Wednesday, May 4, 2011

ഇടതു പരാജയം 'ഉറപ്പിച്ചു പറഞ്ഞ്' വൈക്കം വിശ്വന്‍


തെരഞ്ഞെടുപ്പു അവലോകനം എല്‍ഡിഎഫ് വേണ്ടെന്നു വച്ചു.ഇതിനുള്ള കാര്യം വ്യക്തമാക്കിയ വൈക്കം വിശ്വന്‍
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍  ഇടതുപരാജയം ഉറപ്പിച്ച് പറയുകയും ചെയ്തു.ഇന്നലെ എല്‍ഡിഎഫ് യോഗത്തിനു ശേഷം തീരുമാനങ്ങള്‍ വ്യക്തമാക്കുന്നതിനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം വിജയത്തെക്കുറിച്ച് മുന്‍പ് പറഞ്ഞത് വെള്ളം തൊടാതെ വിഴുങ്ങിയത്.തെരഞ്ഞെടുപ്പിനെ കുറിച്ച് തല്‍ക്കാലം ബേജാറാവുന്നില്ലെന്നാണ് വൈക്കം വിശ്വന്‍ ലൈന്‍. പൊതുതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് എണ്ണിത്തീരുന്നതിനു മുന്‍പ് ഗുസ്തി പിടിക്കാന്‍ എല്‍ഡിഎഫ് ഇല്ല.എണ്ണിക്കഴിഞ്ഞിട്ട് പറയാം-വൈക്കം വിശ്വന്‍ പറഞ്ഞു. അധികാരം നേടാനുള്ള ഭൂരിപക്ഷം നേടും എന്ന് വൈക്കം വിശ്വന്‍ പറഞ്ഞതിനോട് ഒരോ മണ്ഡലവും പ്രക്യേകം അവലോകനം നടത്തിയോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു.എന്നാല്‍ മണ്ഡലങ്ങള്‍ തങ്ങള്‍ വിലയിരുത്തിയില്ലെന്ന മറുപടിയാണ് വിശ്വന്‍ നല്‍കിയത്.മണ്ഡലങ്ങള്‍ പരിശോധിക്കാതെ വിജയസാധ്യതയെക്കുറിച്ച് പറയുന്നതിന്റെ മാനദണ്ഡം ചോദിച്ചപ്പോള്‍ ഇന്ന സീറ്റ്, ഇന്ന മണ്ഡലം എന്നൊന്നും തല്‍ക്കാലം പറയുന്നില്ല എന്ന് പറഞ്ഞൊഴിയുകയായിരുന്നു വിശ്വന്‍.
 
തെരഞ്ഞെടുപ്പ് അവലോകനത്തിനായി ഇനി എല്‍ഡിഎഫ്  ചേരുന്നതെന്ന് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നും ഇലക്ഷന്‍ ഫലം വന്ന ശേഷം വേണമെങ്കില്‍ തീരുമാനിക്കും എന്നാണ് ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്റെ ഏറ്റവുമൊടുവിലുള്ള എല്‍ഡിഎഫ് വിശേഷം.കേഡര്‍ പാര്‍ട്ടിയെന്നഭിമാനിക്കുന്ന സിപിഎം, സിപിഐ, ആര്‍എസ്പി മുതലായവ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഉടന്‍ തന്നെ പാര്‍ട്ടി തലത്തിലും സംയുക്തമായും സീറ്റുകളും ജയസാധ്യതയും ചര്‍ച്ച ചെയ്യാറുണ്ട്.എല്‍ഡിഎഫിന്റെ ചരിത്രത്തിലാദ്യമായാണ് തങ്ങള്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അവലോകനം വേണ്ടെന്നു വച്ചതായി ഒരു കണ്‍വീനര്‍ പറയുന്നത്.എന്നു മാത്രമല്ല, തെരഞ്ഞെടുപ്പ് അവലോകനത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിജയപ്രതീക്ഷ ഇത്രയെന്ന് സാധാരണഗതിയില്‍ വ്യക്തമാക്കാറുള്ള എല്‍ഡിഎഫ് ഇപ്പോള്‍ അതില്‍ നിന്നും പിന്നോക്കം പോയിരിക്കുന്നതു തന്നെ പരാജയമുറപ്പിച്ചു എന്ന വിലയിരുത്തലിനു ശേഷമാണ്.
കഴിഞ്ഞ തവണ എല്‍ഡിഎഫ് യോഗം തീര്‍ന്ന ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അടുത്ത യോഗത്തില്‍ തെരഞ്ഞെടുപ്പ് വിശകലനമെന്ന് പറഞ്ഞിരുന്നു.തുടര്‍ന്ന് ചേര്‍ന്ന യോഗം എന്‍ഡോസള്‍ഫാന്‍ ഹര്‍ത്താലില്‍ ഒതുങ്ങി.പിന്നീട് ഇന്നലെ ചേര്‍ന്ന യോഗത്തിലും തെരഞ്ഞെടുപ്പിനെക്കുറിച്ച് തങ്ങള്‍ മിണ്ടിയില്ല, വേണമെങ്കില്‍ പിന്നീട് ചേര്‍ന്നേക്കും എന്നാണ്  അദ്ദേഹം എല്‍ഡിഎഫ് യോഗത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.ആദ്യത്തെ രണ്ടു യോഗങ്ങളിലും അധ്യക്ഷനായിരുന്നത് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനായിരുന്നു.എന്നാല്‍ ഇന്നലെ നടന്ന യോഗത്തില്‍ നിന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും വിട്ടു നിന്നു.
 
തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്തടുത്ത ദിവസങ്ങളില്‍ ചേര്‍ന്ന സിപിഎം-സിപിഐ സെക്രട്ടേറിയറ്റുകള്‍ സംസ്ഥാനം ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കും എന്ന വിലയിരുത്തലിലാണ് എത്തിച്ചേര്‍ന്നത്. എന്നാല്‍ ഇടതു മുന്നണിയില്‍ സംയുക്ത ചര്‍ച്ച വന്നതോടെ കഥയുടെ ഗതി മാറി.ഒരോ സീറ്റും അക്കമിട്ട് എണ്ണിത്തീര്‍ത്തതോടെ എല്‍ഡിഎഫ് 38 സീറ്റുകളില്‍ ഒതുങ്ങുമെന്നതായി വിലയിരുത്തല്‍. ഇതോടെ യോഗത്തില്‍ എന്‍ഡോസള്‍ഫാനെക്കുറിച്ചു മാത്രമായിരുന്നു ചര്‍ച്ച എന്ന് പുറത്തറിയിക്കാന്‍ ധാരണയായി.ഇതനുസരിച്ച് തിരക്കഥ മെനഞ്ഞാണ് വൈക്കം വിശ്വന്‍ ഒരോ തവണയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഇന്ന് നടത്തുന്ന പത്രസമ്മേളനത്തില്‍ ഇടതിന്റെ തെരഞ്ഞെടുപ്പ് അവലോകനത്തെക്കുറിച്ച് പറയുമെന്ന ധാരണ പരത്തിയ ശേഷം വൈകുന്നേരം ബ്രീഫിംഗ് നടക്കും എന്നാണ് പത്രമോഫീസുകളില്‍ അറിയിക്കുന്നത്. ഇതനുസരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ എകെജി സെന്ററിലെത്തുമ്പോള്‍ യോഗം അരമണിക്കൂര്‍ കൂടി നീളുമെന്നു പറയും.അതായത് കൂലങ്കഷമായ ചര്‍ച്ചയാണ് അകത്തു നടക്കുന്നത്, ഇന്ന് എല്ലാം വ്യക്തമാകുമെന്നു തന്നെ. എന്നാല്‍ ഇത് കാത്തിരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ മുന്നിലേക്ക് ചിരിയോടെ കടന്നു വരുന്ന കണ്‍വീനര്‍ മറ്റു വിഷയങ്ങള്‍ പറഞ്ഞ ശേഷം അവലോകനം നടത്തിയില്ല, പിന്നീടാകട്ടെ , പിന്നീടു പറയും എന്ന നിലപാടുകളിലേക്ക് മാറി.ഇത്തരത്തില്‍ പരാജയമുറപ്പിച്ചു കഴിഞ്ഞതിനാലാണ് വി.എസ് അച്യുതാനന്ദനും പിണറായിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇന്നലത്തെ യോഗത്തില്‍ നിന്നും വിട്ടു നിന്നത്.ഇനി യോഗം ചേര്‍ന്നിട്ടും വലിയ കാര്യമില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് പൊതു തെരഞ്ഞെടുപ്പിലെ വിലയിരുത്തലുകളില്‍ നിന്നുള്ള ഇടത് ഒളിച്ചുകളി.

No comments:

Post a Comment

Note: Only a member of this blog may post a comment.