Tuesday, January 31, 2012

2012ലെ ദേശീയ നേരമ്പോക്കായി സി.പി.എമ്മിന്റെ കരട് രാഷ്ട്രീയപ്രമേയം


രസകരമായിരിക്കുന്നു കേരളത്തിലെ ഇടതുമുന്നണിയിലെ സംഭവവികാസങ്ങള്‍. അടുത്തയാഴ്ച സി.പി.എമ്മും സി.പി.ഐയും സംസ്ഥാന സമ്മേളനങ്ങള്‍ക്ക് ഒരുങ്ങുകയാണ്. തിരുവനന്തപുരത്താണ് സി.പി.എം സംസ്ഥാന സമ്മേളനം ചേരുന്നത്.
അതേദിവസം തന്നെ സി.പി.ഐയുടെ സംസ്ഥാന സമ്മേളനം തൊട്ടടുത്ത കൊല്ലം ജില്ലയില്‍ നടക്കുന്നു. ഒരുകണക്കിന് കമ്യൂണിസ്റ്റ് ഐക്യം രണ്ട് ജില്ലകളോളം അടുത്തുവെന്ന് അണികള്‍ പറഞ്ഞ് ആശ്വസിക്കട്ടെ. 
സി.പി.എം ഇരുപതാം കോണ്‍ഗ്രസിന് ഒരുങ്ങുകയാണ്. സി.പി.ഐ ഇരുപത്തിയൊന്നാം കോണ്‍ഗ്രസിനും. കോഴിക്കോട്ടാണ് ഇത്തവണ സി.പി.എമ്മിന്റെ ഇരുപതാം കോണ്‍ഗ്രസ് നടക്കുന്നത്. സി.പി.ഐയുടേത് ബീഹാറിലെ പാറ്റ്‌നയിലും. നേതൃമാറ്റവും നയംമാറ്റവുമൊക്കെ പ്രതീക്ഷിക്കുന്ന  മാധ്യമനിരീക്ഷകരുണ്ട്. ഇടതുപാര്‍ട്ടികളായതിനാല്‍ നയം ഏട്ടിലും പ്രയോഗം വീട്ടിലും എന്നമട്ടിലാണ് പലപ്പോഴും കാര്യങ്ങള്‍. അതിനാല്‍ ദിവ്യപ്രവാചകന്‍മാരെല്ലാം ഇരുപാര്‍ട്ടികളുടെയും കാര്യത്തില്‍ ഇരുട്ടില്‍തപ്പുകയാണ്. 
ഒരുകാര്യം വ്യക്തമായി. ഇടതുപക്ഷ ഐക്യം വിശാലമാക്കാന്‍ സി.പി.എം തീരുമാനിച്ചു. കഴിഞ്ഞദിവസം പ്രകാശ് കാരാട്ട് ഡല്‍ഹിയില്‍ പുറത്തുവിട്ട കരട് രാഷ്ട്രീയ പ്രമേയത്തിലെ മുഖ്യയിനം അതാണ്. വലിയ പുതുമയൊന്നും അതിലില്ലെങ്കിലും മൂന്നാംബദല്‍ എന്ന ആഗ്രഹത്തില്‍ നിന്ന് സി.പി.എം വിമുക്തിനേടുന്നില്ല.
 
ദേശീയതലത്തില്‍ ജനാധിപത്യ പാര്‍ട്ടികളെക്കൂടി ചേര്‍ത്ത് വിശാല ഇടതുപക്ഷം രൂപീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ കേരളത്തില്‍ ഇടതുജനാധിപത്യ മുന്നണിയുടെ അവസ്ഥയെന്താണെന്ന് നോക്കുക. സി.പി.എമ്മിന്റെ രാഷ്ട്രീയ സമീപനങ്ങളൊന്നും മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയ്ക്ക് പിടിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രധാനകാരണം സി.പി.എം നേതാക്കളുടെ ഗ്രൂപ്പുതിരിഞ്ഞ പോരും ഭരണത്തിലെ പിടിപ്പുകേടും അഴിമതിയും ആയിരുന്നുവെന്ന് സി.പി.ഐ തെറ്റുകള്‍ അക്കമിട്ട് നിരത്തുന്നു. ദേശീയതലത്തില്‍ ഐക്യം വേണമെന്ന് പറയുന്ന സി.പി.എം അതിന് കടകവിരുദ്ധമായിട്ടാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സി.പി.ഐയുടെ വിമര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയുടെ ദയനീയമായ പ്രകടനത്തിന് കാരണം സി.പി.എമ്മിലെ വിഭാഗീയതയാണെന്ന് സി.പി.ഐ പറയുന്നു. മുന്നണിയെ ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതിന് പകരം സി.പി.എമ്മിന്റെ താല്‍പര്യങ്ങള്‍ മറ്റ് പാര്‍ട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചത്. തല്‍ഫലമായി പല ജനാധിപത്യ പാര്‍ട്ടികള്‍ക്കും എല്‍.ഡി.എഫ് വിട്ടുപോകേണ്ടിവന്നു.
 
പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സി.പി.ഐ സംസ്ഥാന കമ്മിറ്റി നിരത്തുന്നത്. ജനതാദള്‍ എസ് മുന്നണി വിട്ടുപോകാന്‍ പ്രധാനകാരണക്കാരന്‍ അദ്ദേഹമാണത്രെ. പി.ഡി.പിയുമായി അടുപ്പമുണ്ടാക്കാന്‍ ശ്രമിച്ചതുവഴി മുന്നണിക്ക് കനത്ത വില നല്‍കേണ്ടിവന്നു. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലുണ്ടായ തര്‍ക്കം മുന്നണി മര്യാദകളുടെ ലംഘനമായിരുന്നു. അബ്ദുള്‍ നാസര്‍ മഅദനിയുമായി എടപ്പാളില്‍ വേദി പങ്കിട്ടതുവഴി പൊതുമധ്യത്ത് മുന്നണിയുടെ പ്രതിച്ഛായക്ക് ഇടിവുതട്ടിയെന്നും സി.പി.ഐയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അച്യുതാനന്ദന്‍ കാട്ടിയ തിടുക്കവും ഏകപക്ഷീയ നിലപാടും മുന്നണി മര്യാദകള്‍ക്ക് ചേര്‍ന്നതായിരുന്നില്ല. മന്ത്രിസഭാ യോഗത്തിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ ഉദ്യോഗസ്ഥന്‍മാരില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് വി.എസ് മുന്നോട്ടുപോയി. മുന്നണി നേതൃത്വത്തിന്റെ വാക്കുകള്‍ക്ക് അദ്ദേഹം യാതൊരുവിലയും കല്‍പിച്ചില്ല. മൂന്നാറിലെ സി.പി.ഐ ഓഫീസ് ഇടിച്ചുനിരത്താനുള്ള തീരുമാനം തെറ്റായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
ഇങ്ങനെ സമീപകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി, കൊണ്ടും കൊടുത്തും നീങ്ങുന്ന രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ എന്തുതരം ഐക്യമാണ് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത്? ഇവരാണത്രെ രാജ്യത്ത് വിശാല ഇടത് ജനാധിപത്യ ഐക്യമുണ്ടാക്കി കോണ്‍ഗ്രസിനെയും മറ്റും തോല്‍പിച്ച് ഇന്ത്യയുടെ ഭാവി ഭാഗധേയം തീരുമാനിക്കാന്‍പോകുന്നത്. 2012ലെ ദേശീയ നേരമ്പോക്കായി സി.പി.എമ്മിന്റെ കരട് രാഷ്ട്രീയപ്രമേയം ആസ്വദിക്കപ്പെടട്ടെ!

Tuesday, January 24, 2012

ഇടതിടങ്കോലുകള്‍


സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ ഭാര്യ ബുലുറോയ് ചൗധരി ഈയിടെ 'ന്യൂഏജ്' വാരികയില്‍ എഴുതി; ''കേരളത്തില്‍ സി.പി.ഐ ജില്ലാ സമ്മേളനങ്ങളില്‍ വലിയൊരു വിഭാഗം സഖാക്കള്‍ സി.പി.എമ്മിന്റെ നിലപാടുകളോട് കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചു.'' ഈ എതിര്‍പ്പ് തീരെ നിസ്സാരമല്ല.
മുപ്പത്തിരണ്ടു വര്‍ഷമായി തുടരുന്ന ഇടതു ഐക്യത്തില്‍ ശക്തമായ വീണ്ടുവിചാരം ഉണ്ടാകുന്നതിന്റെ സൂചനയാണിത്. ഇടതുമുന്നണിയിലെ  പ്രധാനപ്പെട്ട ഘടകകക്ഷികള്‍ക്കിടയില്‍ പരസ്പര ബഹുമാനം നഷ്ടപ്പെട്ടിട്ടു കാലമേറെയായി. ആള്‍ക്കൂട്ടത്തിന്റെ മൃഗീയതയില്‍ അഭിരമിക്കുന്ന സി.പി.എം. ഇതര രാഷ്ട്രീയ പാര്‍ട്ടികളോട് പുലര്‍ത്തുന്ന അവജ്ഞയും പുച്ഛവും മാനുഷികമൂല്യങ്ങള്‍ക്കുപോലും ചേരാത്തതാണ്. 'വലതന്മാര്‍' എന്ന് മുമ്പൊക്കെ പരസ്യമായും ഇപ്പോള്‍ രഹസ്യമായും സി.പി.എം വിളിക്കുന്ന സി.പി.ഐ കമ്യൂണിസ്റ്റ് ഐക്യത്തെപ്പറ്റി ഇടക്കാലത്തു കണ്ട കിനാവുകളെല്ലാം ഉപേക്ഷിച്ചു. ഏതെങ്കിലും തരത്തിലുള്ള ആശയഭിന്നതയോ നയവ്യതിയാനമോ അല്ല കമ്യൂണിസ്റ്റ് ഏകീകരണത്തിന് തടസ്സം. കൊടിയും  കിത്താബും ഒന്നുതന്നെ. ലക്ഷ്യവും ഭിന്നമല്ല.
 
1964 ല്‍ ഭിന്നിക്കാന്‍ കാരണമായ ന്യായങ്ങളൊന്നും ഇപ്പോള്‍ പ്രസക്തമല്ല. ഇന്ത്യന്‍ ദേശീയതയെ നിര്‍വചിക്കുന്നതിലും പ്രായോഗിക സമീപനങ്ങളിലും ഒരേ നിലപാടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യോജിക്കാതിരിക്കാന്‍ യുക്തിസഹമായ രാഷ്ട്രീയ കാരണങ്ങളൊന്നും നേതാക്കള്‍ എടുത്തുപറയുന്നില്ല. പക്ഷേ കാര്യം നടക്കുമെന്ന് സ്വപ്‌നത്തില്‍പോലും ആരും കരുതേണ്ട. രണ്ടുപാര്‍ട്ടികളെന്ന നിലയില്‍ ഒരു മുന്നണിയില്‍പോലും തുടരാനാവാത്തതരത്തില്‍ സി.പി.ഐ സഖാക്കള്‍ അസ്വസ്ഥരാണ്. അക്കാര്യം 21-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കേരളത്തില്‍ നടന്ന പ്രാദേശിക സമ്മേളനങ്ങളില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. അതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ബുലുറോയ് ചൗധരി ചെയ്തത്. ചന്ദ്രപ്പന്റെ സഹധര്‍മ്മിണി എന്നപോലെ തന്നെ സി.പി.ഐയുടെ നേതാവുമാണ് ബുലു.
ഇടതുപക്ഷത്തിന്റെ ദേശീയ പ്രസക്തി നഷ്ടപ്പെട്ടു എന്ന വസ്തുത സി.പി.ഐയ്ക്ക് അറിയാം.
 
കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടതുമുന്നണിയെ ജനങ്ങളും നിരാകരിച്ചു. പശ്ചിമ ബംഗാളിലാണ് ലെഫ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നത്. കേരളത്തില്‍ ലെഫ്റ്റ് ഡമോക്രാറ്റിക് ഫ്രണ്ട് ആയിരുന്നു. ജനതാദള്‍-എസ്, കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ വിട്ടുപോയതോടെ എല്‍.ഡി.എഫിലെ 'ഡമോക്രസി' നാമമാത്രമായി. പശ്ചിമബംഗാളില്‍ 34 വര്‍ഷത്തെ തുടര്‍ഭരണം നഷ്ടപ്പെട്ടതോടെ ഇടതുമുന്നണിക്കും അര്‍ത്ഥമില്ലാതായി. ദേശീയതലത്തില്‍ ഇടതുചേരിയും സി.പി.എമ്മും ഇന്ന് വെറും തമാശയാണ്. സുധീര്‍ധര്‍ എന്ന കാര്‍ട്ടൂണിസ്റ്റിന് ചിരിക്കാനുള്ള വക. മുമ്പ് ഒ.വി. വിജയന്‍ ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്ക്ക് എന്ന പേരിലെഴുതിയ കുറിപ്പില്‍ തേഞ്ഞുതേഞ്ഞ് നിറംകെട്ട് മാഞ്ഞുപോകുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റി ദീര്‍ഘവിചാരം നടത്തിയിട്ടുണ്ട്. ത്രിപുര എന്ന ചെറു സംസ്ഥാനത്തിന്റെ അധികാര കോയ്മയില്‍ ഒതുങ്ങിയ ഇടതുപ്രസ്ഥാനത്തിന്റെ ഭാവിയെപ്പറ്റി സി.പി.ഐയില്‍ ന്യായയുക്തമായ വീണ്ടുവിചാരങ്ങള്‍ നടക്കുന്നതില്‍ അത്ഭുതമില്ല.
 
സി.പി.എമ്മിനേക്കാള്‍ കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്ന കമ്യൂണിസ്റ്റുകാര്‍ എന്നും സി.പി.ഐയില്‍ ഉണ്ടായിരുന്നു. ശ്രീപദ് അമൃത ഡാങ്കെ അവരില്‍ ഒരാളായിരുന്നു. കേരളത്തിലെ സി.കെ.ചന്ദ്രപ്പന്‍ എന്നും ഡാങ്കെയുടെ ആരാധകനാണ്. കമ്യൂണിസ്റ്റ് ഐക്യത്തിന്റെ വാചാലനായ വക്താവായ എ.ബി. ബര്‍ധന്‍ സി.പി.ഐ സെക്രട്ടറിയായി ഇരിക്കുന്നിടത്തോളം ജനാധിപത്യ പ്രണയികളായ കമ്യൂണിസ്റ്റുകള്‍ ഉള്ളുതുറക്കുമെന്ന് പ്രതീക്ഷിക്കേണ്ട. കേരളത്തില്‍ മണ്‍മറഞ്ഞ പി.കെ. വാസുദേവന്‍ നായര്‍ കമ്യൂണിസ്റ്റ് ഐക്യത്തിനും ഇടതുപക്ഷ രൂപീകരണത്തിനും വേണ്ടി തന്റെ മുഖ്യമന്ത്രിസ്ഥാനം ത്യാഗം ചെയ്തു. അദ്ദേഹം വിചാരിച്ചപോലൊന്നും ഐക്യം പ്രാബല്യത്തില്‍ വന്നില്ല. സി.പി.ഐ നേതൃത്വം സഹോദര പ്രസ്ഥാനമായിപ്പോലും സി.പി.ഐയെ പരിഗണിച്ചില്ല. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മാതൃസ്ഥാനമാണ് സി.പി.ഐക്കുള്ളത്. അതില്‍നിന്ന് ഭിന്നിച്ചുപോന്നവരാണ് ബ്രായ്ക്കറ്റില്‍ മാര്‍ക്‌സിന്റെ പേരെഴുതി കഴിയുന്ന സി.പി.എം. അന്തരിച്ച കണിയാപുരം രാമചന്ദ്രന്‍ കൂടെക്കൂടെ പറഞ്ഞിരുന്ന ഒരു ഫലിതമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്നത് പ്രസവവാര്‍ഡ് ബ്രായ്ക്കറ്റില്‍ സ്ത്രീകള്‍ക്കു മാത്രം എന്ന് എഴുതി വയ്ക്കുന്നതുപോലാണത്രേ. കാര്യമൊക്കെ ശരി. പേരിന്റെ യുക്തി നോക്കിയല്ല അണികള്‍ ഏതു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചത്. ഇ.എം.എസ് അടക്കമുള്ള നേതാക്കള്‍പോലും അണികളുടെ ഒഴുക്കുനിരീക്ഷിച്ച് പിന്നാലെ സി.പി.എം നേതൃത്വത്തില്‍ എത്തി.
 
