Sunday, May 29, 2011

എന്‍സിപി നേതാക്കളുടെ മനംമാറി: ശശീന്ദ്രന്‍ മന്ത്രിയാകും


 ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭയ്ക്ക് ഇനി ധൈര്യമായി മുന്നോട്ടുപോകാം. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എംഎല്‍എ മാരുടെ എണ്ണം 73 ല്‍ നിന്നും 75 ആയി ഉയരുകയാണ്. എല്‍ഡിഎഫിനൊപ്പമെന്ന് ആവര്‍ത്തിച്ചിരുന്ന എന്‍.സി.പിയുടെ രണ്ട് എം. എല്‍.എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെ ഉമ്മന്‍ചാണ്ടി കൂടുതല്‍ ശക്തനായിക്കഴിഞ്ഞു. സ്പീക്കര്‍ പദവി സംബന്ധിച്ച് യുഡിഎഫിലെ തര്‍ക്കവും പരിഹരിക്കപ്പെട്ടിരിക്കുയാണ്. പറവൂര്‍ എംഎല്‍എ വി.ഡി.സതീശന്‍ സ്പീക്കര്‍ പദവി സ്വീകരിക്കുമെന്നാണ് സൂചന. എന്‍സിപി എംഎല്‍എമാരായ എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും യു.ഡി.എഫില്‍ ഉടന്‍ചേരും. യു.ഡി.എഫിന്റെ ഭാഗമാകില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് എ.സി. ഷണ്‍മുഖദാസ് ആവര്‍ത്തിച്ച് പറയുന്നതിനിടയിലാണ് പാര്‍ട്ടിയുടെ രണ്ട് എം.എല്‍. എമാരുമായി കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യ ധാരണയിലെത്തിയത്. ഇത് മുന്നില്‍ക്കണ്ടാണ് ഒരു മന്ത്രിസ്ഥാനം യു.ഡി.എഫ് ഒഴിച്ചിട്ടിരിക്കുന്നതെന്നാണ് സൂചന.

തുടക്കത്തില്‍ 21 അംഗ മന്ത്രിസഭ ഉണ്ടാക്കാനാണ് യു.ഡി.എഫ് നേതാക്കള്‍ തീരുമാനിച്ചിരുന്നത്. നിയമസഭയില്‍ രണ്ട് അംഗങ്ങളുടെ മാത്രം ഭൂരിപക്ഷമുള്ള പശ്ചാത്തലത്തിലാണ് എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരെ വരുതിയിലാക്കാനുള്ള ശ്രമം തുടക്കം മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചത്. ശരത് പവാര്‍ നയിക്കുന്ന എന്‍.സി.പി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയില്‍ അംഗമാണ്. ശരത് പവാര്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗവുമാണ്. ഈ സാഹചര്യത്തില്‍ യു.ഡി.എഫില്‍ ചേരുന്നതില്‍ അപകാതയൊന്നുമില്ലെന്ന അഭിപ്രായമാണ് ശശീന്ദ്രനും തോമസ് ചാണ്ടിക്കുമുള്ളത്. ആര് മന്ത്രിയാകണമെന്നതിനെച്ചൊല്ലി ഇവര്‍ക്കിടയില്‍ തീരുമാനവുമായിട്ടുണ്ട്. ശശീന്ദ്രന്‍ മന്ത്രിയാകുന്നതിനെ തോമസ് ചാണ്ടി എതിര്‍ക്കില്ല.

ശശീന്ദ്രന്‍ മന്ത്രിയാകുന്നതോടെ ഹിന്ദു മന്ത്രിമാരുടെ പട്ടികയില്‍ ഒരെണ്ണം കൂടും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്രിസ്ത്യന്‍-മുസ്‌ലിം മന്ത്രിമാരുടെ എണ്ണം കൂടുതലാണെന്ന വാദത്തിന്റെ മുനയൊടിക്കാനും ഇതിലൂടെ കോണ്‍ഗ്രസിന് കഴിയും. എന്‍.സി.പിയുടെ മുന്നണി പ്രവേശത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ശരത് പവാറുമായി ഏതാനും ദിവസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം കേരളത്തിലെ നേതാക്കള്‍ തീരുമാനിക്കട്ടെയെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പതിമൂന്നാം നിയമസഭയിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ വി.ഡി.സതീശന്റെ പേര് വീണ്ടും സജീവ പരിഗണനയിലാണ് യുഡിഎഫ് നേതൃത്വം നല്‍കുന്ന സൂചന. ജി. കാര്‍ത്തികേയനെ പൂര്‍ണമായി വിട്ടിട്ടുമില്ല. തനിക്കു സ്പീക്കറാകാന്‍ താല്പര്യമില്ലെന്നു നേരത്തേ സതീശന്‍ പറഞ്ഞതോടെയാണ് അദ്ദേഹത്തെ ഒഴിവാക്കി കോണ്‍ഗ്രസ് നേതൃത്വം കാര്‍ത്തികേയനെക്കുറിച്ചു മാത്രം ചിന്തിച്ചത്.

