Tuesday, May 10, 2011

കണ്ണീരൊഴിയാതെ മമത

കാസര്‍കോട്: ആരോഗ്യമുള്ള ഒരു കുഞ്ഞിനെയെങ്കിലും കിട്ടണമേയെന്ന ആദൂര്‍ കൈത്തോട്ടിലെ നാരായണന്‍ - മമത ദമ്പതികളുടെ പ്രാര്‍ഥന ഇത്തവണയും വിഫലമായി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ട് മമത പ്രസവിച്ച നാലാമത്തെ കുഞ്ഞും എന്‍ഡോസള്‍ഫാന്റെ ഇരയായി. കൈകാലുകളില്ലാത്ത ഉടലില്‍ വലിയ തലയുമായി ജനിച്ച ആണ്‍കുഞ്ഞ് പ്രസവിച്ച ഉടനെ മരിച്ചു. വിഷമഴ പെയ്തിറങ്ങിയ ആദൂരില്‍ ജീവിക്കുന്ന മമതയുടെ എല്ലാ കുട്ടികളും വിഷഭീമന്റെ ഇരയാണ്. ഒമ്പതു വയസുള്ള മൂത്തമകന്‍ കൈകാലുകള്‍ ശോഷിച്ച് രോഗബാധിതനായി കിടപ്പാണ്. ആറു വയസുള്ള രണ്ടാമത്തെ മകന്റെയും വളര്‍ച്ച മുരടിച്ചു. മൂന്നാമത് ഇരട്ട പ്രസവിച്ചെങ്കിലും രണ്ടു കുട്ടികളും ഉടനെ മരിച്ചു. വാര്‍ധക്യത്തില്‍ തങ്ങള്‍ക്കും, വരള്‍ച്ച മുരടിച്ച സഹോദരങ്ങള്‍ക്കും താങ്ങായി ആരോഗ്യമുള്ള മറ്റൊരു കുഞ്ഞ് വേണമെന്ന മമതയുടെയും നാരായണന്റെയും ആഗ്രഹത്തിന്മേലാണ് ഇപ്പോള്‍ കരിനിഴല്‍ വീണത്. എന്‍ഡോസള്‍ഫാന്റെ വേട്ടയാടലിന് അവസാനമില്ലെന്നാണ് മമതയുടെ ഈ കണ്ണീര്‍ക്കഥയും ലോകത്തോട് പറയുന്നത്. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് വിവാദമായപ്പോള്‍ , പ്ലാന്റേഷന്‍കാര്‍ ബാക്കി വന്ന വിഷക്കുപ്പികള്‍ കുഴിച്ചിട്ട നെഞ്ചംപറമ്പിന്റെ തൊട്ടരികിലാണ് മമതയുടെ വീട്. വികലാംഗരായ കുഞ്ഞു പിറക്കുന്നതിനോടൊപ്പം ജനിക്കുമ്പോള്‍ തന്നെ കുഞ്ഞ് മരിക്കുന്ന പ്രവണതയും ഈ മേഖലയില്‍ പടരുകയാണ്. ഗര്‍ഭഛിദ്രവും വന്ധ്യതയും കൂടുന്നതായാണ് കണക്കുകള്‍ . നെഞ്ചംപറമ്പില്‍ അശാസ്ത്രീയമായി ഉപേക്ഷിച്ച എന്‍ഡോസള്‍ഫാന്‍ ആദൂരിലെ മണ്ണില്‍ ഭീകരമായി കലര്‍ന്നതായി  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടുത്തെ കുടിവെള്ളത്തിലും ഈ വിഷത്തിന്റെ അംശം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിരുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.