കേന്ദ്രീകൃത ജനാധിപത്യമെന്നും ജനകീയ ജനാധിപത്യമെന്നും രണ്ട് പ്രയോഗങ്ങള്‍ കണ്ടുപിടിച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ 48 കൊല്ലം രണ്ടുപാര്‍ട്ടികളായി തുടരുന്നു. കോണ്‍ഗ്രസിനോടുള്ള സമീപനത്തിലോ അടിസ്ഥാനനയപരിപാടികളിലോ കാലക്രമത്തില്‍ യാതൊരുവ്യത്യാസവും തോന്നാത്തതരത്തില്‍ ഇരുകൂട്ടരും പ്രവര്‍ത്തിക്കുന്നു. എങ്കിലും ഐക്യം മാത്രം നടക്കുന്നില്ല. അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ ബീവികൂടി മനസ്സുവയ്ക്കണം. അതിനാല്‍ കമ്യൂണിസ്റ്റ് ഐക്യമെന്ന കിനാവ് സി.പി.ഐ ഉപേക്ഷിച്ചതുപോലെ ഈയിടെ ബര്‍ധന്‍ സംസാരിച്ചു.സി.പി.ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത മാര്‍ച്ച് 21 മുതല്‍ ബീഹാറിലെ പാട്‌നയില്‍ നടക്കാന്‍ പോകുന്നു. ബര്‍ധന്‍ ജനറല്‍ സെക്രട്ടറി പദം ഒഴിയുകയാണ്. ഡാങ്കെ പക്ഷക്കാരനായ ഡപ്യൂട്ടി സെക്രട്ടറി എസ്. സുധാകര റഡ്ഡി അടുത്ത ജനറല്‍ സെക്രട്ടറിയാകാനാണ് സാധ്യത. ഇടതുപക്ഷത്തിന്റെ ഘടനതന്നെ സമൂലമായി മാറാന്‍പോകുന്നതിന്റെ സൂചനയാണ് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും സി.പി.ഐ അണികള്‍ക്കു ലഭിക്കുന്ന സൂചന. ഇടുക്കി ജില്ലയിലെ സി.പി.ഐ സമ്മേളനത്തില്‍ വായിക്കാന്‍ തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസുമായി പാര്‍ട്ടി ധാരണയുണ്ടാക്കണമെന്ന വാചകം നേതാക്കള്‍ നീക്കം ചെയ്യിച്ചു. അത്രത്തോളം ആവേശത്തിന് സമയമായില്ല. എങ്കിലും സി.പി.എമ്മുമായി പൊരുത്തപ്പെട്ടു പോകാനാവാത്തവിധം അകന്നുകഴിഞ്ഞ അണികളെ നേതാക്കള്‍ കൈവെടിയുമോ?
 
തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സമ്മേളനം ചേരുന്ന ഫെബ്രുവരി ഏഴുമുതല്‍ പത്തുവരെയുള്ള തീയതികളില്‍ സി.പി.ഐ സംസ്ഥാന സമ്മേളനവും കൊല്ലത്തു നടക്കുന്നു. ഒരേ ദിവസം അടുത്തടുത്ത ജില്ലകളില്‍ രണ്ടു ഇടതുപാര്‍ട്ടികളും സംസ്ഥാന സമ്മേളനം നടത്തുന്നതിന് നേതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്. സി.കെ. ചന്ദ്രപ്പന് പിണറായി വിജയനെക്കാള്‍ മികച്ച ഒരു തലയുണ്ട്. പിണറായി വിജയന് സി.കെ. ചന്ദ്രപ്പനെക്കാള്‍ വലിയ വാലുണ്ട്. പക്ഷേ തലയിരിക്കുമ്പോള്‍ വാല് ആടരുതെന്നും മറിച്ചും പരസ്പരം പറഞ്ഞുകൊണ്ട് ഇരുവര്‍ക്കും ഏറെക്കാലം ഇടതുമുന്നണിയില്‍ തുടര്‍ന്നുപോകാന്‍ കഴിയില്ല. 

Sunday, January 22, 2012

സ്വയം ഉള്‍വലിയുന്ന വിഎസ് ശൈലി.


ബന്ധുവിന് സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചുനല്‍കിയെന്ന കേസില്‍ വിജിലന്‍സിന്റെ പ്രതിപ്പട്ടികയില്‍ ഒന്നാം പേരുകാരനായി മാറിയതോടെ വിഎസ് അച്യുതാനന്ദന്റെ ശരീരഭാഷയിലും പ്രകടമായ മാറ്റം.
അഴിമതിക്കെതിരെയുളള പോരാട്ടക്കാരനെന്ന് ഊതിപ്പെരുപ്പിച്ച വിശേഷണം ചാര്‍ത്തപ്പെട്ട അച്യുതാനന്ദന്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടതോടെ സ്വയം ഉള്‍വലിയുന്ന കാഴ്ചയാണ് അടുത്തദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ കാണുന്നത്. പ്രതിപക്ഷനേതാവായിരിക്കുമ്പോഴും മുഖ്യമന്ത്രിയായിരുന്ന കാലത്തും വിഎസിന്റെ ശരീരഭാഷയില്‍ ഊര്‍ജ്ജമുണ്ടായിരുന്നു. എതിരാളികള്‍ക്കെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന വേളയില്‍ പ്രത്യേകിച്ചും. സ്വയംചിരിച്ചും തമാശകളിലൂടെ കേള്‍വിക്കാരെ പൊട്ടിച്ചിരിപ്പിച്ചും അതേസയമം കാര്യത്തിന്റെ ഗൗരവം ഒട്ടും ചോര്‍ന്നുപോകാതെയും ആരോപണങ്ങള്‍ അവതരിപ്പിക്കുകയാണ് വിഎസ് ശൈലി.
പക്ഷെ, ഭൂമിദാനക്കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ തൊട്ടടുത്ത ദിവസവും പിന്നീട് ഇന്നലെയും പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ ധൈര്യമായി അഭിമുഖീകരിക്കാന്‍ പോലും വിഎസ് മടിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. എഴുതിക്കൊണ്ടുവരുന്ന പ്രസ്താവന തപ്പിത്തടഞ്ഞ് വായിച്ചശേഷം പത്രസമ്മേളനം അവസാനിപ്പിച്ച് പോകുകയായിരുന്നു. ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ''എല്ലാം ഞാന്‍ വായിച്ച കുറിപ്പിലുണ്ടെന്ന്'' മറുപടി. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമുള്ള ആദ്യപത്രസമ്മേളനത്തില്‍, കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് അറിയിക്കാനാണ് വിഎസ് പത്രക്കാരെ വിളിച്ചത്.
ഇന്നലെയാകട്ടെ പറഞ്ഞു പഴകിയ വിഷയങ്ങളുടെ ആവര്‍ത്തനമായിരുന്നു. ഇ-മെയില്‍ വിവാദം, വാളകം സംഭവം, കൊഫെപോസ പ്രതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ.
പുതുതായി ആകെയുള്ളത് മാറാട് രണ്ടാംകലാപവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തലവനെ മാറ്റിയെന്ന ആരോപണം മാത്രം. വിഎസ് പത്രസമ്മേളനം നടത്തുമ്പോള്‍ 'പലതും' പ്രതീക്ഷിച്ചാണ് മാധ്യമപ്രവര്‍ത്തകരെത്തുന്നത്. വാക്കിലും നോക്കിലും ശരീരഭാഷയിലുമായി എന്തെങ്കിലുമൊക്കെ 'വിഭവങ്ങള്‍' വിഎസ് എന്നും മാധ്യമങ്ങള്‍ക്ക് 'ലൈവ്' നല്‍കിയിരുന്നു. പക്ഷെ ഇന്നലെയും വിഎസ് നിരാശപ്പെടുത്തി. മാറാട് രണ്ടാം കലാപത്തെക്കുറിച്ച് അന്വേഷിച്ച തോമസ് ജോസഫ് കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നാണ് വിഎസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ സര്‍ക്കാര്‍ പലതവണ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നെങ്കിലും തല്‍പ്പരകക്ഷികള്‍ ഇടപെട്ട് തടയുകയായിരുന്നുവെന്നും വി.എസ് ആരോപിച്ചു.

Friday, January 20, 2012

ബോംബും തോക്കും മാത്രമല്ല തീവ്രവാദത്തിന്റെ ആയുധങ്ങള്‍.


ബോംബും തോക്കും മാത്രമല്ല തീവ്രവാദത്തിന്റെ ആയുധങ്ങള്‍. അക്ഷരങ്ങളില്‍ തിരുകി വെക്കുന്ന വിഷവാര്‍ത്തകളും തീവ്രവാദത്തിന്റെ മറ്റൊരു വിധ്വംസക മാധ്യമമാണ്. കലാപങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും തീവ്രവാദികള്‍ പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത് സ്വന്തം അനുയായികളെ മാത്രമല്ല;
വാടക ചാവേറുകളെയും അവര്‍ കോടാലി കൈകളാക്കാറുണ്ട്. മയക്ക് മരുന്ന്, കുഴല്‍പ്പണം തുടങ്ങിയ സാമൂഹിക വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും തിരഞ്ഞെടുക്കപ്പെട്ട കാരിയറുകള്‍ മുഖേനെയാണ്. ഇതര മതസ്ഥരെ കാരിയറുകളാക്കുന്നതും മതതീവ്രവാദസംഘടനകളുടെ ഒളി അജണ്ടകളാണ്. നിഷ്പക്ഷ ആക്ടിവിസ്റ്റുകളും സാമൂഹിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും പലപ്പോഴും ഇത്തരം പ്രവൃത്തികള്‍ക്ക് അറിഞ്ഞോ അറിയാതെയോ വിനിയോഗപ്പെടാറുണ്ട്. അത്തരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ ആപത്ത് ഏറെ വലുതാണ്. പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയോ തൊഴില്‍പരമായ മാന്യതയോ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ ഉദരപൂരണത്തിനായി എന്തും എഴുതും, ആരെയും പ്രതികളാക്കും, കൊടും കുറ്റവാളികളെ വിശുദ്ധിയുടെ വെള്ളരിപ്രാവുകളാക്കും.
 
ഇ-മെയില്‍ ചോര്‍ത്തല്‍ എന്ന അപസര്‍പ്പക കഥയിലൂടെ ലേഖകന്‍ തുറന്നു വിട്ടത് ഇത്തരം മതവിദ്വേഷത്തിന്റെ വിഷവാതകമാണ്. നിരീക്ഷണത്തിലെ പിഴവ് മൂലമോ കിട്ടിയ തെളിവുകളുടെ അപൂര്‍ണത മൂലമോ അല്ല മാധ്യമം വാരിക പ്രസിദ്ധീകരിച്ച 'സ്‌കൂപ്പ്' വിവാദമായത്. കേരളീയ മുസ്‌ലിംകളുടെ സ്വകാര്യതയിലേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒളിഞ്ഞു നോട്ടം എന്ന ഹൈലൈറ്റിലാണ് ലേഖകന്റെ ദുരുദ്ദേശവും വാരികയുടെ ഗൂഡോദ്ദേശവും നിറഞ്ഞു നില്‍ക്കുന്നത്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചുള്ള അന്വേഷണവും അതിന്റെ ഭാഗമായുള്ള വിവര ശേഖരണവും മുസ്‌ലിംകളെ ടാര്‍ഗറ്റ് ചെയ്തു കൊണ്ടുള്ളതാണെന്ന വാരികയിലെ ലേഖനവും ഇതുസംബന്ധിച്ച വാര്‍ത്തകളും മറ്റൊരു ടാര്‍ഗറ്റിന്റെ ഭാഗമാണ്. സര്‍ക്കാരും പൊലീസുമല്ല ഇവിടെ ടാര്‍ഗറ്റ് തയ്യാറാക്കിയത്. ലേഖനം പ്രസിദ്ധീകരിച്ച വാരികയും അതിന്റെ നടത്തിപ്പുകാരുമാണ്.
 
ഈ ലേഖനം യാസിന്‍ അഷ്‌റഫിന്റെയോ കാസിം ഇരിക്കൂറിന്റെയോ എം സി എ നാസറിന്റെയോ ഇബ്രാഹിം കോട്ടക്കലിന്റേയോ പേരില്‍ വന്നാല്‍ അതിന്റെ വിശ്വാസ്യത കുറയുമെന്നും മതപരമായ അടയാളപ്പെടുത്തലുകളുണ്ടാവുന്ന വിചാരത്തിന്റെ ഭാഗമായിരിക്കാം ഈ വിഷമരുന്ന് കടത്തിന് ലേഖകനെ കാരിയറായി തിരഞ്ഞെടുത്തത്. പൊലീസ്, ലോഗ് ഇന്‍ തേടുന്ന നടപടി ഇതാദ്യമല്ല; ആള്‍ പൂണൂലിട്ടവനാണോ, ചേലകര്‍മ്മം ചെയ്തവനാണോ കുരിശുമാലധാരിയാണോ എന്ന് നോക്കിയല്ല ഈ വിവരാന്വേഷണം. പക്ഷേ; 268 പേരുടെ ഇ-മെയില്‍ വിലാസം അടങ്ങുന്ന പട്ടികയില്‍ മതപരമായ തിരച്ചിലുകള്‍ നടത്തി മുസ്‌ലിം പേരുകള്‍ മാത്രം പ്രസിദ്ധീകരിച്ചത് നിക്ഷിപ്ത താത്പര്യപ്രകാരം അല്ലെങ്കില്‍ മറ്റെന്താണ് ?  വ്യക്തികളുടെയോ സ്ഥാപനത്തിന്റെയോ ഇ-മെയില്‍ വിലാസം മാത്രം ലഭിച്ചത് കൊണ്ട് ഈ വിലാസങ്ങളിലേക്ക് ഒളിഞ്ഞു നോക്കാമെന്ന് പ്രചരിപ്പിക്കുന്ന് തികഞ്ഞ വിവരക്കേടാണ്. യൂസര്‍ നെയിം ആയ മെയില്‍ വിലാസം മാത്രം ലഭിച്ചാല്‍ അത് ഇ-മെയിലിലേക്കുള്ള ചാവിയാകുന്നില്ല. പാസ്‌വേര്‍ഡ് കൂടി ലഭ്യമാകണം. ഒരു പൊലീസിനും ഭരണകൂടത്തിനും ഈ ചാവി നല്‍കാന്‍ ഒരു സര്‍വീസ് പ്രൊവൈഡര്‍മാരും തയ്യാറാകില്ലെന്നിരിക്കെ ഇതുസംബന്ധിച്ച് ബോധപൂര്‍വ്വമായ സാങ്കേതിക നിരക്ഷരത പ്രകടിപ്പിക്കുകയാണ് ലേഖകന്‍. തടിയന്റവിടെ നസീര്‍ മഅദനിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം കൃത്രിമമാണെന്ന് സ്ഥാപിച്ച് ഇത് പരിപൂര്‍ണ മുസ്‌ലിം ടാര്‍ഗറ്റ് എന്ന് സ്ഥാപിക്കാനാണ് ലേഖകന്‍ ശ്രമിക്കുന്നത്.
 
