Saturday, May 28, 2011

കാരാട്ട് വീണ്ടും ഇടപെട്ടു: വി.എസ് പ്രതിപക്ഷനേതാവായി



കാരാട്ട് ഇല്ലായിരുന്നുവെങ്കില്‍ വി.എസിന്റെ കാര്യം എന്താകുമായിരുന്നുവെന്ന് ഒരിക്കല്‍ക്കൂടി സി.പി.എം അണികളെ ചിന്തിപ്പിച്ച് സംസ്ഥാനനേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് അവലോകനറിപ്പോര്‍ട്ടു പുറത്തുവന്നു. കാരാട്ടിന്റെ നിര്‍ബന്ധത്തിനുവഴങ്ങിയാണ് സെക്രട്ടേറിയറ്റ് വി.എസിനെ പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് നിയോഗിച്ചത്. ഇതു സംബന്ധിച്ച് സി.പി.എം. പൊളിറ്റ്ബ്യൂറോ നേരത്തെ കൈക്കൊണ്ട തീരുമാനം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. പി.ബി. അംഗം കോടിയേരി ബാലകൃഷ്ണനായിരിക്കും ഉപനേതാവ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാനസമിതി യോഗത്തിന്റെ അനുമതിയോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും മികച്ച പ്രകടനത്തിനു പിന്നില്‍ വി.എസ്.അച്യുതാനന്ദന്റെ പ്രചാരണം വലിയ സംഭാവന നല്‍കിയെന്ന വിലയിരുത്തല്‍കൂടി തിരഞ്ഞെടുപ്പിന്റെ കരട് അവലോകന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സെക്രട്ടേറിയറ്റിന്റെ ഞായറാഴ്ച ചേര്‍ന്ന ആദ്യദിവസത്തെ യോഗത്തില്‍ അവതരിപ്പിച്ച കരട് അവലോകന റിപ്പോര്‍ട്ടില്‍ 'വി.എസ്. ഘടകം' ഉണ്ടായില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച ചര്‍ച്ചയില്‍ ഇടപെട്ട ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇത് തിരുത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പിലെ വി.എസിന്റെ പ്രചാരണം എല്‍.ഡി.എഫിനും പാര്‍ട്ടിക്കും വലിയ ഗുണംചെയ്തുവെന്ന വിലയിരുത്തല്‍കൂടി കരട് അവലോകന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

അതേസമയം സംഘടനാപരമായി വി.എസ് അച്യുതാനന്ദന്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്ന കാഴ്ചയാണ് കഴിഞ്ഞദിവസം എകെജി സെന്റര്‍ കണ്ടത്. അടുത്തകാലത്ത് പാര്‍ട്ടി ചര്‍ച്ചകളിലെല്ലാം തലതാഴ്ത്തിയിരുന്ന വി.എസ് സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കത്തിക്കയറി. ഇതോടെ പിണറായിയുടെ നേതൃത്വത്തിനും സമീപകാല നിലപാടുകള്‍ക്കുമെതിരേ കടുത്തവിമര്‍ശനങ്ങളും സെക്രട്ടറേയറ്റില്‍ ഉയരുകയായിരുന്നു. സ്ഥാനമൊഴിഞ്ഞ കൈരളി ടി.വി. മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിനു നല്‍കിയ യാത്രയയപ്പിനെതിരെയും വി.എസ്. രംഗത്തുവന്നു. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുംമുമ്പ് രാജിനല്‍കിയ ബ്രിട്ടാസിനെ പാര്‍ട്ടി ചാനലിന്റെ തലപ്പത്ത് തുടരാന്‍ അനുവദിച്ചത് തെറ്റായിപ്പോയി. രാജിനല്‍കിയ ഉത്തരവാദിത്തമില്ലാത്തവര്‍ തുടര്‍ന്നത് ചാനലിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. മര്‍ഡോക്കിന്റെ ചാനലിലേക്ക് പോയ ഒരാളെ ഉയര്‍ത്തിക്കാട്ടിയത് ശരിയായില്ല.

