Monday, December 26, 2011

പഴിയത്രയും സി.പി.ഐക്ക്; : സി.പി.എം തലയൂരി


Imageമലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട്ടില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി കെട്ടിവെച്ച കാശുപോലും നഷ്ടപ്പെട്ട് ദയനീയമായി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം സി പി ഐയുടെ തലയില്‍ കെട്ടിവെച്ച് സി പി എം തലയൂരി.
സിപിഎം ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലാണ് സി പി ഐക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി രക്ഷപ്പെടാന്‍ സി പി എം ശ്രമിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി നാലാം സ്ഥാനത്തെത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സി പി ഐക്കാണെന്നും ഈ ദയനീയ തോല്‍വി നാണക്കേടായെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വെറും 2700 വോട്ടുമായി നാലാം സ്ഥാനത്തായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി.  സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതയാണ് തോല്‍വിയുടെ മുഖ്യകാരണമെന്നാണ് സി പി എമ്മിന്റെ കണ്ടെത്തല്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അന്‍വറിനെയാണ് സി പി ഐ ആദ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നും പിന്നീട് തീരുമാനം മാറ്റിയെന്നും അപ്പോളേക്കും സി പി എം അന്‍വറിന്നായി പ്രചാരണം തുടങ്ങിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
 
എന്നാല്‍ ഔദ്യോഗികമായി സി പി ഐ പ്രഖ്യാപിക്കുന്നതിന്നുമുമ്പ്് സി പി എം പ്രചാരണ പരിപാടികള്‍ തുടങ്ങിയതെന്തിനെന്ന സ്വാഭാവികയുണ്ടാകാവുന്ന ചോദ്യത്തിന്ന് റിപ്പോര്‍ട്ടില്‍ മറുപടിയില്ല. 
സി പി ഐ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അന്‍വറിന്നുവേണ്ടിയുള്ള പ്രചരണ പരിപാടികളില്‍ നിന്നും സി പി എമ്മും ഘടകകക്ഷികളും പിന്മാറിയിരുന്നില്ല. സി പി ഐയുടെ ഏതാനും പ്രാദേശിക നേതാക്കളും അന്‍വറിന്നുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. മുസ്ലിംകളില്‍ നിന്നും കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയിലെ നേതൃസ്ഥാനത്തേക്ക് വരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
 

Thursday, December 22, 2011

ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭ്രൂണഹത്യയില്‍ ചുവക്കുന്ന സി.പി.എം

പുറത്ത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ കപട അവകാശവാദങ്ങളുയര്‍ത്തി അകത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭ്രൂണഹത്യയാണ് നടക്കുന്നതെന്ന് സി.പി.എമ്മിന്റെ നാല് ജില്ലാ സമ്മേളനങ്ങളും തെളിയിച്ചു.
വരാനിരിക്കുന്ന മറ്റ് 10 ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന സമ്മേളനത്തിലും ഭ്രൂണഹത്യയും വന്ധീകരണവും ശക്തമായിരിക്കുമെന്നാണ് പിന്നിട്ട തിരുവനന്തപുരം, കോഴിക്കോട്, പത്തനംതിട്ട, കാസര്‍കോട് ജില്ലാ സമ്മേളനങ്ങള്‍ തെളിയിക്കുന്നത്.ജില്ലാ സമ്മേളനങ്ങളില്‍ മത്സരങ്ങള്‍ നടന്നാല്‍ അത് വിഭാഗീയതയായി കണക്കാക്കുമെന്ന അപായസൂചനകളോടെ അമര്‍ഷം പുകയുന്ന അണികള്‍ക്കിടയില്‍ ഭീതി പടര്‍ത്തി നാവടപ്പിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. വിഭാഗീയതയെ അണകെട്ടി നിര്‍ത്തിയിരിക്കുന്ന പാര്‍ട്ടിയില്‍ മത്സരം നടന്നാല്‍ മുല്ലപ്പെരിയാറിനേക്കാള്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക എന്ന് പാര്‍ട്ടി നേതൃത്വം ഭയപ്പെടുന്നു.പോളിറ്റ് ബ്യൂറോ-കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ആരാച്ചാരന്‍മാരെപോലെ അച്ചടക്കത്തിന്റെ കൊലവാളുമായി കാത്തിരിക്കുന്ന സമ്മേളനവേദികള്‍ തലവെട്ടാനും നാവരിയാനുമുള്ള ബലിക്കല്ലുകള്‍പോലെ അണികളെ പേടിപ്പെടുത്തുകയാണ്.
 
മൂന്നും അതിലധികവും ഊഴങ്ങള്‍ എല്ലാ ജില്ലാ സെക്രട്ടറിമാര്‍ക്കും നല്‍കി അതിനുശേഷം ഊഴക്കണക്കില്ലാതെ തന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഉറപ്പിക്കുക എന്ന പിണറായി വിജയന്റെ ഒളി അജണ്ടയാണ് ജില്ലാ സമ്മേളനങ്ങളില്‍ മത്സരം തടയാനുള്ള പ്രേരകം. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കും മുമ്പുതന്നെ ജില്ലകളില്‍ നേതൃമാറ്റമില്ലെന്ന പ്രചരണം നടത്തി. മത്സരത്തിന്റെ വിദൂരസാധ്യതകള്‍പോലും തടയുന്നതില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും എളുപ്പം വിജയിച്ചു. എന്നാല്‍ പത്തനംതിട്ടയില്‍ മത്സരത്തിന് അനുമതി നല്‍കി വി എസ് ഗ്രൂപ്പിനെ വെള്ളപുതപ്പിക്കുകയായിരുന്നു പിണറായി പക്ഷം. വി എസിന്റെ അനുയായികള്‍ക്കിടയില്‍ വെള്ളിക്കാശ് വിതരണം ചെയ്ത് യൂദാസുമാരെ സൃഷ്ടിച്ചാണ് പിണറായി ഈ വിജയം നേടിയത്. ഒഞ്ചിയവും ഷൊര്‍ണൂരും ആവര്‍ത്തിക്കുമെന്ന് നേതൃത്വം ഭയപ്പെടുന്ന ബേഡകവും നീലേശ്വരവും ഉള്‍പ്പെട്ട കാസര്‍കോട് സമ്മേളനം നടന്നത് ഒരു മഹായുദ്ധത്തിനുള്ള ആയുധ സജ്ജീകരണത്തോടെയായിരുന്നു. സമ്മേളന നഗരി മുതല്‍ പ്രതിനിധികളുടെ പാര്‍പ്പിടങ്ങളില്‍ വരെ നേതൃത്വത്തിന്റെ ചാരക്കണ്ണുകള്‍ വലയം ചെയ്തിരുന്നു.
 
പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ സര്‍വസൈന്യാധിപനായി ആദ്യവസാനം പങ്കെടുത്ത ജില്ലാ സമ്മേളനത്തില്‍ പ്രകടമായത് നേതൃത്വം അണികളെ എത്രമാത്രം പേടിക്കുന്നു എന്നായിരുന്നു. നേതൃത്വത്തിന്റെ ജാഗ്രത്തായ കണ്ണുകളും തടിമിടുക്കുള്ള ചുവപ്പ് വളണ്ടിയര്‍മാരും കാവല്‍നിന്നിട്ടും എസ് എം എസ് കളിലൂടെയും സമ്മേളന രേഖകള്‍ കടത്തിയും അണികള്‍ നേതൃത്വത്തെ ഞെട്ടിച്ചു. സ്വന്തം നിഴലുകളെപോലും പേടിക്കുന്ന രീതിയില്‍ പാര്‍ട്ടിക്കകത്ത് അവിശ്വാസം പടരുകയാണ്. മൊബൈല്‍ ഫോണും കുപ്പായക്കീശയും ബാഗും പരിശോധിക്കുന്ന തരത്തിലുള്ള നടപടികള്‍ നാളെ അടിവസ്ത്രംപോലും പരിശോധിച്ചാല്‍ അത്ഭുതപ്പെടാനില്ല.യഥാര്‍ത്ഥത്തില്‍ സി പി എം സമ്മേളനങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കോ വിയോജിപ്പുകള്‍ക്കോ പ്രത്യയശാസ്ത്രപരമായ പിന്‍ബലമില്ല. വ്യക്തിവിദ്വേഷത്തിന്റെ വിഷപ്പല്ലുകളും പകയുടെ പത്തികളുമാണ് എങ്ങും ഉയര്‍ന്ന് കാണുന്നത്. വി എസിന് സൂചി കുത്താന്‍ ഇടം കിട്ടാത്ത കോഴിക്കോട്ട് പിണറായിയുടെ പട പലതായി പഴിചാരുന്ന കാഴ്ചയാണ് കണ്ടത്.
 
