Monday, May 16, 2011

ഇങ്ങനെയൊക്കെയാണ് ഉമ്മന്‍ ചാണ്ടി


ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുമ്പോള്‍ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്ക് മൂന്നാം നിലയ്ക്ക് രാപ്പകലുകളുടെ വ്യത്യാസമില്ലാത്ത ദിനങ്ങള്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് 19 മാസം മാത്രം മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ ഭരണം അടുത്തുനിന്നു കണ്ടവര്‍ക്ക് അതു മനസിലാകും. നേരത്തേ ഉണര്‍ന്ന് വൈകി ഉറങ്ങുന്ന ഓഫീസായിരുന്നു അക്കാലത്ത് മുഖ്യമന്ത്രിയുടേത്. അതിരാവിലെ കൈവീശി നടന്ന്, പിന്നെ കുറിപ്പടി അനുസരിച്ചുള്ള ഭക്ഷണം മാത്രം കഴിച്ച്, വാച്ചില്‍ നോക്കി ഓഫീസിലെത്തി, പേഴ്‌സണല്‍ സ്റ്റാഫിന് ഇഷ്ടമുള്ളവരെ മാത്രം കാണുന്ന ഭരണാധികാരികളുടെ കൂട്ടത്തിലായിരുന്നില്ല ഉമ്മന്‍ ചാണ്ടി. ആര്‍ക്കും എപ്പോഴും കാണാം, കാര്യം പറയാം, വേണമെങ്കില്‍ വണ്ടിക്കൂലിക്കു കടവും ചോദിക്കാം. പുതുപ്പള്ളിക്കാര്‍ക്ക് മാത്രമുള്ളതല്ല ഈ സൗകര്യങ്ങളൊന്നും. മുഴുവന്‍ മലയാളികള്‍ക്കുമുള്ളതാണ്. കഴിഞ്ഞ പ്രാവശ്യം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി ഏതാനും ആഴ്ചകള്‍ക്കു ശേഷം മനോരമയിലെ പൊന്നമ സൂപ്രണ്ടില്‍ വന്ന കമന്റ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ‘സുമാര പിള്ളേ, എവിടെപ്പോകുന്നു’ എന്ന് സൂപ്രണ്ട് ചോദിക്കുന്നു. ‘ ഒന്നു മുറുക്കണം, മുഖ്യമന്ത്രിയെയും കാണണം’ എന്ന് മറുപടി.
മുഖ്യമന്ത്രി ജനങ്ങള്‍ക്ക് എപ്പോഴും കാണാന്‍ കഴിയുന്ന ആളായി മാറുന്നത് അദ്ദേഹത്തിന്റെ ദൗര്‍ബല്യമല്ല, ശക്തിതന്നെയാണെന്ന് തിരിച്ചറിയുന്നു എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ സവിശേഷത. അദ്ദേഹം ജനങ്ങളുമായി ഇടപഴകുന്നതിനെക്കുറിച്ച് നിരവധി കഥകളുണ്ടെങ്കിലും ,സന്ദര്‍ശകരെ തടയുന്നതില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന ബില്‍ഡിംഗിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ വിലക്കിയത് എന്തായാലും പെരുപ്പിച്ചു പറയുന്ന കഥയല്ല.
അതിവേഗം ബഹുദൂരം എന്ന പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജന സമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും തീര്‍പ്പാക്കിയെന്നതും അതിശയോക്തിയല്ല. പുതുപ്പള്ളിയിലെ വള്ളക്കാലില്‍ വീട്, തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി വീട് , പാളയത്തെ കന്റോണ്‍മെന്റ് ഹൗസ് എന്നിവിടങ്ങളില്‍ സാധാരണ ജനം സര്‍വ സ്വാതന്ത്ര്യത്തോടെ കയറിയിറങ്ങുകയും പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടുകയും നേടുകയും ചെയ്യുന്നതിന്റെ ഒരു എക്സ്റ്റന്‍ഷന്‍ മാത്രമാണ് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിനു പകരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേയ്ക്കു മുഖ്യമന്ത്രി മാറുന്നു എന്ന് ഇതിനോടു ചേര്‍ത്ത് പറയാന്‍ പറ്റില്ല. കാരണം. കഴിഞ്ഞ തവണ അദ്ദേഹം ജഗതിയിലെ വീട്ടില്‍ തന്നെ താമസം തുടരുകയാണു ചെയ്തത്. ധന മന്ത്രിയായിരുന്ന വക്കം പുരുഷോത്തമനാണ് ക്ലിഫ് ഹൗസില്‍ താമസിച്ചത്. അതിനു മുമ്പ് എ.കെ.ആന്റണി, ശേഷം വി.എസ്. അച്യുതാനന്ദന്‍.