വാരികയുടെയും പത്രത്തിന്റെയും ഉദ്ദേശ്യത്തിന്റെ വേരുകള്‍ തേടി പോകുമ്പോഴാണ് ആത് ആരെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് ബോധ്യമാവുക. മലയാള പ്രസിദ്ധീകരണ രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട പത്രവും വാരികയും നേടിയെടുത്ത ഔന്നത്യം 'പ്രസ്ഥാനത്തിന്റെ' വായനക്കാരിലൂടെ മാത്രമല്ല; പൊതുസമൂഹത്തിന്റെ കൂടി പങ്ക് അതിലുണ്ട്. മികവും സമര്‍പ്പണ ബുദ്ധിയുമുള്ള ജമാഅത്തുകരല്ലാത്ത ജീവനക്കാരുടെ പങ്കും ഏറെ വലുതാണ്. പത്രത്തില്‍ നിന്നും വാരികയിലേക്കും അവിടെ നിന്നും ചാനലിലേക്കും കടക്കുമ്പോള്‍ വിശ്വരൂപം പ്രകടമാക്കുകയാണ് നടത്തിപ്പുകാര്‍. ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനം ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിന് നിലകൊള്ളുന്ന വിശ്വാസധാരയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന് തടസ്സം നില്‍ക്കുന്ന ഇതരമത സംഘടനകളല്ല ഇവരുടെ ടാര്‍ഗറ്റ്, സ്വസമുദായ സംഘടനകളാണ്. ആ നിലപാടിന്റെ മുഖ്യ ഉന്നം മുസ്‌ലിം ലീഗാണ്. മുസ്‌ലിം ലീഗ് തുടരുന്ന മതനിരപക്ഷ നിലപാടും യു ഡി എഫ് എന്ന മതേതര കൂട്ടായ്മക്ക് നല്‍കുന്ന പിന്തുണയും കാരണം പത്രം വളര്‍ത്തിയപോലെ പ്രസ്ഥാനത്തെ വളര്‍ത്താന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചിട്ടില്ല. മുസ്‌ലിംലീഗ് കയ്യടക്കിയ മുസ്‌ലിം ഇടങ്ങളിലേക്ക് ഇടിച്ചു കയറാനുള്ള രാഷ്ട്രീയ ദുര്‍മോഹം കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ദയനീയമായി പൊളിഞ്ഞത് നാം കണ്ടതാണ്.
 
മുസ്‌ലിം ലീഗിനെ കിട്ടുന്ന വടിക്കൊണ്ടൊക്കെ അടിച്ചിട്ടും വടി പൊട്ടിയതല്ലാതെ അടികൊണ്ട ലീഗിന് പരുക്കൊന്നും ഉണ്ടായില്ല. ഇബ്രാഹിം സുലൈമാന്‍ സേട്ടിനെയും അബ്ദുള്‍ നാസര്‍ മഅ്ദനിയെയും വടിയാക്കിയുള്ള പ്രഹരത്തിന് പ്രചോദനവും പ്രേരണയും ജമാഅത്തെ ഇസ്‌ലാമിയും മാധ്യമവുമായിരുന്നു. കാലുറപ്പിക്കാനുള്ള ഇടത്തിനു വേണ്ടിയുള്ള മൗദൂദി പ്രസ്ഥാനത്തിന്റെ ശ്രമങ്ങള്‍ കേവലം ഉപരിതല പ്രകടനമല്ല. പാരിസ്ഥിതിക-ദളിത് സ്ത്രീ തുടങ്ങി പാര്‍ശ്വവല്‍കൃത മേഖലകളിലേക്കും ഇവര്‍ നുഴഞ്ഞു കയറ്റം നടത്തുന്നു. ഗംഗയില്‍ മാത്രമല്ല; ഗംഗോത്രിയിലും വിഷം കലര്‍ത്തുകയെന്ന ആഴത്തിലുള്ള അജണ്ടകളാണ് അവര്‍ നടപ്പാക്കുന്നത്. സ്പര്‍ദ്ധയും അവിശ്വാസവും വളര്‍ത്തി കേരളീയ മുസ്‌ലിംകള്‍ അരക്ഷിതരാണെന്ന് വരുത്താനുള്ള ബോധപൂര്‍വ്വ ശ്രമമാണ് ഇ-മെയില്‍ ചോര്‍ത്തല്‍ എന്ന വിവാദ സ്‌കൂപ്പിന് പിന്നിലുള്ളത്. വാരിക നടത്തിപ്പുകാര്‍ അവരുടെ കുബുദ്ധിയിലൂടെ അപ്‌ലോഡ് ചെയ്ത വിഷം നിറഞ്ഞ ആശയങ്ങള്‍ വിജു വി നായരുടെ വികലബുദ്ധിയില്‍ ഡൗണ്‍ലോഡ് ചെയ്‌തേ എന്നുള്ളൂ. രാജവാഴ്ച കാലത്ത് രണ്ടുതരം കവികളുണ്ടായിരുന്നു.
 
ഒന്ന് പ്രകൃതിയിലെ എന്തും കാവ്യ വിഷയമാക്കുന്നവര്‍, രണ്ടാമത്തെ കൂട്ടര്‍ രാജസ്തുതി മുഖ്യപ്രമേയമാക്കുന്നവര്‍ ആസ്ഥാന കവികളെന്ന് പേരിലറിയപ്പെടുന്ന ഇവര്‍ക്ക് അന്നവും വസ്ത്രവും കുളിക്കാന്‍ എണ്ണയും കൊട്ടാരത്തില്‍ നിന്നും സൗജന്യമായി ലഭിക്കും. പുറമെ പട്ടും വളയും. മാധ്യമ രംഗത്തും ഇത്തരം ആസ്ഥാന്മാര്‍ ഏറി വരികയാണ്. ഒരേ സമയം അക്ഷരങ്ങളെ കാവി പുതപ്പിക്കാനും ചെമ്പട്ടണിയിക്കാനും അത്തറ് പൂശാനുമുള്ള വിരുതുള്ളവരാണിവര്‍. പേരിന്റെ വാല് സവര്‍ണത്തം വിളിച്ചോതുമെങ്കിലും കേരളത്തിലെ 'നോട്ടപുള്ളികളും പീഡിതരുമായ മുസ്‌ലിംകളുടെ' കൂടെയാണ് ലേഖകന്‍. എ കെ ആന്റണിയെ ചേര്‍ത്തലയിലെ എല്‍ ഐ സി ഏജന്റ് എന്നും വി ഡി സതീശനെയും പി സി വിഷ്ണുനാഥിനെയും 'നിലയം വിദ്വാന്‍'മാരെന്നും കളിയാക്കാറുള്ളത് ഇതേ ലേഖകന്റെ അക്ഷര രൂപങ്ങളാണ്. ജനാധിപത്യപരമായ സഹിഷ്ണുത കാരണം അവര്‍ക്കതില്‍ പരാതിയില്ല. പക്ഷേ; കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന എഴുത്തിലെ പിഴച്ച പോക്ക് ആപത്താണ്. അത് വയറ്റ്പിഴപ്പിന് വേണ്ടിയാണെങ്കിലും അല്ലെങ്കിലും.

Thursday, January 19, 2012

ഒരു നീച വാര്‍ത്തയും വി.എസിന്റെ ചാട്ടവുംഎടുത്തുചാട്ടം ആര്‍ക്കും നല്ലതല്ല. പ്രത്യേകിച്ചും മാധ്യമപ്രവര്‍ത്തകര്‍ക്ക്. വാക്കിന് വെടിയുണ്ടയേക്കാള്‍ മാരകശേഷിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അച്ചടിമാധ്യമത്തില്‍ എഴുതുന്നവര്‍. മുസോളിനിയാണ് തനിക്ക് തോക്കുവേണ്ട വാക്കുമതിയെന്ന് ആദ്യം പറഞ്ഞത്.
ഉപയോഗിക്കപ്പെടുന്ന വാക്കിന്റെ ഊക്കില്‍ വിശ്വാസം അര്‍പ്പിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ സമൂഹത്തോടും തന്നോടും വലിയ ഉത്തരവാദിത്വം പുലര്‍ത്തേണ്ടതുണ്ട്. കേരളത്തിലെ ഒരു വാരിക അതിഭാവുകത്വത്തിന്റെ സീമകളൊക്കെ അതിലംഘിക്കുന്ന വാചക കസര്‍ത്തുകളോടെ എഴുതപ്പെട്ട ഒരു കവര്‍‌സ്റ്റോറിയുമായാണ് കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവന്നത്. സംസ്ഥാനത്തെ 258 'മുസ്ലീങ്ങള്‍'  സര്‍ക്കാരിന്റെ നോട്ടപ്പുള്ളികളാണെന്ന് ആ വാരിക സ്‌കൂപ്പ് ചെയ്യുന്നു. അതില്‍പ്പറയുന്ന ചില പേരുകള്‍ പൊതുരംഗത്ത് അറിയപ്പെടുന്നവരുടേതാണ്. അവരുടെയെല്ലാം ഇ-മെയില്‍ വിലാസം സംസ്ഥാന ആഭ്യന്തരവകുപ്പ് ഒരു പ്രത്യേക ഉത്തരവിലൂടെ നേടിയെടുത്ത് പരിശോധിക്കുന്നു എന്നുമാത്രമല്ല, അവരുടെയെല്ലാം സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടന്നുകയറി ഭീകരമായ അധാര്‍മികതയും നിയമലംഘനവും നടത്തുന്നു എന്നാണ് ഒരു മഹാകണ്ടുപിടുത്തം പോലെ വാരിക അവതരിപ്പിക്കുന്നത്. വാരികയില്‍ ഇങ്ങനെ ഒരു 'ഭീകരകഥ' പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നുള്ള വിവരം മാധ്യമം ദിനപത്രം ഒന്നാംപുറത്ത് എട്ടുകോളം നീണ്ട വാര്‍ത്തയാക്കുകയും ചെയ്തു.
 
ഒറ്റനോട്ടത്തില്‍ വായനക്കാര്‍ക്കിടയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏതോ മഹാപാതകം ചെയ്ത പ്രതീതിയാണ് വാരികയും ദിനപത്രവും കൂടി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമിക നടപടിക്രമമെങ്കിലും പുലര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇതുപോലൊരു പാഴ്‌വേല അതിഭാവുകത്വ പാരവശ്യത്തോടെ അതെഴുതിയ ലേഖകനോ പ്രസിദ്ധീകരിച്ച പത്രാധിപര്‍ക്കോ ഒഴിവാക്കാമായിരുന്നു. ഏതെങ്കിലും സ്രോതസ്സില്‍ നിന്ന് വിലപ്പെട്ടതെന്ന് ഒറ്റനോട്ടത്തില്‍ തോന്നാവുന്ന ഒരു വിവരം ലഭിച്ചാല്‍ സാധാരണഗതിയില്‍ എന്താണ് ചെയ്യുക? ലഭ്യമായ വിവരത്തിന്റെ നിജസ്ഥിതി വിശദമായി അന്വേഷിക്കും. വസ്തുതയാണെന്ന് ബോധ്യപ്പെട്ടാല്‍ ആ വിവരം സമൂഹത്തില്‍ സൃഷ്ടിക്കാവുന്ന പ്രതികരണങ്ങളെപ്പറ്റി ആലോചിക്കും. പ്രസിദ്ധീകരിക്കുംമുമ്പ് ലഭിച്ച വിവരത്തിന്റെ നാനാവശങ്ങളെക്കുറിച്ച് കഴിയുന്നത്ര ആധികാരികതയോടെ അന്വേഷിക്കും. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ കീഴില്‍ നടന്ന ഒരു 'ക്രമക്കേട്' ആകയാല്‍ ആ വകുപ്പിലെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് സംഭവത്തെക്കുറിച്ചുള്ള പ്രതികരണം ആരായും. അത് റിപ്പോര്‍ട്ട് എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നവരുടെ പ്രാഥമിക കടമയാണ്.
 
അങ്ങനെ ഔദ്യോഗിക കേന്ദ്രങ്ങളുടെയൊന്നും വിശദീകരണമില്ലാതെ കിട്ടിയവിവരങ്ങള്‍ ദുരുദ്ദേശ്യപൂര്‍വം പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. ഇത് നല്ല പത്രപ്രവര്‍ത്തനത്തിന്റെ ലക്ഷണമല്ല. കേരളത്തില്‍ സാമുദായിക സ്പര്‍ദ്ധയുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് കളമൊരുക്കാന്‍ ശ്രമിക്കുന്ന ദുഷ്ടബുദ്ധിയുടെ പ്രവര്‍ത്തനമാണ്. പൊലീസ് നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരാളില്‍ നിന്ന് ലഭിച്ച 268 ഇ-മെയില്‍ വിലാസം ആഭ്യന്തരവകുപ്പ് ശേഖരിച്ചു എന്നത് ശരിയാണ്. കേസന്വേഷണ വേളകളില്‍ പലപ്പോഴും അത് പതിവുള്ളതുമാണ്. എന്നാല്‍ അതില്‍നിന്ന് പത്ത് പേരുകളും ഇ-മെയില്‍ വിലാസങ്ങളും ബോധപൂര്‍വം മാറ്റി 258 എണ്ണം പ്രത്യേകമായി എടുത്ത് കേരളത്തിലെ മുസ്ലീങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നോട്ടപ്പുള്ളികളായി കരുതുന്നുവെന്ന് അവതരിപ്പിച്ചത് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനമാണെന്ന് ജേര്‍ണലിസം ക്ലാസ്സില്‍ ഒരുദിവസമെങ്കിലും ഇരുന്നയാള്‍ പറയില്ല.
 
വരാന്‍പോകുന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ ആയുധമാക്കാം എന്ന ദുഷ്ടലാക്കില്‍ കേട്ടപാതി കേള്‍ക്കാത്തപാതി പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ വളച്ചൊടിക്കപ്പെട്ട ഈ വിവരങ്ങള്‍ എടുത്ത് മുഖ്യമന്ത്രിയ്ക്കുനേരെ പ്രയോഗിക്കാന്‍ തുടങ്ങി. വയസ്സ് 88 ആയെങ്കിലും പക്വതയുള്ള ഒരു നേതാവാണ് വി.എസ് അച്യുതാനന്ദന്‍ എന്ന് തോന്നുന്നില്ല. മാധ്യമം ദിനപത്രത്തിന്റെയും വാരികയുടെയും അവിശുദ്ധമായ ലക്ഷ്യം തിരിച്ചറിയാന്‍ വി.എസിന് കഴിയില്ലെങ്കിലും കേരളത്തിലെ പ്രബുദ്ധ സമൂഹത്തിന് മനസ്സിലാവും.

Sunday, January 15, 2012

സി.പി.എം രഹസ്യം ചോര്‍ത്താന്‍ 'അമേരിക്ക പോലുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമം'


 സി.പി.എം. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇലക്‌ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ റെക്കോഡ് ചെയ്ത് ചോര്‍ത്താന്‍ ശ്രമമുണ്ടായതായി ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും പുറത്തുപോകുന്ന വേളയിലാണ് ഉപകരണം പ്രതിനിധിസമ്മേളന ഹാളില്‍ വെക്കാന്‍ ശ്രമമുണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരം പല്ലവി പോലെ 'അമേരിക്ക പോലുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമം' ആണിതെന്ന് അദ്ദേഹം ആരോപണത്തില്‍ ഉന്നയിച്ചിട്ടില്ല.

സി.പി.എമ്മിനെപ്പോലുള്ള ഒരു പ്രസ്ഥാനം പ്രതിനിധിസമ്മേളനം അടച്ചിട്ട മുറിയിലാണ് നടത്തുക. അത് ചിലപ്പോള്‍ ചിലര്‍ വാര്‍ത്തയാക്കി എന്ന് വരും. എന്നാല്‍, വാര്‍ത്ത ചോര്‍ത്താനായി മോശമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് യോജിച്ചതല്ല. ഒരു മാധ്യമ പ്രവര്‍ത്തകന്‍ മൈക്രോ ചിപ്പ് ഉപയോഗിച്ച് സമ്മേളന വിവരങ്ങള്‍ റെക്കോഡ്‌ചെയ്യാനുള്ള ശ്രമമാണ് നടത്തിയത്. ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് മറ്റുള്ളവര്‍ പുറത്തുപോകുമ്പോള്‍ ഈ മാധ്യമ പ്രവര്‍ത്തകന്റെ കൈയില്‍നിന്ന് ചില സാധനങ്ങള്‍ പുറത്തുവീഴുന്നത് വളണ്ടിയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഗൗനിക്കാതെ നടന്ന് പോയി. വളണ്ടിയര്‍മാര്‍ പരിശോധിച്ചപ്പോഴാണ് ഉപകരണം എന്താണെന്ന് മനസ്സിലായത്. ഉപകരണം സമ്മേളനഹാളില്‍ സ്ഥാപിക്കാന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഈ സമയത്ത് ഓടി രക്ഷപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായി രണ്ടുദിവസം നടന്ന പത്രസമ്മേളനത്തില്‍ ഇയാള്‍ പങ്കെടുത്തിട്ടില്ല. ഇയാള്‍ ആരെന്ന് കണ്ടാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാനാകും ജയരാജന്‍ പത്രസമ്മേളനത്തില്‍ പറയുന്നു.

