Friday, May 20, 2011

വി .എസ് ഗ്രൂപ്പിന്റെ നീക്കത്തിന് പിണറായിപക്ഷം തടയിട്ടു



പാര്‍ട്ടിയില്‍ ആധിപത്യം നേടുന്നുവെന്ന തോന്നലില്‍ പാര്‍ട്ടി മുഖപത്രത്തിന്റെ കൂടി നിയന്ത്രണം പിടിച്ചെടുക്കാന്‍ വി എസ് ഗ്രൂപ്പ് നടത്തിയ നീക്കത്തെ മുളയിലേനുള്ളിക്കളഞ്ഞ് ഔദ്യോഗികപക്ഷം ഒരിക്കല്‍കൂടി കരുത്തു തെളിയിച്ചു.
ദേശാഭിമാനിയുടെ പ്രധാന ബ്യൂറോകളുടെ നിയന്ത്രണം കയിലൊതുക്കാനുള്ള വി എസ് ഗ്രൂപ്പിന്റെ രഹസ്യ അജണ്ടയാണ് ഔദ്യോഗികപക്ഷം തകര്‍ത്തത്. സംസ്ഥാന ഭരണം തന്നെ ഇടതുമുന്നണിക്ക് നഷ്ടപ്പെടാന്‍ വഴിവെച്ചത് കണ്ണൂരിലെ ഔദ്യോഗികപക്ഷത്തിന്റെ ബോധപൂര്‍വമായ വീഴ്ചയാണെന്നും ഇവിടെ പാര്‍ട്ടി മുഖപത്രത്തിന്റെ പ്രവര്‍ത്തനം വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. പാര്‍ട്ടിസഖാക്കളെ വേണ്ടരീതിയില്‍ ബോധവത്കരിക്കാന്‍ കണ്ണൂരില്‍ ദേശാഭിമാനിയുടെ ഭാഗത്തു നിന്ന് ശ്രമമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിഎസ് ഗ്രൂപ്പിലെ പ്രമുഖനായ കെ ബാലകൃഷ്ണനെ കണ്ണൂരിലേക്ക് കൊണ്ടുവരാന്‍ നീക്കം നടന്നത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായിരുന്നു കണ്ണൂര്‍ സ്വദേശിയായ ബാലകൃഷ്ണന്‍. ബാലകൃഷ്ണന്‍ തയ്യാറാക്കി നല്‍കുന്ന പ്രസംഗങ്ങളാണ് അച്യുതാനന്ദന്‍ പ്രസംഗിക്കാറുള്ളത്. ഫാരിസ് അബൂബക്കറിനെതിരായ പരാമര്‍ശമടക്കം അച്യുതാനന്ദനിലൂടെ പുറത്തുവന്നതിനു പിന്നില്‍ കെ ബാലകൃഷ്ണനാണെന്ന് സൂചനയുണ്ടായിരുന്നു.
ബാലകൃഷ്ണന്‍ കണ്ണൂര്‍ ദേശാഭിമാനിയിലെത്തുന്നത് ഔദ്യോഗികപക്ഷത്തിന് അപകടമാണെന്ന് കരുതിയാണ് ഇതിന് തടയിടാന്‍ പിണറായി പക്ഷക്കാരനായ മനോഹരന്‍ മോറായിയെ തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ ബ്യൂറോ ചീഫായി മാറ്റി നിയമിച്ചത്. ഇവിടെ നിലവില്‍ പിണറായി ഗ്രൂപ്പുകാരനായ സുരേശന്‍ ബ്യൂറോ ചീഫായുണ്ടെങ്കിലും ഔദ്യോഗികപക്ഷത്തിന്റെ കരുത്ത് കൂട്ടാനാണത്രേ സുരേശനെ കൂടാതെ പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ മനോഹരന്‍ മോറായിയെ തിരുവനന്തപുരം ഫീച്ചര്‍ ഡെസ്‌കില്‍നിന്ന് നിയമിച്ചത്. ഇതോടെ വിഎസിന്റെ സ്വന്തക്കാരനായ കെ ബാലകൃഷ്ണന് കണ്ണൂരിലേക്കുള്ള വഴിയടഞ്ഞു. ദേശാഭിമാനിയില്‍നിന്ന് അവധിയെടുത്തിട്ടുള്ള ബാലകൃഷ്ണന്‍ അവധി റദ്ദാക്കി പാര്‍ട്ടി പത്രത്തില്‍ തന്നെ കയറാനൊരുങ്ങവേയാണ് പുതിയ നീക്കങ്ങള്‍ നടന്നത്. കണ്ണൂര്‍ ബ്യൂറോയില്‍ കോടിയേരി പക്ഷത്തിനാണ് സ്വാധീനമെന്ന സംശയം കൂടി പുതിയ നിയമനത്തിനു പിന്നിലുണ്ടെന്നാണ് സൂചന. കണ്ണൂരില്‍ ഔദ്യോഗികപക്ഷത്തെ ആശയസംഘര്‍ഷം പാര്‍ട്ടി മുഖപത്രത്തിലേക്കും പടര്‍ന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ പരസ്പര വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ് പത്രത്തിന്റെ തലപ്പത്തുള്ളവരും.
മറ്റൊരു വിഎസ് ഗ്രൂപ്പുകാരനായ ചന്ദ്രമോഹനനെ തിരുവനന്തപുരം സെന്‍ട്രല്‍ ഡസ്‌കില്‍ നിന്ന് തൃശൂരിലേക്ക് മാറ്റിയിട്ടുണ്ട്. ചന്ദ്രമോഹനന്‍ വിഎസ് ഗ്രൂപ്പിന് മേധാവിത്വമുള്ള കാസര്‍ഗോട്ടേക്ക് മാറാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികപക്ഷത്തിന് ക്ഷീണമുണ്ടാക്കുമെന്ന കണക്കുക്കൂട്ടലിലാണ് തൃശൂരിലേക്ക് മാറ്റിയത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള വി എസ് ഗ്രൂപ്പിന്റെ ശ്രമങ്ങളെ ശിഥിലമാക്കും വിധമാണ് പാര്‍ട്ടി മുഖപത്രത്തിലെ കൂട്ടസ്ഥലം മാറ്റം. തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ നടന്ന ഈ അഴിച്ചുപണി ദേശാഭിമാനിക്കകത്ത് ചര്‍ച്ചയായിരിക്കുകയാണ്. പാര്‍ട്ടി മുഖപത്രത്തിനകത്ത് ഔദ്യോഗികപക്ഷത്തോട് ആഭിമുഖ്യമുള്ള പലരും കൂറുമാറിയെന്ന തോന്നല്‍ പത്രത്തിന്റെ തലപ്പത്തുള്ളവരിലുണ്ട്. ഇതോടെയാണ് ഇവരുടെ നീക്കങ്ങളെ തകര്‍ത്തു കളയാന്‍ മുന്നറിയിപ്പില്ലാതെ അഴിച്ചുപണി നടത്തിയത്.

No comments:

Post a Comment

Note: Only a member of this blog may post a comment.