Wednesday, May 25, 2011

കോടതി ഉത്തരവ് യു.ഡി.എഫ് നിലപാടിനുള്ള അംഗീകാരം


ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചുമതലയേറ്റ് ദിവസങ്ങള്‍ക്കകം ലോട്ടറിക്കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള കോടതി ഉത്തരവുണ്ടായത് യു.ഡി.എഫിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമായി.
അന്വേഷണം സി.ബി.ഐക്ക് വിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടത് കോടതിയില്‍ തുറന്നുകാട്ടാന്‍ വി.ഡി സതീശന്‍ എം.എല്‍.എക്ക് കഴിഞ്ഞതാണ് യു.ഡി.എഫിന് നേട്ടമായത്. കേന്ദ്രസര്‍ക്കാരിനെ പഴിചാരിയ സി.പി.എമ്മിന് കോടതി ഉത്തരവ് തിരിച്ചടിയായതായും വിലയിരുത്തപ്പെടുന്നു. ലോട്ടറിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്നിട്ടുള്ള മുഴുവന്‍ സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിന്റെ പരിധിയില്‍ വരും. ഇത്രയധികം പണം ഏതുവിധത്തിലാണ് വിനിയോഗിച്ചതെന്നും മാഫിയ ബന്ധമുള്ള ഉന്നതര്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുമെന്നാണ് സൂചന. തോമസ് ഐസക്കിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടും സംഭവത്തില്‍ ഇടപെടാതിരുന്ന സി.പി.എമ്മിന്റെ നിലപാട് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു. കോടികളുടെ അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന വിവരം ഇടതുസര്‍ക്കാരിന് അറിയാമായിരുന്നിട്ടും കേന്ദ്ര ലോട്ടറി റൂള്‍സ് അനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ ഒന്നും തന്നെ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. വ്യാജലോട്ടറിക്കെതിരെ സംസ്ഥാനത്തിന് കേസെടുക്കാമെന്ന 2009 നവംബറിലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവും വി.എസ് സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.
 
ആകെ ചെയ്തത് ലോട്ടറി ലോറി പിടികൂടി 6.8 കോടിയുടെ നികുതിയും പിഴയും ചുമത്തുക മാത്രമായിരുന്നു. മാര്‍ട്ടിന്‍ തന്നെ സി.പി.എമ്മിന്റെ ലോട്ടറി ബന്ധം തുറന്നു പറഞ്ഞ തോടെ വി.എസിനും പിന്നീട് ഇക്കാര്യത്തില്‍ അയഞ്ഞ സമീപനം സ്വീകരിക്കേണ്ടി വന്നു. ലോട്ടറി മാഫിയയും സംസ്ഥാന ധനവകുപ്പും തമ്മില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന യു.ഡി.എഫിന്റെ ആരോപണം ശരിവെക്കുന്നതാണ് ലോട്ടറി തട്ടിപ്പില്‍ പുറത്തുവന്നവിവരങ്ങള്‍. അന്യസംസ്ഥാന ലോട്ടറി മാഫിയക്ക് വേണ്ടി ലോട്ടറി ഓര്‍ഡിനന്‍സിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയായിരുന്നു. ചട്ടം ലംഘിക്കുന്ന ലോട്ടറിമാഫിയയെ നിയന്ത്രിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഫലത്തില്‍ ലോട്ടറി മാഫിയക്ക് തുണയായാകുകയായി. ലോട്ടറി നിയമത്തിലെ നാലാംവകുപ്പ് ലംഘിച്ചാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം സംസ്ഥാനത്തിന് നല്‍കുന്ന വ്യവസ്ഥ ഓര്‍ഡിനന്‍സില്‍ ഉള്‍പെടുത്തിയിരുന്നില്ല. സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെന്ന് പറഞ്ഞാണ് ലോട്ടറിമാഫിയക്കെതിരെ ഇതുവരെ നടപടിയെടുക്കാതിരുന്നത്. ഇതിനുള്ള അധികാരം ഓര്‍ഡിനന്‍സില്‍ ഉള്‍പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നില്ലെങ്കിലും അത് നികുതി വകുപ്പ് തള്ളുകയായിരുന്നു. ഇതുമൂലം പ്രമോട്ടര്‍മാരുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കഴിയാതെ വന്നു.
 
മുന്‍കൂര്‍നികുതി മൂന്നിരട്ടി വര്‍ധിപ്പിച്ചത് മാത്രമായിരുന്നു ഓര്‍ഡിനന്‍സ് കൊണ്ടുണ്ടായ ഏകനേട്ടം. അന്യസംസ്ഥാന ഭാഗ്യക്കുറി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതത് സര്‍ക്കാര്‍ അംഗീകരിച്ച പ്രമോട്ടര്‍മാരുടെ വിശദാംശങ്ങള്‍ മാത്രം ഹാജരാക്കിയാല്‍ മതിയെന്നാണ് ഓര്‍ഡിനന്‍സില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇതില്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 
പ്രമോട്ടറാണെന്ന് തെളിയിക്കുന്നതിന് അതാത് സര്‍ക്കാരുകളുമായി ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ മാത്രമേ തട്ടിപ്പ് തടയാനാകൂ. മാര്‍ട്ടിനുമായി ബന്ധമുള്ള മേഘ ഡിസ്ര്ടിബ്യൂട്ടേഴ്‌സ് ഭൂട്ടാന്‍ സര്‍ക്കാരിന്റെ പ്രമോട്ടര്‍ ആണോയെന്ന് പോലും വ്യക്തമല്ലാതെ വന്നതും ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാലാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
 

No comments:

Post a Comment

Note: Only a member of this blog may post a comment.