അതേസമയം ചിപ്പുവച്ചാലും ഇല്ലെങ്കിലും സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൃത്യമായി മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ പ്രസംഗം ഉദാഹരണം. പരിയാരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് മറുപടിയായി അദ്ദേഹം പഞ്ഞത് അതേ നിമിഷം ചാനലുകളില്‍ ഫഌഷ് വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടു. പി.ശശി വിഷയത്തില്‍ സംസ്ഥാനനേതൃത്വം ഉചിതമായ സമയത്ത് ഇടപെട്ടിട്ടുണ്ട്. ഡി.വൈ.എഫ്.ഐ.യുടെ പ്രവര്‍ത്തനം പൊതുസമൂഹത്തില്‍നിന്ന് അകന്നു. ഇതാണ് വര്‍ഗീയ സംഘടനകള്‍ മുതലെടുത്തത് അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ ചോരുന്നതിനെതിരെ താക്കീത് നല്‍കിയാണ് ശനിയാഴ്ച ചര്‍ച്ചതുടങ്ങിയത്.

പ്രതിനിധികള്‍ മൊബൈല്‍ഫോണ്‍ ഓഫ് ചെയ്യണമെന്നും ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കരുതെന്നും പിണറായി നിര്‍ദേശിച്ചു. വലതുപക്ഷമാധ്യമങ്ങളോട് താത്പര്യമുള്ളവര്‍ സമ്മേളനപ്രതിനിധികളായി എത്തുന്നുണ്ടെന്ന് മറുപടിപ്രസംഗത്തിലും അദ്ദേഹം സൂചിപ്പിച്ചു. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. പി.ശശിക്കെതിരെയുള്ള നടപടി അതിന്റെ ഗൗരവം പരിഗണിക്കാതെ നേതൃത്വം വൈകിപ്പിച്ചെന്നായിരുന്നു മാടായി ഏരിയയില്‍നിന്നുള്ള പ്രതിനിധികളുടെ വിമര്‍ശനം. വി.എസ്.അച്യുതാനന്ദന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കുഞ്ഞാലിക്കുട്ടി, ഐസ്‌ക്രീം പാര്‍ലര്‍ കേസുകള്‍ പി.ശശിവിഷയം ഉന്നയിച്ചാണ് യു.ഡി.എഫ്. 'കൗണ്ടര്‍' ചെയ്തതെന്നും പ്രതിനിധികള്‍ പറഞ്ഞു.

കീഴ്ഘടകങ്ങളില്‍ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ നേതൃത്വം യഥാരീതിയില്‍ ശ്രദ്ധകൊടുക്കുന്നില്ലെന്നും വിമര്‍ശമുണ്ടായി. പാര്‍ട്ടിനിയന്ത്രണത്തിലുള്ള സഹകരണാശുപത്രിയിലുണ്ടായ അഴിമതി യഥാസമയം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ഇതിന്റെ ചുമതല വഹിച്ചിരുന്ന ജില്ലാകമ്മിറ്റി അംഗത്തെയും അംഗങ്ങള്‍ വിമര്‍ശിച്ചു. വി.എസ്.അച്യുതാനന്ദന് ജില്ലയില്‍ പൊതുവേദി നല്‍കുന്നതില്‍ ജില്ലാനേതൃത്വം അമാന്തം കാണിക്കുന്നുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലത്തിലെ തോല്‍വിയെക്കുറിച്ച് പാനൂര്‍, കൂത്തുപറമ്പ് ഏരിയയില്‍നിന്നുള്ള പ്രതിനിധികള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. രക്തസാക്ഷികളുടെ മണ്ണ് തലശ്ശേരി മണ്ഡലത്തിനുവേണ്ടി ബലികഴിച്ചെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി.

പ്രതിനിധികള്‍ക്കിടയില്‍ നിന്ന് വാര്‍ത്തകള്‍ ചോരുന്നുണ്ടെന്ന് ചര്‍ച്ചയ്ക്കിടയില്‍ ജില്ലാസെക്രട്ടറി പ്രതിനിധികളെ അറിയിച്ചു. തുടര്‍ന്ന് ചര്‍ച്ച നിയന്ത്രിക്കണമെന്ന് ഏരിയ സെക്രട്ടറിമാര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. സമ്മേളനവാര്‍ത്തകള്‍ വള്ളിപുള്ളി വിടാതെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതിനെതിരേയായിരുന്നു ഇന്നലെ രാവിലെ നടന്ന മാധ്യമസെമിനാറിലും ഉയര്‍ന്നുവന്ന വിമര്‍ശനം. കാറല്‍ മാര്‍ക്‌സിന്റെ കാലം മുതല്‍ മാധ്യമ സിന്‍ഡിക്കറ്റുകള്‍ ഉണ്ടായിരുന്നെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഇതുപരാമര്‍ശിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.എ. ബേബി എംഎല്‍എ പറഞ്ഞത്. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ നേതാക്കളെക്കുറിച്ച് ആരോപണങ്ങള്‍ ഉയരുന്നതു പുതിയ കാര്യമല്ലെന്നും മാര്‍ക്‌സും എ.കെ.ജിയും അഴീക്കോടന്‍ രാഘവനുമെല്ലാം വിവിധ ഘട്ടത്തില്‍ ആരോപണങ്ങള്‍ കേട്ടവരാണെന്നും സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു ബേബി പറഞ്ഞു.

ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ച് ഒരു ചിത്രം സമൂഹത്തിനു കൊടുക്കുമ്പോള്‍ അതു വസ്തുതാപരമായി ശരിയാണോ എന്നു മാധ്യമങ്ങള്‍ പരിശോധിക്കണം. ജനങ്ങളെല്ലാം ഇഷ്ടപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവ് കള്ളത്തരം കാണിച്ചുവെന്നോ, സദാചാര വിരുദ്ധമായി പെരുമാറിയെന്നോ, അയാളും അയാളുടെ മകനും കൂടി എന്തെങ്കിലും ചെയ്‌തെന്നോ വാര്‍ത്ത കൊടുക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം. സമൂഹത്തില്‍ ആര്‍ക്കും തെറ്റുപറ്റാം. എന്നാല്‍ ചില കാര്യങ്ങള്‍ സ്വകാര്യ ജീവിതത്തിന്റെ ഭാഗമാണ് എന്നു പറഞ്ഞു പൊതുപ്രവര്‍ത്തകനു രക്ഷപ്പെടാനാകില്ല. ഉടമകളുടെ താല്‍പ്പര്യത്തെയാണ് അടിസ്ഥാനപരമായി മാധ്യമങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ഇവര്‍ നിഷ്പക്ഷരാണെന്നു സരളബുദ്ധികളായ ചില നിഷ്‌കളങ്കര്‍ തെറ്റിദ്ധരിക്കുകയാണെന്നു ബേബി പറഞ്ഞു.

ലഡുവിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആണി


ബന്ധുവായ വിമുക്ത ഭടന് നിശ്ചിത യോഗ്യതയില്ലാഞ്ഞിട്ടും ഭൂമി അനുവദിച്ചു കൊടുത്ത കേസില്‍ പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ ഒന്നാം പ്രതിയായ സാഹചര്യത്തില്‍ അദ്ദേഹത്തെ രാഷ്ട്രീയ രംഗത്ത് നിന്നും ഉന്മൂലനം ചെയ്യാന്‍ സി.പി.എമ്മില്‍ ചരടുവലികള്‍ തുടങ്ങി. അതിന്റെ ഭാഗമായിട്ടാണത്രെ ഇന്ന് രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യവേ പ്രത്യക്ഷത്തില്‍ വി.എസിന് അനുകൂലമെന്ന് തോന്നിപ്പിക്കുന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നത്. എന്നാല്‍ 'ലഡുവിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആണി' പോലെയുള്ള പിണറായിയുടെ പ്രഖ്യാപനത്തിനു നേരേ വി.എസ് അച്യുതാനന്ദന്‍ തന്നോട് അടുത്ത് നില്‍ക്കുന്നവരുടെ മുന്നില്‍ പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കേരളത്തിലെ സി.പി.എമ്മില്‍ നിലനില്‍ക്കുന്ന അധികാര വടംവലി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുകയാണ്.

നിശ്ചിത യോഗ്യതയില്ലാതെയിരുന്നിട്ടും ബന്ധുവും വിമുക്തഭടനുമായ സോമന് വഴിവിട്ട് ഭൂമി അനുവദിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന വിഎസ് നേരിട്ടിടപെട്ടെന്നാണു കേസ്. ഒന്നാം പ്രതിയായ വി.എസ്. ഉള്‍പ്പെടെ എട്ടു പേരെ പ്രതികളാക്കിയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐ.പി.സി 120 ബി പ്രകാരം കുറ്റകരമായ ഗൂഢാലോചന, 420 പ്രകാരം വഞ്ചനാകുറ്റം, 201 അനുസരിച്ച് തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന് പുറമേ അഴിമതി നിരോധന നിയമത്തില്‍ 13 ാം വകുപ്പ് പ്രകാരം സംഘം ചേര്‍ന്ന് അഴിമതി നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഒന്നു മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണുള്ളത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത കാട്ടി, പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വി.എസ്‌ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കാരാട്ട് വി.എസിന്റെ ആവശ്യം തള്ളിക്കളഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോയിലെ ഉന്നതനായ സീതാറാം യെച്ചൂരി, കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നു ആരോപിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം ഈ വിഷയത്തില്‍ പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയതിനു പിന്നാലെ പിണറായി വിജയന്‍ കണ്ണൂരില്‍ നടത്തിയ പ്രതികരണമാണ് വി.എസിനെ ചൊടിപ്പിച്ചതെന്നറിയുന്നു.

കേസ് കേസായി തന്നെ വരട്ടെ എന്നും അതിനെ നിയമപരമായി നേരിടുമെന്നുമുള്ള പിണറായിയുടെ പ്രഖ്യാപനം കേസിനെ ഹൈജാക്ക് ചെയ്യുന്നതിനുള്ള ശ്രമമായിട്ടാണ് വി.എസ് കാണുന്നത്. ഇത് വി.എസ് അച്യുതാനന്ദനെ മാത്രമായി സംബന്ധിക്കുന്ന ഒരു കേസല്ലെന്നുള്ള പിണറായിയുടെ ധ്വനി കേസ് നടത്തിപ്പ് പാര്‍ട്ടി ഏറ്റെടുക്കാനുള്ള നീക്കമായിട്ടാണ് വി.എസ് കാണുന്നത്. ഒരു കേസില്‍ എഫ്.ഐ.ആര്‍ പ്രാഥമിക നടപടി മാത്രമാണെന്ന് പിണറായി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എഫ്.ഐ.ആറിനു പിന്നാലെ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് പിണറായിയുടെ ഒളിയമ്പ്. മുഖ്യമന്ത്രിയുടെ പ്രത്യേക താത്‌പര്യപ്രകാരം എന്നു നോട്ട് എഴുതി വിട്ടിട്ട് പോലും ഐ.എ.എസുകാര്‍ സ്ഥലം പതിച്ചു നല്‍കാനുള്ള തിരിച്ചയച്ചത്, ഈ വഴിവിട്ട നടപടിയ്ക്ക് കൂട്ട് നിന്നാല്‍ തങ്ങളുടെ സര്‍വീസിനെ പോലും അത് ബാധിക്കും എന്നറിഞ്ഞതുകൊണ്ടണ്. എന്നിട്ടും മുഖ്യമന്ത്രി നേരിട്ട് പ്രത്യേക നോട്ട് തയ്യാറാക്കിയ ഈ കേസില്‍ നിന്നും വി.എസിന് രക്ഷപ്പെടാന്‍ അത്ര എളുപ്പമാവില്ല എന്ന്‌ പിണറായിയ്ക്ക്‌ വളരെ വ്യക്തമായി അറിയാം.

കുറച്ചു കാലത്തേയ്ക്കെങ്കിലും ഈ കേസ് കത്തിച്ചു നിര്‍ത്തണമെന്നാണ് പിണറായി വിഭാഗം ആഗ്രഹിക്കുന്നത്. അതിനാണത്രെ വി.എസിനെ പിന്തുണയ്ക്കുന്നത് എന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുന്ന കടുപ്പമേറിയ വാക്കുകളുമായി പിണറായി ആഞ്ഞടിച്ചത്. ദേശാഭിമാനി പോലും പിണറായിയുടെ പ്രസ്താവനയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കേസില്‍ പതറിപ്പോയ വി.എസിനെ സംരക്ഷിക്കുന്ന പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്ക്. അടുത്തു നടക്കുന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന അമിത പ്രതീക്ഷയിലാണ് സി.പി.എം നേതൃത്വം. ഇപ്പോഴത്തെ നിലയില്‍ പിറവം ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ചാല്‍ യു.ഡി.എഫില്‍ ഉണ്ടാകാവുന്ന അസ്വസ്ഥതയില്‍ ചില കേരളാ കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടു പിടിച്ച് മന്ത്രിസഭ ഉണ്ടാക്കുന്നതിന് സി.പി.എം പദ്ധതിയുണ്ടത്രെ. ഇത്രയും കാലം വി.എസ് അസംബ്ലിയില്‍ ഉള്ള സ്ഥിതിയ്ക്ക് അദ്ദേഹത്തെ മറികടന്ന് മറ്റൊരാളെ മുഖ്യമന്ത്രിയാക്കാന്‍ പരിമിതികളുണ്ടായിരുന്നു. എന്നാല്‍ വി.എസ് കേസില്‍ പെട്ട് ആരോപണ വിധേയനായി നില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കുന്നതിന് ഏറെ പണിപ്പെടേണ്ടി വരില്ല.

പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം നടക്കാവുന്ന രാഷ്ട്രീയ മാറ്റവും പ്രതീക്ഷിച്ച് പിണറായി പക്ഷം ഒരുങ്ങിയിരിക്കുകയാണ്. ഇനിയൊരു എല്‍.ഡി.എഫ് ഭരണം വന്നാല്‍ വി.എസ് കേസില്‍ പെട്ടതിനാല്‍ മാറിനില്‍ക്കേണ്ടി വരും. കാരണം ഉപതെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും നടക്കാന്‍ പോകുന്ന സമയത്തിനുള്ളില്‍ വി.എസിനെതിരായ കുറ്റപത്രം സമര്‍പ്പിക്കപ്പെടും. പുതിയ ഇടതു സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ പിണറായി മുഖ്യമന്ത്രിയാകും, കോടിയേരി പാര്‍ട്ടി സെക്രട്ടറി പദത്തിലേയ്ക്കും. കോടിയേരി രാജിവച്ച് തലശ്ശേരിയില്‍ നിന്നോ അല്ലെങ്കില്‍ ധര്‍മ്മടം മണ്ഡലത്തില്‍ നിന്നോ പിണറായി വിജയന്‍ ജനവിധി തേടാമെന്നുമാണത്രെ കണക്കുകൂട്ടല്‍. ഇതനുസരിച്ചുള്ള നീക്കങ്ങളും സി.പി.എമ്മില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പിറവം ഉപതെരഞ്ഞെടുപ്പ് ഫലത്തെയും അതിനു ശേഷം കേരളാ കോണ്‍ഗ്രസില്‍ നടക്കുമെന്ന് പറയപ്പെടുന്ന പിളര്‍പ്പിനേയും ആശ്രയിച്ചിരിക്കും.

