Friday, May 6, 2011

മാത്രുകയക്കാം ഈ വിവാഹത്തെ


ഉത്സവത്തിന് ആനയില്ല; മിന്നുകെട്ട് മാത്രം

കാലടി: ഉത്സവാഘോഷ പൊലിമയ്ക്കായി ലക്ഷങ്ങള്‍ പൊടിക്കുന്ന ക്ഷേത്ര-പള്ളി കമ്മിറ്റിക്കാര്‍ക്ക് ഒരു ഉത്തമസന്ദേശം നല്‍കി പാറപ്പുറം ഗ്രാമത്തിലെ ഒരു കൊച്ചുക്ഷേത്രം മാതൃകയായി. വ്യാഴാഴ്ച രോഹിണി ഊട്ട് ഉത്സവം ആഘോഷിച്ച തിരുവലംചുഴി നരസിംഹസ്വാമി ക്ഷേത്രത്തിന്റെ സന്നിധിയില്‍ ദരിദ്രകുടുംബത്തിലെ ഒരു പെണ്‍കുട്ടി സുമംഗലിയായി-ആഘോഷപ്പൊലിമകള്‍ ഒഴിവാക്കി സ്വരൂപിച്ച തുക കൊണ്ട് ക്ഷേത്രക്കമ്മിറ്റി ഒരുക്കിയ വിവാഹം.

തിരുനാരായണപുരം കോളനിയിലെ പാറപ്പുറം കൊക്കയില്‍ വീട്ടില്‍ സുകുമാരന്റെ മകള്‍ സുജി കൃഷ്ണയ്ക്കാണ് മംഗല്യഭാഗ്യം ഒരുങ്ങിയത്. രാവിലെ ഒമ്പതരയ്ക്ക് ദേവീനടയില്‍ വച്ച് കൂവപ്പടി കക്കാലക്കുടി വീട്ടില്‍ തങ്കപ്പന്റെ മകന്‍ സിനു, സുജി കൃഷ്ണയ്ക്ക് മിന്നുചാര്‍ത്തി. ജനപ്രതിനിധികളും വധുവിന്റെയും വരന്റെയും വീട്ടുകാരും ബന്ധുക്കളും വിവാഹച്ചടങ്ങുകളില്‍ പങ്കാളികളായി. ശബരിമല മുന്‍ മേല്‍ശാന്തി ആത്രശ്ശേരി രാമന്‍ നമ്പൂതിരി, ഭാഗവതസപ്താഹ യജ്ഞാചാര്യന്‍ അമനകര പി.കെ. വ്യാസന്‍ എന്നിവര്‍ വിവാഹച്ചടങ്ങുകളില്‍ കാര്‍മികരായി.

വിവാഹത്തിന്റെ മുഴുവന്‍ ചെലവുകളും ക്ഷേത്രക്കമ്മിറ്റിയുടെ വകയായിരുന്നു. അപേക്ഷ ക്ഷണിച്ചാണ് ഏറ്റവും പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പുലയ സമുമായത്തില്‍പെട്ട സുജി കൃഷ്ണ ബിരുദധാരിയാണ്. വരനെ കണ്ടെത്തിയതുമാത്രം വധുവിന്റെ വീട്ടുകാരാണ്. തുടര്‍ന്ന്, വിവാഹക്ഷണപ്പത്രികയുടെ മുതല്‍ ചെലവ് ക്ഷേത്ര ട്രസ്റ്റ് വഹിച്ചു. കൂവപ്പടിയില്‍ മണല്‍ തൊഴിലാളിയാണ് വരന്‍ സിനു.

വധുവിന് ഒരുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് നല്‍കി. വസ്ത്രവും മറ്റ് വിവാഹച്ചെലവുകളും ട്രസ്റ്റിന്റെ വകയായിരുന്നു. രോഹിണി ഊട്ട് ഉത്സവത്തിന്റെ ഭാഗമായി 2500 പേര്‍ക്കാണ് ക്ഷേത്രത്തില്‍ പ്രസാദസദ്യ ഒരുക്കിയത്. അതിനാല്‍, അധികച്ചെലവുകളില്ലാതെ വിവാഹസല്‍ക്കാരവും നല്‍കി. കഴിഞ്ഞവര്‍ഷം രോഹിണി ഊട്ടിന് 24 വിഭവങ്ങള്‍ ഉണ്ടായിരുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായി വ്യാഴാഴ്ചത്തെ പ്രസാദ ഊട്ടിന്, ഇത് ഒമ്പത് വിഭവമായി ചുരുക്കി. മാതൃസമിതി പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് സദ്യ ഒരുക്കിയത്. സദ്യയായി ഭഗവാന്റെ പ്രസാദം ലഭിച്ചതിന്റെ ആത്മനിര്‍വൃതിയിലായിരുന്നു വിവാഹത്തില്‍ പങ്കാളികളായവര്‍.

ഉത്സവാഘോഷത്തിന്റെ ഘോഷയാത്രയുടെ ആര്‍ഭാടവും വെടിക്കെട്ടും കാവടിയും തെയ്യവുമെല്ലാം ഒഴിവാക്കി സ്വരൂപിച്ച പണം കൊണ്ടാണ് വിവാഹച്ചെലവ് കണ്ടെത്തിയതെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി. അശോകന്‍ പറഞ്ഞു. ഭക്തജനങ്ങളുടെ സഹായസഹകരണവുമുണ്ടായി. രോഹിണി ഊട്ട് ഉത്സവത്തിന്റെ ഭാഗമായി ട്രസ്റ്റ് എല്ലാവര്‍ഷവും സാധു പെണ്‍കുട്ടിയുടെ വിവാഹം നടത്തും. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പെണ്‍കുട്ടികളെ വരണമാല്യം അണിയിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും അശോകന്‍ പറഞ്ഞു.

തികച്ചും ഗ്രാമവിശുദ്ധിയില്‍, ചുരുങ്ങിയ വരുമാനത്തില്‍ നിലകൊള്ളുന്ന ക്ഷേത്രമാണ് തിരുവലംചുഴി. ലക്ഷക്കണക്കിന് രൂപയുടെ വരുമാനമുള്ള ക്ഷേത്രങ്ങള്‍ ചുറ്റുവട്ടത്ത് നിരവധിയാണ്. 'ഈ കൊച്ചുക്ഷേത്രത്തിന്റെ പാത പിന്തുടരാന്‍ മറ്റ് ക്ഷേത്രക്കമ്മിറ്റികളും തയ്യാറായിരുന്നെങ്കില്‍...' എന്ന ആത്മഗതമായിരുന്നു വ്യാഴാഴ്ച ഇവിടെ എത്തിച്ചേര്‍ന്ന ഭക്തര്‍ക്ക്.
ഗോപിനാഥ് കുറുപ്പ്, കെ.വി. അശോകന്‍, പി.ടി. വിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Note: Only a member of this blog may post a comment.