Thursday, May 5, 2011

ശ്രീമതിയുടെ യാത്രയയപ്പിന് ഡോക്ടര്‍മാരില്‍ നിന്നും സര്‍ക്കാര്‍ ഉത്തരവുപ്രകാരം കൈക്കൂലി


കോട്ടയം:കൈക്കൂലി വാങ്ങുന്നതില്‍ ലോകറെക്കാര്‍ഡ് സ്ഥാപിച്ച കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ നിന്നും കൈക്കൂലി. ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുടെ യാത്രയയപ്പിനാണ് ഈ നിര്‍ബന്ധിത കൈക്കൂലി. അതും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലൂടെ. കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച എത്തുന്ന മന്ത്രിക്കു യാത്രയയപ്പു നല്‍കാന്‍ വകുപ്പുമേധാവികള്‍ 300 രൂപ വീതവും മറ്റു ഡോക്ടര്‍മാര്‍ 100 രൂപ വീതവും നല്‍കണമെന്നാണു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ സര്‍ക്കുലര്‍. പ്രിന്‍സിപ്പലിന്റെ പേരും ഒപ്പും പതിച്ചാണ് കൈക്കൂലി ഉത്തരവു പുറത്തിറങ്ങിയത്. വകുപ്പ്‌മേധാവികള്‍ പണം ശേഖരിച്ചു സ്വരൂപിച്ച് പ്രിന്‍സിപ്പലിന്റെ ഓഫിസിലെത്തിക്കണം. മന്ത്രി പങ്കെടുക്കുന്ന യോഗം എന്നുമാത്രമേ സര്‍ക്കുലറിലുള്ളൂവെങ്കിലും യാത്രയയപ്പു സമ്മേളനം തന്നെയാണിതെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിനു ഡോക്ടര്‍മാരില്‍ നിന്നു പണം പിരിക്കേണ്ട കാര്യമില്ല. കോളജ് കൗണ്‍സില്‍ ഓഫ് മാനേജ്‌മെന്റ് (സിസിഎം) യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. മന്ത്രിക്കു ഡോക്ടര്‍മാര്‍ യാത്രയയപ്പ് നല്‍കുന്നതിലുള്ള എതിര്‍പ്പ് ഉപമേധാവി യോഗത്തില്‍ പ്രകടിപ്പിച്ചെങ്കിലും പരിഗണിച്ചില്ല. യോഗത്തിന് പൊതുജനങ്ങള്‍ എത്താനുള്ള സാധ്യത കുറവായതിനാല്‍ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളെ ഇരുത്താനും തീരുമാനിച്ചു. മന്ത്രി ചെയ്ത സേവനങ്ങളെ പ്രകീര്‍ത്തിക്കുന്നതിനാണ് യാത്രയയപ്പ് യോഗം നടത്തുന്നതെന്നാണ് ആരോപണം.