Monday, January 9, 2012

ശുംഭന്മാരുടേയും ബിസിനസുകാരുടെയും ഒത്തുചേരല്‍ അഥവാ കണ്ണൂര്‍ സമ്മേളനം


പാര്‍ട്ടി കോണ്‍ഗ്രസ് കോഴിക്കോട്ടും സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തുമാണെങ്കിലും അതിനേക്കാളൊക്കെ സകലരും ഉറ്റുനോക്കുന്നത് സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനമാണ്. സമ്മേളനം നടക്കുന്നത് പയ്യന്നൂരിലാണ്.
സ്വദേശ, വിദേശ മാധ്യമപ്രവര്‍ത്തകരെ പോലും സമ്മേളനത്തിന് പ്രതീക്ഷിക്കുന്നുണ്ടത്രേ. കണ്ണൂര്‍ ജില്ലയില്‍ നിന്ന് സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതാരൊക്കെ, ജില്ലയ്ക്ക് പുറത്തുനിന്ന് ആരൊക്കെ, വിദേശപത്രങ്ങള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യുന്നത് ആരൊക്കെ എന്നു നിരീക്ഷിക്കാന്‍ പാര്‍ട്ടി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഈ സി പി എമ്മെന്നു പറയുന്ന സംഭവത്തിന്റെ മൊത്തക്കച്ചോടം കണ്ണൂരിലാണോ എന്ന് സംശയിച്ചു പോകുന്ന തരത്തിലാണ് കാര്യങ്ങള്‍. പോളിറ്റ് ബ്യൂറോ തൊട്ടുള്ള സകല ഘടകങ്ങളുടേയും 'കണ്‍ട്രോള്‍' കണ്ണൂരിലാണെന്ന് പണ്ടേ കേള്‍ക്കുന്ന കാര്യം. കണ്ണൂരിലെ നേതാക്കളുടെ ചിലവിലാണ് പല ദേശീയനേതാക്കളും കഴിഞ്ഞുകൂടുന്നതെന്നും  കേള്‍ക്കുന്നുണ്ട്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തൊട്ട് 'ജയരാജത്രയ'ങ്ങള്‍ വരെ അരങ്ങു തകര്‍ക്കുന്ന ജില്ലയിലെ സമ്മേളനത്തെ കുറിച്ച് പുറത്തുള്ളവര്‍ക്ക് പിന്നെങ്ങനെ ആധി വരാതിരിക്കും.
കണ്ണൂരില്‍ പിന്നെ ആകെക്കൂടിയുള്ളൊരു പ്രത്യേകത ഇവിടെ വിഎസ് പക്ഷമെന്ന സംഗതിയില്ല എന്നതാണ്. ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായരെന്ന പ്രമാണി പാര്‍ട്ടിക്കകത്തുണ്ടായിരുന്നെങ്കില്‍ വി എസിന് ഒരാളെ കിട്ടിയേനെ. സി കെ പി പത്മനാഭനെന്ന സാധുവായ നേതാവിനെ ഒതുക്കിയില്ലെങ്കിലും കിട്ടുമായിരുന്നു വി എസിന് പേരിനെങ്കിലും പറയാന്‍ ഒരാള്‍. ജെയിംസ് മാത്യുവിനെ പോലുള്ളവരെ വിഎസ് പക്ഷമെന്ന് പുറത്തുള്ളവര്‍ക്ക് വിശേഷിപ്പിക്കാമെങ്കിലും കണ്ണൂരിന്റെ അകമറിയുന്നവര്‍ ഊറിച്ചിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ കണ്ണൂരിലെ സമ്മേളനം പൂര്‍ണമായും പിണറായി പക്ഷക്കാരുടെ, ഔദ്യോഗികപക്ഷത്തിന്റെ സമ്മേളനമാണ്. പിന്നെ ഇവിടെ നോക്കി എന്തു വാര്‍ത്ത കിട്ടാന്‍.
എന്നുവച്ച് അവസാനിപ്പിക്കാന്‍ വരട്ടെ. വി എസ് ഗ്രൂപ്പുകാര്‍ വായില്‍ വെള്ളമിറക്കി കാത്തിരിക്കുന്നത് കണ്ണൂരിലെ ഔദ്യോഗികപക്ഷത്തിലൊരു വിള്ളലുണ്ടാക്കാന്‍ പറ്റുമോയെന്നാണ്. കണ്ണൂരില്‍ ഔദ്യോഗികപക്ഷത്തെ പ്രബല നേതാക്കള്‍ നിരവധിയാണ്. ഇതിലൊരാളെ അടര്‍ത്തിയെടുക്കാനായാല്‍ മറ്റു ജില്ലകളിലെ നൂറു പേരെ കിട്ടുന്നതിന് തുല്യമെന്ന് വി എസ് ഗ്രൂപ്പിനറിയാം.
ഔദ്യോഗികപക്ഷത്തെ കാലാവസ്ഥ മൊത്തത്തിലത്ര തെളിച്ചമില്ലാത്ത മട്ടിലാണെന്നതാണ് വി എസിനും സ്തുതിപാഠകസംഘത്തിനുമുള്ള ചെറിയ പ്രതീക്ഷ. പി ശശിയെന്ന 'പുലി'യെ പെണ്ണുകേസില്‍പെടുത്തി ഇപ്പോള്‍ വക്കീല്‍ക്കുപ്പായമിട്ട് ഉപജീവനം കഴിക്കാനുള്ള പരുവത്തിലാക്കിയതില്‍ ഔദ്യോഗികപക്ഷത്തെ ചിലര്‍ക്കെങ്കിലും മനസറിവുണ്ടെന്നത് പരസ്യമായ രഹസ്യം. സി കെ പി പദ്മനാഭനെ ഇതിന്റെ പ്രതികാരമായി പണം വെട്ടിപ്പുവിവാദത്തില്‍ പെടുത്തി ഒതുക്കി. ഇനിയും ചിലര്‍ ഒതുക്കപ്പെടുമെന്നാണ് സൂചന. അതാരൊക്കെയെന്നതിനുള്ള ഉത്തരമായിരിക്കും കണ്ണൂര്‍ സമ്മേളനം. വലിയ സ്വപ്‌നങ്ങളുമായി ഒരു പാടു നേതാക്കളും പാര്‍ട്ടി ബിസിനസുകാരുമുള്ള ജില്ലയാണ് കണ്ണൂര്‍. പാര്‍ട്ടി കാര്യം മാത്രം നോക്കാന്‍ സമയമില്ലാത്തവര്‍. പലര്‍ക്കുമുള്ളത് കോടികളുടെ ബിസിനസാണ്. അമ്യുസ്‌മെന്റ് പാര്‍ക്ക്, മാര്‍ബിള്‍ കമ്പനി, ആശുപത്രികള്‍, ബിസിനസ് സംരംഭങ്ങള്‍...ബിനാമി ഇടപാടുകളുടെ പട്ടിക തന്നെയുണ്ട് പല നേതാക്കളുടേയും പേരില്‍ കുറിക്കാന്‍. നാഴികയ്ക്ക് നാല്‍പ്പതുവട്ടം തൊഴിലാളി വര്‍ഗ പ്രസ്ഥാനമെന്ന് ഉരിയാടുമ്പോഴും മുതലാളിമാരായി ജീവിക്കുന്ന മാടമ്പിനേതാക്കള്‍ ഇപ്പോള്‍ പരസ്പരം കുതികാല്‍വെട്ട് തുടങ്ങിയിരിക്കുന്നുവെന്ന കാര്യം പിണറായി വിജയനറിയാം.
അണികള്‍ക്ക് തീരേ മനസിലാകാന്‍ പറ്റാത്ത വിധം അധികം തത്വശാസ്ത്രപ്രസംഗങ്ങള്‍ നടത്തി രണ്ടാം ഇ എം എസാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന എം വി ഗോവിന്ദന്‍ മാസ്റ്ററെന്ന കണ്ണൂരുകാരനെ എറണാകുളത്ത് ജില്ലാ സെക്രട്ടറി സ്ഥാനത്ത് പ്രതിഷ്ഠിച്ചത് ഇവിടെ ശല്യമൊഴിവാക്കാനാണെന്നും സകലര്‍ക്കുമറിയുന്ന കാര്യം. പിണറായി കഴിഞ്ഞാല്‍ പിന്‍ഗാമിയായി വരാന്‍ പലരും മുണ്ടു മുറുക്കി രംഗത്തു വന്നതാണ്. പിണറായി- വി എസ് പോര് കത്തി നില്‍ക്കുമ്പോള്‍ ഞാനൊരു പാവം ഗ്രൂപ്പില്ലാത്ത ആദര്‍ശവാനെന്ന പ്രതീതി സൃഷ്ടിച്ച് പെരുമാറി പി ബിവരെയെത്തിയ കോടിയേരി ബാലകൃഷ്ണന്റെ തന്ത്രം വല്ലാത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട് പല പ്രമുഖര്‍ക്കും. ഇപ്പോള്‍ കോടിയേരിക്കെതിരേ സി പി ഐ നേതാവ് സി കെ ചന്ദ്രപ്പനെ കൊണ്ട് പ്രസ്താവനയിറക്കിച്ചതു പോലും ഔദ്യോഗികപക്ഷത്തെ ചിലരാണെന്ന സംശയം പലര്‍ക്കുമില്ലാതില്ല. കോടിയേരിയെ ന്യായീകരിച്ച് പിണറായി വിജയന്‍ പിന്നാലെ പ്രസംഗിച്ചതിനു പിന്നിലും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ കോടിയേരിക്കെതിരേ പ്രതിനിധികള്‍ രംഗത്തു വരാന്‍ ഇത്രയും ധാരാളം. ഉന്നയിക്കേണ്ട 'പോയിന്റുകള്‍'  സഖാവ് ചന്ദ്രപ്പനെ കൊണ്ട് നല്‍കിച്ചു കഴിഞ്ഞു.
പി ശശിയുടെ കാര്യം ഇനി ചര്‍ച്ച ചെയ്യാനില്ല. കാരണം ചര്‍ച്ച ചെയ്താല്‍ പല സമ്മേളനപ്രതിനിധികള്‍ക്കും ഹാള്‍ വിട്ടിറങ്ങേണ്ടി വരും. അതുകൊണ്ട് അതിന് വലിയ പ്രാധാന്യം ഈ സമ്മേളനത്തിലില്ല. പിന്നെ ജയരാജന്മാരുടെ കാര്യം. പരിയാരം മെഡിക്കല്‍ കോളേജ് ഭരണം എം വി ജയരാജന്‍ ശരിയായ രീതിയിലല്ല കൊണ്ടു പോകുന്നതെന്ന വിമര്‍ശനം സമ്മളനത്തിലുണ്ടാകും. പരിയാരം ഭരണസമിതി ചെയര്‍മാനായ ശേഷം എം വി ജയരാജന് അല്പം പക്വതയും അച്ചടക്കവുമൊക്കെ വന്നുവെന്ന് വേണമെങ്കില്‍ ഇതിനെ പ്രതിരോധിക്കാനായി എടുത്തു പറയാം. വേറെ പണിയില്ലാതിരിക്കുമ്പോഴാണല്ലോ ജയരാജന്‍ മൈക്കു കെട്ടി ഓരോരോ പദപ്രയോഗങ്ങള്‍ ഇറക്കുക. പിന്നെയതിന് അര്‍ത്ഥം കണ്ടെത്തി കോടതിയില്‍ സമര്‍ത്ഥിക്കാന്‍ ഭാഷാപണ്ഡിതരുടെ പിന്നാലെ പോകേണ്ടി വരും. ഇപ്പോള്‍ പരിയാരത്ത് വിവാദങ്ങളുണ്ടായിരിക്കേ ജയരാജന് മറ്റു കലാപരിപാടികള്‍ക്ക് സമയം കിട്ടില്ല.
നല്ല ബിസിനസുകാരനായ ഇ പി ജയരാജന്‍ ഇപ്പോള്‍ എം എല്‍ എ കൂടിയാണ്. കല്യാശേരിയിലെ മാര്‍ബിള്‍പാടത്തിന്റെ പേരില്‍ ജയരാജനെ പ്രതിക്കൂട്ടിലാക്കാന്‍ സി പി എം സമ്മേളനത്തില്‍ ചിലരെങ്കിലും ശ്രമിക്കും. പക്ഷേ സി പി എമ്മിനെ മൊത്തം നിയന്ത്രിക്കേണ്ട ഫണ്ട് സമാഹരണത്തില്‍ അഗ്രഗണ്യനായ ഇ പിക്ക് അതൊന്നും ഏശില്ലെന്ന കാര്യം ഉറപ്പ്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായശേഷം ബോംബ് നിര്‍മ്മാണത്തിനൊക്കെ അവധി കൊടുത്ത പി ജയരാജനില്‍ വന്നിട്ടുള്ള ഗുണപരമായ മാറ്റവും ഈ പാര്‍ട്ടി സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ബിജെപി, ആര്‍എസ്എസ് നേതാക്കളോടൊക്കെ വല്ലാത്തൊരടുപ്പം ഉണ്ടാക്കി കണ്ണൂരില്‍ ശാന്തിയും സമാധാനവുമുണ്ടാക്കാന്‍ പി ജയരാജന് സാധിക്കുന്നുവെന്നത് നിസാരകാര്യമല്ല. ഈയൊരു സാഹചര്യത്തില്‍ പി ജയരാജനെ തന്നെ ജില്ലാ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കുന്നതാണ് കണ്ണൂരില്‍ സമാധാനാന്തരീക്ഷം നിലനിന്നു കാണാനുള്ള ഏക പോംവഴി. ജില്ലാ സെക്രട്ടരിയുടെ ഉത്തരവാദിത്വമില്ലെങ്കില്‍ കൂത്തുപറമ്പിലും പാനൂരിലുമൊക്കെ ബോംബ് വ്യവസായ ശാലകള്‍ കൂടുതല്‍ തുറക്കാനിടയുണ്ട്. അത് മൊത്തത്തില്‍ അപകടം ചെയ്യുമെന്നതിനാല്‍ പ്രതിനിധികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്ന് കരുതാം. അപ്പോള്‍ ഇങ്ങനെയാണ് കാര്യങ്ങളുടെ ചുരുക്കം.
പയ്യന്നൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് വിഭാഗീയതയുടെ വാര്‍ത്തകളൊന്നും പുറത്തുവരില്ല. ഔദ്യോഗികപക്ഷത്തെ തമ്മില്‍ത്തല്ലിന്റെ വാര്‍ത്തകള്‍ പുറത്തു വരും. മൊബൈല്‍ ഫോണുകള്‍ നിരോധിച്ചാലും വാര്‍ത്തകള്‍ ചോരുന്നത് തടയാന്‍ എന്തൊക്കെ സജ്ജീകരണങ്ങളുണ്ടായാലും അതെല്ലാം മറികടക്കാനുള്ള തടിമിടുക്കുള്ളവരാണ് കണ്ണൂരിലെ പല നേതാക്കളും. ദൃശ്യമാധ്യമചര്‍ച്ചകളിലെ താരങ്ങളായി നാളെയും നിറഞ്ഞുനില്‍ക്കാന്‍ ഉപായങ്ങള്‍ പലതും കൈയിലുള്ള നേതാക്കന്മാര്‍ ഒന്നല്ല, നിരവധിയുണ്ട് കണ്ണൂര്‍ സിപിഎമ്മില്‍. വാര്‍ത്താ ചോര്‍ച്ചയുടെ പാപഭാരം ഏതെങ്കിലും സികെപി പദ്മനാഭന്റെ അനുകൂലിയുടെ തലയിലിട്ട് കാര്യങ്ങള്‍ ഭംഗിയായി അവര്‍ നടത്തിക്കോളും. കാത്തിരിക്കാം.

അക്രമ രാഷ്ട്രീയം സി. പി. എം നിര്‍ത്തണം


യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. സി വിഷ്ണുനാഥ് എം. എല്‍. എയെ ഇന്നലെ മാന്നാര്‍ കുട്ടംപേരൂര്‍ എന്ന സ്ഥലത്തുവച്ച് ഒരു കൂട്ടം മാര്‍ക്‌സിസ്റ്റുകാര്‍ മര്‍ദ്ദിച്ചവശനാക്കി.
സ്ഥലത്തെ എസ്. കെ. വി സ്‌കൂളിന് സമീപമുള്ള അംഗനവാടി റോഡിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സ്ഥലം എം. എല്‍. എ ആയ വിഷ്ണുനാഥ്. പരിപാടിയില്‍ സംബന്ധിക്കാനെത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാരെയും സംഘാടകരെയും യാതൊരു പ്രകോപനവുമില്ലാതെ സി. പി. എം ലോക്കല്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എത്തിയ മാര്‍ക്‌സിസ്റ്റ് ഗുണ്ടകള്‍ തല്ലിച്ചതച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ വിഷ്ണുനാഥ്, താലപ്പൊലിക്കെത്തിയ ഗീതാകുമാരി എന്നിവരടക്കം ഏതാനും പേര്‍ മാവേലിക്കര ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചെങ്കിലും നടക്കാതെ പോയ റോഡുപണി എം. എല്‍. എ വിഷ്ണുനാഥിന്റെ പരിശ്രമഫലമായി വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരുന്നു. തന്‍മൂലം ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യരായി തീര്‍ന്ന സി. പി. എം പ്രവര്‍ത്തകര്‍ രോഷം പൂണ്ട് റോഡ് ഉദ്ഘാടന ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കാരണം എന്തായാലും കേരളത്തിലെ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അനിഷേധ്യ നേതാവായ വിഷ്ണുനാഥിനും കൂട്ടര്‍ക്കും നേരെ ഉണ്ടായ സി. പി. എം ഗുണ്ടാ ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.