ഉമ്മന്‍ ചാണ്ടി പലപ്പോഴും പറഞ്ഞുകേള്‍ക്കാറുള്ള ഒരു കാര്യമുണ്ട്, പൊതുപ്രവര്‍ത്തകര്‍ ശരിയായതു ചെയ്താല്‍ മാത്രം പോരാ, അതു ശരിയാണെന്നു മറ്റുള്ളവര്‍ക്കു ബോധ്യപ്പെടുകയും വേണം. ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം തരുന്ന വാക്കുകളാണ് അവ. പാമോലിന്‍ കേസുവന്ന് തലവഴി മൂടി ഒഴുക്കിക്കൊണ്ടുപോകുന്ന പ്രളയമാകുന്നുവെന്ന പ്രതീതി സൃഷ്ടിച്ചപ്പോഴും അദ്ദേഹം പതറാതെ നിന്നത് ഓര്‍ക്കുക. തെറ്റായൊന്നു ചെയ്തിട്ടില്ലെന്ന ഉറപ്പ്. ഇപ്പോഴത് എല്ലാവര്‍ക്കും ബോധ്യമായിരിക്കുക കൂടി ചെയ്തിരിക്കുന്നു.
ഭരണപരമായ നടപടിക്രമങ്ങളുടെ നൂലാമാലകള്‍ പെരിപ്പിച്ചു കാട്ടി. തീരുമാനങ്ങളെടുക്കുന്നതു വെകിപ്പിക്കുന്ന ഭരണാധികാരികളുടെ പട്ടികയിലും ഉമ്മന്‍ ചാണ്ടി ഇല്ല. വളയത്തിനു പുറത്തുകൂടിയാണു പലപ്പോഴും ചാട്ടം. അങ്ങനെ പത്തുതവണ ചാടുമ്പോള്‍ രണ്ടോ മൂന്നാ തവണ പിഴച്ചേക്കാം. അത് ഒഴിവാക്കാന്‍ കഴിയില്ല.
ഉമ്മന്‍ ചാണ്ടിക്കഥകള്‍ ഏറെയാണ്. അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പി.ടി.ചാക്കോ അത്തരം കഥകള്‍ സമാഹരിച്ചു പുസ്തകമാക്കിയിട്ടുണ്ട്. നിവേദനം കൊടുക്കാന്‍ എത്തിയ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ ശൂന്യമായ കടലാസ് നീട്ടിയതും, കുഞ്ഞൂഞ്ഞ് ഒപ്പിട്ടോ കാര്യം ഞാന്‍ പിന്നീട് എഴുതിച്ചേര്‍ക്കാമെന്നു പറഞ്ഞതും നടന്ന സംഭവങ്ങളില്‍ ഒന്ന്. സ്ഥിരമായി ലോട്ടറിയെടുക്കുകയും അടിക്കാതിരിക്കുകയും ചെയ്യുന്ന പുതുപ്പള്ളിക്കാരനു വേണ്ടി ലോട്ടറി ഡയറക്ടര്‍ക്ക് കത്തെഴുതിയത് നടന്നിട്ടില്ലാത്ത ചിരിക്കഥ. ശുപാര്‍ശ പറയിക്കാന്‍ വരുന്ന ആരെയും നിരാശപ്പെടുത്താത്ത ശൈലിയാണു കാരണം. ‘ഇദ്ദേഹം പുതുപ്പള്ളിക്കാരനും സ്ഥിരമായി സംസ്ഥാന ഭാഗ്യക്കുറി എടുക്കുന്നയാളുമാണ്. അടുത്ത തവണ ദയവായി ഇദ്ദേഹത്തെ പരിഗണിക്കണം’ എന്നായിരുന്നേ്രത കത്ത്. ‘ കോട്ടയം സ്വദേശിയും കോണ്‍ഗ്രസുകാരനും സര്‍വോപരി സത്യക്രിസ്ത്യാനിയുമായ ഈ കത്തുമായി വരുന്ന വിദ്യാസമ്പന്നന് ഒരു ജോലി ശരിയാക്കിക്കൊടുക്കാന്‍ ശ്രമിക്കുമല്ലോ’ മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന് കത്തു കൊടുത്തയച്ചതും കഥ തന്നെ. കുളിമുറിയുടെ മൂലയില്‍ നിന്നൊരാള്‍ നിവേദനം നീട്ടുന്നതും തലയില്‍ വെള്ളമൊഴിക്കുന്നതിനിടെ അതില്‍ ഒപ്പിട്ടു കൊടുക്കുന്നതും കഥയല്ല കാര്യവുമല്ല, കാര്‍ട്ടൂണ്‍

No comments:

Post a Comment

Note: Only a member of this blog may post a comment.