പത്തനംതിട്ടയില്‍ വി എസ് ഗ്രൂപ്പിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്താണ് പിണറായി പക്ഷം പകപോക്കിയത്. സ്വന്തം തട്ടകമായ ആലപ്പുഴയിലെത്തുമ്പോള്‍ തോമസ് ഐസക്കും ജി സുധാകരനും തമ്മിലുള്ള പോരില്‍ തരംപോലെ ചേരിചേരുന്നതാണ് വി എസിന്റെ നയം. കാസര്‍കോഡ് നടക്കുന്ന വിഭാഗീയതയും യുക്തിസഹമല്ല. വി എസ് നിരാഹാരം കിടക്കുമ്പോള്‍ നിരാഹാരമിരിക്കുക; ഓട്ടോസ്റ്റാന്റിന് വി എസിന്റെ പേര് നല്‍കുക തുടങ്ങിയ ആള്‍ദൈവാരാധനയ്ക്ക് തുല്യമായ ബിംബാരാധനയാണ് അവിടെ നടക്കുന്നത്. പക്ഷെ, അച്ചടക്ക നടപടി വരുമ്പോള്‍ അത് തടയാനുള്ള കൃപയോ ഊറ്റമോ വി എസ് എന്ന ആരാധനമൂര്‍ത്തി കാണിക്കാറില്ല എന്നത് മറ്റൊരു കാര്യം.വാര്‍ത്ത ചോരുന്നതിനെതിരെ മുള്ളുവേലികള്‍ കാവല്‍ നില്‍ക്കുമ്പോഴും വിഭാഗീയതയുടെ കാഴ്ച തടയാന്‍ ഇരുമ്പ് മറകള്‍ സൃഷ്ടിക്കുമ്പോഴും എല്ലാം ഭദ്രമെന്ന് നേതൃത്വം വിശ്വസിക്കുന്നു. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ പൈതങ്ങളെ അച്ചടക്കത്തിന്റെ പാറയിലടിച്ചു കൊല്ലുന്ന കംസരൂപമണിഞ്ഞ പി ബി കേന്ദ്രകമ്മിറ്റി അംഗങ്ങളെക്കുറിച്ചുള്ള ഭയജഡിലമായ അന്തരീക്ഷത്തില്‍ എത്രകാലം ചെങ്കൊടി പാറും? എത്രകാലം പാര്‍ട്ടി നിലനില്‍ക്കും? എന്ന സന്ദേഹമാണ് സമ്മേളന പ്രതിനിധികളുടെ ചിന്തയില്‍ പടരുന്നത്.

Monday, December 19, 2011

നെഹ്‌റുകുടുംബത്തെ എന്നും അധിക്ഷേപിക്കാറുള്ള സിപിഎം പരിഗണിക്കുന്നത് സ്വന്തം ഭാര്യമാരെ

കുടുംബാധിപത്യത്തിന്റെ പേരില്‍ നെഹ്‌റുകുടുംബത്തെ എന്നും അധിക്ഷേപിക്കാറുള്ള സിപിഎം നേതാക്കള്‍ പാര്‍ട്ടിയുടെ അധികാരസ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നത് സ്വന്തം ഭാര്യമാരെ. പിബിയില്‍ പ്രകാശ് കാരാട്ടിനൊപ്പം വൃന്ദകാരാട്ടും സ്ഥാനം പിടിച്ചതുപോലെ താഴെത്തട്ടിലും ഭാര്യമാരെ ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിക്കാനുള്ള തിരക്കാണിപ്പോള്‍. കോഴിക്കോട് പുതുതായി തെരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കാന്‍ നേതാക്കള്‍ സ്വന്തംഭാര്യയെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെയും ഭാര്യമാരെ തന്നെ കോഴിക്കോട് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.



ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ടി പി രാമൃഷ്ണന്റെ ഭാര്യ എം കെ നളിനി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്റെ സഹോദരിയും മുന്‍ ജില്ലാ സെക്രട്ടറി എം ദാസന്റെ ഭാര്യയുമായ അഡ്വ. പി സതീദേവി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്റെ ഭാര്യയും കുറ്റിയാടി നിയോജക മണ്ഡലം എം എല്‍ എയുമായ കെ കെ ലതിക എന്നിവരാണ് കമ്മിറ്റിയിലുള്ള സ്ത്രീമുഖങ്ങള്‍. ഇതോടെ ജില്ലാ കമ്മിറ്റിയില്‍ രണ്ടു വീതം ദമ്പതിമാര്‍ ഇടം കണ്ടെത്തി, കുടുംബാധിപത്യത്തിനെതിരെ പ്രസംഗിക്കുന്ന നേതാക്കളെ പ്രതിരോധത്തിലാക്കി. താഴെത്തലത്തില്‍ നിന്ന് ഉയര്‍ന്നുവന്ന വനിതാ നേതാക്കളെ തഴഞ്ഞാണ് ഇവരില്‍ പ്രാതിനിധ്യം ഒതുക്കിയത്. മൂവരും കടുത്ത പിണറായി പക്ഷക്കാരാണ്.

സംസ്ഥാന വനിതാ കമ്മിഷന്‍ മുന്‍ അംഗം ടി ദേവിയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറും മുന്‍ എം പിയുമായ പ്രൊഫ. എ കെ പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിയായ ജാനമ്മ കുഞ്ഞുണ്ണി എന്നിവരാണ് തഴയപ്പെട്ട പ്രധാന വനിതാ നേതാക്കള്‍. സി പി എം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സി പി എമ്മില്‍ വനിതാപ്രാതിനിധ്യം കുറയുന്നുവെന്നും നേതൃത്വത്തില്‍ കൂടുതല്‍ വനിതകളെത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

കോടിയേരിയുടെ നിര്‍ദ്ദേശം മുഖവിലയ്‌ക്കെടുക്കുന്ന പോലെ, ജില്ലാ സെക്രട്ടറി സ്വന്തം ഭാര്യയെ തന്നെ കമ്മിറ്റിയിലേക്ക് ആനയിക്കുകയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ ജനറല്‍ സെക്രട്ടറിയ്‌ക്കൊപ്പം ഭാര്യ വൃന്ദാകാരാട്ടിനും ഇടം നേടാമെങ്കില്‍ ജില്ലാ സെക്രട്ടറിയ്ക്ക് എന്തുകൊണ്ട് പറ്റില്ലെന്നാണ് ചില നേതാക്കള്‍ പരിഹാസപൂര്‍വം ചോദിക്കുന്നത്.

Sunday, December 18, 2011

മുല്ലപ്പെരിയാര്‍ സമരം: സി.പി.എമ്മില്‍ ഭിന്നത


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടത്തുന്ന സമരങ്ങളെ ചൊല്ലി സി.പി.എമ്മില്‍ ഭിന്നത രൂക്ഷമായതോടെ സമരത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ഇടതുമുന്നണി അടിയന്തര യോഗം ചേര്‍ന്ന് തിരുത്തി.
പ്രധാനമന്ത്രിയെ കണ്ട് മടങ്ങിയ സര്‍വകക്ഷി സംഘത്തിന്റെ തീരുമാന പ്രകാരമാണ് സമരത്തില്‍ നിന്ന് പിന്മാറാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തത്. ഇതിനെ സി.പി.എം നേതൃത്വം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇടുക്കി ജില്ലയിലെ സി.പി.എം സെക്രട്ടറി എംഎം മണി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് അടിയന്തര എല്‍ഡിഎഫ് യോഗം വിളിച്ചു ചേര്‍ത്താണ് പ്രതിഷേധ സമരത്തില്‍ നിന്ന് പിന്മാറേണ്ടെന്ന തീരുമാനം എടുത്തത്. യോഗത്തിന് മുമ്പ് എം.എം മണി തിരുവനന്തപുരത്ത് നേരിട്ടെത്തി സമരത്തില്‍ നിന്ന് പിന്മാറരുതെന്ന് നേതാക്കളെ നേരിട്ടറിയിച്ചു.
പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സി പി എം കോഴിക്കോട് ജില്ലാസമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് ശേഷം നടന്ന മറുപടി പ്രസംഗത്തിലാണ് കേന്ദ്രകമ്മിറ്റിയംഗവും മുന്‍ പി ബി അംഗവുമായ വി എസിനെതിരെ കോടിയേരി വിമര്‍ശനമഴിച്ചുവിട്ടത്.
 
