Wednesday, May 18, 2011

സി.പി.ഐ.എമ്മിന്റെ മാപ്പ് ജനങ്ങള്‍ സ്വീകരിക്കില്ല


ഫേസ് ടു ഫേസ് / മമതാ ബാനര്‍ജി
പശ്ചിമബംഗാളില്‍ ഇടതുസര്‍ക്കാരിന്റെ 34 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ചത് മമതാ ബാനര്‍ജി എന്ന സ്ത്രീയുടെ നിശ്ചയദാര്‍ഢ്യമാണ്. ഒരു രാഷ്ട്രീയ ഗുരുവിന്റെയും പിന്തുണയില്ലാതെ യൂത്ത് കോണ്‍ഗ്രസ് നേതാവായി തുടങ്ങിയ മമതാ ബാനര്‍ജിയുടെ രാഷ്ട്രീയ ജീവിതം ഇന്ന് ഉയരങ്ങളിലെത്തി നില്‍ക്കുകയാണ്.
ഇടതുസര്‍ക്കാരിനെതിരെ പോരാട്ടം തുടരുന്നതിനിടയില്‍ 1998ല്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് ആരംഭിച്ചു. കോണ്‍ഗ്രസില്‍ നിന്നും പിരിഞ്ഞുശേഷം സ്വന്തം നിലയില്‍ ശക്തമായൊരു പാര്‍ട്ടി രൂപീകരിക്കാന്‍ സാധിച്ച ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് മമത. ഇന്ന് മമത ഇടതന്‍മാരെ മാത്രമല്ല കോണ്‍ഗ്രസിനെ തന്നെ വിറപ്പിക്കുകയാണ്.
മമതയുടെ ധൈര്യവും, നിശ്ചയദാര്‍ഢ്യവും, രാഷ്ട്രീയ അഭിരുചിയും, ബംഗാളിലെ ഇടത് സര്‍ക്കാരിനെ തകര്‍ക്കാന്‍ അവര്‍ക്ക് മുതല്‍കൂട്ടായി. റെഡ്ഡിഫ് പ്രതിനിധി ഷീല ഭട്ട് നടത്തിയ അഭിമുഖത്തില്‍ നിന്ന്
ബംഗാളില്‍ സി.പി.ഐ.എം, സി.പി.ഐ കൂട്ടുകക്ഷി സര്‍ക്കാരിന്റെ നീണ്ട കാലത്തെ ഭരണത്തിന് അന്ത്യമായി. ഇപ്പോള്‍ എന്തൊക്കെ ചിന്തകളാണ് നിങ്ങളുടെ മനസിലുള്ളത്? ഒരും ബംഗാളി എന്ന നിലയില്‍ ഇതിന്റെ അര്‍ത്ഥമെന്താണ്?
ഇത് ഒരു പുതിയ യുഗത്തിന്റെ ആരംഭമാണെന്ന് ചിന്തിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. ആയിരക്കണക്കിന് ബംഗാളികളുടെ അടിച്ചമര്‍ത്തലിനും, കൊലപാതകത്തിനും, പീഡനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഭൂതകാലം ഭീതിജനകമായിരുന്നു. ഇതിനെതിരായുള്ള പോരാട്ടം ശക്തമായിരുന്നു. ബംഗാളിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടുകൂടിയാണ് ഭാവിയെ നോക്കിക്കാണുന്നത്.
സി.പി.ഐ.എമ്മിന്റെയും അവര്‍ നടത്തിയ ഭീകരതയുടേയും ഫലങ്ങള്‍ ഞങ്ങള്‍ ഒരുപാടനുഭവിച്ചതാണ്.
ബംഗാളിലെ ജനങ്ങളുടെ മുഴുവന്‍ ശബ്ദമായി ഉയര്‍ന്നുവരാനാകുമെന്ന് 20 കാരിയായിരുന്നപ്പോള്‍ മമതയ്ക്ക് തോന്നിയിരുന്നോ? നിങ്ങള്‍ക്ക് പൊതുരംഗത്ത് ശോഭിനാക്കാനാവുമെന്നും പാവപ്പെട്ട ജനങ്ങളുടെ നേതാവായി ഉയരാനാകുമെന്നും തിരിച്ചറിഞ്ഞത് എപ്പോഴായിരുന്നു.? ഈ മാറ്റത്തിലേക്ക് നിങ്ങളെ നയിച്ച എന്തെങ്കിലും ടേര്‍ണിംങ് പോയിന്റ് ജീവിതത്തിലുണ്ടായിരുന്നോ?
