Thursday, May 19, 2011

" ജനപ്രിയ " കോണ്‍ഗ്രസ്‌ 'ന്റെ ദേശീയ ചാനലകുന്നു

 കെ. മുരളീധരന്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ നാവായി മാറുന്നു. മുരളിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ജനപ്രീയ കമ്യുണിക്കേഷന്‍ കോണ്‍ഗ്രസിന്റെ ദേശീയചാനലാക്കി മാറ്റാനുള്ള അണിയറപ്രവര്‍ത്തനങ്ങളാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയാല്‍ കെ. മുരളീധരനു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായി അതുമാറും. കോണ്‍ഗ്രസുമായി പിണങ്ങി ഡി.ഐ.സി രൂപീകരിച്ച കാലത്താണ് മുരളീധരന്‍ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടത്. രണ്ടുമൂന്നുവര്‍ഷം കൊണ്ട് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പുരോഗമിച്ചപ്പോഴാണ് മുരളീധരന്‍ കോണ്‍ഗ്രസിലേക്കു തിരിച്ചു പോകാന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസിന് നിലവില്‍ ജയ്ഹിന്ദ് എന്ന പേരില്‍ ഔദ്യോഗിക ചാനല്‍ ഉള്ളതിനാല്‍ ജനപ്രിയയുടെ പ്രവര്‍ത്തനം വേണ്ടെന്നുവയ്ക്കുമെന്നായിരുന്നു സൂചനകള്‍. ചാനലിനു വേണ്ടിയുള്ള ധനസമാഹരണവും മറ്റും തത്ക്കാലത്തേക്കു നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചാനലിന്റെ പ്രവര്‍ത്തനവുമായി ഏറെ മുന്നോട്ടു പോയതിനാലാണ് കോണ്‍ഗ്രസിന്റെ ദേശീയചാനലായി ഇതിനെ മാറ്റാന്‍ മുരളീധരന്‍ പദ്ധതിയിടുന്നത്. കോണ്‍ഗ്രസിന് നിലവില്‍ ദേശീയതലത്തില്‍ സ്വന്തമായി മാധ്യമങ്ങളൊന്നുമില്ല. ഈ സാഹചര്യത്തിലാണ് ജനപ്രിയയുടെ പ്രവര്‍ത്തനം ദേശീയതലത്തില്‍ വ്യാപിപ്പിക്കാന്‍ ആലോചന തുടങ്ങിയത്. മാത്രമല്ല മലയാളത്തില്‍ പുതിയൊരു ചാനലിന് ഇനി സാധ്യതയില്ലെന്നും ജനപ്രിയയുടെ പിന്നണിയിലുള്ളവര്‍ കണക്കുകൂട്ടുന്നു. ഡി.ഐ.സിയുടെ വിദേശമലയാളികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ജനപ്രിയക്കുവേണ്ടി ധനസമാഹരണത്തിനു പദ്ധതിയിട്ടിരുന്നത്. ഈ സംഘടന പിരിച്ചു വിട്ടെങ്കിലും ഇതിന്റെ നേതൃത്വത്തിലുള്ളവര്‍ക്കാണ് വിദേശത്ത് ചാനലിന്റെ ചുമതലകള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ദേശീയചാനലായി ഇതുമാറുമെന്നാണ് ഇവര്‍ വിദേശമലയാളികള്‍ക്ക് നല്‍കിയിരിക്കുന്ന സൂചന. മുരളീധരന്റെ ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയാല്‍ ഹിന്ദിയിലോ ഇംഗ്‌ളീഷിലോ ആയിരിക്കും ചാനല്‍ പ്രവര്‍ത്തനം തുടങ്ങുക. ഇതിന്റെ വാര്‍ത്താവിഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ മുരളീധരനു താത്പര്യമില്ല. അത് ഹൈക്കമാന്‍ഡ് നിശ്ചയിക്കും വിധമായിരിക്കും മുന്നോട്ടുപോകുക. എന്നാല്‍ ചാനലിന്റെ നടത്തിപ്പു ചുമതല തനിക്കു ലഭിക്കുമെന്ന വിശ്വാസത്തിലാണ് മുരളീധരന്‍. പി.എം.ജി ജംഗ്ഷനില്‍ മുരളീധരന്റെ പേരിലുള്ള പ്രിയദര്‍ശിനി മന്ദിരമാണ് ജനപ്രിയ കമ്യൂണിക്കേഷന്റെ ഇപ്പോഴത്തെ കോര്‍പ്പറേറ്റ് ഓഫീസ്. ദേശീയചാനലായി ഇതുമാറിയാല്‍ കോര്‍പ്പറേറ്റ് ഓഫീസ് ഡല്‍ഹിയിലേക്കു പറിച്ചുനടാനാണ് സാധ്യത.

No comments:

Post a Comment

Note: Only a member of this blog may post a comment.