Sunday, May 22, 2011

മന്ത്രിസഭയിലെ പെണ്‍തരി

മാനന്തവാടി എംഎല്‍എ പി.കെ. ജയലക്ഷ്മിക്കു വന്നുചേര്‍ന്നത് കേരള ചരിത്രത്തി ലെ ആദ്യ ത്തെ ആദിവാസി വനിതാ മന്ത്രിപദം എന്ന ഖ്യാതി. തെരഞ്ഞെടുപ്പില്‍ പല പ്രമുഖ യുഡിഎഫ് വനിതാ സ്ഥാനാര്‍ഥികളും ദയനീയമായി പരാജയമടഞ്ഞപ്പോള്‍ എടുത്തുപറയാന്‍ പി.കെ. ജയലക്ഷ്മിയുടെ കന്നിയങ്കത്തിലെ മികച്ച വിജയം പാര്‍ട്ടിക്കു പിന്തുണയായി. കുറിച്യ വിഭാഗത്തില്‍പെട്ട ജയലക്ഷ്മി ആദിവാസി സമൂഹത്തിന്‍റെ കരുത്തുറ്റ നേതാവെന്ന നിലയില്‍ ശ്രദ്ധേയയാണ്. പഴശിരാജയുടെ കുറിച്യപ്പടയുടെ നായകരുണ്ടായിരുന്ന കാട്ടിമൂല പാലോട്ടു കുറിച്യ തറവാട്ടിലെ പിന്‍തലമുറക്കാരി. 

ജയലക്ഷ്മിയെ മന്ത്രിയാക്കേണ്ടതില്ലെന്ന നിലപാടുമായി സംസ്ഥാന നേതൃത്വം മുന്നോട്ടുപോയപ്പോഴും ഇവര്‍ക്കായി ഇന്ദ്രപ്രസ്ഥത്തില്‍നിന്നു ശക്തമായ സമ്മര്‍ദമുണ്ടായതായാണ് റിപ്പോര്‍ട്ട്. അമ്പെയ്ത്ത് മത്സരത്തില്‍ സംസ്ഥാനതലത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായ ജയലക്ഷ്മിക്ക് രാഷ്ട്രീയത്തിലും ഉന്നം പിഴച്ചില്ലെന്ന് കന്നിവിജയം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ പട്ടികയിലൂടെ അങ്കത്തിനിറങ്ങിയ പി.കെ. ജയലക്ഷ്മിക്ക് 12,734 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്. സിപിഎമ്മിലെ കെ.സി. കുഞ്ഞിരാമനെയാണ് പി.കെ. ജയലക്ഷ്മി പരാജയപ്പെടുത്തിയത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയെന്ന നിലയില്‍ ഭരണരംഗത്തും യൂത്ത്കോണ്‍ഗ്രസ് വയനാട് ലോക്സഭാ മണ്ഡലം സെക്രട്ടറി എന്ന നിലയില്‍ രാഷ്ട്രീയ രംഗത്തും സജീവ സാന്നിധ്യമാണ് ജയലക്ഷ്മി. 

സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായ ജയലക്ഷ്മി ദേശീയതലത്തില്‍തന്നെ ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ തവിഞ്ഞാല്‍ പഞ്ചായത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഏറ്റവുമധികം പണം ചെലവഴിച്ച വാളാട് വാര്‍ഡില്‍ അംഗമായിരുന്നു.

എല്‍പി സ്കൂള്‍ കാട്ടിമൂല, സര്‍വോദയ യുപി സ്കൂള്‍ മുതിരേരി, തലപ്പുഴ ഗവ. എച്ച്എസ് എന്നിവിടങ്ങളില്‍നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് മാനന്തവാടി ഗവ. കോളെജില്‍നിന്നു കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദം. കംപ്യൂട്ടര്‍ പഠനവും ടിടിസിയും. 

മാനന്തവാടി ഗവ. കോളെജിലെ വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ജയലക്ഷ്മി കെഎസ്യുവിലെത്തുന്നത്. തുടര്‍ന്ന് യൂത്ത്കോണ്‍ഗ്രസിലും മഹിളാ കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു. 2005ല്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാളാട് വാര്‍ഡില്‍നിന്നു മത്സരിച്ചു ജയിച്ചതോടെയാണ് സാമൂഹ്യപ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യമായത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വെണ്‍മണി വാര്‍ഡില്‍നിന്നു മത്സരിച്ചു ജയിച്ച ജയലക്ഷ്മി ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

ഇതിനിടെയാണ് മാനന്തവാടി മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്‍റ് മണ്ഡലം ജനറല്‍ സെക്രട്ടറി, മഹിളാകോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി 

അംഗം, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുപത്തൊമ്പതുകാരിയായ ജയലക്ഷ്മി അവിവാഹിതയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.