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ 'പുതിയ അണക്കെട്ട്' സംബന്ധിച്ച കേരളത്തിന്റെ ആവശ്യത്തിന് പരിഗണന നല്‍കാതിരുന്ന പി ബി നിലപാടിനെ വി എസ് ചോദ്യം ചെയ്തത് ശരിയായില്ലെന്നും പ്രശ്‌നത്തില്‍ വൈകാരികമായ സമീപനമാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നതെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പോളിറ്റ് ബ്യൂറോയുടെ നിലപാടിനെതിരായ സമീപനം യാതൊരു കാരണവശാലും അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകന്‍ സ്വീകരിക്കാന്‍ പാടില്ല. സി പി എം ഒരു ദേശീയ പാര്‍ട്ടിയാണെന്ന കാര്യം വി എസ് പലപ്പോഴും മറക്കുന്നു. ജനപിന്തുണ നേടുന്നതിനായി പാര്‍ട്ടിയെ മറക്കുന്ന സമീപനമാണ് വി എസ് കുറച്ചുകാലങ്ങളായി സ്വീകരിച്ചുവരുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. 
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വി എസിനൈ എതിര്‍ത്ത കോടിയേരി ഒഞ്ചിയം വിഷയത്തിലും സമാന നിലപാടാണ് സ്വീകരിച്ചത്. 'ഒഞ്ചിയത്തെ വിഭാഗീയതയില്‍ വി എസിന് പങ്കു വഹിച്ചെന്ന് പറയാനാവില്ല' എന്ന് ആദ്യം അഭിപ്രായപ്പെട്ടതെങ്കിലും കോടിയേരി വി എസിനെ ന്യായീകരിക്കാന്‍ തയ്യാറായില്ല. വിഭാഗീയപ്രവര്‍ത്തനത്തില്‍ വി എസ് നേരിട്ട് പങ്കാളിയായില്ലെങ്കിലും ഒഞ്ചിയത്തെ വിമതര്‍ തന്റെ പേര് ദുരുപയോഗം ചെയ്യുന്നതിനെ എതിര്‍ക്കാതിരുന്ന വി എസിന്റെ നടപടി അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു.
 
 ഡി വൈ എഫ് ഐ നേതാവ് അഡ്വ. പി എ മുഹമ്മദ് റിയാസിനെ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിച്ചതിനെ ചോദ്യം ചെയ്തവര്‍ക്കെതിരെയും കോടിയേരി രംഗത്തെത്തി. ഒട്ടേറെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് റിയാസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിവിരോധികളാണെന്നും പറഞ്ഞ് വി എസ് പക്ഷക്കാരുടെ വായടപ്പിക്കുകയാണ് കോടിയേരി ചെയ്തത്.  പി ബി നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടുള്ള വി എസ് അച്യുതാനന്ദന്റെ നിലപാടിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി ശിവദാസമേനോനും നേരത്തെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് കോടിയേരിയും രംഗത്തെത്തിയിരിക്കുന്നത്.

സ്ത്രീസംവരണം തികയ്ക്കാന്‍ നേതാക്കളുടെ ഭാര്യമാര്‍


സംസ്ഥാന-ജില്ലാ നേതാക്കളുടെ ഭാര്യമാരുള്ളപ്പോള്‍ മറ്റുള്ളവര്‍ക്ക് എന്തു പ്രസക്തി എന്നാണ് സി പി എം കോഴിക്കോട് ജില്ലാ നേതൃത്വം ചോദിക്കുന്നത്. പുതുതായി തെരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കാന്‍
നേതാക്കള്‍ കണ്ടെത്തിയ വഴി ഇതിന് അടിവരയിടുന്നു.  ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെയും ഭാര്യമാരെ തന്നെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ടി പി രാമൃഷ്ണന്റെ ഭാര്യ എം കെ നളിനി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്റെ സഹോദരിയും മുന്‍ ജില്ലാ സെക്രട്ടറി എം ദാസന്റെ ഭാര്യയുമായ അഡ്വ. പി സതീദേവി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്റെ ഭാര്യയും കുറ്റിയാടി നിയോജക മണ്ഡലം എം എല്‍ എയുമായ കെ കെ ലതിക എന്നിവരാണ് കമ്മിറ്റിയിലുള്ള സ്ത്രീമുഖങ്ങള്‍. ഇതോടെ ജില്ലാ കമ്മിറ്റിയില്‍ രണ്ടു വീതം ദമ്പതിമാര്‍ ഇടം കണ്ടെത്തി, കുടുംബാധിപത്യത്തിനെതിരെ പ്രസംഗിക്കുന്ന നേതാക്കളെ പ്രതിരോധത്തിലാക്കി.


 താഴെത്തലത്തില്‍ നിന്ന് ഉയര്‍ന്നുവന്ന വനിതാ നേതാക്കളെ തഴഞ്ഞാണ് ഇവരില്‍ പ്രാതിനിധ്യം ഒതുക്കിയത്. മൂവരും കടുത്ത പിണറായി പക്ഷക്കാരാണ്. സംസ്ഥാന വനിതാ കമ്മിഷന്‍ മുന്‍ അംഗം ടി ദേവിയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറും മുന്‍ എം പിയുമായ പ്രൊഫ. എ കെ പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിയായ ജാനമ്മ കുഞ്ഞുണ്ണി എന്നിവരാണ് തഴയപ്പെട്ട പ്രധാന വനിതാ നേതാക്കള്‍.  സി പി എം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സി പി എമ്മില്‍ വനിതാപ്രാതിനിധ്യം കുറയുന്നുവെന്നും നേതൃത്വത്തില്‍ കൂടുതല്‍ വനിതകളെത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു. കോടിയേരിയുടെ നിര്‍ദ്ദേശം മുഖവിലയ്‌ക്കെടുക്കുന്ന പോലെ, ജില്ലാ സെക്രട്ടറി സ്വന്തം ഭാര്യയെ തന്നെ കമ്മിറ്റിയിലേക്ക് ആനയിക്കുകയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ ജനറല്‍ സെക്രട്ടറിയ്‌ക്കൊപ്പം ഭാര്യ വൃന്ദാകാരാട്ടിനും ഇടം നേടാമെങ്കില്‍ ജില്ലാ സെക്രട്ടറിയ്ക്ക് എന്തുകൊണ്ട് പറ്റില്ലെന്നാണ് ചില നേതാക്കള്‍ പരിഹാസപൂര്‍വം ചോദിക്കുന്നത്.

Friday, December 16, 2011

വിഭാഗീയത കത്തിക്കാളുന്നുവെന്ന് സി.പി.എം


തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതക്ക് ഒട്ടും അയവുവന്നിട്ടില്ലെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്‍.
ഇന്നലെ ആരംഭിച്ച ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കഴിഞ്ഞ ബ്രാഞ്ച്-ലോക്കല്‍-ഏരിയാ സമ്മേളനങ്ങളിലെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടി പരാമര്‍ശം നടത്തിയിരിക്കുന്നത്. ചാല ഏരിയാ സമ്മേളനം വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിവാദമായതും ഒടുവില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ടിവന്നതും റിപ്പോര്‍ട്ടിലുണ്ട്. വിഭാഗീയത ഇല്ലാതെ നിലനില്‍ക്കാനാവില്ലെന്ന ധാരണയാണ് ചില നേതാക്കള്‍ക്ക്. കഴിഞ്ഞ സമ്മേളന കാലയളവില്‍ വിഭാഗീയത ഒരളവുവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു.  ജില്ലാകമ്മിറ്റിയുടെ നിലപാടുകള്‍ നിഷ്പക്ഷമായിരുന്നു. പക്ഷെ വിഭാഗീയത വീണ്ടും വര്‍ധിതവീര്യത്തോടെ പ്രകടമാകുന്നുവെന്നാണ് റിപ്പോര്‍ട്ടിന്റെ കാതല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ പരാജയം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
 
