Thursday, May 26, 2011

ലോട്ടറി മാഫിയയ്ക്ക് അടവ് പിഴയ്ക്കുന്നു


അക്ഷയ ഖനി നഷ്ടമായതില്‍ വിറളി പൂണ്ട ലോട്ടറി മാഫിയയ്ക്കുമേല്‍ അശനിപാതമായി സി.ബി.ഐ അന്വേഷണം വന്നണയുമ്പോള്‍, ജനപക്ഷത്തുനിന്ന് കോണ്‍ഗ്രസ് നടത്തിപ്പോന്ന ദീര്‍ഘകാല പോരാട്ടമാണ് സഫലമാകുന്നത്.
തമിഴ്‌നാട്ടില്‍ നിന്ന് റിമോട്ട് കണ്‍ട്രോളിലൂടെ സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി കുബേരന്‍ കേരളത്തിലെ അച്യുതാനന്ദന്‍ സര്‍ക്കാരിനെ സ്വന്തം താളത്തിനൊത്ത് തുള്ളിച്ചുകൊണ്ടിരുന്നത് എ.കെ.ജി. സെന്ററില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ടായിരുന്നുവെന്ന വസ്തുത കോണ്‍ഗ്രസ് എന്നേ വ്യക്തമാക്കിക്കഴിഞ്ഞിരുന്നതാണ്. ഈ പാവക്കൂത്തിന് പിന്നില്‍ കൈമറിഞ്ഞുകൊണ്ടിരുന്ന സഹസ്രകോടികളുടെ കണക്കുകണ്ട് അച്യുതാനന്ദന്റെ ധനമന്ത്രിയുടെ ലാപ്‌ടോപ്പ് പോലും കിടുങ്ങിയപ്പോള്‍ മാര്‍ട്ടിന്റെ പണപ്പെട്ടിയില്‍ നിന്ന് കോടികള്‍ പ്രവഹിച്ചത് സി.പി.എമ്മിലേക്കും നേതാക്കളിലേക്കും മാത്രമല്ല, പാര്‍ട്ടി പത്രത്തിലേക്കും ചാനലിലേക്കും കൂടിയായിരുന്നു. ഇതേപ്പറ്റിയൊക്കെ അന്വേഷിച്ച് അപസര്‍പ്പക വിദഗ്ധരുടെ വൈഭവത്തോടെ കോണ്‍ഗ്രസ് നേതാക്കളും മാധ്യമങ്ങളും വസ്തുതകള്‍ നിരത്തിയപ്പോള്‍ യുക്തിക്ക് നിരക്കാത്ത സ്വയം പ്രതിരോധ അഭ്യാസത്തില്‍ മുഴുകാനല്ലാതെ നിരപരാധിത്വത്തിന്റെ വസ്ത്രശകലമെങ്കിലും എടുത്തണിയാന്‍ പാര്‍ട്ടിക്ക് ആയില്ല. ശരപഞ്ജരത്തില്‍പ്പെട്ട് സര്‍ക്കാരും പാര്‍ട്ടിയും പുളയുമ്പോള്‍ കോണ്‍ഗ്രസിനുനേരെ എടുത്തെറിഞ്ഞുകൊണ്ടിരുന്ന ആക്ഷേപ ചുരികകളാകട്ടെ വീണൊടിഞ്ഞതേയുള്ളൂ. 
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറിക്കാര്‍ കേരളത്തില്‍ അഴിഞ്ഞാടുന്നുവെന്നുപറഞ്ഞ് അട്ടഹാസം മുഴക്കി നടന്നിരുന്ന അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കസേരയില്‍ ഏറിയതോടെ ലോട്ടറി മാഫിയയുടെ സുവര്‍ണകാലം ആരംഭിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടി പത്രം സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് അനധികൃതമായി കൈപ്പറ്റിയ കോടികളുടെ കണക്ക് നിഷേധിക്കാനാവാത്തവിധം പരസ്യമായപ്പോള്‍ കെണി മനസ്സിലാക്കിയ അച്യുതാനന്ദന്‍ പാപഭാരം സ്വന്തം പാര്‍ട്ടിയിലെ ഉന്നതന്മാരുടെ ചുമലിലേക്ക് ചാര്‍ത്തിക്കൊടുക്കാന്‍ തന്ത്രപരമായ നീക്കം നടത്തിയത് ഇടതുമുന്നണിയില്‍ തന്നെ പുതിയ ചേരിതിരിവിന് വഴിമരുന്നിട്ടിരുന്നു.
 
