Monday, May 23, 2011

അധികാരമാറ്റത്തിന്റെ ജനകീയോത്സവം


തിരക്കൊഴിഞ്ഞ രാജ്ഭവന്‍ മുറ്റം ഇന്നലെ വീണ്ടും ആവേശക്കടലായി. കേരളത്തിന്റെ നാനാ ഭാഗത്തു നിന്നും ഒഴുകിപ്പരന്ന മനുഷ്യര്‍ തീര്‍ത്ത ജനസാഗരം.
31.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ തിരുവനന്തപുരത്ത് ചൂട്. പ്രവര്‍ത്തകരുടെ ആവേശത്തിന്റെ ചൂട് തിളയ്ക്കുന്ന വെയിലിനുമപ്പുറമായിരുന്നു.ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ്, മുദ്രാവാക്യത്തിന്റെ അലയൊലികളുമായി രാജ്ഭവന്‍ മുറ്റത്ത് സജ്ജീകരിച്ച പന്തലില്‍ ഒരു മണിയോടെ പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരും നേതാക്കള്‍ക്കൊപ്പം സദസില്‍ അണി നിരന്നു. തിരക്ക് ഏറിവരുന്നതേയുണ്ടായിരുന്നുള്ളു. നാലുമണിക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ ജില്ലകളില്‍ നിന്ന് ഉച്ചയ്ക്ക് തന്നെ ജനങ്ങളെത്തിത്തുടങ്ങിയിരുന്നു. രണ്ടുമണിയോടെത്തന്നെ മാധ്യമ പ്രവര്‍ത്തകരെയും വേദിയിലേക്ക് പ്രവേശിപ്പിച്ചു. കര്‍ശന പരിശോധനകളോടെയാണ് രാജ്ഭവനിലുള്ളിലേക്ക് ആളുകളെ കടത്തിവിട്ടത്. തിരക്ക് ഒഴിവാക്കാന്‍ രണ്ട് മണിക്കൂറിന് മുന്‍പ് തന്നെ വിവിധ ഗേറ്റുകള്‍ വഴി ജനങ്ങളെ അകത്തേക്ക് കടത്തി. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ദിനേശ് അറോറയും,ഐജി പദ്മകുമാറും സിറ്റി പോലീസ് കമ്മീഷണര്‍ ഡിഐജി മനോജ് ഏബ്രഹാമും ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി ചീഫ് സെക്രട്ടറി പി പ്രഭാകരനും അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും അങ്ങോളമിങ്ങോളമോടിയെത്തി. 
ആതിഥേയന്റെ റോളില്‍ വീക്ഷണം എംഡി ബെന്നി ബഹനാന്‍ എംഎല്‍എ ആദ്യമേ എത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ജി കാര്‍ത്തികേയന്‍,അഡ്വ.ജി ബാലചന്ദ്രന്‍,പാലോട് രവി തുടങ്ങിയവര്‍ ചടങ്ങ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ രാജ്ഭവനില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലെത്തി. രണ്ടേകാലോടെ മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ വന്ന് സീറ്റു പിടിച്ചു. മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്നു.
 
വേദിയുടെ ഇടതുഭാഗത്ത് മധ്യത്തിലാണ് മന്ത്രിമാരുടെ ബന്ധുക്കള്‍ക്ക് ഇരിപ്പിടങ്ങള്‍ നല്‍കിയത്. ഇതിന് ഇടതുവശത്തായി  ഉന്നത ഉദ്യോഗസ്ഥരും.നിയുക്ത മന്ത്രിമാരില്‍ ആദ്യം എത്തിയത് കെ.സി ജോസഫാണ്. പിന്നാലെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ മോന്‍സ് ജോസഫും,ടി.യു കുരുവിളയും എം മുരളിയുമെത്തി.രണ്ടരയോടെ കോണ്‍ഗ്രസ് നേതാവ്  വി.എം സുധീരന്‍ എത്തി. 2.35 നോടെ പി.ടി തോമസ് എം.പി,കെ.പി ധനപാലന്‍ എം.പി തുടങ്ങിയവരെത്തി.മൂന്നു മണിയോടെ സദസിലേക്കെത്തിയ മുന്‍ കെപിസിസി പ്രസിഡന്റ്  തെന്നലബാലകൃഷ്ണപിള്ളയെയും എന്‍ ശക്തനെയും ബെന്നി ബഹനാന്‍ സ്വീകരിച്ചു. 
2.55ഓടെ നിയുക്തമന്ത്രി ശിവകുമാറിന്റെ ഭാര്യ സിന്ധു, മക്കളായ ഗൗരി, ഗായത്രി എന്നിവര്‍ വന്നു. ഇവരെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. മൂന്നു മണിയോടെ അബ്ദുള്‍സമദ് സമദാനി,അബ്ദുറഹ്മാന്‍ രണ്ടത്താണി,സി.പി ജോണ്‍, വി.ഡി സതീശന്‍ എംഎല്‍എ എന്നിവരെത്തി.  3.10 നോടെ നിയുക്ത മന്ത്രി എം.കെ മുനീറും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ഹാജരായി.
മന്ത്രി കെ.പി മോഹനന്‍, സോഷ്യലിസ്റ്റ് ജനതാ നേതാവ് വീരേന്ദ്രകുമാര്‍, എം.പി ഗംഗാധരന്‍ എന്നിവര്‍ ഒരുമിച്ചാണ് സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. പിന്നാലെ നിയുക്ത മന്ത്രി പി.ജെ ജോസഫ് എത്തി. മുദ്രാവാക്യം വിളികള്‍ക്കിടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും,കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും സത്യപ്രതിജ്ഞാ പന്തലിലേക്കെത്തി. പിന്നാലെ നിയുക്ത മന്ത്രിമാരായ വി.എസ് ശിവകുമാര്‍,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്,അടൂര്‍ പ്രകാശ്,സി.എന്‍ ബാലകൃഷ്ണന്‍,എ.പി അനില്‍കുമാര്‍,പി.കെ ജയലക്ഷ്മി,കെ ബാബു എന്നിവര്‍ വന്നു.
 
