Wednesday, May 25, 2011

വിഭാഗീയതയും ചില നിലപാടുകളും തിരിച്ചടിക്ക് കാരണമായെന്ന് ദേശീയ കൗണ്‍സില്‍

പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമായോ എന്ന് പരിശോധിക്കാനുള്ള സി.പി.എം തീരുമാനം സ്വാഗതാര്‍ഹം: സി.കെ.ചന്ദ്രപ്പന്‍









ന്യൂഡല്‍ഹി: സി.പി.എമ്മിനുള്ളിലെ വിഭാഗീയതയും അവരുടെ ചിലമുതിര്‍ന്ന നേതാക്കളുടെ നിലപാടും തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു തിരിച്ചടിയായെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ വിലയിരുത്തല്‍. ജയിക്കാമായിരുന്ന പലമണ്ഡലങ്ങളിലേയും പരാജയത്തെ കുറിച്ചു വിശദമായ പരിശോധന വേണമെന്ന ആവശ്യവും കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നു.തെരഞ്ഞെടുപ്പ് സമയത്ത് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വവുമായി ബന്ധപ്പെട്ട് ചില സി.പി.എം നേതാക്കള്‍ നടത്തിയ പ്രസ്താവന ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇതു ബോധപൂര്‍വ്വമാണോ എന്നകാര്യത്തില്‍ സംശയമുണ്ടെന്ന് കേരളത്തില്‍ നിന്നുള്ള ചില അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. സി.പി.ഐയുടെ ചില മണ്ഡലങ്ങളിലെ പരാജയത്തില്‍ സി.പി.എം നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്ന വിലയിരുത്തലുണ്ടായി. പാര്‍ട്ടിയുടെ ഈ മണ്ഡലങ്ങളിലെ പരാജയത്തെ കുറിച്ച് വിശദമായ പരിശോധന നടത്തുമെന്നു സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ വ്യക്തമാക്കി. കണ്ണൂരില്‍ അഞ്ചു സീറ്റുകള്‍ പരാജയപ്പെടാനുണ്ടായ സാഹചര്യം അസാധരണമാണ്. ഇതു മണ്ഡല പുനര്‍നിര്‍ണ്ണയം കൊണ്ടു മാത്രമാണെന്നു കരുതാനാവില്ല. വിഭാഗീയത തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള സി.പി.എം നിലപാടു സ്വാഗതാര്‍ഹമാണെന്നു അദ്ദേഹം പരസ്യമായി അഭിപ്രായപ്പെടാന്‍ തയ്യാറാകുകയും ചെയ്തു.
 
അച്യുതാനന്ദനെ നേരത്ത തന്നെ നേതാവായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം ഒരു പക്ഷേ വ്യത്യസ്ഥമായേനെ. അഭിപ്രായ വ്യത്യസങ്ങള്‍ മാറി പ്രതിപക്ഷ നേതാവായെങ്കിലും അച്യുതാനന്ദനെ ഇപ്പോള്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുക്കാനായത് മുന്നണിക്ക് ഭാവിയില്‍ ഗുണം ചെയ്യുമെന്നു ചന്ദ്രപ്പന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിലെ ഇടതു മുന്നണിയുടെ മെച്ചപ്പെട്ട പ്രകടനത്തിന് അച്യുതാനന്‍ ഫാക്ടറില്ലെന്നാണ് സി.പി.എം നേതാക്കള്‍ വിലയിരുത്തുമ്പോള്‍, വി.എസിന്റെ പങ്കു ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണെന്നാണ് സി.പി.ഐയുടെ വിലയിരുത്തല്‍. ചുരുക്കത്തില്‍ സി.പി.മ്മിലെ ഒരു വിഭാഗത്തിന്റെ തെരഞ്ഞടുപ്പു വേളയിലെ പ്രവര്‍ത്തനങ്ങളോടുള്ള സി.പി.എ സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ അസംതൃപ്തിയും അമര്‍ഷവുമാണ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഫലിച്ചത്.
 

No comments:

Post a Comment

Note: Only a member of this blog may post a comment.