മുന്നണി സ്ഥാനാര്‍ത്ഥികള്‍ ജയിക്കണമെന്ന ബോധത്തോടെയല്ല പ്രവര്‍ത്തകര്‍ പ്രചാരണ രംഗത്ത് ഇറങ്ങിയത്. കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത്രമേല്‍ പരാജയം ഉണ്ടാകേണ്ടതില്ലായിരുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ് വര്‍ക്കല മണ്ഡലം. പക്ഷെ അവിടെ തുടര്‍ച്ചയായി എതിര്‍സ്ഥാനാര്‍ത്ഥി ജയിച്ചുവരുന്നു. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കണം. സംഘടനാ വീഴ്ചയുണ്ടോയെന്ന് വിശദമായ പരിശോധനയാണ് വേണ്ടത്. പാറശാലയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കുള്ളിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടായെന്നാണ് ആക്ഷേപം. കഴക്കൂട്ടം, കാട്ടാക്കട, നെടുമങ്ങാട് മണ്ഡലങ്ങളില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നു. ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ശക്തമായിരുന്നില്ല. നേമത്ത് വി. ശിവന്‍കുട്ടിക്കെതിരെ മുന്നണിയിലെ ചിലരെങ്കിലും നിലകൊണ്ടു. നേമത്ത് മുന്നണി സ്ഥാനാര്‍ത്ഥിക്ക് ഭൂരിപക്ഷം കുറഞ്ഞത് ഇക്കാരണത്താലാണ്. ഇക്കാര്യങ്ങളെല്ലാം പാര്‍ട്ടി വിശദമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
 
സി.പി.ഐക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തനം ദുര്‍ബലമായിരുന്നു. മുന്നണി സംവിധാനം ഐക്യത്തോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ തിരുവനന്തപുരം സീറ്റ് മുന്നണിക്ക് ലഭിക്കുമായിരുന്നുവെന്ന പരാമര്‍ശം സി.പി.ഐക്കെതിരെയുള്ള ഒളിയമ്പാണ്. കഴിഞ്ഞ നാലുവര്‍ഷക്കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. അതേസമയം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന ആദ്യ ജില്ലാ സമ്മേളനത്തില്‍ തന്നെ വി.എസ് അച്യുതാനന്ദന്‍, പാര്‍ട്ടി സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് സ്വന്തം അണികള്‍ക്ക് പരോക്ഷമായ ആഹ്വാനം നല്‍കിക്കഴിഞ്ഞു. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് വി.എസ് നടത്തിയ പ്രസംഗത്തില്‍ പി.ബിക്കെതിരെ പോലും പരോക്ഷ വിമര്‍ശനമുണ്ടായി.
 
നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഉത്സാഹപൂര്‍ണ്ണമായ പ്രവര്‍ത്തനം നടത്താത്തത് കൊണ്ടാണോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ പരാജയം നേരിട്ടതെന്ന് അന്വേഷിക്കണമെന്നാണ് വി.എസ് പറഞ്ഞത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പോളിറ്റ്ബ്യൂറോയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വി.എസ് പ്രസംഗത്തില്‍ പരോക്ഷമായി സൂചിപ്പിച്ചു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പാര്‍ട്ടിക്ക് ബാധ്യതയുണ്ടെന്ന വി.എസിന്റെ പ്രസ്താവന, പി.ബി നിലപാടല്ല തന്റേതെന്ന വ്യക്തമായ സൂചനയാണ്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എം.എ ബേബി, പി.കരുണാകരന്‍, എ.വിജയരാഘവന്‍, ആനത്തലവട്ടം ആനന്ദന്‍, എം.വി ഗോവിന്ദന്‍മാസ്റ്റര്‍, ഇ.പി ജയരാജന്‍  തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് വി.എസ് മുനവെച്ച പരാമര്‍ശങ്ങള്‍ നടത്തിയതെന്നതും ശ്രദ്ധേയമാണ്.
 
പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായുള്ള ആദ്യ രണ്ടുജില്ലാ സമ്മേളനങ്ങളിലൊന്നാണ് തിരുവനന്തപുരത്ത് ഇന്നലെ ആരംഭിച്ചത്. ഏ.കെ.ജിഹാളില്‍ നടക്കുന്ന സമ്മേളനം 17-ന് അവസാനിക്കും. ജില്ലയിലെ 2040 ബ്രാഞ്ച് സമ്മേളനങ്ങള്‍, 156 ലോക്കല്‍ സമ്മേളനങ്ങള്‍, 18 ഏരിയാ സമ്മേളനങ്ങള്‍ എന്നിവയ്ക്ക് ശേഷമാണ് ജില്ലാസമ്മേളനം ആരംഭിച്ചത്. ഫെബ്രുവരി ഏഴുമുതല്‍ പത്തുവരെ തിരുവനന്തപുരത്ത് തന്നെയാണ് സംസ്ഥാന സമ്മേളനവും നടക്കുന്നത്.

Thursday, December 8, 2011

സിപിഎം സമരം: വണ്ടിപ്പെരിയാര്‍ മുതല്‍ വിള്ളല്‍ തുടങ്ങി


ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തുടക്കംകുറിച്ച ശക്തമായ സമരപരിപാടികളുടെ ആദ്യദിനം തന്നെ പ്രത്യക്ഷമായത് പാര്‍ട്ടിക്കുള്ളിലെ വിള്ളല്‍. പ്രതിപക്ഷനേതാവും കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന ഇടതുപക്ഷനേതാവുമായി വി.എസ് അച്യുതാനന്ദന്‍ വണ്ടിപ്പെരിയാറില്‍ ഉപവസിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ജില്ലാസെക്രട്ടറി എം.എം മണി ചാനല്‍ ചര്‍ച്ചയ്ക്കായി മറ്റൊരിടത്തേക്കു മുങ്ങുകയായിരുന്നു. വി.എസ് ഉപവാസം അവസാനിപ്പിച്ച് പോയതോടെ സമരവേദിയില്‍ ഓടിയെത്തി ജില്ലാസെക്രട്ടറി മണിക്കൂറുകളോളം അവിടെ തുടരുകയും ചെയ്തു. സംഭവം പാര്‍ട്ടിക്കുള്ളില്‍ വന്‍ വിവാദമായിട്ടുണ്ട്.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ ശേഷം മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് സ്വീകരിച്ച കര്‍ശനനടപടികളുടെ അതൃപ്തിയാണ് എം.എം മണിയുടെ വിട്ടുനില്‍ക്കലിന് കാരണം. വണ്ടിപ്പെരിയാറില്‍ വി.എസ്. ഉപവസിക്കുമ്പോള്‍ ഒപ്പമുണ്ടാകുമെന്നാണ് ജില്ലാ സെക്രട്ടറി നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ വി.എസ് എത്തിയതോടെ മണി മലക്കംമറിഞ്ഞു. അടിമാലിയില്‍ പ്രാദേശിക ചാനല്‍ സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു ജില്ലാ സെക്രട്ടറി. ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസും സംവാദത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം ഇന്നലെ വണ്ടിപ്പെരിയാറിലെത്തിയെങ്കിലും ജില്ലാ സെക്രട്ടറിയുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സംഭവം വിവാദമായതോടെ മനുഷ്യമതിലിന്റെ ഒരുക്കത്തിലായതിനാലാണ് ജില്ലാ സെക്രട്ടറി ഉപവാസ സമരത്തിനെത്താത്തതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം.

മൂന്നാര്‍ വിഷയത്തില്‍ പരസ്പരം ഏറ്റുമുട്ടിയ വി.എസും, എം.എം. മണിയും തമ്മിലുള്ള വൈരം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ചപ്പാത്തിലെ സമരപ്പന്തലില്‍ ഉപവസിക്കാനായിരുന്നു വിഎസിന്റെ തീരുമാനം. എന്നാല്‍ പാര്‍ട്ടി എംഎല്‍എ കൂടിയായ എസ്. രാജേന്ദ്രന്‍ വണ്ടിപ്പെരിയാറിലെ സമരപ്പന്തലില്‍ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, വി.എസ്. ചപ്പാത്തിലെ സമരപ്പന്തലില്‍ ഉപവസിച്ചാല്‍ അതു പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിക്കും ചിലര്‍ കത്തെഴുതിയതിനെ തുടര്‍ന്നാണ്അവസാന നിമിഷം പ്രതിപക്ഷ നേതാവ് ഉപവാസം അനുഷ്ഠിക്കുന്ന വേദി, ചപ്പാത്തില്‍നിന്നു വണ്ടിപ്പെരിയാറിലേക്കു മാറ്റിയത്. ജില്ലാ സെക്രട്ടറിയാണ് വേദി മാറ്റിയതിനു പിന്നില്‍ ചരടുവലിച്ചതെന്നാണ് വി.എസ്. പക്ഷത്തിന്റെ ആരോപണം.

