Tuesday, May 17, 2011

വികസനരംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യം


ഭൂരിപക്ഷം കുറഞ്ഞത് ഗവണ്മെന്റിന്റെ സ്ഥിരതയെയോ കാര്യക്ഷമതയെയോ ഒരുവിധത്തിലും ബാധിക്കുകയില്ലെന്നും മറിച്ച് കൂടുതല്‍ ജാഗ്രതയോടെയും ശ്രദ്ധയോടെയും കാര്യങ്ങള്‍ നീക്കേണ്ട സാഹചര്യമാണുണ്ടാവുകയെന്നും നിയുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ജനാധിപത്യത്തില്‍ ജയം ജയമാണ്. 2006-ലെ അസംബ്ലി തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ യു.ഡി.എഫിന് 30 സീറ്റുകളാണ് കൂടുതല്‍ കിട്ടിയത്. പക്ഷേ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നല്‍കിയ വിജയത്തിന്റെ ഒരു തുടര്‍ച്ച ഉണ്ടാവും എന്നാണ് പ്രതീക്ഷിച്ചത്. ഇതിന്റെ കാരണങ്ങളെക്കുറിച്ചും പഠിക്കും. അന്വേഷിക്കും - മുഖ്യമന്ത്രിസ്ഥാനമേല്‍ക്കുന്നതിന്റെ തലേന്ന് 'മാതൃഭൂമി'ക്ക് അനുവദിച്ച പ്രത്യേക അഭിമുഖ സംഭാഷണത്തില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സി.അച്യുതമേനോന്‍ മന്ത്രിസഭയ്ക്ക് മൂന്ന് എം.എല്‍.എ.മാരുടെ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആറരവര്‍ഷക്കാലം ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. എന്നാല്‍ 1977-ല്‍ യു.ഡി.എഫിന് 111 സീറ്റ് ലഭിച്ചു. പക്ഷേ ആ സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. യു.ഡി.എഫ്. എല്ലാവരെയും വിശ്വാസത്തിലെടുക്കും. ജനങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് തികഞ്ഞ ആത്മവിശ്വാസവുമുണ്ട് -ഉമ്മന്‍ചാണ്ടി പറഞ്ഞു.

''എന്റെ മന്ത്രിസഭയിലെ ഏതെങ്കിലും ഒരു മന്ത്രി അഴിമതി നടത്തിയതായി വസ്തുതകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടാല്‍ ആ വ്യക്തി പിന്നെ മന്ത്രിസഭയില്‍ ഉണ്ടാവില്ല. രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളുടെ കാര്യത്തിലല്ല; വസ്തുതകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടാല്‍, നിശ്ചയമായും നടപടിയുണ്ടാവും. വി.എസ്.അച്യുതാനന്ദന് ഇത് പറയാനേ കഴിഞ്ഞുള്ളൂ. ജനങ്ങളെ ബോധ്യപ്പെടുത്താനോ നടപടി സ്വീകരിക്കാനോ സാധിച്ചില്ല. ലോട്ടറിക്കേസില്‍ 80,000 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് അദ്ദേഹം പ്രധാനമന്ത്രിക്ക് എഴുതിക്കൊടുത്തതാണ്. അതില്‍ കുറ്റക്കാരനായി അദ്ദേഹംതന്നെ ചൂണ്ടിക്കാട്ടിയ ഡോ. തോമസ് ഐസക് മന്ത്രിസഭയില്‍ തുടര്‍ന്നു. സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് വാങ്ങിയ രണ്ടുകോടി രൂപ തിരികെ കൊടുക്കാനും 'ദേശാഭിമാനി'ക്കുവേണ്ടി ഒരു കോടി രൂപ വാങ്ങിയ ഉദ്യോഗസ്ഥനെ പിരിച്ചുവിടാനും തീരുമാനിച്ച സി.പി.എം. സെക്രട്ടേറിയറ്റില്‍ പങ്കെടുത്തയാളാണ് അച്യുതാനന്ദന്‍. എന്നിട്ടും ഒരു നടപടിയുമെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഞാന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് മന്ത്രി കെ.കെ.രാമചന്ദ്രനെതിരെ ആരോപണമുണ്ടായപ്പോള്‍ രാജി ചോദിച്ചുവാങ്ങി. ഇതാണ് യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വ്യത്യാസം'' -ചോദ്യങ്ങള്‍ക്ക് മറുപടിയായി ഉമ്മന്‍ചാണ്ടി തുടര്‍ന്നു.

''ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ പോവുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്കാണ്. എന്നാല്‍ ജനങ്ങള്‍ക്കുവേണ്ടിയും നാടിനുവേണ്ടിയും നല്ലത് ചെയ്യുന്ന ഗവണ്മെന്റ് കാലാവധി പൂര്‍ത്തിയാക്കുകതന്നെ ചെയ്യും. ഭൂരിപക്ഷം കുറവായതുകൊണ്ട് കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അധികാരത്തില്‍ തുടരാന്‍വേണ്ടി മാത്രം മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍. ആ സ്ഥാനത്ത് തുടരുന്ന ഓരോ ദിവസവും ജനങ്ങള്‍ക്കും സംസ്ഥാനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നാണ് എന്റെ ആഗ്രഹം''.

No comments:

Post a Comment

Note: Only a member of this blog may post a comment.