എന്നാല്‍ താന്‍ മന്ത്രിയാകുമെന്നു പ്രതീക്ഷിച്ച പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് മന്ത്രിയായില്ലെങ്കില്‍ സ്പീക്കറാകാനുമില്ലെന്ന നിലപാടു സ്വീകരിച്ചത് എന്നാണ് ഇപ്പോള്‍ സതീശന്‍ വിശദീകരിക്കുന്നത്. അത് കഴിഞ്ഞ ദിവസം ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഗ്രൂപ്പു നോക്കിയുള്ള വീതംവെയ്പില്‍ സതീശനെ തഴഞ്ഞെന്ന തരത്തില്‍ ഉണ്ടായ പ്രചരണം മറികടക്കാന്‍ കെപിസിസി നേതൃത്വത്തിന് ആഗ്രഹവുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായ സമ്മര്‍ദത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സതീശന്‍ നിലപാടു മാറ്റിയെന്നാണ് വ്യക്തമായ സൂചന. ജൂണ്‍ രണ്ടിനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. കാര്‍ത്തികേയനോ അതോ സതീശനോ എന്ന് അതിനു മുമ്പ് തീരുമാനിക്കേണ്ടതുണ്ട്. നിയസഭാ പ്രവര്‍ത്തനത്തില്‍ സതീശനെക്കാള്‍ പരിചയവും അനുഭവ സമ്പത്തും കാര്‍ത്തികേയനുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാവായ കാര്‍ത്തികേയനെക്കാള്‍ കുറഞ്ഞകാലം കൊണ്ടുതന്നെ സഭയില്‍ ശ്രദ്ധ നേടിയ സാമാജികനാണ് സതീശന്‍. രണ്ടുപേരും നായര്‍ സമുദായത്തില്‍ നിന്നുള്ളവരായതിനാല്‍ ഇവരില്‍ ആര് സ്പീക്കറായാലും സാമുദായിക അസന്തുലിതാവസ്ഥയില്ല താനും.

ഈ നിയമസഭയുടെ കാലം മുഴുവനും പരസ്യമായി രാഷ്ട്രീയം പറയാതെയും രാഷ്ട്രീയത്തില്‍ ഇടപെടാതെയും കഴിയേണ്ടിവരുന്ന പദവിയാണു സ്പീക്കറുടേത്. വളരെച്ചെറിയ ഭൂരിപക്ഷവുമായി ഭരിക്കുന്ന സര്‍ക്കാരായതിനാല്‍ ഇത്തവണ സ്പീക്കറുടെ ഓരോ ഇടപെടലുകളും അതീവ നിര്‍ണായകവുമായിരിക്കും. ഈ സാഹസം ഏറ്റെടുക്കാനുള്ള താല്പര്യക്കുറവാണ് സതീശനെ ആദ്യം മാറിനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണു സൂചന. അതുതന്നെയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രശ്‌നവും. ചാനല്‍ ചര്‍ച്ചകളിലും പുറത്തും കോണ്‍ഗ്രസിന്റെ വീറുറ്റ നാവാണ് സതീശന്‍. എന്നാല്‍ വിവാദം മുറുകുകയും സതീശന്‍ എംഎല്‍എ മാത്രമായിരുന്നാല്‍ പോരെന്ന വാദം ശക്തമാവുകയും ചെയ്തതോടെ രാഷ്ട്രീയം പറയാന്‍ പറ്റില്ലെങ്കിലും സ്പീക്കറാകാം എന്ന തീരുമാനത്തിലേക്ക് സതീശന്‍ എത്തുകയായിരുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.