ജനസമ്പര്‍ക്ക പരിപാടി അട്ടിമറിക്കാന്‍ ഇടുക്കിയില്‍ ഇടതുശ്രമം


ചുവപ്പുനാടകളിലും വ്യവഹാരങ്ങളിലും കുരുങ്ങിക്കിടന്ന അപേക്ഷകളുടെയും പരാതികളുടെയും കുരുക്കഴിച്ച് സാധാരണക്കാരായ പതിനായിരങ്ങള്‍ക്ക് ആശ്വാസം പകരുന്ന ജനസമ്പര്‍ക്കപരിപാടി അട്ടിമറിക്കാന്‍ ഇടുക്കിയില്‍ ശ്രമം. പരിപാടിയുടെ പ്രാധാന്യം കുറച്ചുകാണിക്കാനും ലഭിച്ചിരിക്കുന്ന പരാതികള്‍ യഥാസമയം തീര്‍പ്പാക്കാതെ പരമാവധി താമസിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായി എന്‍.ജി.ഒ അസോസിയേഷന്‍ ആരംഭിച്ച ഹെല്‍പ് ഡെസ്‌കില്‍ ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്.

ഇതേസമയം പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം 25 ന് അവസാനിപ്പിച്ചത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 16 ന് പോലും മുഖ്യമന്ത്രി നേരിട്ട് പരാതി സ്വീകരിക്കുമെന്നിരിക്കെ ഇപ്പോഴത്തെ നടപടി പുനഃപരിശോധിച്ച് ഡിസംബര്‍ 16 വരെ പരാതികള്‍ സ്വീകരിക്കാന്‍ നടപടി സ്വീകരിക്കണം. രാത്രി വൈകിയാണ് ജനസമ്പര്‍ക്ക പരിപാടി അവസാനിക്കൂ എന്നതിനാല്‍ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും യാത്രാസൗകര്യവും മറ്റ് ബുദ്ധിമുട്ടുകളും പരിഗണിച്ച് പരിപാടിയുടെ വേദി വാഴത്തോപ്പില്‍ നിന്ന് തൊടുപുഴയിലേക്ക് മാറ്റണമെന്നും എന്‍.ജി.ഒ അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിപാടി വിജയകരമായി മുന്നേറുകയാണ്. നാളെ പാലക്കാട് ജില്ലയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി നടക്കുകയാണ്. ഗവ.വിക്‌ടോറിയകോളജില്‍ ഇതിനായി പടുകൂറ്റന്‍ പന്തലൊരുങ്ങിക്കഴിഞ്ഞു. ഇതുവരെ 19,343 പരാതികളും അപേക്ഷകളുമാണ് ലഭിച്ചിട്ടുള്ളത്. ഇതിനുപുറമേ 20,000ത്തോളം പേര്‍ മുഖ്യമന്ത്രിക്കു നേരിട്ടു പരാതിനല്‍കാനെത്തുമെന്നാണു കണക്കുകൂട്ടല്‍. അതുകൂടികണക്കിലെടുത്ത് 40,000പേര്‍ക്കുള്ള സൗകര്യങ്ങളാണ് വിക്‌ടോറിയാ കോളജില്‍ സജ്ജീകരിച്ചിട്ടുള്ളതെന്ന് ജില്ലാകലക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു. മന്ത്രി എ.പി. അനില്‍കുമാറിനാണ് ജില്ലയുടെ ചുമതല.

വിക്‌ടോറിയ കോളജ് മൈതാനത്ത് 57 കൗണ്ടറുകളാകും ഉണ്ടാവുക. നേരത്തെ പരാതികള്‍ നല്‍കിയവര്‍ക്ക് അതിനുള്ള മറുപടി നല്‍കുന്നതിന് 20 കൗണ്ടറുകള്‍ ഉണ്ടാവും. 1000പേര്‍ക്ക് ഒരു കൗണ്ടര്‍ എന്നകണക്കിലാണിത്.പരിപാടിയുടെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിന് ഒരു ജനറല്‍കൗണ്ടര്‍ പ്രവര്‍ത്തിക്കും. അഞ്ചു താലൂക്കുകളുടെ ഓരോ കൗണ്ടറുകളില്‍ ദുരിതാശ്വാസ നിധിയും ചികില്‍സാ ധനസഹായവും വിതരണം ചെയ്യും. വിവിധ വകുപ്പുകളുടെ കൗണ്ടറുകളും പ്രവര്‍ത്തിക്കും. 15 ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവികളും ഒരു എല്‍സിഡി ടിവിയും ക്രമീകരിക്കും. ഇതിലൂടെ പൊതുജന സമ്പര്‍ക്ക പരിപാടി വീക്ഷിക്കാനാവും. മുഖ്യമന്ത്രിയെ കാണാന്‍ ടോക്കണ്‍പരാതികളും അപേക്ഷകളും മുഖ്യമന്ത്രിക്കു നേരിട്ടു നല്‍കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരത്തെ നല്‍കിയ പരാതികളിലുള്ള തീര്‍പ്പില്‍ അസംതൃപ്തിയും വിയോജിപ്പും ഉള്ളവര്‍ക്ക് മുഖ്യമന്ത്രിക്കു നേരിട്ട് അപ്പീല്‍ നല്‍കാം.അതിന് പ്രത്യേക ക്യൂ സംവിധാനവും ടോക്കണ്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരുസമയം 100 പേര്‍ക്കാണ് ക്യൂവില്‍ പ്രവേശനം. ടോക്കണ്‍ ലഭിച്ച ബാക്കിയുള്ളവര്‍ വേദിയിലിരുന്നാല്‍ മതി. നമ്പര്‍ വിളിക്കുന്ന ക്രമത്തില്‍ വരിനിന്നാല്‍ മതി.

വനിതകള്‍ക്കായി പ്രത്യേക വരിയുണ്ടാവും. അവശരായവര്‍ക്കു മുന്‍ഗണനപ്രായമായവര്‍ക്കും ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും ജനസമ്പര്‍ക്ക പരിപാടിയില്‍ മുന്‍ഗണന നല്‍കും. ഇവര്‍ക്കുവേണ്ടിമാത്രം പ്രത്യേക കൗണ്ടറുണ്ടാകും. ഇവരെ മുഖ്യമന്ത്രിയുടെ അടുത്തെത്തിക്കുന്നതിന് 20 വീല്‍ ചെയറുകളും, 5 സ്‌ട്രെച്ചറുകളും തയാറാക്കിയിട്ടുണ്ട്. ജില്ലാ ആരോഗ്യ വകുപ്പ്, പൊലീസ് അസോസിയേഷന്‍ എന്നിവരാണ് ഇതു ക്രമീകരിച്ചിട്ടുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഒരു ഡോക്ടറും മറ്റ് സ്റ്റാഫുകളും ഉള്‍പ്പെടുന്ന മൂന്നു ടീം പ്രവര്‍ത്തിക്കും. മൂന്ന് ആംബുലന്‍സുകളും ഏര്‍പ്പാടാക്കി. കെഎപി ബറ്റാലിയനിലെ 230 പേര്‍ രണ്ടു ഷിഫ്ടുകളിലായി പ്രവര്‍ത്തിക്കും. സ്റ്റുഡന്‍സ് പൊലീസ് കേഡറ്റിലെ 150പേരും എന്‍സിസി വിഭാഗവും രംഗത്തുണ്ടാകും. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ജനസമ്പര്‍ക്ക പരിപാടി അവസാനിക്കുന്നതുവരെ കെഎസ്ആര്‍ടിസിയുടെ സര്‍വീസുകളുണ്ടാവും.

പരാതിക്കാരെയും അപേക്ഷകരെയും വിക്‌ടോറിയ കോളജിലെത്തിക്കുന്നതിനും, പരിപാടി കഴിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരെ അതാതിടങ്ങളിലെത്തിക്കുന്നതിനുമുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി മൈതാനത്ത് താല്‍ക്കാലിക ഓഫിസ് തുറന്നിട്ടുണ്ട്. ഇവിടെ നിന്നും സര്‍വീസുകളുടെ വിവരം അറിയാം. തൃശൂര്‍, ചിറ്റൂര്‍, ഒറ്റപ്പാലം, തത്താല, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി ഭാഗത്തേക്ക് പ്രത്യേക ഷെഡ്യൂളുകളുണ്ടാവും. ഭക്ഷണത്തിനും കുടിവെള്ളത്തിനും സജ്ജീകരണം 15,000 പേര്‍ക്കാണ് സൗജന്യ ഉച്ചഭക്ഷണം നല്‍കുക. ഇതിനു പുറമേ കുടുംബശ്രീമിഷനും പൊലീസ് അസോസിയേഷനും പ്രത്യേക ഭക്ഷണസ്റ്റാളുകള്‍ ക്രമീകരിക്കും. കുടുംബശ്രീ സ്റ്റാളുകളില്‍ മിതമായ നിരക്കില്‍ ഉച്ചഭക്ഷണവും ലഭിക്കും. പൊലീസ് അസോസിയേഷന്റെ സ്റ്റാളില്‍ ലഘുഭക്ഷണമാവും ഉണ്ടാവുക. കേരള ജല അതോറിറ്റി, മോട്ടോര്‍വാഹന വകുപ്പ്, എക്‌സൈസ് വകുപ്പ്, പൊലീസ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് കുടിവെള്ള വിതരണത്തിന്റെ ചുമതല. ഇതിനായി ജല അതോറിറ്റി ടാങ്കുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. വെള്ളം ചൂടാക്കിതണുപ്പിച്ച് വിതരണം ചെയ്യും.