ഈ സംഭവത്തില്‍ ജനാധിപത്യ സമൂഹത്തിന്റെ അമര്‍ഷം രേഖപ്പെടുത്താന്‍ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഇന്ന് പകല്‍ ഹര്‍ത്താല്‍ നടക്കുകയാണ്. സംസ്ഥാനത്തിന്റെ ഭരണം നഷ്ടപ്പെട്ട സി. പി. എമ്മിന്റെ അണികളില്‍ ഒരു വിഭാഗത്തിന് ഉണ്ടായിരിക്കുന്ന നിരാശയും നിരാശ്രയത്വവും ഇത്തരത്തില്‍ അക്രമാസക്തമാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കേരളത്തിലെ സി. പി. എം ധാര്‍മ്മികാധപ്പതനത്തിന്റെ പടുകുഴിയിലാണ്. ജനാധിപത്യ മര്യാദ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല. പ്രതിപക്ഷ ബഹുമാനം എന്ന മാന്യതയെക്കുറിച്ച് സി. പി. എമ്മിന് അറിയില്ല. ആക്രമിച്ചും പിടിച്ചടക്കിയും എതിര്‍ത്തും തോല്‍പ്പിച്ചും പരസ്പരം കുത്തിച്ചാകുന്ന ഒരു യാദവപ്പടയായി കേരളത്തിലെ സി. പി. എം മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസാണ് അവരുടെ മുഖ്യശത്രു. കാര്യബോധവും കര്‍മ്മശേഷിയും ഉള്ള യുവാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരുന്നത് സി. പി. എമ്മിന് ഒരിക്കലും സഹിക്കാന്‍ കഴിയില്ല. ഗുണ്ടകളെ ഉപയോഗിച്ച് സി. പി. എം കോണ്‍ഗ്രസിലെ കൊള്ളാവുന്ന നേതാക്കളെ തല്ലി പരാജയപ്പെടുത്താന്‍ എക്കാലവും ശ്രമിച്ചിട്ടുണ്ട്.

ചെങ്ങന്നൂര്‍ എം. എല്‍. എയുടെ നേരെ ഇന്നലെയുണ്ടായ പരാക്രമം ഒറ്റപ്പെട്ട സംഭവമായി ഞങ്ങള്‍ കാണുന്നില്ല. കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് - കെ. എസ്. യു നേതാക്കളെ കരുതിക്കൂട്ടി ആക്രമിച്ച് ഒതുക്കാന്‍ സി. പി. എമ്മില്‍ സാമൂഹ്യവിരുദ്ധരുടെ ഒരു രഹസ്യ പടയെത്തന്നെ എക്കാലവും സൂക്ഷിച്ചിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചെറിയാന്‍ ഫിലിപ്പ്, പി. ടി. തോമസ് തുടങ്ങി എത്രയെത്ര കോണ്‍ഗ്രസ് നേതാക്കളെയാണ് വിവിധ കാലങ്ങളില്‍ സി. പി. എം ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടുള്ളത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന്റെ മുകള്‍നിലയില്‍നിന്ന് കെ. എസ്. യു നേതാവായിരുന്ന ചെറിയാന്‍ ഫിലിപ്പിനെ ഒരു സി. പി.  എം ഗുണ്ട കഴുത്തിന് പിടിച്ച് താഴേക്ക് വലിച്ചെറിഞ്ഞ പൈശാചിക സംഭവം ആര്‍ക്കാണ് മറക്കാനാവുക. ചെറിയാന്‍ ഫിലിപ്പ് അവിവാഹിതനായി കഴിയേണ്ടി വന്നത് അന്നുണ്ടായ ഗുരുതരമായ പരിക്ക് മൂലമാണ്. മാര്‍ക്‌സിസ്റ്റുകാരുടെ മനുഷ്യത്വരഹിതമായ ഇത്തരം പ്രവൃത്തികള്‍ ചെറിയാന്‍ ഫിലിപ്പിനെ പോലുള്ളവര്‍ മറന്നുപോയെന്നുവരാം. പക്ഷേ കേരളത്തിലെ കോണ്‍ഗ്രസിന് അത് വിസ്മരിക്കാനാവില്ല.

വിഷ്ണുനാഥിനും കൂട്ടര്‍ക്കും നേരെ ഇന്നലെ മാന്നാറിലുണ്ടായ ആക്രമണത്തില്‍ സി. പി. എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. കെ. പ്രസാദടക്കം 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസും മറ്റ് നിയമനടപടികളും അതിന്റെ വഴിക്ക് പോകട്ടെ. പക്ഷേ സി. പി. എമ്മിന്റെ അപലപനീയമായ ഗുണ്ടാരാഷ്ട്രീയത്തിനെതിരെ ജനാധിപത്യ കേരളം ഒന്നടങ്കം രംഗത്തുവരേണ്ടിയിരിക്കുന്നു.


സി.പി.എം.ഗുണ്ടാസംഘം അഴിഞ്ഞാടി. എല്‍.എയ്ക്ക് മര്‍ദ്ദനം


 യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും ചെങ്ങന്നൂര്‍ എംഎല്‍എയുമായ പി.സി. വിഷ്ണുനാഥ് എംഎല്‍എ പങ്കെടുത്ത പരിപാടി അലങ്കോലപ്പെടുത്താന്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗുണ്ടാസംഘം അഴിഞ്ഞാടി. റോഡ് ഉദ്ഘാടനത്തിനെത്തിയ പി.സി വിഷ്ണുനാഥിനെ പൊലീസ് നോക്കിനില്‍ക്കെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തെക്കേക്കാട്ടില്‍ രവീന്ദ്രന്‍ നായര്‍(67) മരിച്ചു.

ഞായറാഴ്ച വൈകീട്ട് നാലരയോടെ കുട്ടമ്പേരൂര്‍ അങ്കണവാടി-കണ്ണനാംകുഴി പാടശേഖരറോഡ് ഉദ്ഘാടനത്തിന്‌ എം.എല്‍.എ എത്തിയപ്പോഴാണ് സംഭവം. പി.സി. വിഷ്ണുനാഥ് എം.എല്‍.എയ്ക്കും നാട്ടുകാര്‍ക്കും നേരേ സി.പി.എം. ലോക്കല്‍ കമ്മറ്റി സെക്രട്ടറി ബി.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. പുറത്തും നെഞ്ചത്തും ഇടിയേറ്റ വിഷ്ണുനാഥിനെ മാവേലിക്കര ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ രണ്ടു സ്ത്രീകള്‍ക്കും പരിക്കേറ്റു. എം.എല്‍.എ. എത്തുംമുമ്പുതന്നെ സി.പി.എമ്മുകാര്‍ ഉദ്ഘാടനവേദി അടിച്ചുതകര്‍ത്തു.

ഉദ്ഘാടനത്തിനെത്തിയ എം.എല്‍.എ.യെ സ്വീകരിച്ചുകൊണ്ടുവരുമ്പോള്‍ മാന്നാര്‍ ഈസ്റ്റ് എല്‍.സി. സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ എത്തി സ്വീകരണ ഘോഷയാത്ര തടസ്സപ്പെടുത്തി. എംഎല്‍എയെ നാട്ടുകാര്‍ സ്വീകരിച്ചു സമ്മേളന സ്ഥലത്തേക്കു നീങ്ങുന്നതിനിടെ, മുന്നോട്ടു പോകരുതെന്നും ജീവനോടെ തിരിച്ചു പോകില്ലെന്നും ഗുണ്ടാസംഘം ഭീഷണി മുഴക്കി. തുടര്‍ന്ന് എം.എല്‍.എ. റോഡില്‍ കുത്തിയിരുന്നു. സംഘര്‍ഷം കുറഞ്ഞതിനെ തുടര്‍ന്ന് എം.എല്‍.എ. ഉദ്ഘാടനവേദിയിലേക്ക് പോകാന്‍ എഴുന്നേറ്റപ്പോഴാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബി.കെ. പ്രസാദ് എം.എല്‍.എ.യെ മര്‍ദ്ദിച്ചത്. താഴെവീണ എംഎല്‍എയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണു ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് ഉണ്ടായിരുന്നെങ്കിലും കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം പ്രദേശത്ത് അഴിഞ്ഞാടുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രവീന്ദ്രന്‍ നായരുടെ മാന്നാര്‍ എണ്ണയ്ക്കാട്ടു ചന്തയിലുള്ള കട അടപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഗുണ്ടാസംഘത്തിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് രവീന്ദ്രന്‍ നായര്‍ കുഴഞ്ഞുവീണതെന്നും പറയപ്പെടുന്നു. ഉടന്‍ പരുമലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിഷ്ണുനാഥിനു ഡ്രിപ്പ് നല്‍കി നിരീക്ഷണ മുറിയില്‍ കിടത്തിയിരിക്കുകയാണ്. ഒരാള്‍ തന്നെ ചുറ്റിപ്പിടിച്ചുകൊടുത്തപ്പോള്‍ പ്രസാദ് നെഞ്ചത്തും പുറത്തും ഇടിച്ചുവെന്ന്‌ ആസ്പത്രിയില്‍ കഴിയുന്ന എം.എല്‍.എ. പറഞ്ഞു. എം.എല്‍.എയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കേന്ദ്രമന്ത്രി എ.കെ. ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പി.സി. വിഷ്ണുനാഥിനെ ഫോണില്‍ ബന്ധപ്പെട്ടു. ആന്റണി മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ടിനെ വിളിച്ചു വിവരങ്ങളും ആരാഞ്ഞു.

ആക്രമണത്തിനു നേതൃത്വം കൊടുത്ത ലോക്കല്‍ സെക്രട്ടറി ബി.കെ. പ്രസാദ് ഉള്‍പ്പെടെ ഇരുപതോളം പേരെ മാന്നാര്‍ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച യു.ഡി.എഫ്. ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.

Saturday, January 7, 2012

ഉപരിപഠന മേഖലയെ കുട്ടിച്ചോറാക്കിയവര്‍


വേലി തന്നെ വിള തിന്ന് നശിപ്പിച്ച കഥയാണ് പരിയാരം സഹകരണ മെഡിക്കല്‍ കോളജിന്റേത്. സി.പി.എം നിയന്ത്രിത കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ച് അവിഹിതധനം സമ്പാദിക്കാന്‍ ശ്രമിച്ചതോടെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ആദ്യത്തെ സഹകരണ കോളജ് പേരുദോഷങ്ങളുടെ പെരുവഴിയിലായി.
ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് കോളജ് മാനേജ്‌മെന്റ് വഴിതെറ്റിപ്പോയതിന്റെ കെടുതി ചെറുതൊന്നുമല്ല. സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ അവ്യക്തതയും നിയമരാഹിത്യവും നിലനിര്‍ത്തിക്കൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഒരുക്കിക്കൊടുത്തു. വിദ്യാര്‍ത്ഥി പ്രവേശനത്തിലെ കോഴ സമ്പ്രദായം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. ഫീസിന് വ്യവസ്ഥയുണ്ടായില്ല. പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് യോഗ്യരായവരെ വിവിധ കോഴ്‌സുകളിലേക്ക് തെരഞ്ഞെടുക്കണം എന്ന വ്യവസ്ഥ കര്‍ശനമാക്കിയില്ല. പകരം ജനങ്ങളുടെ കണ്ണില്‍ മണ്ണിടാന്‍ വേണ്ടി വര്‍ഷാവര്‍ഷം സ്വാശ്രയ മാനേജ്‌മെന്റും സര്‍ക്കാരും പേരിന് ചര്‍ച്ച നടത്തി പിണങ്ങിപ്പിരിയും.
 
നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശന നടപടി പൂര്‍ത്തിയാക്കണമെന്ന സൗകര്യം ഉപയോഗിച്ച് മാനേജ്‌മെന്റുകള്‍ക്ക് തോന്നിയതുപോലെ പ്രവര്‍ത്തിക്കാന്‍ ഇടതുസര്‍ക്കാര്‍ അവസരമുണ്ടാക്കി. കഴിഞ്ഞ നാലഞ്ചുവര്‍ഷമായി പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനത്തില്‍ നടന്നിട്ടുള്ള വ്യാപകമായ ക്രമക്കേടുകളും തിരിമറികളും സത്യസന്ധമായ ഒരു അന്വേഷണത്തിന് വിധേയമാക്കിയാല്‍ കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാവല്‍ക്കാര്‍ പ്രതിസ്ഥാനത്തുവരും. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ണുമടച്ച് എതിര്‍ത്തുപോന്നവരാണ് ഇടതുപാര്‍ട്ടികള്‍. അവര്‍ അധികാരത്തില്‍ വരുമ്പോള്‍ ഒന്നുകില്‍ ഈ സ്ഥാപനങ്ങള്‍ പൂട്ടിക്കും. അല്ലെങ്കില്‍ അവിടെ ഇടത് നയത്തിന് സ്വീകാര്യമായ വ്യവസ്ഥ കൊണ്ടുവരും. ഇങ്ങനെയൊക്കെയാണ് സാധാരണക്കാരായ നാട്ടുകാര്‍ പ്രതീക്ഷിച്ചത്. പക്ഷേ ഇടതുസര്‍ക്കാര്‍ ചെയ്തതെന്താണ്? പ്രവേശന നടപടികള്‍ സ്വീകരിക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി പൊതുവേദിയില്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ ഹാസ്യകവിതയും പ്രാസഭംഗിയുള്ള നാല് വാചകവും കാച്ചും. കഥയില്ലാത്ത ഇടത് അനുയായികള്‍ ആവേശംമൂത്ത് കയ്യടിക്കും.
 
സ്വാശ്രയ കോളജ് മാനേജ്‌മെന്റുകളുടെ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ച് പിണങ്ങിപ്പിരിയും. പിണക്കമൊക്കെ വെറും ജാഡ മാത്രമാണെന്ന് പ്രവേശനനടപടികള്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ മനസ്സിലാവും. എല്ലാ സ്വാശ്രയ കോളജുകളിലും ഇടതുനേതാക്കളുടെ അവിഹിതവും സ്ഥാപിതവുമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടിരുന്നു. നിയതമായ വ്യവസ്ഥയും ചട്ടവും നിര്‍മിക്കാതെ പ്രവേശന നടപടികള്‍ അങ്ങനെ അലമ്പാക്കി ഓരോ കൊല്ലവും കൊണ്ടുപോയത് സി.പി.എം നേതാക്കളുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. സ്വാശ്രയ മേഖലയിലെ ഈ വ്യവസ്ഥയില്ലായ്മ മുതലെടുത്ത് അഴിമതി കാട്ടിയ സ്ഥാപനമാണ് പരിയാരം മെഡിക്കല്‍ കോളജ്. സി.പി.എം ഭരിക്കുന്ന ഈ കോളജിന്റെ മാനേജ്‌മെന്റ് ധനവിനിയോഗത്തിലും വിദ്യാര്‍ത്ഥി പ്രവേശനത്തിലും കാട്ടിയ ക്രമക്കേട് പഠിക്കാന്‍ കഴിഞ്ഞ ജൂണില്‍ ധനകാര്യ വകുപ്പ് സെക്രട്ടറി സഞ്ജയ് ഗാര്‍ഗിന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വി. ഗീത, സഹകരണ അഡീഷണല്‍ രജിസ്ട്രാര്‍ കെ.വി സുരേഷ്ബാബു എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു. മെഡിക്കല്‍ പി.ജി ഉള്‍പ്പെടെ എല്ലാ കോഴ്‌സുകളുടെയും പ്രവേശനത്തില്‍ പരിയാരത്ത് വന്‍ തിരിമറികള്‍ നടന്നതായിട്ടാണ് കമ്മിറ്റി കണ്ടെത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
പ്രവേശന വ്യവസ്ഥകള്‍ വ്യക്തമാക്കാത്തതുകൊണ്ടാണ് മാനേജ്‌മെന്റിന് വന്‍തോതില്‍ ക്രമക്കേട് നടത്താന്‍ അവസരം ലഭിച്ചതെന്ന് അന്വേഷണ കമ്മിറ്റി അഭിപ്രായപ്പെടുന്നു. പകുതി സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കണമെന്ന ധാരണപോലും ഈ സഹകരണ കോളജ് പാലിച്ചില്ല. അതിനാല്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിനെ അവഗണിച്ച് പരിയാരത്ത് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തു. 
സി.പി.എം നിയന്ത്രിച്ച സഹകരണ സ്വാശ്രയ കോളജില്‍ ഇതായിരുന്നു സ്ഥിതിയെങ്കില്‍ സംസ്ഥാനത്തെ ഇതര സ്വാശ്രയ മാനേജ്‌മെന്റ് കോളജുകളിലെ അവസ്ഥ എത്രമാത്രം പരിതാപകരമായിരിക്കും? പ്രൊഫഷണല്‍ വിദ്യാഭ്യാസമടക്കം ഉപരിപഠന മേഖലയില്‍ അടുത്തകാലത്തുണ്ടായ എല്ലാ കുഴപ്പങ്ങളുടെയും മുഖ്യ ഉത്തരവാദി കഴിഞ്ഞ ഇടതുസര്‍ക്കാരാണ്.