രാഷ്ട്രീയത്തില്‍ ഇത്രയും ഉയരത്തില്‍ എത്താന്‍ കഴിയുമെന്ന് ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല. കോളേജില്‍ പഠിക്കുന്ന കാലത്ത് ഏതൊരു വിദ്യാര്‍ത്ഥിയും കാണുന്ന രാഷ്ട്രീയ സ്വപ്‌നങ്ങളെ ഞാനും കണ്ടിരുന്നുള്ളൂ. ജനങ്ങള്‍ക്കൊപ്പം, ജനങ്ങള്‍ക്കുവേണ്ടി, ജനമായി നിലനില്‍ക്കാനാണ് ഞാനാഗ്രഹിച്ചിരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് സമയമുണ്ടാവില്ല എന്ന പേടികൊണ്ടാണ് നിയമപഠനത്തിനുശേഷം മറ്റൊരു ജോലിയിലും ഞാന്‍ ഏര്‍പ്പെടാതിരുന്നത്.
പോരാട്ടത്തിനു ശേഷമല്ലാതെ ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ല
അക്കാലത്ത് ഒരു നഷ്ടബോധവും, ഒരു പേടിയുമുണ്ടായിരുന്നില്ല. നല്ലതിനുവേണ്ടി നിലകൊള്ളുക എന്ന പ്രതിജ്ഞ മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. 1976 മുതല്‍ 1983 വരെ ജനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ ചെയ്തിരുന്നത്. 1980 ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തി. 1983ല്‍ രാഷ്ട്രീയത്തിന്റെ വിശാലലോകത്തേക്ക് ഞാന്‍ പതുക്കെ പ്രവേശിക്കാന്‍ തുടങ്ങി.
1984ലേതായിരുന്നു എന്റെ ആദ്യത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. ജെയ്താപൂരില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ പാര്‍ട്ടിയുടെ അധികായകന്‍മാര്‍ക്കൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. അവസാനം എന്റെ പേര് നിര്‍ദേശിച്ചു. എനിക്ക് എന്ത് ചെയ്യാനാവും? ഞാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഒരു പോരാട്ടത്തിനുശേഷമല്ലാതെ ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചതായിരുന്നു.
എന്റെ തിരഞ്ഞെടുപ്പ് ജയം സാധാരണക്കാരുടേതായിരുന്നു. 1990 ആഗസ്റ്റ് 12 രാജീവ് ഗാന്ധി ദല്‍ഹിയില്‍ വച്ച് എന്നോട് പറഞ്ഞു.’ കുറേക്കാലമായി ഞാന്‍ കാത്തിരിക്കുന്നു. ഇനി കാത്തിരിപ്പിന്റെ ആവശ്യമില്ല. വെസ്റ്റ് ബംഗാളിലെ യൂത്ത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കുക’
നിങ്ങളുടെ രക്ഷിതാക്കളോ, ടീച്ചറോ, ഗുരുവോ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ? നിങ്ങള്‍ 20നും 30നും ഇടയിലായിരുന്ന സമയത്ത് ആരാണ് നിങ്ങളുടെ ചിന്തകളെയും, പ്രത്യയശാസ്ത്രത്തെയും സ്വാധീനിച്ചത്. ?
എന്റെ അച്ഛന്‍ പ്രൊമൈല്‍സ് വാര്‍ ബാനര്‍ജിയാണ് എന്റെ മാതൃക. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ഇന്ന് മനുഷ്യത്വത്തിലുള്ള എന്റെ വിശ്വാസം അദ്ദേഹം എനിക്ക് തന്നതാണ്. 41 ാം വയസില്‍ അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക വെരും 15 വയസേ ഉണ്ടായിരുന്നുള്ളൂ. എന്റെ സഹോദരന്‍ എന്നെക്കാള്‍ രണ്ട് വയസിന് മൂത്തതായിരുന്നു. അച്ഛന്റെ മരണം ഞങ്ങള്‍ക്ക് വലിയ ഷോക്കായിരുന്നു. അത് എങ്ങനെ തടയാമായിരുന്നു എന്നതിനെക്കുറിച്ച് ഇന്നും ഞാന്‍ ചിന്തിക്കാറുണ്ട്.
ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടായിരിക്കും. എന്റെ അച്ഛന് എന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കാനായി എന്തെങ്കിലും ചെയ്യണമെന്ന് ഞാനാഗ്രഹിച്ചിരുന്നു.
പിന്നീട് രാജീവ് ഗാന്ധി മൂത്ത സഹോദരനെപ്പോലെ എന്നെ സംരക്ഷിച്ചു.’ ചില സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ നിന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. പേടിക്കേണ്ട. ഞാനുണ്ട് നിങ്ങള്‍ക്ക്. എപ്പോഴെങ്കിലും എന്റെ സഹായം വേണമെന്ന് തോന്നിയാല്‍ എന്നോട് ചോദിക്കാന്‍ മടിക്കേണ്ട.’ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞ് അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി.
കലിംഗയിലെ കുട്ടിക്കാലത്തെക്കുറിച്ചുള്ള മധുരമായ ഓര്‍മകള്‍ എന്തൊക്കെയാണ്.? എന്ത്‌കൊണ്ടാണ് അവിടെതന്നെ താമസിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയായാലും അവിടെയാണോ താമസിക്കാന്‍ പോകുന്നത്?
കുട്ടിക്കാലത്തു തന്നെ ഞാന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ക്ലാസില്‍ സഹപാഠികള്‍ പലതും സംസാരിച്ചിരിക്കുമ്പോള്‍ ഞാന്‍ ഒരുമൂലയില്‍ എന്തോ ചിന്തിച്ചിരിക്കുകയാവും. കുട്ടികള്‍ കോളേജില്‍ പോകേണ്ടിതിനെക്കുറിച്ചും, വസ്ത്രങ്ങള്‍ അണിയേണ്ടിനെയും കുറിച്ച് പറയുമ്പോള്‍ ഞാന്‍ അവരെ നോക്കുകമാത്രം ചെയ്യും.
സ്‌ക്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞാല്‍ എന്ത് ചെയ്യും എന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. എന്റെ അനുജന്റെയും അനുജത്തിയുടേയും വേദനകളായിരുന്നു എന്റെ ചിന്തയില്‍. എന്റെ അമ്മ അസുഖബാധിതയായി. ഞാന്‍ രാവിലെ 3.30 എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്ത്, സഹോദരന്‍മാരെയും സഹോദരിയെയും വിളിച്ചുണര്‍ത്തി, അവര്‍ക്കൊപ്പം സ്‌ക്കൂളില്‍ പോകും. സ്‌ക്കൂളില്‍ നിന്നും തിരിച്ചെത്തിയാല്‍ വൈകുന്നേരത്തെ ആഹാരം പാകം ചെയ്യണം. എനിക്ക് ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല.
കലിംഗയിലെ വീട്ടിലാണ് ഞാനും അമ്മയും ഇപ്പോഴും കഴിയുന്നത്. ആ വീട്ടില്‍ നിന്നും പുറത്തുപോകുമ്പോഴെല്ലാം ഇന്നും ഞാന്‍ അമ്മയുടെ അനുഗ്രഹം വാങ്ങാറുണ്ട്

