Tuesday, May 31, 2011

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്



വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. കേന്ദ്ര-പരിസ്ഥിതി മന്ത്രാലയവും ഷിപ്പിംഗ് മന്ത്രാലവും പദ്ധതിക്കു അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചതോടെ ഇനി ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തിലാകും.
മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡല്‍ഹിയില്‍ എത്തിയ ഉമ്മന്‍ചാണ്ടി വിഴിഞ്ഞം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി എത്രയും വേഗം നല്‍കണമെന്നു ആവശ്യപ്പെട്ടു കേന്ദ്രപരിസ്ഥിതി മന്ത്രി ജയറാം രമേശിനെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയം ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിച്ചു. പരിസ്ഥിതി അനുമതിക്കായി കേരളം നല്‍കേണ്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ക്കു ഇന്നലെ മന്ത്രാലയ ആസ്ഥാനത്തു ചേര്‍ന്ന ഉന്നതതല സമിതി അംഗീകാരം നല്‍കി. അജണ്ടയ്ക്കു പുറത്തുനിന്നും ഉള്‍പ്പെടുത്തിയാണ് ഇന്നലത്തെ യോഗത്തില്‍ വിഴിഞ്ഞം പദ്ധതി ഉള്‍പ്പെടുത്തിയത്. പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് ചില ആശങ്കകള്‍ക്കു മറുപടി നല്‍കാന്‍ മന്ത്രാലയം കേരളത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു മറുപടി നല്‍കിയാല്‍ ഉടന്‍ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും അനുകൂലനടപടിയുണ്ടാകും. ജൂണ്‍ 13ന് കേന്ദ്രപരിസ്ഥിതി മന്ത്രി ജയറാം രമേശ് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ വച്ച് തന്നെ പ്രഖ്യാപനമുണ്ടാകാനും ഇടയുണ്ടു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രത്യേക ചുമതലയുള്ള സെക്രട്ടറി മനോജ് ജോഷിയാണ് ഇന്നലെ കേരളത്തിനു വേണ്ടി സമിതി മുമ്പാകെ ഹാജരായതു.

ഇതിനിടെ, വിഴിഞ്ഞം പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് കേന്ദ്രഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എത്രയും വേഗം നിക്ഷേപത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം ഒരുക്കമാണെന്ന് ഷിപ്പിംഗ് മന്ത്രാലയ സെക്രട്ടറി കെ.മോഹന്‍ ദാസ് അറിയിച്ചു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും സുരക്ഷാ അനുമതിയും ലഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യമെങ്കില്‍ ഷിപ്പിംഗ് മന്ത്രാലയം ഇടപെടും. റയില്‍ റോഡു വികസനത്തിനും സഹായിക്കും. അനുമതി ലഭിച്ചാല്‍ രണ്ടു വര്‍ഷത്തിനകം തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നും മോഹന്‍ ദാസ് പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.