Friday, May 6, 2011

വയോജന പരിരക്ഷാനിയമം കേരളത്തില്‍ കാണാമറയത്തായി


രാജ്യത്ത് നടപ്പിലാക്കിയ സുതാര്യമായ നിയമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ  നിയമങ്ങളിലൊന്നായ വയോജന സംരക്ഷണ നിയമവും കേരളത്തിലെ  ഇടതുമുന്നണി സര്‍ക്കാര്‍ അട്ടിമറിച്ചു. തങ്ങളെ ആശ്രയിച്ച് ജിവിതത്തിലേറെ വിജയം കൈവരിച്ച മക്കളും മറ്റാശ്രിതരുംപ്രായമായ രക്ഷിതാക്കളുടെ
സ്വത്തുവകകള്‍ കൈവശപ്പെടുത്തി പിന്നീട് ആഹാരവും വസ്ത്രവും പോലും നിഷേധിച്ച് അനാഥാലയത്തിലും മറ്റ് സംരക്ഷണകേന്ദ്രങ്ങളിലും ഇവരെ ഉപേക്ഷിക്കുന്ന പ്രവണത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഭരിക്കുന്ന യു.പി.എ സര്‍ക്കാര്‍ വയോജന സംരക്ഷണ നിയമം ( ആക്ട് 56 ഓഫ് 2007) പാര്‍ലമെന്റില്‍ പാസാക്കിയത്. 2007 ഡിസംബര്‍ 9-തിന് ഇന്ത്യന്‍ പ്രസിഡന്റ് ഒപ്പ് വച്ച ഈ നിയമം ആദ്യമായി 2008 സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തിലായത് തലസ്ഥാനമായ ഡല്‍ഹിയില്‍ തന്നെയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. പിന്നീട് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഈ നിയമം നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ച് ഏറെ മുന്നോട്ട് പോയപ്പോള്‍ കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ ഇതിനെതിരെ മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു. കേന്ദ്രുപദ്ധതികള്‍ എങ്ങിനെ നടപ്പിലാക്കാതിരിക്കാം എന്ന് ഗവേഷമം നടത്തുന്ന ഇടതുമുന്നണിക്കിതും അത്തരത്തില്‍ പെട്ട ഒന്നായിരുന്നു. എന്നാല്‍ ഈ നിയമത്തിന്റെ സുതാര്യതയിലേക്ക് കടന്ന് ചെന്നാല്‍ വയോജനസംരക്ഷണത്തിന്റെ പരിധിക്കപ്പുറം മറ്റൊരു നിയമവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കാണാനാവും.
 
നിലവിലുണ്ടായിരുന്ന ക്രിമിനല്‍ നടപടി നിയമത്തിലെ 125-ാം വകുപ്പ് പ്രകാരമുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരമായിട്ടാണ് മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും നീതി അതിവേഗം ഉറപ്പാക്കുവാന്‍ വേണ്ടി ആക്ട്  56 ഓഫ് 2007 എന്ന പുതിയ നിയമം കൊണ്ടുവന്നത്. തീറാധാരപ്രകാരമൊ ഇഷ്ടദാനമായോ മരണപത്രമായോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ  സ്വത്തുവകകള്‍ എഴുതിവാങ്ങിയ ശേഷം മാതാപിതാക്കളൊ രക്ഷിതാക്കളോ ആയ ബന്ധുജനങ്ങളെ മാന്യമായി പരിചരിച്ച് സംരക്ഷിക്കാതിരിക്കുകയെ മതിയായ താമസസൗകര്യമോ മരുന്നും ചികിത്സയും ആഹാരവും നല്‍കാതെയോ ഉപേക്ഷിക്കുകയാണെങ്കില്‍ ഈ നിയമപ്രകാരമുള്ള ട്രബ്യൂണലില്‍ ഒരു പരാതി നല്‍കിയാല്‍ മതി. പരാതിക്കിടയാക്കിയ സംഭവം സത്യസന്ധമെന്ന്  ബോധ്യപ്പെട്ടാല്‍  രക്ഷിതാക്കള്‍ തങ്ങളുടെ സ്വത്തുവകകള്‍ മക്കള്‍ക്കൊ അല്ലെങ്കില്‍ തങ്ങളെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ച് മറ്റാര്‍ക്കെങ്കിലുമൊ രേഖാമൂലമൊ അല്ലാതെയൊ നല്‍കിയതെല്ലാം അസാധുവായി പ്രഖ്യാപിക്കാന്‍ ആക്ട്  56 ഓഫ് 2007 എന്ന നിയമം അനുശാസിക്കുന്നുണ്ട്.
 
കേന്ദ്രം പാസാക്കിയ ഈ സുതാര്യമായ നിയത്തിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാര്‍ ആകെ കൂടി ചെയ്തത് 2009-ല്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ കേരളപിറവി ദിനത്തില്‍ ഒരു വനിതാ വയോജന ശില്പശാല സംഘടിപ്പിച്ചത് മാത്രമാണ്. ഈ നിയമത്തിന്റെ അന്തസത്തയെകുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനായി ആയിരത്തിലധികം ആളുകളാണ് അന്ന് ഈ ശില്പശാലയില്‍ പങ്കെടുത്തത്. ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതികമായിട്ടുള്ള കണെക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ വയോജനങ്ങള്‍(12.5 ലക്ഷം) ഉള്ള സംസ്ഥാനമാണ് കേരളം. വൃദ്ധജനങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളും ഇവരില്‍ 60 ശതമാനത്തിലേറെപേര്‍ വിധവകളാണെന്നതും കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ കേരളത്തിലെമ്പാടും നടപ്പിലാക്കാമായിരുന്ന ഈ വയോജനപരിരക്ഷനിയമും സംസ്ഥാനം ഭരിച്ചുകൊണ്ടിരുന്ന ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം കാണാമറയത്തായിരിക്കുകയാണ്. അടുത്തിടെ നടത്തിയ ചില പഠന റിപ്പോര്‍ട്ടുകളില്‍ പ്രായമായവരും സംരക്ഷിക്കാനാളുകലില്ലാത്താവരുമായ വയോജനങ്ങള്‍ക്ക് നേരെയുള്ള പീഠനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ചൂണ്ടിക്കാണിക്കുന്നു. ഇതിനെതിരെ ഏറ്റവും സഹായകമാകുമായിരുന്ന ആക്ട്  56 ഓഫ് 2007 നിയമം പ്രാബല്യത്തിലാക്കുവാനുള്ള നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ അവതാളത്തിലാക്കിയപ്പോള്‍ ജനോപകാരപ്രദമായിരുന്ന ഒരു പദ്ധതികൂടി അട്ടിമറിക്കപ്പെട്ടു.   വര്‍ദ്ധിച്ചുവരുന്ന വയോജന പീഡനവും ദിനംപ്രതി കൂടിവരുന്ന ഇവരുടെ ആത്മഹത്യാ നിരക്കും കേരളത്തിന്റെ ബഹുജനമനസാക്ഷിക്കുമുന്നില്‍ ആശങ്കയുണര്‍ത്തുന്ന വസ്തുതകളാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.