Tuesday, May 10, 2011

യു.ഡി.എഫ് വിജയമെന്ന് ഏഷ്യാനെറ്റ് പോസ്റ്റ് പോള്‍ സര്‍വെ

72 നും 82 നും മദ്ധ്യേ സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ഏഷ്യാനെറ്റ് ടി.വി.-സി ഫോര്‍ സംയുക്തമായി നടത്തിയ പോസ്റ്റ് പോള്‍ സര്‍വെ പ്രവചിക്കുന്നു. 44 ശതമാനം വോട്ടുകളാണ് യു.ഡി.എഫ് നേടുക, എല്‍.ഡി.എഫ് 43 ഉം. 

യു.ഡി.എഫ് വോട്ടുകളില്‍ ഒരു ശതമാനം വര്‍ദ്ധനയാണ് കാണാനായത്. എല്‍.ഡി.എഫ് വോട്ട് ആറുശതമാനം കുറഞ്ഞാണ് 43 ല്‍ എത്തിയത്. അമ്പത്തെട്ടിനും അറുപത്തെട്ടിനും ഇടയിലാകും എല്‍.ഡി.എഫിന്റെ സീറ്റ്. കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ചുശതമാനം വോട്ട് കൂടുതല്‍ നേടിയ ബി.ജെ.പിക്ക് രണ്ട് സീറ്റ് ലഭിച്ചേക്കാമെന്നും സര്‍വെ കണ്ടു. 

കൂടുതല്‍ പേര്‍ യു.ഡി.എഫിന് വോട്ട് ചെയ്തതായാണ് നിഗമനമെങ്കിലും കൂടുതല്‍ പേര്‍ വി.എസ്. മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമാണ് പ്രകടിപ്പിച്ചത്. 40 ശതമാനം വോട്ട് വി.എസ്സിന് കിട്ടിയപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയത് 37 ശതമാനമാണ്. എന്നാല്‍ രമേശ് ചെന്നിത്തല പതിനെട്ട് ശതമാനത്തിന്റെ പിന്തുണ നേടിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണനെ പിന്തുണക്കുന്ന അഞ്ചുപേരുമുണ്ട്. 

ആര് ജയിക്കുമെന്ന ചോദ്യത്തിന് 62 ശതമാനമാളുകള്‍ യു.ഡി.എഫ് എന്ന മറുപടിയാണ് നല്‍കിയത്. 33 ശതമാനമേ എല്‍.ഡി.എഫ് വിജയം പ്രതീക്ഷിക്കുന്നുള്ളൂ.

തെക്കന്‍ കേരളത്തില്‍ നിന്നും മധ്യകേരളത്തില്‍ നിന്നുമാണ് യു.ഡി.എഫിന് കൂടുതല്‍ സീറ്റ് കിട്ടുക. ഇടതിന് മലബാറില്‍ നിന്നും. യു.ഡി.എഫിന് മലബാറില്‍ നിന്ന് 12-16 സീറ്റുകളും മധ്യകേരളത്തില്‍നിന്ന് 34-37 സീറ്റുകളും തിരുവിതാംകൂര്‍ ഭാഗത്ത് നിന്ന് 26-19 സീറ്റുകളും കിട്ടാനാണിട. എല്‍.ഡി.എഫിനാകട്ടെ മലബാറില്‍ നിന്ന് 33-37 സീറ്റുകളും മധ്യകേരളത്തില്‍നിന്ന് 7-10 സീറ്റുകളും തിരുവിതാംകൂര്‍ ഭാഗത്ത് നിന്ന് 18-20 സീറ്റുകളാണ് എക്‌സിറ്റ് പോള്‍ പ്രകാരം കിട്ടുക. 

ഏഷ്യാനെറ്റ് ചാനല്‍ സെന്റര്‍ ഫോര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ചുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ സര്‍വെയില്‍ 40 മണ്ഡലങ്ങളിലെ 6211 വോട്ടര്‍മാരുടെ അഭിപ്രായമാണ് തേടിയത്. റാന്‍ഡം സര്‍വെ വ്യവസ്ഥകളുനസരിച്ചാണ് മണ്ഡലങ്ങളെയും വോട്ടര്‍മാരെയും നിശ്ചയിച്ചത്. ഏപ്രില്‍ 14 നും 20 നും ഇടയിലാണ് സര്‍വെ നടത്തിയത്

No comments:

Post a Comment

Note: Only a member of this blog may post a comment.