Thursday, May 26, 2011

ഒടുവില്‍ സി.പി.എം സമ്മതിച്ചു; വി.എസ് തന്നെ നായകന്‍

തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി ചതിച്ചെന്ന് പിണറായി





തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് തരംഗം ഉണ്ടായില്ലെന്ന് നേരത്തെ സ്വീകരിച്ച നിലപാട് സി.പി.എം തിരുത്തി.
കഴിഞ്ഞ രണ്ടുദിവസം നടന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ പോലും വി.എസ് ഫാക്ടര്‍  പാര്‍ട്ടിക്കും മുന്നണിക്കും അത്രവലിയ നേട്ടമുണ്ടാക്കിയില്ലെന്ന് അഭിപ്രായപ്പെട്ടിരുന്ന സി.പി.എം, ഇന്നലെ സംസ്ഥാന സമിക്ക് ശേഷമാണ് നിലപാടില്‍ മാറ്റം വരുത്തിയത്. വി.എസ് തരംഗം ഗുണം ചെയ്തുവെന്ന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് തന്നെ സമ്മതിക്കേണ്ടിവന്നു എന്നതാണ് കൗതുകകരം. പിന്നീട് നിയമസഭാകക്ഷി യോഗം ചേര്‍ന്ന് വി.എസ് അച്യുതാനന്ദനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. കോടിയേരി ബാലകൃഷ്ണനാണ് പ്രതിപക്ഷ ഉപനേതാവ്. എം.എ ബേബിയെ ചീഫ് വിപ്പായും എ.കെ ബാലനെ നിയമസഭാ കക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു.സംസ്ഥാന സമിതിയില്‍ 'വി.എസ് ഫാക്ടര്‍' സംബന്ധിച്ച വാഗ്വാദങ്ങള്‍ ഇന്നലെയും തുടര്‍ന്നു. യോഗത്തില്‍ വി.എസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ പ്രകാശ് കാരാട്ട് പ്രശംസിച്ചതോടെ ഔദ്യോഗികപക്ഷം കീഴടങ്ങുകയായിരുന്നു. സി.പി.എം കേന്ദ്രനേതൃത്വം പൂര്‍ണമായി വി.എസിന് അനുകൂലമായതോടെ പിണറായിയും നിലപാടുമാറ്റി. ഒടുവില്‍ വി.എസ് ഫാക്ടര്‍ എന്നുതന്നെ യോഗത്തിന് അംഗീകരിക്കേണ്ടിവന്നു.
 
തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന്റെ സാന്നിദ്ധ്യം പാര്‍ട്ടിയ്ക്കും മുന്നണിയ്ക്കും ഗുണം ചെയ്‌തെന്നാണ് യോഗത്തില്‍ സംബന്ധിച്ച ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടത്. അത് മുന്നണിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. വോട്ട് ചോര്‍ച്ച തടയാനും വി.എസ് ഘടകം ഗുണം ചെയ്‌തെന്നും കാരാട്ട് പറഞ്ഞു.തെരഞ്ഞെടുപ്പില്‍ വി.എസ് മത്സരിക്കണമെന്ന് തീരുമനിച്ചത് പോളിറ്റ് ബ്യൂറോ അണ്. അച്യുതാനന്ദന്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമായിരുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. വ്യക്തിയെന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ വി.എസിന്റെ പ്രവര്‍ത്തനം ഗുണം ചെയ്തുവെന്ന് സംസ്ഥാനസമിതിക്ക് അഭിപ്രായമുണ്ടായിരുന്നില്ല. പ്രചാരണരംഗത്ത് വി.എസിന്റെ സേവനം സൂചിപ്പിക്കാതെ തയാറാക്കിയ റിപ്പോര്‍ട്ട് പിന്നീട് തിരുത്തിയെങ്കിലും പിണറായി വിജയന്‍ ഇക്കാര്യത്തില്‍ മൗനംപാലിക്കുകയായിരുന്നു. എന്നാല്‍ കേന്ദ്രനേതൃത്വം ശക്തമായ നിലപാടു സ്വീകരിച്ചതോടെ വി.എസ് തന്നെ നായകനെന്ന് പിണറായിക്ക് സമ്മതിക്കേണ്ടിവന്നു. സംസ്ഥാന സമിതി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പതിവിന് വിരുദ്ധമായി വി.എസിനെ വാനോളം പുകഴ്ത്തിയായിരുന്നു പിണറായിയുടെ വാക്കുകള്‍. വി.എസിന്റെ പ്രചാരണ യോഗങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്തു. എന്നാല്‍ വി.എസ് ഈ തെരഞ്ഞെടുപ്പില്‍ പൊട്ടിമുളച്ചയാളല്ല. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനത്തിലൂടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടിയുടെ ഉല്‍പ്പന്നമാണെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി പാര്‍ട്ടിയെയും മുന്നണിയെയും ചതിച്ചുവെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. ഇക്കാര്യം പിണറായി വിജയന്‍ പരസ്യമായി പറയുകയും ചെയ്തു. നേരത്തേ എന്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഇക്കുറി വെള്ളാപ്പള്ളി നടേശനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സമദൂരം വെടിഞ്ഞ എന്‍.എസ്.എസിന് സമാനമായ നിലപാടാണ് വെള്ളാപ്പള്ളിയും സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്.എന്‍.ഡി.പി പാര്‍ട്ടിക്കൊപ്പമായിരുന്നില്ല. അവര്‍ ചതിക്കുന്നത് ഇതാദ്യമല്ല. മുന്‍കാല തെരഞ്ഞെടുപ്പുകളിലും ഇതേ കാപട്യം കാട്ടിയിട്ടുണ്ട്. എന്‍.എന്‍.എസ് സ്വീകരിച്ച നിലപാട് തെരഞ്ഞെടുപ്പിന് ശേഷം സുകുമാരന്‍ നായര്‍ തുറന്നുപറഞ്ഞപ്പോള്‍ എസ്.എന്‍.ഡി.പി നേതാവിന്റെ പ്രതികരണം ഇക്കാര്യം ശരിവെക്കുന്നതാണ്. എന്‍.എസ്.എസ്, എല്‍.ഡി.എഫിനെ എതിര്‍ത്തിരുന്നുവെന്ന് നേരത്തേ പറഞ്ഞിരുന്നെങ്കില്‍ എല്‍.ഡി.എഫിന് വിജയിക്കാനാവുമായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് സ്വയം കുറ്റബോധം കൊണ്ട് പറഞ്ഞതാകാം. എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും ഉള്‍പ്പെടുന്ന ചില ജാതി സംഘടനകളുടെ വിചാരം ഇവരുടെ പിന്തുണ കൊണ്ടാണ് പാര്‍ട്ടികളും മുന്നണികളും നിലനില്‍ക്കുന്നതെന്നാണ്. എല്‍.ഡി.എഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പലപ്പോഴും പ്രശംസിക്കുകയായിരുന്നു എസ്.എന്‍.ഡി.പി ചെയ്തുവന്നത്. എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചു.
 
എല്ലാ മുസ്‌ലിം സംഘടനകളെയും യോജിപ്പിച്ച് നിര്‍ത്തുന്നതില്‍ മുസ്‌ലിം ലീഗ് ഒരു പരിധിവരെ വിജയിച്ചു. തങ്ങള്‍ക്ക് എതിരാണെന്ന് പറയുന്ന ചില സംഘടനകള്‍ പോലും തെരഞ്ഞെടുപ്പില്‍ അവര്‍ക്കൊപ്പം നിന്നു. ഇതാണ് ലീഗിന് ഗുണം ചെയ്തത്. ചില മുസ്‌ലിം സംഘടനകള്‍ പ്രത്യക്ഷമായി എല്‍.ഡി.എഫിന് അനുകൂലമെന്ന് നടിക്കുകയും ആര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ജാതിസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട് ചില മുന്നണികളെ പരാജയപ്പെടുത്തുന്നത് ശരിയാണോയെന്ന് പൊതുസമൂഹം വിലയിരുത്തണമെന്നും പിണറായി പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.