വീര്യം ചോരുന്ന നിത്യപ്രതിപക്ഷനേതാവ്


വിഎസ്. അച്യുതാനന്ദന്‍ നിത്യപ്രതിപക്ഷമാണ്. ജനാധിപത്യ ഭരണവ്യവസ്ഥയില്‍ പ്രതിപക്ഷനേതാവിന്റെ ദൗത്യം മികവോടെ നിര്‍വഹിക്കാന്‍ അദ്ദേഹത്തോളം പോരുന്ന മറ്റൊരാള്‍ ഇന്ന് കേരളത്തിലില്ല. 2006-11 കാലത്ത് വി.എസ് കേരള മുഖ്യമന്ത്രിയായിരുന്നു.
പക്ഷേ അന്നും അദ്ദേഹം പ്രതിപക്ഷനേതാവിനെപ്പോലാണ് സംസാരിച്ചതും പ്രവര്‍ത്തിച്ചതും. പോരുമുഴുവന്‍ സ്വന്തം പാര്‍ട്ടി നേതൃത്വത്തോടായിരുന്നു എന്നുമാത്രം.  നിരന്തരം പോരാടാന്‍ പ്രകൃതി നല്‍കിയ അടങ്ങാത്ത വീര്യമാണ് വി.എസ് അച്യുതാനന്ദന്റെ കരുത്ത്. വിമര്‍ശിച്ചും എതിര്‍ത്തും മല്ലടിച്ചും പിടിച്ചടക്കിയതാണ് അദ്ദേഹത്തിന്റെ നേതൃപദവികള്‍. ജീവിതം വി.എസ്സിന് മൃദുപുഷ്പതല്‍പ്പമായിരുന്നില്ല. പ്രതിബന്ധങ്ങളോട് പൊരുതിവന്ന നേതാവാണ് വി.എസ്.അദ്ദേഹത്തിന്റെ പൊതുജീവിതം അടരുകളുടെ ഇതിഹാസമാണ്. കലാപകാരിയായി ജീവിച്ചതിനാല്‍ വി.എസ്സിന് നല്ല ഭരണാധികാരിയാകാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ അച്യുതാനന്ദന്‍ ഒരു പരാജയമായിരുന്നു. അത് അദ്ദേഹത്തിന്റെ കുറവല്ല. വി.എസ് എന്ന നേതാവ് രൂപംകൊണ്ട സാഹചര്യത്തിന്റെ സവിശേഷതയാണ്. എന്നാല്‍ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ വലിയ വിജയമായിരുന്നു വി.എസ്. ജനകീയ പ്രശ്‌നങ്ങള്‍ കണ്ടെത്തി പൊതുചര്‍ച്ചയില്‍ കൊണ്ടുവരാന്‍ മാധ്യമശക്തിയെ മനോഹരമായി ഉപയോഗിച്ചു.
 
നിയമനിര്‍മ്മാണ സഭയെ പൊതുപ്രാധാന്യമുള്ള വിഷയങ്ങള്‍ കൊണ്ട് പ്രക്ഷുബ്ധമാക്കി. കോടതികളെയും തന്റെ രാഷ്ട്രീയ യുദ്ധങ്ങള്‍ക്ക് വി.എസ് ഉപയോഗിച്ചു. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ അച്യുതാനന്ദന്‍ തീര്‍ത്ത സമരമുഖങ്ങള്‍ മറ്റൊരു പ്രതിപക്ഷ നേതാവിനും അവകാശപ്പെടാന്‍ കഴിയില്ല. അതിനാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോല്‍ക്കുകയും യു.ഡി.എഫ് ഭരണത്തില്‍ വരികയും ചെയ്തപ്പോള്‍ കേരളത്തിലെ നിഷ്പക്ഷമതികള്‍ ഒന്നടങ്കം സന്തോഷിച്ചു. ഭരിക്കാനറിയാവുന്ന ഒരാള്‍ മുഖ്യമന്തിയാകും. കേരളത്തിന് മികച്ച പ്രതിപക്ഷ നേതാവിനെ തിരിച്ചുകിട്ടുകയും ചെയ്യും. 
ഏഴ് മാസം പിന്നിട്ടുകഴിഞ്ഞു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട്. ഇടതുഭരണത്തിന്റെ ജീര്‍ണ്ണിച്ച മാറാലകള്‍ ഒന്നൊന്നായി യു.ഡി.എഫ് സര്‍ക്കാര്‍ ഇതിനകം തൂത്തെറിഞ്ഞുകഴിഞ്ഞു. ഭരണപ്രക്രിയയ്ക്ക് ചലനവേഗം കൈവന്നു. മുടങ്ങിക്കിടന്ന വന്‍ പദ്ധതികള്‍ ഏറ്റെടുത്ത് പ്രതീക്ഷാനിര്‍ഭരമായി ഭരണം മുന്നോട്ടുപോകുകയാണ്. പക്ഷേ പ്രതിപക്ഷ നേതാവ് മാത്രം പഴയതുപോലെ ശോഭിക്കുന്നില്ല. അച്യുതാനന്ദന്റെ പോരാട്ടവീര്യത്തിന്  പണ്ടത്തെപ്പോലെ ശക്തിയില്ല. ഓജസില്ല.
 
വര്‍ത്തമാനങ്ങള്‍ക്ക് തീരെ ആര്‍ജ്ജവവും ഇല്ല. യുവാക്കളെപ്പോലും ആശ്ചര്യപ്പെടുത്തുന്ന വി.എസ്സിന്റെ സമരശൗര്യമെല്ലാം എവിടെപ്പോയി?  വല്ലാത്ത സങ്കടമാണ് തന്റെ ആരാധകരില്‍ ഇപ്പോള്‍ അച്യുതാനന്ദന്‍ നിറയ്ക്കുന്നത്. പ്രതിപക്ഷ നേതാവിന് എന്തുപറ്റിയെന്ന് ആലോചിക്കാത്തവരാരുമില്ല.
അപമാനിക്കപ്പെടുന്നവരുടെ സംരക്ഷകനായി വി.എസ്. ഉണ്ടെന്ന് കേരളം വര്‍ഷങ്ങള്‍ക്കുമുമ്പ് കരുതി. സ്ത്രീകളുടെ മാനം കാക്കാന്‍ വിര്യമുള്ളൊരു പോരാളി. മണ്ണിനും പെണ്ണിനും വേണ്ടി അച്യുതാനന്ദന്‍ ഉയര്‍ത്തിയ ശബ്ദത്തിന്റെ മാറ്റൊലി മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിനുപോലും അലോസരമായിത്തീര്‍ന്നിട്ടുണ്ട്. പ്രകൃതിസംരക്ഷണ ദൗത്യം ഏറ്റെടുത്തു കാടും മലയും കയറിയ നേതാവ് മുഖ്യാധാരാ രാഷ്ട്രീയത്തില്‍ വേറാരും കടന്നുചെന്നിട്ടില്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ അച്യുതാനന്ദന്‍  സഞ്ചരിക്കുന്നതുകണ്ടപ്പോള്‍ നവമാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ ആവേശം ചെറുതൊന്നുമായിരുന്നില്ല.
 
പിണറായി വിജയന്‍ പോലും തന്റെ നേതാവിനോട് അസൂയ പൂണ്ടുപോയി. അച്യുതാനന്ദനുവേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ സിണ്ടിക്കേറ്റ് ഉണ്ടെന്നു പിണറായിയെപ്പോലെ പലരും വിശ്വസിച്ചു. സത്യത്തില്‍ അങ്ങനെ ഒന്നുണ്ടായിരുന്നില്ല. സ്വാഭാവികമായി മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ രൂപമെടുത്ത ഒരു മമതാ ബന്ധമായിരുന്നു അത്. നാടിനോടും ജനങ്ങളോടും  ഒരു വൃദ്ധനേതാവ് പ്രായവും ആരോഗ്യപ്രശ്‌നങ്ങളും മറന്ന് കൂറുപുലര്‍ത്തുന്നതുകണ്ട് ചില മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ സഹാനൂഭുതിയുടെ പരിണിതഫലം. വി.എസ്, ഒരു രക്ഷകനാണെന്ന് കരുതിയവരെ ആവേശം കൊള്ളിക്കുന്ന വാക്കുകളിലൂടെ, ദൃശ്യങ്ങളിലുടെ ജനമധ്യത്ത് അവര്‍ അദ്ദേഹത്തെ അവതരിപ്പിച്ചു. അതില്‍ വി.എസ്സിനൊപ്പം ആ മാധ്യമ പ്രവര്‍ത്തകരും ഉള്ളാലെ ആനന്ദിച്ചിട്ടുണ്ടാകണം.
 
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം നേരില്‍ കാണാന്‍ പത്തുകൊല്ലം മുമ്പ് മാധ്യമപ്രവര്‍ത്തകരുമായി വി.എസ്. ഇടുക്കിയിലെ സംസ്ഥാനാതിര്‍ത്തിയിലേക്ക് പോയി. മതികെട്ടാന്‍ മല ഭൂമി കയ്യേറ്റം പഠിക്കാന്‍ സാഹസികയാത്ര നടത്തിയ വി.എസ്സിന്റെ വീര്യം മറ്റൊരുനേതാവിലും അന്നു കണ്ടില്ല. നെല്‍പ്പാടങ്ങള്‍ തരിശിടുന്നതും നികത്തി കെട്ടിടം പണിയുന്നതും  കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന്റെ മരണമണിയാണെന്ന് അദ്ദേഹം കാതോര്‍ത്തുകേട്ടു. പെണ്‍വാണിഭ റാക്കറ്റിനെ വാക്കുകള്‍കൊണ്ടു ഭയപ്പെടുത്തി. ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ സ്ത്രീകളുടെ മാനം കവര്‍ന്നവരെ  കൈയാമം വച്ച് പെരുവഴിയേ നടത്തുമെന്ന് പ്രഖ്യാപിച്ചു. അഴിമതിക്കാതെ ഒന്നൊഴിയാതെ പിടിക്കുമെന്ന ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍വഴി  അച്യുതാനന്ദന്‍  സ്വന്തം പാര്‍ട്ടിനേതൃത്വത്തില്‍പോലും ഉള്‍ക്കിടിലം സൃഷ്ടിച്ചു. വി.എസ്. സ്ഥാനാര്‍ത്ഥിയാകാതിരിക്കാന്‍ സി പി എം നേതാക്കള്‍ സംഘടിത ശ്രമം നടത്തി. ജയിച്ചപ്പോള്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ തടസ്സവാദങ്ങളുന്നയിച്ചു. വികസന വിരോധിയാണ് വി.എസ്. എന്ന് സി.പി.എം. നേതൃയോഗത്തില്‍ വിളിച്ചു പറഞ്ഞ നേതാവ് അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. വി.എസ്. മുഖ്യമന്ത്രിയായാല്‍ സിപിഎം നേതാക്കള്‍ പലരും ജയിലിലാകുമെന്ന് പാര്‍ട്ടിയോഗത്തില്‍ പ്രസംഗിച്ച എളമരം കരീം പിന്നീട് അദ്ദേത്തിന്റെ മന്ത്രിസഭയില്‍ അംഗമായി.
 
ആഭ്യന്തരം, നിയമം, വിജിലന്‍സ് വകുപ്പുകള്‍ വി.എസ്സിന്റ നിയന്ത്രണത്തില്‍ ഒരു കാരണവശാലും വരരുതെന്ന് സിപിഎം സംസ്ഥാനനേതൃത്വം കര്‍ശന മായി ആഗ്രഹിച്ചു. രാഷ്ട്രീയ ശത്രുക്കളോടുള്ളതിനേക്കാള്‍ ശക്തിയേറിയ യുദ്ധം സ്വന്തം പാര്‍ട്ടി നേതൃസ്ഥാനത്തോട് നടത്തിയാണ് അഞ്ചുകൊല്ലം അച്യുതാനന്ദന്‍  അധികാരത്തില്‍ ഇരുന്നത്. വി.എസ്. മുഖ്യമന്ത്രിയായത് സിപിഎം നേതൃത്വം  ആഗ്രഹിച്ചതുകൊണ്ടല്ല. പ്രതിപക്ഷനേതാവെന്ന നിലയില്‍  അദ്ദേഹം കൈവരിച്ച സല്‍പ്പേരും സ്വാധീനവും കൊണ്ടാണ്. ആള്‍ക്കൂട്ടത്തിന് കണക്കുപിഴച്ചു. നല്ല പ്രതിപക്ഷനേതാവ് മികച്ച മുഖ്യമന്ത്രിപോയിട്ട് ശരാശരി ഭരണാധികാരിപോലും ആകില്ലെന്ന് ജനാധിപത്യചരിത്രത്തിലെ അവിസ്മരണീയമായ പാഠമാണ്. വി.എസ്. ഒരിക്കലും കേരള മുഖ്യമന്ത്രിയാകരുതെന്ന് ആഗ്രഹിച്ചവര്‍ മാത്രമേ അദ്ദേഹത്തിന്റെ ഭരണകാലത്തെ ഓര്‍ത്ത് ഇപ്പോള്‍ സന്തോഷിക്കുന്നുള്ളു. കൈകാലുകള്‍  ബന്ധിച്ചിട്ടശേഷം പി.ടി.ഉഷയോടൊപ്പം ഓടി ജയിക്കാനാണ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിപിഎം നേതൃത്വം അച്യുതാനന്ദനോട് നിശബ്ദമായി പറഞ്ഞത്. നിസ്സഹായവും ദയനീയവുമായിരുന്നു ഭരണാധികാരസ്ഥാനത്തിരുന്ന വി.എസ്സിന്റെ അവസ്ഥ. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷനേതാവായി ശോഭിക്കുവാന്‍ അദ്ദേഹത്തിന് എന്താണ് തടസ്സം?
 