പിന്നാലെ മന്ത്രി ഗണേഷ്‌കുമാറും മുന്‍ മന്ത്രി എം വിജയകുമാറുമെത്തി. തുടര്‍ന്ന് കെ.എം മാണിയുമെത്തി. കേന്ദ്രമന്ത്രി വയലാര്‍ രവിയും ശശി തരൂരും എത്തിയതോടെ യു.ഡി.എഫ് നേതാക്കള്‍ ചുറ്റുംകൂടി. രവി നിയുക്ത മന്ത്രിമാര്‍ക്കെല്ലാം ഹസ്തദാനം നല്‍കി. മൂന്നരയായപ്പോള്‍ അബ്ദുള്ളകുട്ടിയും പി.സി ജോര്‍ജുമെത്തി. ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പിന്നാലെ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും,നിയുക്തമന്ത്രിമാരായ അബ്ദുറബ്ബും,  ഇബ്രാഹിംകുഞ്ഞുമെത്തിയതോടെ അണികള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു. പിന്നാലെയെത്തിയ കേന്ദ്രസഹമന്ത്രി കെ.സി വേണുഗോപാല്‍, മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവരെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു.  3.55 നോടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചു. ഘടകകക്ഷിയില്‍ നിന്നുള്ള പി.കെ അബ്ദുറബ്ബാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ അടൂര്‍ പ്രകാശ്,എ.പി അനില്‍കുമാര്‍,ആര്യടന്‍മുഹമ്മദ്,കെ ബാബു,സി.എന്‍ ബാലകൃഷ്ണന്‍,വി.കെ ഇബ്രാഹിംകുഞ്ഞ്,പി.കെ ജയലക്ഷ്മി,കെ.സി ജോസഫ്,പി.ജെ ജോസഫ്, മുനീര്‍,വി.എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് മുന്നോടിയായി ഉച്ചയ്ക്ക് 12 മണിയോടെ തന്നെ പൊലീസ് ഗതാഗതക്രമീകരണം ആരംഭിച്ചിരുന്നു. റോഡുകള്‍പോലും നിറഞ്ഞാണ് സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ ജനങ്ങളെത്തിയത്.ബാരിക്കേഡിനപ്പുറത്തേക്ക് കടക്കാനാകാഞ്ഞവര്‍ റോഡിന്റെ വശങ്ങളില്‍വച്ചിരുന്ന എല്‍സിഡി സ്‌ക്രീനുകളിലും വിവിധ ചാനലുകള്‍ സ്ഥാപിച്ചിരുന്ന തല്‍സമയ വാര്‍ത്താ പ്രക്ഷേപണ എല്‍സിഡി സ്‌ക്രീനുകള്‍ക്കും മുന്നില്‍ ഒത്തു കൂടി.ചരിത്രത്തിന്റെ പുതിയ ഏടുകളിലേക്ക് ഇടം തേടിയായിരുന്നു മന്ത്രിസഭയുടെ വിപുലീകരണം. ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ജനാധിപത്യച്ചേരിയുടെ അധികാരാരോഹണത്തിന് സാക്ഷ്യം വഹിക്കാന്‍ രാജ്ഭവന്‍ വളപ്പില്‍ സാധാരണ ജനങ്ങള്‍ ഉത്സാഹപൂര്‍വം വന്നണഞ്ഞത് ചരിത്രസംഭവമായി വിലയിരുത്തപ്പെടുന്നു. 

No comments:

Post a Comment

Note: Only a member of this blog may post a comment.