Wednesday, May 25, 2011

വി.എസിനെ അനുകൂലിച്ച് കാരാട്ട് വീണ്ടും


തിരുവനന്തപുരം : സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ വി.എസ് അച്ച്യുതാനന്ദനെ അനുകൂലിച്ചുകൊണ്ട് ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്ത്. വി.എസിന്റെ പ്രതിച്ഛായ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് സഹായകമായെന്നും കാരാട്ട് പറഞ്ഞു.
വി.എസിന്റെ അഴിമതി വിരുദ്ധ പോരാട്ടം മുന്നണിക്ക് സഹായകമായി. വി.എസ്. മത്സരിച്ചിരുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ഈ ഫലം ഉണ്ടാകുമായിരുന്നില്ല. അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് പി.ബിയാണെന്നും കാരാട്ട് വ്യക്തമാക്കി.
പി.ബിയിലും പ്രകാശ് കാരാട്ട് വി.എസിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. വി.എസ്.അച്ച്യുതാനന്ദന്‍ സി.പി.ഐ.എമ്മിലെ ജനപ്രീതിയുള്ള നേതാവാണെന്നും പാര്‍ട്ടിയുടെ ഉത്തമ താല്‍പ്പര്യം പരിഗണിച്ചാണ് വി.എസിനെ പ്രചാരണ നായകനാക്കിയതെന്നും പ്രകാശ് കാരാട്ട് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പില്‍ വി.എസ് തരംഗം ഉണ്ടായിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന നേതൃയോഗത്തില്‍ പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വി.എസ് തരംഗമല്ല മറിച്ച് മേഖലാ ജാഥകളാണ് സി.പി.ഐ.എമ്മിന് സഹായിച്ചതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനെ ഖണ്ഡിക്കുന്ന വിധമുള്ള പ്രസ്താവനകളാണ് കാരാട്ടിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളത്.

No comments:

Post a Comment

Note: Only a member of this blog may post a comment.