ആരോഗ്യവകുപ്പ് ഉന്നതരുടെ രഹസ്യ നിര്‍ദേശത്തെ തുടര്‍ന്നാണത്രേ യോഗങ്ങള്‍. തിരുവനന്തപുരത്തും കോഴിക്കോട്ടും യോഗം നടന്നു. കോട്ടയത്തു നടക്കുന്നതിന്റെ പിറ്റേന്ന് ആലപ്പുഴയിലും ചേരും. അതേസമയം രോഗികളെ വിഷമത്തിലാക്കുന്ന ഡോക്ടര്‍മാരുടെ സൂചനാപണിമുടക്ക് അവസാനിപ്പിക്കാന്‍ ഒരു ചെറുവിരല്‍പോലും അനക്കാന്‍ ആരോഗ്യവകുപ്പോ മന്ത്രിയോ ഇടപെടുന്നില്ല. ഡാക്ടര്‍മാരുടെ സൂചനാപണിമുടക്കുകാരണം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച താളംതെറ്റി. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ ലഭിച്ചില്ല. മിക്ക താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ഔട്ട്‌പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിച്ചില്ല. സമരത്തെക്കുറിച്ച് അറിയാതെ എത്തിയ രോഗികള്‍ മണിക്കൂറുകള്‍ കാത്തുനിന്നെങ്കിലും ഡോക്ടര്‍മാരെ കാണാനാകാതെ മടങ്ങി. നവജാത ശിശുക്കള്‍ക്കുള്ള കുത്തിവെയ്പുകളും മുടങ്ങി. കിടത്തി ചികിത്സയിലുണ്ടായിരുന്ന രോഗികളാണ് ഏറെ വലഞ്ഞത്. അതേസമയം അത്യാഹിതവിഭാഗം പ്രവര്‍ത്തിച്ചു. സമരത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ ഒപ്പിടാതെ അത്യാഹിത വിഭാഗത്തില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു. ഇ.എസ്.ഐ. ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുത്തു. ഈ വിഭാഗത്തിലെ ഹോമിയോ, ഡെന്റല്‍, ആയുര്‍വേദ ഡോക്ടര്‍മാരും സമരത്തിലുണ്ടായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കെ.ജി.എം. ഒ.എ. അംഗങ്ങളല്ലാത്ത ചില ഡോക്ടര്‍മാര്‍ ജോലിക്കെത്തി. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒ.പി. പ്രവര്‍ത്തിച്ചില്ല. തീരദേശ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സക്കെത്തിയ രോഗികള്‍ ബഹളംവെച്ചു. കൊല്ലം ജില്ലാ ആശുപത്രിയില്‍ 43 ഡോക്ടര്‍മാരില്‍ ആരും ജോലിക്കെത്തിയില്ല. വിക്ടോറിയ ആശുപത്രിയില്‍ സൂപ്രണ്ടടക്കമുള്ളവര്‍ സമരത്തിലായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും അത്യാഹിത വിഭാഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ജില്ലയില്‍ സ്തംഭിച്ചു. പകര്‍ച്ചപ്പനി ഭീഷണി നേരിടുന്ന ആലപ്പുഴ ജില്ലയില്‍ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ഫീവര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചെങ്കിലും കാര്യമായ ഗുണം കിട്ടിയില്ല.

മറ്റ് ആശുപത്രികളില്‍ പനിബാധിച്ചെത്തിയവരെ കാഷ്വാലിറ്റി ഡോക്ടര്‍മാര്‍ പരിശോധിച്ചു. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എന്‍.ആര്‍.എച്ച്.എം. ഡോക്ടര്‍മാരുടെ സേവനം ലഭ്യമായി. അതേസമയം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മിക്കതും അടഞ്ഞു കിടന്നു. മലപ്പുറം, നിലമ്പൂര്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രികളില്‍ എന്‍.ആര്‍.എച്ച്.എം. ഡോക്ടര്‍മാര്‍ ഒ.പിയില്‍ എത്തി. മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സൂപ്രണ്ട് അടക്കമുള്ളവര്‍ സമരത്തിലായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയകള്‍ നടന്നു. കാസര്‍കോട് ജില്ലാ ജനറല്‍ ആശുപത്രികളില്‍ ഓരോ ഡോക്ടര്‍മാര്‍ വീതം ഒ.പിയിലെത്തി. 2008ല്‍ ഡോക്ടര്‍മാര്‍ക്ക് അനുവദിച്ചിരുന്ന സ്‌പെഷ്യല്‍ പേ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണമെന്ന ആവശ്യം ശമ്പളക്കമ്മീഷന്‍ നിരാകരിച്ചതില്‍ പ്രധിഷേധിച്ചാണ് കെ. ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തിയത്. സമരം പൂര്‍ണമായും വിജയമായിരുന്നുവെന്നും ഇതൊരു മുന്നറിയിപ്പായി കണക്കാക്കി ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.പ്രമീളാദേവി പറഞ്ഞു. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ജൂണ്‍ പത്തു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനവും സ്തംഭിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.