണു മെട്രൊ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാമെന്ന പ്രഖ്യാപനവുമായി പുതിയ സര്‍ക്കാരെത്തുന്നത്.

എന്നാല്‍, സ്വകാര്യ പങ്കാളിത്തത്തോടെ മെട്രൊ കേരളത്തില്‍ നടപ്പാക്കുന്നിതിന് ഏറെ വെല്ലുവിളികള്‍ സംസ്ഥാന സര്‍ക്കാര്‍ മറികടക്കേണ്ടതുണ്ട്. ഒന്നാമത്തേതു സംരംഭകനെ കണ്ടെത്തണം. ഹൈദരാബാദില്‍ മാത്രമാണ് രാജ്യത്ത് സ്വകാര്യ പങ്കാളിത്തത്തോടെ മെട്രൊ പദ്ധതിയുടെ നിര്‍മാണം നടക്കുന്നത്. ഇവിടെ കരാറെടുത്ത കമ്പനി സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുപോയതടക്കമുള്ള ഉദാഹരണങ്ങള്‍ക്കു മുന്നിലാണു കേരളം സംരംഭകനെ കണ്ടെത്തേണ്ടത്. കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന നിരവധി മാനദണ്ഡങ്ങള്‍ അംഗീകരിച്ചുമാത്രമേ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കാനും കഴിയൂ. സ്വകാര്യ പങ്കാളിത്തമുണ്ടെങ്കിലും കേന്ദ്ര സഹായമില്ലാതെ പൊതുമേഖലാ വിഹിതം പൂര്‍ത്തിയാക്കാനാവില്ല. ഇതിനു ധനമന്ത്രാലയത്തിന്‍റെ കനിവുണ്ടാകണം. 5,000 കോടി രൂപ പദ്ധതിച്ചെലവു പ്രതീക്ഷിക്കുന്നതിനാല്‍ വലിയൊരു തുക കേരളത്തിനുവേണ്ടി കേന്ദ്രം നീക്കിവയ്ക്കേണ്ടിവരും.

പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ചെന്നൈ, ബംഗളൂരു മാതൃകയില്‍ കൊച്ചി മെട്രൊയും നടപ്പാക്കുന്ന കാര്യമാണു സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതു സ്വകാര്യ - പൊതുമേഖലാ പങ്കാളിത്തത്തിലാണെങ്കിലും വലിയ കേന്ദ്രഫണ്ടും അവര്‍ക്കു ലഭിച്ചിട്ടുണ്ട്. 8,000 കോടി രൂപ ചെലവു വരുന്ന ബംഗളുരു മെട്രൊയില്‍ 1223 കോടി രൂപ കേന്ദ്രഫണ്ടാണ്. ഈ മാതൃക കേരളത്തില്‍ പരീക്ഷിക്കുന്നതിനും കേന്ദ്രത്തിന്‍റെ അനുമതി വേണം. സ്വകാര്യ പങ്കാളിത്തത്തോടെ മെട്രൊ വന്നാല്‍, ഇതിന്‍റെ ചെലവു സാധാരണക്കാരനു താങ്ങാവുന്നതിലുമേറെയാകുമെന്നും അഭിപ്രായമുയരുന്നുണ്ട്. ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലേതിനെക്കാള്‍ സാമ്പത്തികമായി പിന്നിലാണു കൊച്ചിയിലെ ജീവിതനിവാരം. ഈ സാഹചര്യത്തില്‍ വന്‍ യാത്രക്കൂലി ഏര്‍പ്പെടുത്തുന്നതു പരാജയമാകുമെന്നും വിലയിരുത്തപ്പെടുന്നു.

എന്തായാലും പൂര്‍ണ പൊതുപങ്കാളിത്തം എന്ന കര്‍ശന നിലപാടില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്നാക്കം പോന്നിരിക്കുന്നതു പദ്ധതിയുടെ മുന്നോട്ടുപോക്കു സംബന്ധിച്ചു ഗുണകരമാണ്. എളുപ്പത്തില്‍ കേന്ദ്രാനുമതി നേടിയെടുക്കാന്‍ സര്‍ക്കാറിന്‍റെ ഈ നിലപാടിനു കഴിഞ്ഞേക്കും. പക്ഷേ, ഇതോടൊപ്പം മറ്റു മെട്രൊ നഗരങ്ങള്‍ക്കു ലഭിച്ചതുപോലുള്ള കേന്ദ്ര സഹായം നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലാണു മെട്രൊ റെയ്ല്‍ ഭാവിയിലൊരു ബാധ്യതയായിത്തീര്‍ന്നേക്കുക. ഉപയോഗച്ചെലവ് അധികമല്ലാതെ, സാധാരണക്കാരനുപോലും ഉപയോഗിക്കാന്‍തക്ക മെട്രൊ റെയ്ലാണു മലയാളി സ്വപ്നംകാണുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.