ജനഹിതമറിയുന്ന പോരാട്ടവീരനാണ് താനെന്ന ഖ്യാതിക്കുവേണ്ടി ഏത് ഹീനതന്ത്രവും പയറ്റുന്ന അച്യുതാനന്ദനെതിരെ സ്വന്തം സഖാക്കള്‍ പ്രയോഗിച്ചത് കരുത്തുറ്റ ആയുധം തന്നെയായിരുന്നു. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വാഹനത്തില്‍ പറന്നുനടന്ന് ലോട്ടറി മാഫിയയ്‌ക്കെതിരെ അച്യുതാനന്ദന്‍ അട്ടഹാസം മുഴക്കിക്കൊണ്ടിരുന്ന കാലത്ത്, പുത്രന്‍ അരുണ്‍കുമാര്‍ ഇടപ്പള്ളിയിലെ ചെറി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ ചുക്കാന്‍ പിടിച്ചുകൊണ്ട് സംസ്ഥാനത്തെ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിന് നെടുനായകത്വം വഹിച്ചിരുന്നത് സഖാക്കള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അച്യുതാനന്ദന്‍ അടുത്ത അടവ് പയറ്റിത്തുടങ്ങി. 
കേന്ദ്രസര്‍ക്കാരിനെയും ആഭ്യന്തരമന്ത്രി ചിദംബരത്തെയും അദ്ദേഹത്തിന്റെ പത്‌നിയെയും പഴിച്ച് തലയൂരാനായി തുടര്‍ന്നുള്ള നീക്കം. കേന്ദ്ര നിയമങ്ങളിലൂടെ ലഭ്യമായ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തെ ലോട്ടറിക്കൊയ്ത്ത് തടയാന്‍ ശ്രമിക്കുന്നതിന് പകരം പ്രധാനമന്ത്രിക്ക് കത്തെഴുതി കടമ തീര്‍ത്തുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അച്യുതാനന്ദന്റെ ശ്രമം. എണ്‍പതിനായിരം കോടി രൂപ സംസ്ഥാനത്തുനിന്ന് ചോര്‍ത്തിക്കൊണ്ടുപോയ ലോട്ടറി മാഫിയയെ കുരുക്കുന്നതിനുവേണ്ടി സി.ബി.ഐയുടെ അന്വേഷണം സാധ്യമാക്കുന്നതിനുള്ള നൈയാമിക നടപടി ക്രമങ്ങള്‍ അവലംബിക്കാതെ കാലം കളഞ്ഞ അച്യുതാനന്ദന്റെ കുതന്ത്രം ലോകത്തെയും നീതിന്യായ സംവിധാനത്തെയും ബോധ്യപ്പെടുത്താനാണ് വി.ഡി. സതീശന്‍ എം.എല്‍.എ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി നല്‍കിയത്.
 
ഡിവിഷന്‍ ബഞ്ചിനുമുന്നില്‍ ഹര്‍ജി പരിഗണനയ്ക്ക് വന്നതോടെ കേന്ദ്രസര്‍ക്കാരിനെപ്പറ്റി അച്യുതാനന്ദന്‍ നടത്തിവന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വ്യക്തമായി. സി.ബി.ഐ. അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും ക്രമപ്രകാരമുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ നല്‍കാതിരുന്നതാണ് പ്രശ്‌നമെന്നും കോടതിക്ക് ബോധ്യമാവുകയും ചെയ്തു.
ഇതിനിടെ ഭൂട്ടാന്‍ ലോട്ടറിക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന്റെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാരിന് അവകാശപ്പെട്ടതാണെങ്കിലും ഇക്കാര്യത്തില്‍ അച്യുതാനന്ദന്‍ മൗനം തുടരുന്നു. ഇനിയിപ്പോള്‍ സാന്റിയാഗോ മാര്‍ട്ടിനും മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സും ഭൂട്ടാന്‍ ലോട്ടറിയുടെയും മറ്റും പേരില്‍ നടത്തിവന്ന തട്ടിപ്പിന്റെ വിശദാംശങ്ങള്‍ സി.ബി.ഐ പുറത്തുകൊണ്ടുവരുമ്പോള്‍ മാര്‍ട്ടിനോടൊപ്പം പ്രതിക്കൂട്ടിലേക്ക് നീങ്ങുന്നവരുടെ പട്ടികയില്‍ ഏതൊക്കെ പ്രമുഖര്‍ ഉണ്ടാകുമെന്നതാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. 

No comments:

Post a Comment

Note: Only a member of this blog may post a comment.