ഗതാതഗതം സുഗമമാക്കുന്നതിന് 300 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. നാല് ഡിവൈഎസ്പിമാര്‍, രണ്ടു സിഐമാര്‍, ഒന്‍പത് എസ്‌ഐമാര്‍, 100 പൊലീസുകാര്‍ എന്നിവരെയാണ് അധികമായി വിന്യസിച്ചിട്ടുള്ളത്. പ്രത്യേക ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  28 ടോയ്‌ലറ്റ് യൂണിറ്റുകള്‍ സജ്ജീകരിക്കും. മാലിന്യ നിര്‍മ്മാര്‍ജനത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അടുത്ത ദിവസംതന്നെ മൈതാനം ശുചീകരിച്ച് കൈമാറുകയും ചെയ്യും.

പത്തനംതിട്ടയിലും പരിപാടിക്കുവേണ്ടി ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ജില്ലയില്‍ ഇതുവരെ ലഭിച്ച പരാതികളുടെ എണ്ണം 32,000ല്‍ അധികമായി. വിവിധ വകുപ്പുകളിലായി ലഭിച്ച പരാതികളുടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകും. ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയായ മാക്കാംകുന്ന് പള്ളിയങ്കണത്തിലെ പ്രധാന വേദികളുടെയും സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിനോടു ചേര്‍ന്നുള്ള കൗണ്ടറുകളുടെയും പണികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. 30,000 ചതുരശ്ര അടി വിസ്തൃതിയുള്ള വേദിയാണ് പള്ളിയങ്കണത്തില്‍ തയാറാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ള സിവില്‍ സപ്ലൈസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ കൗണ്ടറുകളും മുഖ്യമന്ത്രിയും പ്രധാന ഉദ്യോഗസ്ഥരും ഇരിക്കുന്ന വേദിയും ഇവിടെയാണ് സജ്ജീകരിക്കുക. താരതമ്യേന പരാതികളുടെ എണ്ണം കുറവുള്ള വകുപ്പുകളുടെ കൗണ്ടറുകള്‍ സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിന്റെ മുന്നിലും ഒരു വശത്തുമായാണ് ക്രമീകരിക്കുക. ലഘുഭക്ഷണ വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പാരിഷ് ഹാളിന്റെ മറുവശത്തായി ക്രമീകരിക്കും. സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിനോടു ചേര്‍ന്ന് നിര്‍മിക്കുന്ന പന്തലുകളുടെ മാത്രം വിസ്തീര്‍ണം 15,000 ചതുരശ്ര അടിയാണ്.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 78 കൗണ്ടറുകളാണ് രണ്ടു സ്ഥലങ്ങളിലുമായി ക്രമീകരിക്കുക.ലഭിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിനായി റവന്യു വകുപ്പിന്റെ എല്ലാ ഓഫിസുകളും അവധി ദിനങ്ങളായിരുന്ന ഞായറാഴ്ചയും തിങ്കളാഴ്ചയും പ്രവര്‍ത്തിച്ചിരുന്നു. പരാതികളിന്മേല്‍ വിവിധ വകുപ്പുകളില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വാങ്ങി ക്രോഡീകരിച്ച് കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതിനായി കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തിനടുത്തായി ഒരു പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Saturday, December 3, 2011

ഗുജറാത്തിലെ കളങ്കം


ഗുജറാത്ത് എന്ന സംസ്ഥാനം രാജ്യത്തിന് മാതൃകയാക്കാവുന്ന പല നന്മകളും ചരിത്രത്തിന് സംഭാവന ചെയ്തിട്ടുണ്ട്. മഹാത്മജി ജനിച്ച പോര്‍ബന്തര്‍ ഗുജറാത്തിലാണെന്ന് ഏവര്‍ക്കുമറിയാം. ദേശപ്രേമികളും മഹാത്യാഗികളും പിറവിയെടുത്ത നാടാണ് ഗുജറാത്ത്.
സാമ്പത്തിക വിനിമയക്രമങ്ങളെ അര്‍ത്ഥവത്തായി വിനിയോഗിച്ച് സമ്പല്‍സമൃദ്ധി കൈവരിക്കാന്‍ ഗുജറാത്തികളെപ്പോലെ മിടുക്കരായവര്‍ കുറവാണ്. അങ്ങനെ രാജ്യത്തെ രണ്ടാമത്തെയോ ഒന്നാമത്തെയോ സംസ്ഥാനം എന്നതരത്തില്‍ ശ്രദ്ധനേടിയ ഒരു നാട്ടില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്താണ് സംഭവിക്കുന്നത്? ബി.ജെ.പി നേതാവ് നരേന്ദ്രമോഡി ഇന്നത്തെ ഗുജറാത്തിനെ ഒരു മാതൃകാ സംസ്ഥാനമാക്കി വളര്‍ത്തിയെന്ന് പ്രചരിപ്പിക്കാന്‍ ചില തല്‍പരകക്ഷികള്‍ ഇറങ്ങിയിട്ടുണ്ട്. ഗുജറാത്തിന്റെ ചരിത്രവും അവിടുത്തെ ജനങ്ങളുടെ സ്വഭാവവും തിരിച്ചറിഞ്ഞിട്ടില്ലാത്തവരാണ് മോഡിയെ കണ്ണടച്ച് പുകഴ്ത്തുന്നത്. സ്വന്തം പാര്‍ട്ടിയിലെ ചില ദേശീയ നേതാക്കളുടെ കുതികാല്‍വെട്ടി രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയാകാന്‍ താറുടുത്ത് കുറിയിട്ട് നില്‍ക്കുന്ന നരേന്ദ്രമോഡി ഒരു ഭരണാധികാരിയെന്ന നിലയില്‍ എത്രമാത്രം മനുഷ്യവിരുദ്ധനാണെന്ന് കഴിഞ്ഞദിവസം രണ്ട് കോടതിവിധികളിലൂടെ പുറത്തുവന്നു. വ്യാജ ഏറ്റമുട്ടല്‍ കൊലപാതക കേസുകളില്‍ സുപ്രീംകോടതിയുടെയും ഗുജറാത്ത് ഹൈക്കോടതിയുടെയും രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി നരേന്ദ്രമോഡി.
 
സൊഹറാബ്ദ്ദീന്‍ കൊലപാതകക്കേസും ഇസ്രത്ത് ജഹാന്‍ വധക്കേസും ഗുജറാത്ത് പൊലീസ് ആസൂത്രണം ചെയ്ത വ്യാജ ഏറ്റുമുട്ടല്‍ കേസുകളാണെന്ന് ന്യായാസനങ്ങള്‍ നിരീക്ഷിച്ചു. സൊഹറാബ്ദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ അന്വേഷണം വൈകിപ്പിക്കുന്നതിനെതിരെയാണ് ഗുജറാത്ത് ഗവണ്‍മെന്റിനെ സുപ്രീംകോടതി അപലപിച്ചത്. ഗുജറാത്തിലെ പൊലീസിനെ വിശ്വസിക്കാനാവില്ലെന്ന നിരീക്ഷണവും കോടതിയില്‍ നിന്നുമുണ്ടായി. കേസില്‍ ആരോപണവിധേയരായ എ.ടി.എസ് തലവന്‍ ഡി.ജി വന്‍സാര, ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷാ എന്നിവരുടെ ഫോണ്‍ സംഭാഷണം അടങ്ങിയ സി.ഡി രേഖ കൈമാറാന്‍ വൈകുന്നതിന്റെ പേരിലും മോഡി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടിവന്നു. 2004 ജൂണ്‍ പതിനഞ്ചിന് ഇസ്രത്ത് ജഹാനും ഭര്‍ത്താവ് ജാവേദ് ഗുലാം ഷൈഖ് എന്ന പ്രണേഷ്‌കുമാര്‍ പിള്ളയും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. നരേന്ദ്രമോഡിയെ കൊല്ലാന്‍ എത്തിയ ലഷ്‌കര്‍ ഭീകരര്‍ എന്നാരോപിച്ച് പൊലീസ് ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 2005 നവംബറിലാണ് സൊഹറാബ്ദ്ദീന്‍ സമാന സാഹചര്യത്തില്‍ വധിക്കപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്കുശേഷം സൊഹറാബ്ദ്ദീന്റെ ഭാര്യ കൗസര്‍ബിയും കൊല്ലപ്പെടുകയുണ്ടായി.
 