സി.പി.എം. നേതൃത്വം അച്യുതാനന്ദന്റെ സമരങ്ങളില്‍ പാര്‍ശ്വവര്‍ത്തികളായി നിന്നിട്ടേയുള്ളു. ഇപ്പോഴും അങ്ങനെതന്നെ. സ്വന്തം നിലയില്‍ സമരസന്നാഹങ്ങളുമായി മുന്നോട്ടുകുതിക്കാനുള്ള ധാര്‍മ്മികബലം ഇപ്പോള്‍ വി.എസ്സിനില്ല. മകന്‍ വി.എ. അരുണ്‍കുമാറിനെതിരെ ഒന്നൊന്നായി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ വി.എസ്സിന്റെ പോരാട്ടങ്ങള്‍ക്കു മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ബന്ധുവിന് കാസര്‍ഗോട്ട് ഭൂമി പതിച്ചുനല്‍കിയത് വഴിവിട്ട മാര്‍ഗ്ഗത്തിലൂടെയാണെന്ന് വി.എസ്സിനെതിരെ ആരോപണം ഉയര്‍ന്നുവന്നു. അത് നിഷേധിക്കാനാവാത്ത തെളിവുകളോടെ അദ്ദേഹത്തിനെ കുത്തിക്കൊണ്ടിരിക്കും. അഞ്ചുകൊല്ലത്തെ മുഖ്യമന്ത്രി സ്ഥാനം നല്‍കിയ ബാദ്ധ്യതകള്‍ അച്യുതാനന്ദന്റെ തലയില്‍ അറ്റം കൂര്‍ത്ത ഒരു തൊപ്പിപോലെ വന്നു വീണിരിക്കുന്നു. പ്രതിപക്ഷനേതാവായി പഴയപോലെ ശോഭിക്കാനാവാത്ത തരത്തില്‍ ബാധ്യതകള്‍ അദ്ദേഹത്തിന്റെ കാലുകളില്‍ ഇരുമ്പുചങ്ങലകളായി ചുറ്റിക്കിടക്കുന്നു. മുല്ലപ്പെരിയാര്‍ സമരത്തില്‍ സി.പി.എമ്മും അച്യുതാനന്ദനും രണ്ടു വഴിക്കായപ്പോള്‍ സ്വയം തിരുത്തി പാര്‍ട്ടിക്കു കീഴടങ്ങേണ്ടിവന്ന  വി.എസ്സ്. പൊതുവേദിയില്‍ അപമാനിക്കപ്പെട്ടു. വനംമന്ത്രി കെ.ബി. ഗണേശ്കുമാര്‍ ആക്ഷേപകരമായ പദങ്ങള്‍കൊണ്ട് പ്രതിപക്ഷനേതാവിനെ കളിയാക്കി പ്രസംഗിച്ചു. അതു തെറ്റായിപ്പോയെന്ന് സ്വയം മനസ്സിലാക്കി മന്ത്രി മാപ്പുപറഞ്ഞെങ്കിലും സി.പി.എമ്മില്‍ നിന്ന് ഒരിക്കല്‍പോലും ഒരു പ്രതിഷേധ സ്വരം ഉയര്‍ന്നില്ല.
 
വാളകം കൃഷ്ണകുമാര്‍ സംഭവം, ആര്‍.ബാലകൃഷ്ണപിള്ള കേസ് എന്നിവയിലും വി.എസ്സിന്റെ നിലപാടുകള്‍ക്ക് ശക്തിപകാരന്‍ സി.പി.എം. മുന്നോട്ടുവന്നില്ല. പേരിന് വി.എസ്. പ്രതിപക്ഷ നേതാവായി തുടരുന്നു. പ്രസ്താവനകളിലൂടെ എങ്കിലും പ്രതിപക്ഷ നേതാവിന്റെ ദൗത്യം സാവകാശം കോടിയേരി ബാലകൃഷ്ണന്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്നു. വി.എസ്സ്. ഒഴിവാക്കാനാവാത്ത ഒരു അപശകുനപ്പക്ഷിയായി സി.പി.എം. വേദികളില്‍ മാറിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ആരാധകവൃന്ദവും അകന്നുപോകുകകയാണ്.

Tuesday, January 3, 2012

ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച സി.പി.എം


Imageകേരളത്തിലെ തൊഴില്‍രഹിത യുവാക്കളോട് സി.പി.എമ്മിനോ മറ്റ് ഇടത് സംഘടനകള്‍ക്കോ തരിമ്പെങ്കിലും അനുകമ്പയുണ്ടെന്ന് അവരുടെ പ്രവൃത്തികള്‍ പരിശോധിക്കുന്നവര്‍ക്ക് കാണാന്‍ കഴിയില്ല. തൊഴിലില്ലായ്മയെക്കുറിച്ച് സി.പി.എം നടത്തുന്നത് വെറും അധരവ്യായാമങ്ങള്‍ മാത്രമാണ്.
കേരളത്തിലെ സാധാരണക്കാരായ യുവാക്കളെ കബളിപ്പിക്കുന്ന ഈ നയം അവര്‍ ഒരിക്കലും തിരുത്തുമെന്ന് പറയാനും കഴിയില്ല. കേരളാ സര്‍വകലാശാലയിലെ അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തില്‍ ഉണ്ടായ ക്രമക്കേടുകള്‍ കുപ്രസിദ്ധമാണ്. പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെയും ആശ്രിതരെയും അനധികൃതമായി തിരുകിക്കയറ്റി പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കിയതിന്റെ അപഹാസ്യമായ കഥയാണത്. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ നാല്‍പതിനായിരം അപേക്ഷകരെ എഴുത്തുപരീക്ഷയ്ക്ക് ഇരുത്തിയെങ്കിലും യോഗ്യരായ ഒരാളിനുപോലും നിയമനം ലഭിച്ചില്ല. സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ അംഗങ്ങളായ സി.പി.എം നേതാക്കളുടെ കുതന്ത്രം മൂലം ഉദ്യോഗാര്‍ത്ഥികളുടെ എഴുത്തുപരീക്ഷ അട്ടിമറിക്കുകയും പാര്‍ട്ടിക്കാരുടെ പാര്‍ശ്വവര്‍ത്തികളെ ഉദ്യോഗത്തില്‍ തിരുകിക്കയറ്റുകയും ചെയ്തു. ഇതിനെതിരെ അപേക്ഷകരായ ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ നീതിതേടി കോടതിയെ സമീപിച്ചപ്പോഴാണ് കള്ളക്കളികള്‍ അല്‍പാല്‍പം പുറത്തുവന്നുതുടങ്ങിയത്.
 
നിയമനം നേടിയ നൂറോളം പേര്‍ സി.പി.എം നേതാക്കളുമായി ഉറ്റ ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയ പരാതിക്കാര്‍ ഉപലോകായുക്തയുടെ സഹായത്താല്‍ തിരിമറികളുടെ ഉള്ളുകള്ളി പരിശോധിക്കാനും ശ്രമിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ എഴുതിയ പരീക്ഷാക്കടലാസുകള്‍ ഹാജരാക്കണമെന്ന ഉത്തരവ് സര്‍വകലാശാലാ അധികൃതര്‍ക്ക് പാലിക്കാനായില്ല. അതിനാല്‍ അവിഹിതമാര്‍ഗത്തിലൂടെ നിയമനം നേടിയവരെ മുഴുവന്‍ പിരിച്ചുവിടാനായിരുന്നു ഉപലോകായുക്ത ഉത്തരവായത്. ഇതിനെതിരെ സര്‍വകലാശാല ഹൈക്കോടതിയെ സമീപിച്ചു. അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തെപ്പറ്റി അന്വേഷിക്കാന്‍ ഹൈക്കോടതി ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. എന്‍. സുകുമാരന്‍ അധ്യക്ഷനായ അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍ യൂണിവേഴ്‌സിറ്റിയുടെ നിയമന നടപടികള്‍ ആപാദചൂഢം പൊരുത്തക്കേട് നിറഞ്ഞതാണെന്നായിരുന്നു. തുടര്‍ന്ന് ലോകായുക്ത നടത്തിയ വിചാരണയുടെ അടിസ്ഥാനത്തില്‍ 2005 മുതല്‍ തുടര്‍ന്നുവന്ന എല്ലാ നിയമനങ്ങളും റദ്ദാക്കി പുതിയ പ്രവേശന പരീക്ഷ നടത്താന്‍ ഉത്തരവായിരിക്കുന്നു.
 
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സ്വജനപക്ഷപാതമാണ് അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തില്‍ സംഭവിച്ചത്. അതിനാല്‍ അന്നത്തെ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോടും പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രിയോടും ഉപലോകായുക്ത ജി. ശശിധരന്‍ ഉത്തരവായിരിക്കുകയാണ്. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവാക്കളോട് സി.പി.എം കാട്ടിയ ഏറ്റവും വലിയ നെറികേടിന്റെയും വഞ്ചനയുടെയും പ്രകടമായ ദൃഷ്ടാന്തമാണ് ഈ സംഭവം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വ്യക്തിഗുണങ്ങള്‍ക്കുമായി സി.പി.എം നേതാക്കള്‍ ഏത് അധാര്‍മിക പാതയിലൂടെയും ചരിക്കുമെന്നതിന്റെ കൂടി തെളിവാണിത്. പെന്‍ഷന്‍ പ്രായം ഏകീകരണത്തിലൂടെ പരോക്ഷമായി സംസ്ഥാനത്തെ യുവതാല്‍പര്യത്തിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയത് ഇടതുസര്‍ക്കാരാണ്. പി.എസ്.സിയെ നോക്കുകുത്തിയാക്കി വെച്ചുകൊണ്ട് കൂട്ടവിരമിക്കല്‍ മൂലം ഉണ്ടായ ഒഴിവുകളില്‍ താല്‍ക്കാലിക പിന്‍വാതില്‍ നിയമനം നടത്തി ചെറുപ്പക്കാരെ കബളിപ്പിച്ചു.
 
ഇപ്പോള്‍ പി.എസ്.സിയില്‍ നിലവിലുള്ള 300 റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ അഭ്യര്‍ത്ഥനകളെ പി.എസ്.സിയിലെ ഇടതുപക്ഷ അംഗങ്ങളുടെ സഹായത്തോടെ തുടര്‍ച്ചയായി നിരസിച്ചുകൊണ്ടിരിക്കുന്നു. ഉദ്യോഗനിയമനത്തിലെ വ്യവസ്ഥകളും നിയതമായ സംവിധാനങ്ങളും അട്ടിമറിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും അനീതിക്ക് ചൂട്ടുപിടിക്കാനും സി.പി.എം എപ്പോഴും മുമ്പന്തിയിലുണ്ട്. ഇവരാണോ കേരളത്തിലെ അഭ്യസ്തവിദ്യരായ സാധാരണ യുവാക്കളുടെ അവസരങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നത്? സി.പി.എം നേതാക്കള്‍ അവരുടെ മക്കളുടെയും ബന്ധുക്കളുടെയും ശ്രേയസ്സും സൗഭാഗ്യവുമല്ലാതെ ഇപ്പോള്‍ മറ്റൊന്നും കാണുന്നില്ല. സ്ഥാപിത താല്‍പര്യം ഊട്ടിയുറപ്പിക്കാന്‍ ഏത് തത്വവും ഉദ്ധരിച്ചുകൊണ്ട് കുന്നായ്മ മാത്രം പ്രവര്‍ത്തിക്കും എന്നാണ് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നത്.

സിപിഎം തൃശൂര്‍ കമ്മിറ്റിയില്‍ സ്വന്തക്കാരെ ഉള്‍പ്പെടുത്താന്‍ അടിപിടി


Image സിപിഎം ജില്ലാ സെക്രട്ടറിയായി എസി മൊയ്തീനോട് തുടരാന്‍ സംസ്ഥാന കമ്മിറ്റിആവശ്യപ്പെട്ടു. ഇവിടെ ഇന്ന് സമാപിക്കുന്ന സമ്മേളനത്തില്‍ മറിച്ചൊരു പേര് മറ്റാരും നിര്‍ദ്ദേശിക്കരുതെന്ന്  നേതൃത്വം  നിര്‍ദ്ദേശിച്ചു.
അതോടെ സിപിഎം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്കുള്ള ജനാധിപത്യാവകാശം അസ്തമിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളില്‍ പലരും കഴിഞ്ഞ സമ്മേളനത്തില്‍ ഗ്രൂപ്പിന്റെ ഭാഗമായി കയറിക്കൂടിയവരാണ്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്ന  ടി.കെ. വാസുവിനെ മാറ്റാനുള്ള ചിലരുടെ ശ്രമത്തില്‍ ശക്തമായ പ്രതിഷേധം യുവനിരയില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. വാസുവിനെപാര്‍ട്ടിയില്‍ വളരാന്‍  അനുവദിക്കരുതെന്ന് ചിലര്‍ക്ക് വാശിയുണ്ടത്രേ.ജില്ലാ സെക്രട്ടേറിയറ്റ് അംഗവും വി.എസ്. പക്ഷക്കാരും കാരണവന്മാരുമായസി.കെ. കുമാരന്‍, പി.ആര്‍.കറപ്പന്‍,എന്നിവരോട് മാറാന്‍ ആവശ്യപ്പെട്ടു. ഇവരുടെ സേവനം അവസാനിപ്പിക്കും. പാര്‍ട്ടിക്ക് ബാധ്യതയെന്നപോലെയാണ് ഇവരോടെ നേതൃത്വം പെരുമാറുന്നത്.  ഈ സമീപനത്തിന് എതിരെ ശക്തമായി പ്രതികരിക്കാനുള്ള നീക്കം ഫലിച്ചാല്‍ രണ്ട് പേരും തുടരും.അച്യുതാനന്ദനോട് ഏതെങ്കിലും തരത്തിലല്‍ ബന്ധമുള്ള ആരും വന്നുപോകരുതെന്നാണ് മേലെ നിന്നുള്ള ഉത്തരവ്. വാസുവിനെ ഒഴിവാക്കുന്നതില്‍പിണറായി  പക്ഷത്ത് തന്നെ ഭിന്നതയുണ്ട്. ചേലക്കരയില്‍ കെ രാധാകൃഷ്ണനെ മാറ്റി വാസുവിനെ മത്സരിപ്പിക്കാന്‍  ആലോചിച്ചിരുന്നു.അതോടെ വാസുവിന്റെ കഷ്ടകാലമായി.  മുന്നില്‍ നിന്ന് തന്നെയാണ്  ഈ യുവ നേതാവിന് കുത്ത്.
 
മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. മാമക്കുട്ടി, സംസ്ഥാന കമ്മിറ്റിയംഗം പി.ആര്‍.രാജന്‍ എന്നിവര്‍ക്ക് സുഖമില്ല. എന്നാല്‍  രണ്ട് പേരുംസമ്മേളനത്തില്‍ വന്ന് ഹാജര്‍ രേഖപ്പെടുത്തിയ സിഥിതിക്ക് തുടരാന്‍ അനുവദിക്കണമെന്ന് അപേക്ഷ വന്നിട്ടുണ്ട്. എന്നാല്‍ ഇവരെ തള്ളിക്കളയണമെന്നാണ്  ഉത്തരവത്രേ. മുന്‍ മേയര്‍ പ്രൊഫ. ആര്‍.ബിന്ദുവിനെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നതിന്നായി  ആലോചിക്കുന്നുണ്ട് പകരം ഇരിങ്ങാലക്കുടയില്‍ തോറ്റ അഡ്വ.കെ.ആര്‍.വിജയയെ കൊണ്ടുവരാന്‍ ചിലര്‍ ആഗ്രഹിക്കുന്നു.എന്നാല്‍ ഭാര്യയെ ഒഴിവാക്കാന്‍ ഭര്‍ത്താവ് എ വിജയരാഘവന്‍ സമ്മതിക്കുന്നില്ല.   
വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടിയെ ഉള്‍പ്പെടുത്താന്‍ ഇപി യും  ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സി.സുമേഷിനെഉള്‍പ്പെടു ത്താന്‍ മുന്‍ സെക്രട്ടറി ബേബി ജോണും രംഗത്തുണ്ട്.ജില്ലാ സമ്മേളനത്തില്‍ കലഹം പ്രതീക്ഷിച്ചുവെങ്കിലുംകലപിലമാത്രമാണ് കേട്ടത്.ആര്‍ക്കും താല്‍പ്പര്യമില്ലാത്ത അവസ്ഥ. പേരിന് പോര് നടത്തിയെന്നാണ് ഒരു പ്രതിനിധി പരിഹസിച്ചത്. വി എസ് അച്യുതാനന്ദനെ ക്ഷണിക്കാത്ത ആദ്യ സമ്മേളനമാണ് ഇന്ന് അവസാനിക്കുക.   രണ്ട് ആഴ്ച മുമ്പ് വന്നപ്പോള്‍ ജില്ലാ നേതാക്കളെ വിളിച്ച് വി എസ് ചങ്ങാത്തം സ്ഥാപിച്ചെങ്കലും ആഗ്രഹം നടന്നില്ല. മുഖ്യമന്ത്രിയാകാലത്ത് വന്നപോള്‍  വി എസ് ആരേയും വിളിച്ചിരുന്നില്ല