Sunday, May 29, 2011

കാര്‍ഷികമേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ 77 കോടി രൂപ അനുവദിച്ചു


പൈനാപ്പിള്‍ കൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷികമേഖലകളിലേക്ക് യുവതലമുറയെ ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 77 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചുവെന്ന് കൃഷിവകുപ്പ് മന്ത്രി കെ പി മോഹനന്‍.
കാലിക്കറ്റ് അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിപാര്‍ക്കില്‍ നടന്ന 'മാമ്പഴപ്രദര്‍ശനം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കേന്ദ്രസഹായമുപയോഗിച്ച് സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ ധാരാളം പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനാണ് ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാര്‍ഷിക രംഗത്തേക്ക് പുതുതലമുറയെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കേണ്ടതുണ്ട്. ഇന്നത്തെ യുവതലമുറ കൃഷിയിലേക്ക് അത്ര കണ്ട് ആകൃഷ്ടരാവാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. കൃഷിയോടുള്ള നമ്മുടെ സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തണം. 
എന്‍ഡോസള്‍ഫാന്‍ പോലുള്ളവയെ ഒഴിവാക്കി ജൈവവളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിച്ച് കൃഷിയിറക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ കര്‍ഷകരിലേക്ക് യഥാവിധി യഥാസമയം നേരിട്ടെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കൃഷിമന്ത്രി കൂട്ടിച്ചേര്‍ത്തു. അഡ്വ. തോമസ് മാത്യു അധ്യക്ഷനായിരുന്ന ചടങ്ങില്‍ എ പ്രദീപ്കുമാര്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജീന്‍ മോസസ്, പി കിഷന്‍ചന്ദ്, മനയത്ത് ചന്ദ്രന്‍, ജി സുദര്‍ശനന്‍, എന്‍ സി മോയിന്‍കുട്ടി, അഡ്വ. എ ശങ്കരന്‍, അലക്‌സ് നൈനാന്‍ കൈതയില്‍, ആര്‍ അന്‍സാരി, അഡ്വ. എം രാജന്‍, എം എ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

Note: Only a member of this blog may post a comment.