ഈ കൊലപാതകങ്ങളെല്ലാം ആസൂത്രിതവും വ്യാജ ഏറ്റുമുട്ടലുകളിലൂടെ പൊലീസ് നടത്തിയ ഭീകരമായ നരനായാട്ടുമായിരുന്നു എന്ന് പ്രത്യേക അന്വേഷണസംഘം ഈയിടെയാണ് കണ്ടെത്തിയത്. കോടതിയുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ മോഡി സര്‍ക്കാര്‍ ഈ കൊലപാതകങ്ങളെല്ലാം മായ്ച്ചുകളയുമായിരുന്നു. കേസില്‍ ഉള്‍പ്പെട്ട പതിനാല് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ നിര്‍ദ്ദേശിക്കുക വഴി ഗുജറാത്തിലെ മോഡി ഭരണകൂടത്തിന്റെ വിശ്വാസ്യതയാണ് നീതിപീഠം ചോദ്യം ചെയ്തിരിക്കുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെയും ഗുജറാത്ത് ഹൈക്കോടതിയുടെയും വിധി തീരുമാനങ്ങള്‍ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷാനിര്‍ഭരമാണ്. ഭരണഘടനാനുസൃതമായ സെക്യുലര്‍ വ്യവസ്ഥകളെ കാറ്റില്‍പറത്തി ഒരു തികഞ്ഞ ഏകാധിപതിയെപ്പോലെ ഗുജറാത്ത് വാഴുന്ന നരേന്ദ്രമോഡി ചിലര്‍ക്കെങ്കിലും ഒരു മാതൃകാപുരുഷനായി മാറിയതെങ്ങനെ എന്നത് വിസ്മയകരമാണ്. എന്നാല്‍ മോഡിയെ അടുത്തറിഞ്ഞവരും അയാളിലെ രാക്ഷസനെ തിരിച്ചറിഞ്ഞവരും ഗുജറാത്തില്‍ തന്നെ ധാരാളമുണ്ട്. മലയാളിയായ റിട്ട. പൊലീസ് ഓഫീസര്‍ ആര്‍.ബി ശ്രീകുമാര്‍, കുല്‍ദീപ് ശര്‍മ്മ, രാഹുല്‍ ശര്‍മ്മ, സഞ്ജീവ് ഭട്ട്, രജനീഷ് റായ് തുടങ്ങിയവര്‍ ഉയര്‍ത്തിപ്പിടിച്ച ധാര്‍മികമൂല്യങ്ങളും മോഡിയ്‌ക്കെതിരെ നടത്തിയ ധര്‍മ്മയുദ്ധങ്ങളും മഹാത്മജിയുടെ ജന്മനാട്ടില്‍ നന്മയുടെ വെളിച്ചം അണഞ്ഞുപോയിട്ടില്ലെന്ന വസ്തുത പുറത്തുകൊണ്ടുവന്നു. ഏറ്റുമുട്ടല്‍ കൊലകള്‍ അടിക്കടി നടത്തി വംശഹത്യാ സംസ്‌കാരത്തിന് ചൂട്ടുകത്തിച്ചുപിടിച്ച നരേന്ദ്രമോഡിയെ രാജ്യത്തെ ജനാധിപത്യ പ്രണയികള്‍ വെറുതെവിടില്ല

Friday, December 2, 2011

മുല്ലപെരിയാർ സിപി എം രക്ഷപ്പെട്ടു.

മുല്ലപ്പെരിയാറല്ലാതെ ഒന്നുമില്ല പത്രങ്ങളിലും ചാനലുകളിലും എന്നു പറഞ്ഞാല്‍ അതു പൂര്‍ണമായിട്ടങ്ങ്‌ ശരിയാകില്ല. ചരമപ്പേജ്‌ നിറഞ്ഞുതന്നെ. പരസ്യങ്ങള്‍ക്ക്‌ കഴഞ്ചു കുറവില്ല. കൊല, പീഡനം, അടി, ഇടി തുടങ്ങിയവയ്‌ക്കു വേണ്ടി നീക്കിവെച്ച സ്ഥലങ്ങളില്‍ ഒട്ടുമില്ല കുറവ്‌. പിന്നെ എന്തിനാണു കുറവ്‌ എന്നു ചോദിച്ചാല്‍, സിപി എംഎന്നു മറുപടി പറയാം. വേറൊരു രീതിയിലും ഇതു പറയാന്‍ കഴിയും കേട്ടോ. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വന്നു വാര്‍ത്തകളില്‍ നിറഞ്ഞു തുളുമ്പിയതുകൊണ്ട്‌ സിപി എം രക്ഷപ്പെട്ടു. അല്ലെങ്കില്‍ ഒന്നു കാര്യമായിട്ട്‌ ആലോചിച്ചു നോക്കുക. മുല്ലപ്പെരിയാറല്ല തലക്കെട്ടുകളില്‍ ഒന്നാമതും രണ്ടാമതും മൂന്നാമതും എന്ന സ്ഥിതി ഉണ്ടായിരുന്നില്ലെങ്കില്‍ പകരം ആ സ്ഥാനത്ത്‌ എന്തായിരുന്നു വരേണ്ടിയിരുന്നത്‌? ഉറപ്പായും സിപി എം തന്നെ. സിപിഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായ സമ്മേളനങ്ങളിലെ അടികള്‍, പൊരിച്ചിലുകള്‍ തുടങ്ങിയവയ്‌ക്ക്‌ ഇപ്പോള്‍ കിട്ടുന്നത്‌ എത്ര തുച്‌ഛമായ കവറേജാണെന്നു നോക്കിയാല്‍ അതു മനസിലാകും. ഏതായാലും ലോക്കല്‍ സമ്മേളനങ്ങള്‍ വലിയ കുഴപ്പമില്ലാതെ കടന്നുപോയ ശേഷം കുഴപ്പങ്ങളുണ്ടാകാനും വിഭാഗീയത പൊട്ടിത്തെറിക്കാനും ഇടയുള്ള ഏരിയാ സമ്മേളനങ്ങളിലേക്ക്‌ കടന്ന സമയത്താണ്‌ മുല്ലപ്പെരിയാര്‍ അനുഗ്രഹിച്ചത്‌. സമ്മേളനങ്ങളില്‍ സ്വന്തം മകന്റെ പേരില്‍ പ്രതിക്കൂട്ടിലാകുമെന്ന്‌ മാധ്യമ വിശാരദന്‍മാരെല്ലാം പ്രവചിച്ച സഖാവ്‌ വി എസ്‌ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച്‌ തലക്കെട്ടു പിടിക്കുന്നു, കൂടുതല്‍ വലിയ തലക്കെട്ടു പിടിക്കാന്‍ അടുത്ത ബുധനാഴ്‌ച നിരാഹാരമിരിക്കാന്‍ പോകുന്നു..ആകെ തകൃതി. ഇപ്പോള്‍ സ്വന്തം ഗ്രൂപ്പുകാര്‍ ആരു ഫോണില്‍ വിളിച്ചാലും അദ്ദേഹം മുല്ലപ്പെരിയാര്‍ പൊട്ടിയാലുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച്‌ ഗദ്‌ഗദ കണ്‌ഠനാകുമത്രേ. അതിന്റെ ക്ലൈമാക്‌സില്‍, പിന്നെ വിളിക്കാം കേട്ടോ..എനിക്കു സഹിക്കുന്നില്ല ഓരോന്നോര്‍ത്തിട്ട്‌ എന്നു പറഞ്ഞ്‌ കട്ടു ചെയ്യാം.
ഹാവൂ....

