Wednesday, May 4, 2011

ബ്രിട്ടാസിന് സമ്മാനമായി ആഡംബരകാര്‍; 'കൈരളി'യില്‍ വിവാദം കൊഴുക്കുന്നു

സ്ഥാനമൊഴിഞ്ഞ കൈരളി ചാനല്‍ മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന് സ്ഥാപനത്തിന്റെ 12 ലക്ഷം രൂപ വിലവരുന്ന ആഡംബരകാര്‍ സമ്മാനം നല്‍കിയതിനെതിരെ ജീവനക്കാരുടെ യോഗത്തിലും സി.പി.എം. ബ്രാഞ്ച് യോഗത്തിലും രൂക്ഷവിമര്‍ശനം.

ആഗോള മാധ്യമകുത്തകയായ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ തലപ്പത്ത് നിയമിതനാവുന്ന ബ്രിട്ടാസിന് പാവപ്പെട്ടവരില്‍നിന്നും പിരിച്ചെടുത്ത ഓഹരിമൂലധനം ഉപയോഗിച്ച് വാങ്ങിയ കാര്‍ സമ്മാനമായി നല്‍കുന്നത് തൊഴിലാളിവര്‍ഗത്തെ വഞ്ചിക്കുന്നതിന് തുല്യമാണെന്നാണ് ബ്രാഞ്ച് യോഗത്തില്‍ വിലയിരുത്തലുണ്ടായത്.

തൊഴിലാളിവര്‍ഗ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ആവിഷ്‌കരിച്ച ചാനലിന്റെ തലപ്പത്തുള്ള ആളെ ആഗോള കുത്തകമാധ്യമത്തിന്റെ സുപ്രധാനസ്ഥാനത്തേക്ക് പാര്‍ട്ടിസെക്രട്ടറി തന്നെ ആനയിച്ചുകൊണ്ടുപോയതിന്റെ ഉദ്ദേശ്യമെന്താണെന്നും യോഗത്തില്‍ ചോദ്യമുയര്‍ന്നു. എന്നാല്‍ യോഗത്തില്‍ സംബന്ധിച്ച സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും കൈരളി ഡയറക്ടറുമായ എ.വിജയരാഘവന്‍ ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും പറഞ്ഞില്ല. 

സി.പി.എം. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത ജോണ്‍ ബ്രിട്ടാസിനുള്ള യാത്രയയപ്പ് യോഗത്തിന് മുമ്പാണ് ജീവനക്കാരുടെ യോഗവും ബ്രാഞ്ച് യോഗവും ചേര്‍ന്നത്.

കൈരളി വാര്‍ത്താവിഭാഗത്തിന്റെ തലവനായി ഇപ്പോള്‍ നിയമിക്കപ്പെട്ട എന്‍.പി. ചന്ദ്രശേഖരന്‍ നേരത്തേ അവതരിപ്പിച്ചിരുന്ന 'അഴിച്ചുപണി' എന്ന പരിപാടി നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിര്‍ത്തിയതിനെതിരെയും വിമര്‍ശനമുയര്‍ന്നു. മര്‍ഡോക്കിന്റെ ചാനലില്‍ ബ്രിട്ടാസ് ചേക്കേറുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് മര്‍ഡോക്കിനെയടക്കം വിമര്‍ശിച്ചിരുന്ന പരിപാടി നിര്‍ത്തലാക്കിയതെന്നാണ് വിമര്‍ശം. എന്നാല്‍ പരിപാടി നിര്‍ത്തലാക്കിയത് സി.പി.എമ്മിനെ തിരഞ്ഞെടുപ്പ് സമയത്ത് മറ്റു ചാനലുകള്‍ ആക്രമിക്കുന്നത് തടയാനാണെന്ന് ബ്രിട്ടാസ് വിശദീകരിച്ചിരുന്നു.

ബ്രിട്ടാസിന് നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹത്തെ പ്രശംസിച്ച് പിണറായി നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ കൈരളി - പീപ്പിള്‍ ചാനലുകള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തിരുന്നു. 'ബ്രിട്ടാസ് സ്വരം കൂടുതല്‍ നന്നാക്കാനാണ് ചാനല്‍ വിടുന്നതെന്നും അദ്ദേഹത്തിനായി കൈരളിയുടെ വാതില്‍ എന്നും തുറന്നുകിടക്കുമെന്നുമായിരുന്നു പിണറായി യോഗത്തില്‍ പറഞ്ഞത്

No comments:

Post a Comment

Note: Only a member of this blog may post a comment.