Saturday, May 21, 2011

കോണ്‍ഗ്രസ് മന്ത്രിമാരില്‍ അഞ്ച് പുതുമുഖങ്ങള്‍


 ഹൈക്കമാന്റ് അംഗീകാരത്തോടെ കോണ്‍ഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ചു. ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, കെ.സി ജോസഫ്, എ.പി അനില്‍കുമാര്‍, സി.എന്‍ ബാലകൃഷ്ണന്‍, കെ. ബാബു, വി.എസ് ശിവകുമാര്‍, പി.കെ ജയലക്ഷ്മി
തുടങ്ങി ഒമ്പതുപേരുടെ പട്ടികയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ പ്രഖ്യാപിച്ചത്. ഇതില്‍ അഞ്ചുപേര്‍ പുതുമുഖങ്ങളാണ്. 
മുസ്‌ലിം ലീഗിന്റെ മൂന്നും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ഒരുമന്ത്രിയും ഉള്‍പ്പെടെ 13 പേര്‍ 23ന് രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടത്തും. അന്നുചേരുന്ന മന്ത്രിസഭ യോഗത്തില്‍തന്നെ ആദ്യ നിയമസഭാ യോഗത്തിന്റെ തീയതി നിശ്ചയിക്കും. കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നതിന് സംസ്ഥാനത്തും ഡല്‍ഹിയിലും ചര്‍ച്ച നടത്തിയിരുന്നുവെന്നും അതിന് ഹൈക്കമാന്റ് നല്‍കിയ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അര്‍ഹരായവരില്‍ പലരെയും ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്നത് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താവുന്ന അംഗങ്ങളുടെ പരിമിതി മൂലമാണ്. എന്നാല്‍ സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്-ഉമ്മന്‍ ചാണ്ടി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക്‌ശേഷം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരെയും പിന്നീടാണ് തീരുമാനിക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല, മറിച്ച് പല പരിഗണനയുടെയും അടിസ്ഥാനത്തിലാണ് മന്ത്രിമാരെ നിശ്ചയിച്ചത്. പാര്‍ട്ടിക്ക് വിധേയമായ പരിഗണനകളാണ് ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
 
നിലമ്പൂരില്‍ നിന്നും നിയമസഭയില്‍ എത്തിയ ആര്യാടന്‍ മുഹമ്മദ് ഇത് നാലാം തവണയാണ് മന്ത്രിയാകുന്നത്. എട്ടുതവണ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏഴ് തവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട കെ.സി ജോസഫ് ആദ്യമായാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ നിയമസഭയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറിയായിരുന്നു. ഇരിക്കൂറില്‍ നിന്നാണ് കെ.സി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്. എ.ഐ.സി.സി അംഗം കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഞ്ച് തവണ നിയമസഭാ അംഗമായിട്ടുണ്ട്. കോട്ടയം മണ്ഡലത്തില്‍ നിന്നാണ് ഇക്കുറി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ ജലവിഭവം-ആരോഗ്യം-വനം മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.പി.സി.സി സെക്രട്ടറി കൂടിയായ കെ. ബാബു ഇത് അഞ്ചാംതവണയാണ് എം.എല്‍.എയാകുന്നത്. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്ന് ഇക്കുറി തെരഞ്ഞെടുക്കപ്പെട്ട കെ. ബാബുവും ആദ്യതവണയാണ് മന്ത്രിയാകുന്നത്

No comments:

Post a Comment

Note: Only a member of this blog may post a comment.