Thursday, December 1, 2011

മുല്ലപ്പെരിയാറിനെ സി.പി.എം കൈവിട്ടു


മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തിനുനേരെ സി.പി.എം പോളിറ്റ്ബ്യൂറോ കണ്ണടച്ചു.
സുരക്ഷയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആശങ്കകള്‍ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ടുള്ളതാണ് ഇന്നലെ പോളിറ്റ്ബ്യൂറോ യോഗശേഷം പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്. സ്വന്തമായി പണംപിരിച്ചു പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ അതേ പാര്‍ട്ടിയുടേത് തന്നെയാണ് ഈ ഇരട്ടത്താപ്പ്. മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്ന് മാത്രമാണ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ ഉടന്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ ശ്രമങ്ങളുണ്ടാകണം. ഇരുസംസ്ഥാനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി പ്രശ്‌നത്തില്‍ രമ്യതയുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം.

ഭൂചലനങ്ങളെ തുടര്‍ന്ന് ഇടുക്കിയിലും മറ്റും ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കണം. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കണം. തമിഴ്‌നാടിന് വെള്ളവും 115 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയും ഉറപ്പാക്കാന്‍ അടിയന്തിര പരിഹാരമാര്‍ഗ്ഗമുണ്ടാക്കണമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കണം. തമിഴ്‌നാടിന് വെള്ളവും 115 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയും ഉറപ്പാക്കാന്‍ അടിയന്തിര പരിഹാര മാര്‍ഗ്ഗമുണ്ടാക്കണമെന്നും സി.പി.എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഇതിനിടെ സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ, സി.പി.എം നേതാക്കളായ ടി.കെ.രംഗരാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ എം.പിമാര്‍ ഇന്നലെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പ്രശ്‌നപരിഹാരത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു

സി.പി.എം നയത്തിലെ വിള്ളലും ചോര്‍ച്ചയും


മുല്ലപ്പെരിയാര്‍ തര്‍ക്കപ്രശ്‌നത്തില്‍ സി.പി.എം പോളിറ്റ് ബ്യൂറോ ഉരുണ്ടുകളിക്കുന്നു. കാലഹരണപ്പെട്ട പഴയ ഡാം തകര്‍ത്ത് പകരം പുതിയ അണക്കെട്ട് നിര്‍മ്മിക്കണം എന്ന് കേരളത്തിലെ സി.പി.എം നേതൃത്വം വാദിക്കുമ്പോള്‍ പി.ബി ഇക്കാര്യത്തില്‍ ക്രൂരമായ നിസ്സംഗതയും മൗനവും പുലര്‍ത്തുന്നു എന്നകാര്യം ശ്രദ്ധിക്കേണ്ടതാണ്.
ഡല്‍ഹിയില്‍ ഇന്നലെ പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം സി.പി.എം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് ഇങ്ങനെ പറയുന്നു: 'മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കണം. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കുള്ള ആശങ്കയകറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഇരുസംസ്ഥാനങ്ങളുമായി കേന്ദ്രം കൂടിയാലോചന നടത്തി പ്രശ്‌നം പരിഹരിക്കണം'. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ 'പുതിയ അണക്കെട്ട് മാത്രം പോംവഴി' എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയതൊന്നും സി.പി.എമ്മിന്റെ അഭിപ്രായമല്ല. 1979ല്‍ ജലകമ്മീഷന്‍ ശുപാര്‍ശ ചെയ്തതും 2007ല്‍ ഇടതുസര്‍ക്കാര്‍ തീരുമാനിച്ച് നടപടികള്‍ ആരംഭിച്ചതും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായിരുന്നു.
 
അച്യുതാനന്ദന്റെ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: 'അണക്കെട്ട് പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാന്‍ സമയമില്ല, അതുകൊണ്ട് ജലനിരപ്പ് 136ല്‍ നിന്ന് 120 അടിയായി കുറയ്ക്കുകയാണ് അടിയന്തര ആവശ്യം'. ജനങ്ങളില്‍നിന്ന് വേണ്ടിവന്നാല്‍ പിരിവെടുത്ത് പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന് വീമ്പിളക്കിയ പ്രതിപക്ഷനേതാവിന്റെ പാര്‍ട്ടി നേതൃത്വം അക്കാര്യത്തില്‍ അര്‍ത്ഥഗര്‍ഭമായി മൗനം പാലിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങള്‍ ജീവഭീതിയില്‍ കഴിയുമ്പോള്‍ തമിഴ്‌നാടിന്റെ വെള്ളംകുടി മുട്ടിക്കരുതെന്നാണ് സി.പി.എം നേതൃത്വത്തിന് കേന്ദ്രസര്‍ക്കാരിനോട് ഉപദേശിക്കാനുള്ളത്. തമിഴ്‌നാടിന് കൃഷിക്ക് ജലസേചനം നടത്താന്‍ വേണ്ടത്ര വെള്ളം ഉറപ്പുവരുത്തണമെന്ന് ഇന്നലെ ഡല്‍ഹിയില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സി.പി.എം എടുത്തുപറയുന്നുണ്ട്.

തുടര്‍ ഭൂചലനങ്ങളിലൂടെ ഇടുക്കിയിലെ ജനങ്ങളെയാകെ അമ്പരപ്പിക്കുകയും മധ്യകേരളത്തിലെ നാല് ജില്ലകളിലെ അറുപത് ലക്ഷം ജനങ്ങളെ ആശങ്കയില്‍ തള്ളിവിടുകയും ചെയ്ത ഗുരുതരമായ ഒരു വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാണ് സി.പി.എം നേതൃത്വം അന്വേഷിക്കുന്നതെന്ന് തോന്നുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള സി.പി.എമ്മിന്റെ ലോക്‌സഭാംഗം നടരാജന്റെ പ്രസ്താവനയും പി.ബിയുടെ നിലപാടും കൂട്ടിവായിക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ സ്പഷ്ടമാകുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് പി.ആര്‍ നടരാജന്‍ എം.പി കഴിഞ്ഞദിവസം പ്രസ്താവിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കേരളം അതിനുശേഷം ഡാം സുരക്ഷാനിയമം പാസാക്കി. അതിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍  പ്രശ്‌നപരിഹാരത്തിന് ഉന്നതാധികാര സമിതിയെ നിയോഗിക്കുകയാണ് കോടതി ചെയ്തത്. അക്കാര്യം മറച്ചുവെച്ച് പഴയ കോടതി ഉത്തരവ് നടപ്പാക്കണമെന്ന തമിഴ്‌നാടിന്റെ സ്ഥാപിത താല്‍പര്യത്തില്‍ ഊന്നിനിന്ന് പ്രസ്താവനയിറക്കിയ നടരാജന്റെ വികാരമാണ് പി.ബി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
 
പാരിസ്ഥിതിക വിഷയത്തിലും അണക്കെട്ട് നിര്‍മ്മാണത്തിലും മറ്റും ആഗോളനയം ഉണ്ടെന്ന് അവകാശപ്പെടുന്ന സി.പി.എം കേരളത്തിലും തമിഴ്‌നാട്ടിലും അവസരവാദ സമീപനങ്ങളിലൂടെ ജനങ്ങളെ പറ്റിക്കുകയാണെന്ന് വ്യക്തമാകുന്നു. ഇരുസംസ്ഥാനങ്ങളും പ്രശ്‌നം രമ്യമായിതീര്‍ക്കണമെന്നും കോടതി നടപടികള്‍ വേഗത്തിലാക്കണമെന്നും ആവര്‍ത്തിക്കുന്ന പി.ബി കേരളത്തിലെ പ്രതിപക്ഷനേതാവ് അടക്കമുള്ള സി.പി.എം നേതാക്കള്‍ പുതിയ അണക്കെട്ട് നിര്‍മാണത്തിനുവേണ്ടി വാദിക്കുന്നകാര്യം അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സി.പി.എമ്മിന്റെ നയമെന്ത്? സഹ്യപര്‍വ്വതത്തിന് അപ്പുറവും ഇപ്പുറവും തരംപോലെ നിറംമാറ്റി ജനങ്ങളെ പറ്റിക്കുന്ന പാഷാണം വര്‍ക്കിയുടെ സമീപനമാണിത്. 
കോളനിവാഴ്ചക്കാലത്തെ അയുക്തികമായ ആയിരംകൊല്ലകരാര്‍ സ്വതന്ത്ര ഇന്ത്യയില്‍ സ്വാഭാവികമായി കാലഹരണപ്പെടേണ്ടതായിരുന്നു. എന്നാല്‍ അതിന് പുതുജീവന്‍ നല്‍കി കരാര്‍ പുതുക്കിക്കൊടുത്തത് ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടമായിരുന്നു എന്നകാര്യം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്