സംസ്ഥാന സെക്രട്ടേറിയറ്റ് നടക്കുമ്പോള്‍ തനിക്ക് 89 വയസ്സായെന്ന തെറ്റായ വാര്‍ത്ത കൊടുത്ത ചാനലാണ് കൈരളി ടി.വി. അതിന്റെ തലപ്പത്തിരുന്നയാളെ വളര്‍ത്തിക്കൊണ്ടുവന്നത് നിങ്ങളൊക്കെ തന്നെയല്ലേയെന്നും വി.എസ് ഒരു ഘട്ടത്തില്‍ ചോദിച്ചു. പി.ശശിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങളുമായി മുന്നോട്ടുപോയപ്പോള്‍ നമ്മുടെ കൂട്ടത്തിലൊരാള്‍ക്കെതിരെ അത്തരം ആരോപണം ഉയര്‍ന്നത് തിരിച്ചടിയായി. പാര്‍ട്ടി നടപടിയെടുത്തപ്പോഴും പി.ബി അംഗമായ എസ്. രാമചന്ദ്രന്‍ പിള്ള ശശി സംസ്ഥാന കമ്മിറ്റിയംഗമായി തുടരുന്നുവെന്ന് പറഞ്ഞത് പാര്‍ട്ടിയെ പിന്നോട്ടടിപ്പിക്കാന്‍ കാരണമായി. കണ്ണൂരില്‍ മണ്ഡല പുനര്‍നിര്‍ണയത്തില്‍ വന്ന പാളിച്ചയാണ് തിരിച്ചടിയായതെന്ന് പറഞ്ഞ വി.എസ് അവിടെ ജയിച്ച മണ്ഡലങ്ങളിലെല്ലാം വന്‍ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞപ്പോള്‍ തോറ്റയിടങ്ങളില്‍ ചെറിയ വ്യത്യാസമാണ് ഉണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടി. ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പരിഹരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ചര്‍ച്ചക്കിടെയാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വി.എസിന്റെ സാന്നിധ്യം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും ഇടത് മുന്നണിക്കും വളരെ ഗുണംചെയ്‌തെന്ന കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍ വ്യക്തമാക്കിയത്. സംസ്ഥാന നേതൃത്വം തയാറാക്കി അവതരിപ്പിച്ച കരട് തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ഇടമലയാര്‍ കേസ് വിധി, ഐസ്‌ക്രീം കേസ് അട്ടിമറി സംബന്ധിച്ച വെളിപ്പെടുത്തല്‍ പ്രചാരണമാക്കിയത് എന്നിവ പാര്‍ട്ടിക്ക് ഗുണമായതായി ചൂണ്ടിക്കാട്ടിയിരുന്നു. വി.എസിന്റെ പേര് ഇക്കാര്യത്തില്‍ എടുത്ത് പറയണമെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം കൈക്കൊണ്ടത്. മുന്‍ മന്ത്രി പി.കെ.ഗുരുദാസനും സെക്രട്ടേറിയറ്റ് യോഗത്തില്‍ തിരഞ്ഞെടുപ്പില്‍ വി.എസ്. ഘടകം പകടമായിരുന്നുവെന്ന് വാദിച്ചു.നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ നടന്ന പാര്‍ട്ടിവിരുദ്ധ പ്രകടനങ്ങള്‍ അന്വേഷിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് നടന്നതുപോലെ വ്യാപകമായതോതില്‍ ഇത്തവണ പ്രകടനങ്ങള്‍ നടന്നില്ലെന്നും മൂന്നുനാല് സ്ഥലങ്ങളില്‍ മാത്രമാണ് പാര്‍ട്ടിവിരുദ്ധ പ്രകടനങ്ങള്‍ നടന്നതെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. സക്രട്ടേറിയറ്റ് യോഗത്തിന്റെ തുടര്‍ച്ചയായി ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ സി.പി.എം. സംസ്ഥാന സമിതിയും യോഗം ചേരും. കഴിഞ്ഞദിവസങ്ങളില്‍ തരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ച് എ.കെ.ജി സെന്റററില്‍ നടന്ന തലനാരിഴ കീറിയുള്ള ചര്‍ച്ചകളിലെല്ലാം പതിവുപോലെ വില്ലന്‍വേഷമായിരുന്നു വി.എസ് അച്യുതാനന്ദന്. പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് വി.എസിനെ കൊണ്ടുവരാനുള്ള നീക്കത്തിനു തടയിടുകയാണ് ഇതിലൂടെ പിണറായി പക്ഷത്തിന്റെ ലക്ഷ്യമെന്നും സംസ്ഥാനനേതൃത്വം സൂചന നല്‍കിയിരുന്നു.ടൂ ജി സ്‌പെക്ട്രം അഴിമതിയടക്കമുള്ള വമ്പന്‍ അഴിമതി കേസുകള്‍ ജനങ്ങളെ കോണ്‍ഗ്രസിന് എതിരാക്കി. ചിട്ടയായും ആസൂത്രണത്തോടെയും പ്രവര്‍ത്തിച്ച എല്‍.ഡി.എഫിന് യു.ഡി.എഫിനെ തുറന്നുകാട്ടാന്‍ കഴിഞ്ഞതും ഗുണകരമായിയെന്ന് വിലയിരുത്തുന്ന തെരഞ്ഞെടുപ്പു പ്രകടനം സംബന്ധിച്ച കരട് റിപ്പോര്‍ട്ടില്‍ വി.എസ്. ഫാക്ടറിനെക്കുറിച്ച് മൗനംപാലിക്കുകയായിരുന്നു.

ചില മണ്ഡലങ്ങളിലുണ്ടായ സാമുദായിക ധ്രുവീകരണവും ഭരണ തുടര്‍ച്ച നിലനിര്‍ത്തുന്നതിന് തിരിച്ചടിയായെന്നു പാര്‍ട്ടി കണ്ടെത്തുന്നു. ജില്ലാ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കരട് റിപ്പോര്‍ട്ടാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാറിലെ അഴിമതി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗത്ത് ഗുണം ചെയ്തുവെന്ന് പറയുന്നതോടൊപ്പം ഇടമലയാര്‍ കേസിലെ വിധിയും ഐസ്‌ക്രീം കേസ് അട്ടിമറി സംബന്ധിച്ചുണ്ടായ വെളിപ്പെടുത്തലും പോലുള്ള വിഷയങ്ങള്‍ ഇടത് മുന്നണിക്ക് വലിയ അളവില്‍ ഗുണം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തി പ്രഭാവത്തെ ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ട് ലെനിനിസ്റ്റ് സംഘടനാതത്ത്വത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് സാങ്കേതികമായി തന്നെ മുന്നോട്ട് വെക്കാന്‍ കഴിയാത്തതിനാല്‍ മാധ്യമങ്ങളടക്കം വിശേഷിപ്പിച്ച 'വി.എസ് ഫാക്ടറി'നെ കുറിച്ച് കരട് റിപ്പോര്‍ട്ടില്‍ പാര്‍ട്ടി മൗനംപാലിക്കുകയായിരുന്നു. എന്നാല്‍ സി.പി.എമ്മിന്റെ ഏറ്റവുംഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാള്‍ വ്യക്തിപ്രഭാവത്തെ ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നതിനെക്കുറിച്ച് പിണറായിക്കു മറുപടിയില്ല

No comments:

Post a Comment

Note: Only a member of this blog may post a comment.