സി.പി.ഐ.എമ്മിനെതിരായ മൂവ്‌മെന്റിന്റെ പ്രതീകമാണ് നിങ്ങള്‍. എന്നാല്‍ 34 വര്‍ഷത്തെ അവരുടെ ഭരണത്തിന്റെ ഗുണവും ദോഷവും നിങ്ങള്‍ക്ക് വിലയിരുത്താനാകുമോ? നിങ്ങളുടെ അഭിപ്രായത്തില്‍ അവരുടെ ഭരണത്തില്‍ എന്തെങ്കിലും ഗുണങ്ങളുണ്ടായിട്ടുണ്ടോ?
എന്താണ് സി.പി.ഐ.എമ്മിനെക്കുറിച്ച് പറയാനുള്ളത്? മൂന്ന് പതിറ്റാണ്ടുകള്‍കൊണ്ട് ഇവര്‍ ബംഗാളിനെ പാപ്പര്‍ സംസ്ഥാനമാക്കി മാറ്റി. ജനങ്ങള്‍ അവര്‍ക്ക് ശിക്ഷ നല്‍കും. ഇത് വളരെ ദൈര്‍ഘ്യവും ബുദ്ധിമുട്ടുമേറിയ സമരമാണ്. അവര്‍ എന്നെ കൊല്ലാനും ദ്രോഹിക്കാനും ഒരുപാട് തവണ ശ്രമിച്ചതാണ്. എന്നെ അവസാനിപ്പിക്കുക എന്നതാണ് ആകെയുള്ള പ്രതീക്ഷയെന്ന് അവര്‍ക്കറിയാമായിരുന്നു. ആദ്യ കുറച്ചുവര്‍ഷങ്ങളില്‍ അവര്‍ ചിലത് ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനുശേഷം വട്ടപൂജ്യമായിരുന്നു സി.പി.ഐ.എം ഭരണം.
സിംഗൂരിലെയും നന്ദിഗ്രാമിലെയും പ്രശ്‌നങ്ങളാണ് ഇടതുസര്‍ക്കാരിനെതിരായ നിങ്ങളുടെ പോരാട്ടത്തിന് വളമായതെന്ന് ധാരാളം ആളുകള്‍ പറയുന്നുണ്ട്. അതിനോട് യോജിക്കുന്നുണ്ടോ
ജനങ്ങളുടെ ഈ പ്രതിഷേധമായിരുന്നു സി.പി.ഐ.എമ്മിന്റെ കള്ളത്തരം വെളിച്ചത്തുകൊണ്ടുവന്നത്. സാധാരണക്കാരുടെ വോട്ടുനേടിയാണ് അധികാരക്കസേരകളില്‍ ഇരിക്കുന്നതെന്ന് അവര്‍ മറന്നിരുന്നു. ബംഗാളിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം അവര്‍ മറന്നിരുന്നു.
അക്രമം, കൊള്ള, മാനഭംഗം എന്നിവയാണ് അവര്‍ ബംഗാള്‍ ജനതയ്ക്ക് നല്‍കിയത്. ഈ മണ്ണില്‍ അവര്‍ കാട്ടിക്കൂട്ടിയ ക്രൂരതകളില്‍ രണ്ട് മാത്രമാണ് നന്ദിഗ്രാമും സിംഗൂരും. നതായി കൂട്ടക്കൊല, കാശിപൂര്‍ കൂട്ടക്കൊല ലിസ്റ്റ് വളരെ നീണ്ടതാണ്.

കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ച നിങ്ങളുടെ തീരുമാനം രാഷ്ട്രീയ ജീവിതത്തിലെ മികച്ച നേട്ടമായി കരുതുന്നുണ്ടോ?

ആ തീരുമാനം അത്യാവശ്യമായിരുന്നു. കാരണം ബംഗാളിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന, സി.പി.ഐ.എമ്മിന്റെ കൂട്ടക്കുരുതികള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന ആരെങ്കിലുമുണ്ടാവണമെന്നത് അത്യാവശ്യമായിരുന്നു. സത്യസന്ധമായും, ശരിയായും അവരെ പ്രതിനിധീകരിക്കാന്‍ ആരെങ്കിലും ആവശ്യമായിരുന്നു. അതിനുള്ള അവസരമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയത്.


mamatha-banarjee march on bengal
സിംഗൂരില്‍ നിങ്ങള്‍ സമരം നടത്തിയ ടാറ്റ പോലുള്ള കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ക്ക് എതിരായായിരുന്നു. എന്നാല്‍ ഇതിന് വിരോധാഭാസമായി സ്ഥാനാര്‍ത്ഥികളായ അമിത് മിത്ര, മനിഷ് ഗുപ്ത, തുടങ്ങി ടാറ്റയുടെ മൂല്യങ്ങള്‍ക്ക് വിലനല്‍കുന്നവര്‍ മത്സരിപ്പിച്ചല്ലോ. ഈ പ്രവൃത്തിയില്‍ വൈരുദ്ധ്യമില്ലേ?
സിംഗൂരിലെ യുദ്ധം ഒരു കമ്പനിക്കെതിരായതോ, വ്യക്തിക്കെതിരായതോ അല്ല. അത് സി.പി.ഐ.എമ്മിനും സിംഗൂരിലെ കര്‍ഷകരോട് അവര്‍ കാണിച്ച അനാദരവിനും എതിരായിരുന്നു. ബലം പ്രയോഗിച്ച് ഭൂമി പിടിച്ചെടുക്കുക എന്നത് തെറ്റാണ്. അതിനെതിരെയാണ് ഞങ്ങള്‍ യുദ്ധം ചെയ്തത്.
ബംഗാളിലെ പുതിയ ഉയരങ്ങളിലെത്തിക്കണമെന്നും വ്യവസായവികസനത്തിന് നിങ്ങള്‍ എതിരല്ലെന്നും പറഞ്ഞിരുന്നു. സര്‍ക്കാരിന് ആവശ്യത്തിന് ഭൂമിയില്ലാതിരിക്കുകയും വ്യവസായത്തിന് ഭൂമി നല്‍കാന്‍ ആളുകള്‍ തയ്യാറാവാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ എന്ത് ചെയ്യും? ബംഗാളില്‍ 68% ഭൂമിയും ഫലഭൂയിഷ്ടമാണ്. അത് ചെറുകിട കര്‍ഷകരുടെ കൈവശമാണുള്ളതും. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് നിങ്ങള്‍ വ്യവസായത്തിന് ഭൂമി കണ്ടെത്തുക?
മാ, മാടി, മനുഷ് എന്ന നയമാണ് എന്നെ നയിക്കുന്നത്. എല്ലാ ജനങ്ങളുടേയും നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നു. കൃഷിയെയും, വ്യവസായത്തെയും എന്തുകൊണ്ട് ഒരുമിച്ച് കൊണ്ടുപോയിക്കൂടാ? ഈ പ്രശ്‌നത്തെ ശാസ്ത്രീയമായി ഞങ്ങള്‍ കൈകാര്യം ചെയ്യുകയും അതിന് ആവശ്യമായ സ്ഥലം കണ്ടെത്തുകയും ചെയ്യും. എതാണ് കാര്‍ഷിക ഭൂമി, ഏതാണ് വ്യാവസായിക ഭൂമി എന്നത് ഉടന്‍ വ്യക്തമാകും.
തിരഞ്ഞെടുപ്പ് കാലത്തേതില്‍ നിന്നുമാറി സി.പി.ഐ.എം മാപ്പുപറയലിന്റെ രീതി പിന്‍തുടര്‍ന്നിരിക്കുകയാണ്. മുഖ്യമന്ത്രി ബുദ്ധദേവ് തന്റെ തെറ്റുകള്‍ക്ക് മാപ്പുപറഞ്ഞ് കഴിഞ്ഞു. സെന്റിമെന്റലായ ബംഗാളികള്‍ അവര്‍ക്ക് മാപ്പുനല്‍കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? അവരുടെ മാപ്പുപറയല്‍ അംഗീകരിക്കാന്‍ നിങ്ങള്‍ തയ്യാറാണോ?

mamatha-banarjee
അവരുടെ മാപ്പ് ജനങ്ങള്‍ സ്വീകരിക്കില്ല. അവരുടെ മറുപടി മാര്‍ച്ച് 13ന് അവര്‍ നല്‍കിക്കഴിഞ്ഞു.

നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കാനും ഗ്രാമങ്ങളിലെ ദാരിദ്ര്യം അകറ്റാനും നിങ്ങള്‍ എന്തൊക്കെ ചെയ്യും?
പ്രകടനപത്രികയില്‍ ഞങ്ങളുടെ പ്ലാനുകളെല്ലാം തുറന്നുപറഞ്ഞതാണ്. അത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

കഴിഞ്ഞകുറച്ചുകാലമായി ബംഗാള്‍ വിട്ട് മറ്റ് മെട്രോ നഗരങ്ങളില്‍ കുടിയേറുന്നവരുടെ എണ്ണം കൂടുകയാണ്. ഈ ആഭ്യന്തര മസ്തിഷ്‌ക ചോര്‍ച്ചയെ എങ്ങനെ പ്രതിരോധിക്കും?
ബംഗാളില്‍ ആളുകള്‍ക്ക് വിശ്വാസം വരാന്‍ തുടങ്ങിയാല്‍ അവര്‍ ഇവിടെ തന്നെ നില്‍ക്കും. ഇവിടെ വളര്‍ച്ചയും പുരോഗതിയുമുണ്ടെന്ന് കാണുമ്പോള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ആളുകള്‍ ഇവിടേക്കെത്തും. കഴിഞ്ഞ 35 വര്‍ഷങ്ങളില്‍ സംസ്‌കാരം, അഭിമാനം, വ്യവസായം എന്നിവയുടെ തകര്‍ച്ച മാത്രമേ ഇവിടെ ഉണ്ടായിട്ടുള്ളൂ. ജനങ്ങളുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനാണ് ഞങ്ങള്‍ ആദ്യം പരിഗണന നല്‍കുക.

ഗൂ
ര്‍ഖാലാന്റിലെ ബഹളത്തെ എങ്ങനെ നേരിടും? ചെറിയ സംസ്ഥാനങ്ങള്‍ക്ക് വളരാനുള്ള നല്ല ചാന്‍സുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
ഏത് പ്രശ്‌നവും പരിഹരിക്കാന്‍ ചര്‍ച്ച അത്യാവശ്യമാണ്. പുരോഗതിയില്ലെങ്കില്‍ സമാധാനവും, സന്തോഷവും ഉണ്ടാകില്ല. ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കും.
പശ്ചിമബംഗാളിനെക്കുറിച്ചുള്ള നിങ്ങളുടെ സ്വപ്‌നങ്ങള്‍ എന്തൊക്കെയാണ്?
ബംഗാളില്‍ നല്ല ഭരണം കൊണ്ടുവരിക എന്നതിനാണ് ഞങ്ങള്‍ ആദ്യ പരിഗണന നല്‍കുന്നത്. വര്‍ഷങ്ങളായി ബംഗാളി ജനത അനുഭവിക്കേണ്ടിയിരുന്ന പണവും, അധികാരവും മറ്റു കാര്യങ്ങള്‍ക്ക് ചിലവാക്കുകയായിരുന്നു. 34 വര്‍ഷക്കാലത്തെ ഭരണംകൊണ്ട് ഒരു പാര്‍ട്ടി മാത്രമാണ് ഗുണമുണ്ടാക്കിയത്. ജനങ്ങള്‍ കേന്ദ്രമായുള്ള ഒരു സര്‍ക്കാരിനെ ഞങ്ങള്‍ കൊണ്ടുവരും.

No comments:

Post a Comment

Note: Only a member of this blog may post a comment.